ജീവന്റെ അപ്പം

 

യേശുവോ ശിഷ്യന്‍മാരോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വള്ളങ്ങളില്‍ കയറി യേശുവിനെത്തിരക്കി കഫര്‍ണാമിലെത്തി.
യേശുവിനെ കടലിന്റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: റബ്‌ബീ, അങ്ങ്‌ എപ്പോള്‍ ഇവിടെയെത്തി?
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്‌ഷിച്ചു തൃപ്‌തരായതുകൊണ്ടാണ്‌ നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്‌.
യോഹന്നാന്‍ 6 : 24-26

ക്രിസ്തുവിനെ അന്വേഷിച്ചവരുടെ ലക്ഷ്യവും താൽപ്പര്യവും ഹൃദയങ്ങളെ ശോധന ചെയ്യുന്ന കർത്താവ് വായിച്ചറിഞ്ഞിരുന്നു.  ക്രിസ്തുവിനെ കൊണ്ട് പല ഭൗതികനേട്ടങ്ങൾ ഉള്ളതുകൊണ്ടാണ് അന്ന് പലരും ക്രിസ്തുവിനു ചുറ്റുംഓടി കൂടി കൂടിയിരുന്നത്. ഭക്ഷണം, രോഗസൗഖ്യം തുടങ്ങി പല ബനഫിറ്റുകളും അവരുടെ മനസ്സിൽ ഉണ്ടായിരുന്നു.

യോഹന്നാനെപ്പോലെ വളരെ കുറച്ചുപേർ മാത്രമാണ് ഭൗതിക ആഗ്രഹ സാക്ഷാത്കാരത്തിന് അപ്പുറം ക്രിസ്തുവിന്റെ മഹത്വം അക്കാലത്ത് തിരിച്ചറിഞ്ഞ് ഇരുന്നത് :

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം.
യോഹന്നാന്‍ 1 : 14

ജോൺ പിപ്പർ എന്ന സുവിശേഷകന്റെ അഭിപ്രായത്തിൽ അത്ഭുതം പ്രവർത്തിച്ച ക്രിസ്തുവിനേക്കാൾ അത്ഭുതങ്ങളെ ആണ് അന്നും ഇന്നും ജനം ഇഷ്ടപ്പെട്ടുന്നത്. They fixated on the product of the miracle, not the person of the miracle.

അനുഗ്രഹത്തിന്റെ അധിപതിയെക്കാൾ അനുഗ്രഹങ്ങളെ സ്നേഹിക്കുകയും അതിന്റെ പേരിൽ മാത്രമുള്ള ഭക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നത് ക്രിസ്തുവുമായുള്ള ആത്മബന്ധത്തിനും ക്രിസ്തുവിലുള്ള വളർച്ചയ്ക്കും തടസ്സമാണ്.

ക്രിസ്തുവിനെ ബലമായി പിടിച്ച് രാജാവാക്കാൻ ആക്കാലത്തു കുറേപ്പേർ ശ്രമിച്ചു.  റോമാ ഭരണത്തിൽ നിന്ന് നാടിനെ സ്വതന്ത്രമാക്കാനുള്ള ഒരു വിപ്ലവ നേതാവായി മാത്രമാണ് അന്നത്തെ ആക്ടിവിസ്റ്റുകൾ ക്രിസ്തുവിനെ കണ്ടത്. ക്രിസ്തുവിലൂടെ നേടിയെടുക്കാവുന്ന ഭൗതിക താൽപര്യങ്ങൾക്കുവേണ്ടി ക്രിസ്തുവിനെ സ്നേഹിച്ച ആൾകൂട്ടത്തെ ക്രിസ്തു പ്രോത്സാഹിപ്പിച്ചില്ല. ഇന്നും അത്തരക്കാരോടുള്ള ക്രിസ്തുവിന്റെ സമീപനം പ്രസാദാത്മകമാ യിരിക്കില്ല.

അഭിവൃദ്ധിയുടെ സുവിശേഷം പറഞ്ഞ് ജനങ്ങളെ ആകർഷിക്കുന്ന അനേകം പ്രസംഗകരുണ്ട്. അത്തരം വേദികളിൽ വളരെയധികം തിരക്കുണ്ട്. കല്ലപ്പമാക്കാനും അത്യാഗ്രഹങ്ങളും അതി മോഹങ്ങളും സ്ഥാനമോഹങ്ങളും സാക്ഷാത്കരിക്കാനുമുള്ള ഉപാധിയായി ക്രിസ്തുവിനെ ഉയർത്തിക്കാണിക്കുന്ന ആത്മീയ വേദികൾ വർദ്ധിച്ചുവരികയാണ്. എല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പിറകെ പോയ ആദ്യകാല ശിക്ഷ്യ സമൂഹവും എന്തെല്ലാം നേടിയെടുക്കാമെന്ന സ്വാർത്ഥ ചിന്തകളോടെ ആത്മീയത്തിൽ  വരുന്ന വിശ്വാസികളും തമ്മിൽ വലിയ അന്തരമുണ്ട്.

പാപക്ഷമയും നീതികരണവും നൽകുന്ന ക്രിസ്തു, നീതിയുടെ വസ്ത്രം നൽകുന്ന ക്രിസ്തു, നിത്യതയിലെ വാസത്തിലേക്കു കൂട്ടിക്കൊണ്ട് പോകുവാൻ വരുന്ന ക്രിസ്തു, അവന്റെ രാജ്യവും മഹത്വവും അന്വേഷിക്കുന്നവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്  അനുഭാവപൂർവ്വം അനുഗ്രഹിച്ചു നൽകുന്ന ക്രിസ്തു... ആ ക്രിസ്തുവിനെയാണ് ആത്മീയ വേദികളിൽ പ്രഘോഷിക്കേണ്ടത്.

സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം ലോകം മുഴുവൻ അറിയിക്കുവാൻ പറഞ്ഞുവിട്ട ക്രിസ്തുവിന്റെ ആദ്യകാല ശിഷ്യന്മാർ  പഠിപ്പിച്ചതും പ്രസംഗിച്ചതും എഴുതിയതും ക്രിസ്തു ഭരമേൽപ്പിച്ച മാറ്റമില്ലാത്ത സുവിശേഷമായിരുന്നു. സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം സത്യം സത്യമായി പ്രസംഗിച്ചപ്പോൾ  'ഇത്‌ കഠിന വചനം ' എന്ന് പറഞ്ഞ് പലരും ക്രിസ്തുവിന്റെ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. ശിക്ഷ്യന്മാരും അതേ സുവിശേഷം ആവർത്തിച്ചപ്പോൾ പരിഹാസവും പീഡനവുമായിരുന്നു പ്രതികരണങ്ങൾ. ആൾക്കൂട്ടവും കയ്യടിയും റേറ്റിങ്ങും നോക്കാതെ ജീവന്റെ അപ്പമായ ക്രിസ്തുവിനെപ്പറ്റി നമ്മളും പ്രസംഗിക്കണം.

  പ്രസംഗവും ഭക്തിയും പ്രാർത്ഥനയുമൊക്കെ ഭൗതിക ആവശ്യങ്ങൾ പറയുവാൻ മാത്രമുള്ളതായിരിക്കരുത്.  ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അധികമായി നമ്മുടെ ആവശ്യങ്ങൾ നിറവേറ്റി തരുന്നവനാണ് ദൈവമെന്ന അപ്പോസ്തോലന്റെ വാക്കുകൾ നാളെയെപ്പറ്റിയുള്ള അനാവശ്യ വ്യാകുലതകൾക്കുള്ള സ്വാന്തന സന്ദേശമാണ് :
'എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.'
ഫിലിപ്പി 4 : 19

യഹോവ ഇടയനായുള്ള ആടുകളുടെ ദൈനംദിന ആവശ്യങ്ങളെപ്പറ്റി അവിടുന്ന് വളരെ ശ്രദ്ധാലുവാണ് . അല്പം വൈകിയാലും ഇടയൻ കാര്യങ്ങളെല്ലാം അനുഗ്രഹമായി നടത്തും.

ക്രിസ്തു ജീവന്റെ അപ്പം ആണെന്ന് തിരിച്ചറിഞ്ഞ ശിക്ഷ്യന്മാർ അദ്ദേഹത്തോട് പ്രാർത്ഥിച്ചു : കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക്‌ എപ്പോഴും നല്‍കണമേ.
യോഹന്നാന്‍ 6 : 34
നമുക്കും ഈ ആഗ്രഹം ഉണ്ടാകണം, നമ്മളും ഈ പ്രാർത്ഥന നിരന്തരം ചൊല്ലണം.

ഭൗതിക അനുഗ്രഹങ്ങളുടെ ലോകത്തുനിന്ന് എല്ലാം ഉപേക്ഷിച്ച് നമുക്ക് ഒരു ദിവസം പറന്നു പോകേണ്ടിവരുമെന്ന് ക്രിസ്തു യോഹന്നാന്റെ പത്മോസ് ദർശനത്തിൽ അറിയിച്ചു:

'അനന്തരം, സ്വര്‍ഗത്തില്‍നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: എഴുതുക, ഇപ്പോള്‍മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്‌. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്‌ഥരാകും; അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന്‌ ആത്‌മാവ്‌ അരുളിച്ചെയ്യുന്നു.
വെളിപാട്‌ 14 : 13

ക്രിസ്തുവിൽ മരിക്കുന്നത് ഭാഗ്യമാണ്. പക്ഷേ ക്രിസ്തുവിൽ മരിക്കണമെങ്കിൽ ക്രിസ്തുവിൽ ജീവിക്കണം. ശാഖ മുന്തിരിതണ്ടിൽ ചേർന്ന് വളരുന്നത് പോലെ ക്രിസ്തുവിൽ വളരുവാനും ഫലം കായ്ക്കുവാനും തിരുവചനം നമ്മുടെ ജീവിതത്തിന്റെ മാർഗരേഖയും അടിസ്ഥാന പ്രമാണങ്ങളും ആകണം. ലഗ്ഗെജ് ഇല്ലാത്ത നിത്യ മടക്കയാത്രയിൽ കൂടെ കൊണ്ടുപോകുവാൻ കഴിയുന്നത് നമ്മുടെ പ്രവർത്തികൾ മാത്രമാണ്. ജഡത്തിന്റെ പ്രവർത്തികളും ആത്മാവിന്റെ പ്രവർത്തികളുമായി മടങ്ങുന്നവർക്കിടയിൽ നമ്മളേതു വിഭാഗത്തിൽ പെടുമെന്ന് തീരുമാനിക്കുവാനുള്ള സമയം ഇപ്പോഴാണ്.

ജീവന്റെ അപ്പവും ആത്മാവിന്റെ ഭക്ഷണവും ആയ ക്രിസ്തു സാവിധത്തിലേക്കുള്ള ചുവടുവെയ്പ്പിന് ദൈവം നൽകിയിയിരിക്കുന്ന വളരെ വിലപ്പെട്ട സമയമാണ് ഇപ്പോൾ നമുക്ക് മുമ്പിലുള്ളത്. വിശുദ്ധിയെ തികച്ചു പ്രിയന്റെ വരവിനായി നമുക്ക് ഒരുങ്ങാം.

ദൈവമേ,  ഭൗതിക പ്രലോഭനങ്ങളെ അതിജീവിക്കുവാനും ജീവന്റെ അപ്പമായ ക്രിസ്തുവിൽ നിന്ന് ആത്മീയ പുഷ്ടി പ്രാപിക്കാനും ഞങ്ങളെ സഹായിക്കേണമേ, കൃപാവരങ്ങളാൽ നിറയ്ക്കേണമേ.

-ഫാ. ഡോ. ഏ. പി. ജോർജ്