ഉല്പത്തി 26:24
'അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.'
മാതാപിതാക്കൾ ദൈവമുൻപാകെ വിശ്വസ്തരും സമർപ്പിതരുമായി ജീവിച്ചാൽ ദൈവം അവരുടെ പേരിൽ മക്കൾക്കും തലമുറകൾക്കും അനുഗ്രഹം നൽകും. ദൈവബന്ധത്തിലും അനുസരണത്തിലുമുള്ള മാതാപിതാക്കളുടെ ജീവിതം മക്കൾക്കുള്ള ദൈവകൃപയുടെ സ്ഥിര നിക്ഷേപമാണ്. അനീതിയുടെയും വഞ്ചനയുടെയും അക്രമത്തിന്റെയും വഴിയിലൂടെ മാതാപിതാക്കൾ നേടുന്നതൊന്നും അനുഭവിക്കാൻ മക്കൾക്ക് ഭാഗ്യം ലഭിക്കണമെന്നില്ല. സ്ഥാനവും മഹിമയും സമ്പത്തും കുറവാണെങ്കിലും ക്രിസ്തുവിനെ സ്വന്തമാക്കിയ മാതാപിതാക്കൾ മക്കളുടെ ഭാഗ്യവും തലമുറകളുടെ അനുഗ്രഹവുമാണ്.
സങ്കീർത്തനങ്ങൾ
112:1-2 യഹോവയെ സ്തുതിപ്പിൻ. യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ