ഭാരം ചുമപ്പിക്കുന്നവരുടെ ശ്രദ്ധക്ക്

മനുഷ്യരെക്കൊണ്ട് കഠിന ഭാരങ്ങൾ ചുമപ്പിക്കുന്ന ആത്മീയ നേതൃത്വത്തെ സൂക്ഷിക്കണമെന്ന മത്തായി ഇരുപത്തിമൂന്നാം അധ്യായത്തിലെ കർത്താവിന്റെ ആത്മരോഷം ജ്വലിക്കുന്ന വിമർശനം അന്നത്തെ ആത്മീയ മാഫിയക്കെതിരെയുള്ള ഒരു ഏറ്റുമുട്ടൽ ആയിരുന്നു.

എന്തൊക്കെ ചുമടുകൾ ആയിരുന്നു ശാസ്ത്രീ പരീശർ  ദൈവജനത്തെ ചുമപ്പിച്ചിരുന്നത്?

   ദൈവകല്പനകൾക്ക് അനുബന്ധങ്ങൾ എഴുതിച്ചേർത്തും ദുർവ്യാഖ്യാനം നടത്തിയും പാരമ്പര്യം  പറഞ്ഞും  മാനസികവും ശാരീരികവും സാമ്പത്തികവുമായ അനേകം ഭാരങ്ങൾ ദൈവജനത്തിന്റെ  ചുമലിൽ അവർ കെട്ടിവെച്ചു.

ആ നിയമങ്ങളിൽ പലതും അവർക്ക് ബാധകമല്ലായിരുന്നു. അത് ചോദ്യം ചെയ്യാൻ അവരുടെ അടിമകളായ ദൈവമക്കൾക്ക് അവകാശമില്ലായിരുന്നു.

ജനങ്ങളുടെ അധ്വാനത്തിന്റെയും  വിയർപ്പിന്റെയും ഓഹരി ഭീഷണിപ്പെടുത്തി പിടിച്ചുവാങ്ങി ആർഭാട ജീവിതം നയിച്ചിരുന്ന ശാസ്ത്രി പരീശ  പുരോഹിത പ്രമാണികളുടെ നേരെ ക്രിസ്തു വിരൽചൂണ്ടിയപ്പോൾ അവർ  പ്രതികാരദാഹികളായി മാറി. പാവം ജനങ്ങളെ കൊണ്ട് വൻ ഭാരങ്ങൾ ചുമപ്പിക്കുന്ന ആത്മീയ നേതൃത്വത്തെ  കുറ്റപ്പെടുത്തിയ ക്രിസ്തുവിനെ വൻ കുരിശ് ചുമപ്പിച്ച് അവർ പകരം വീട്ടി.

സാന്ത്വനത്തിന്റെയും കരുതലിന്റെയും ഭവനമാകേണ്ട ദേവാലയം അധർമ്മികളുടെ  അധോലോകവും കള്ളന്മാരുടെ ഗുഹയുമായി മാറിയപ്പോൾ  കല്ലിന്മേൽ കല്ല് ശേഷിക്കാതെ ദൈവം പിന്നീട് തകർത്തുകളഞ്ഞു.

വിശ്വാസികളെക്കൊണ്ട് വൻ ചുമടുകൾ ചുമപ്പിക്കുന്ന പ്രവണത അന്നും എന്നും എക്കാലവും തുടർന്നുകൊണ്ടിരിക്കുകയാണ്.

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ എല്ലാവരും എന്റെ അടുക്കൽ വരുവിൻ,  ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ. എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. എന്റെ നുകം  മൃദുവും ചുമട് ലഘുവുമാണെന്ന് പറഞ്ഞ സ്നേഹ ഇടയനായ ക്രിസ്തുവിന്റെ  മുഖമല്ല പലപ്പോഴും ഇടയന്മാരിലും പള്ളി പ്രമാണികളിലും  വിശ്വാസികൾ കാണുന്നത്. ഇത് ഏറെ ഖേദകരമാണ്.

  ക്രിസ്തു വിമർശിച്ച  ഹൃദയശൂന്യമായ ധിക്കാരം നിറഞ്ഞ ചൂഷണ  മനോഭാവമാണ് മത രാഷ്ട്രീയ മേഖലകളിൽ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത്. അതൊക്കെ 'ബയർ  മിനിമം' കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന പാവം ജനങ്ങളുടെ തലയിലെ വൻ ഭാരങ്ങളാണ്.

മനുഷ്യരുടെ മേൽ ഭാരമേറിയ ചുമടുകൾ കെട്ടിവയ്ക്കുന്ന ശാസ്ത്രി പരീശർ  ക്കെതിരെയുള്ള ക്രിസ്തുവിന്റെ  വിമർശനം എനിക്ക് നേരെയുമുള്ള ചോദ്യശരങ്ങ ളാണ്. ജീവിതപങ്കാളി,  മക്കൾ,  സഹപ്രവർത്തകർ,  ജോലിക്കാർ തുടങ്ങിയവരുടെ മേൽ ഞാൻ കെട്ടിവെച്ചിട്ടുള്ള നിർബന്ധങ്ങളുടെ,  നിബന്ധനകളുടെ വൻ ഭാരങ്ങൾ അനവധി അനവധിയാണ്. കരുണയില്ലാതെ,  വിട്ടുവീഴ്ചക്ക് തയ്യാറല്ലാതെ അവരെക്കൊണ്ട് ചുമപ്പിച്ച മാനസികവും വൈകാരികവുമായ ഭാരങ്ങളെ പറ്റി ഞാനെത്ര സ്വയം നീതികരണം നടത്തിയാലും നീതിയുള്ള ന്യായാധിപന്റെ  സ്വർഗ്ഗീയ കോടതി എന്റെ മേൽ വിധി നടത്തും.
ദുർബലരുടെയും നിസ്സഹായരുടെയും അവകാശം നിഷേധിക്കപ്പെട്ടവരുടെയും ചുമലിൽ കെട്ടിവച്ച  സാമ്പത്തികവും ശാരീരികവും ലൈഗീകവും  മാനസികവുമായ ഭാരങ്ങൾ വൻ ഭാരങ്ങളായി നമ്മുടെ ചുമലിൽ  വന്നുവീഴുന്ന കാലം  വിദൂരമല്ലെന്ന് മാലാഖി  പ്രവചനം മുന്നറിയിപ്പ് തരുന്നു:
'നിങ്ങളെ വിധിക്കാന്‍ ഞാന്‍ അടുത്തുവരും. ആഭിചാരകര്‍ക്കും, വ്യഭിചാരികള്‍ക്കും, കള്ളസത്യം ചെയ്യുന്നവര്‍ക്കും, വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളെ ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരേ സാക്‌ഷ്യം നല്‍കാന്‍ ഞാന്‍ വേഗം വരും - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.'- മലാഖി  3 : 5

ദൈവത്തിൽ നിന്ന്  വൻകടഭാരങ്ങൾ ഇളച്ചു കിട്ടിയവർ തങ്ങളുടെ  കടക്കാരോട് കനിവു കാണിക്കണം. പ്രതികരണശേഷിയില്ലാത്ത എളിയവരെ കൊണ്ട് കഠിനാധ്വാനം ചെയ്യിപ്പിച്ച്  വൻലാഭമുണ്ടാക്കുന്നവർ സൂക്ഷിക്കണം. സ്വർഗ്ഗീയ ലേബർ ഡിപ്പാർട്ട്മെന്റ് സ്വമേതയ കേസെടുത്ത് വിധി നടത്തുമ്പോൾ ഒന്നിന് നാലുവിധം തിരിച്ചു കൊടുക്കേണ്ടി വരും. അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവും കൊണ്ട് പൗരാവകാശം അട്ടിമറിക്കുന്ന അധികാരികളും ഉദ്യോഗസ്ഥരും നീതിന്യായപാലകരും  സൂക്ഷിക്കണം. ഇന്ന് പാവം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്ന ഭാരങ്ങൾ തലമുറ തലമുറ ചുമക്കേണ്ടിവരുന്ന  അമിത ഭാരങ്ങളായി മാറും.

  ദൈവമേ,  സമസൃഷ്ടങ്ങളുടെ ഭാരങ്ങളും പ്രയാസങ്ങളും സംഘർഷങ്ങളും പങ്കിടാനും ആശ്വസിപ്പിക്കാനുമുള്ള ആർദ്രമനസ്സും മനോഭാവവും ഞങ്ങൾക്ക് നൽകേണമേ. മറ്റുള്ളവരുടെ ജീവിതത്തിലും മനസ്സിലും അറിഞ്ഞും അറിയാതെയും വലിച്ചെറിയുന്ന  ഭാരങ്ങളും സംഘർഷങ്ങളും ഞങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സമാകുമെന്ന് തിരിച്ചറിവ് ഞങ്ങൾക്ക് നൽകേണമേ.  കഴുത്തിൽ തിരികല്ല് കെട്ടി ആഴിയുടെ അഗാധത്തിൽ എറിയപ്പെടേണ്ട അപരാധമാണ് ഈ ചെറിയവർക്ക് ഇടർച്ച ഉണ്ടാക്കുന്നതെന്ന് അരുളിച്ചെയ്തത കർത്താവേ,  ആർദ്രതയും കരുണയും പരസ്പരം ഭാരങ്ങൾ ചുമക്കാനുള്ള മനസ്സും ഞങ്ങൾക്ക് തരേണമേ.വിതയ്ക്കാ ത്തിടത്തു  നിന്ന് കൊയ്യാനും വിതറാത്തിടത്തുനിന്ന് വാരി കൂട്ടുവാനും ആവശ്യപ്പെടുന്ന കഠിന മനുഷ്യനിൽനിന്ന്,  കർത്താവിന്റെ ഭാരമുള്ള കുരിശിന്റെ പിന്നറ്റം  ചുമന്ന കുറെനക്കാരൻ ശിമയോനിലേക്കുള്ള ആർദ്ര മനോഭാവത്തിന്റെ  പരിവർത്തനവും രൂപാന്തരവും നടത്തി ഞങ്ങളെ പുതിയ സൃഷ്ടി ആക്കേണമേ.

-ഫാ. ഡോ. എ. പി. ജോർജ്ജ്