മണവാട്ടി സഭ

മണവാട്ടിസഭയെപ്പറ്റിയുള്ള  ക്രിസ്തുവിന്റെ പ്രതീക്ഷയും അവളോടുള്ള സ്നേഹവുമൊക്കെ  അനുപമവും അത്യഗാധവുമാണ്‌.
സഭ എന്നാൽ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും സ്ഥാവര-ജംഗമവസ്തുക്കളും പൊന്നും പണവും അധികാര ശ്രേഷ്ഠരും ഭരണഘടനയും ഒക്കെയാണെന്ന ഇന്നത്തെ സങ്കൽപത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ മണവാട്ടി സഭയെ പറ്റിയുള്ള ദൈവത്തിന്റെ കാഴ്ചപ്പാട്. മിസ്രയിം  അടിമത്ത കാലത്തും ദാനിയേൽ പ്രവചന പ്രകാരമുള്ള ബാബിലോൺ,  പേർഷ്യൻ,  ഗ്രീക്ക്,  റോമൻ പ്രവാസകാലങ്ങളിലും ദേവാലയവും ആരാധനയും യാഗങ്ങളും ഒക്കെ തടസ്സപ്പെട്ടിരുന്നു. അപ്പോഴും ദൈവജനം പ്രാർത്ഥിച്ചിരുന്നു,  അവരുടെ പ്രാർത്ഥന ദൈവം കേട്ടിരുന്നു. യഥാർത്ഥ ആരാധനാസ്ഥലം ഈ മലയിലും അല്ല യെരൂശലേമിലും അല്ല,  ആത്മാവിലും സത്യത്തിലുമാണെന്ന  അവസ്ഥ ഇപ്പോഴത്തേതുപോലെ പണ്ടും ഉണ്ടായിട്ടുണ്ട്.
ഭൗതിക സംവിധാനങ്ങളിലും ആഡംബരങ്ങളിലും സഭാസങ്കല്പം ഉറച്ചുപോയപ്പോൾ സഭകളുടെ ദൈവീക പ്രഭ മങ്ങിപ്പോയി. സഭകൾക്ക് പിൻമാറ്റത്തിന്റെ  ദുര്യോഗം സംഭവിച്ചു. പാപാന്ധകാരലോകത്ത്  മലമുകളിലെ പട്ടണമായും  തണ്ടിന്മേൽ കത്തിച്ചു വച്ച വിളക്കായും  ശോഭിക്കേണ്ട സഭകൾ പറയ്ക്കു കീഴിലെ കെട്ടവിളക്കുപോലെ ആയിതീർന്നു കൊണ്ടിരിക്കുകയാണ്. ജനലക്ഷങ്ങളുള്ള പല സഭകളും ദൈവസ്നേഹത്തിൽ നിന്നും സഹോദര സ്നേഹത്തിൽ നിന്നും അകന്ന് ലോകസ്നേഹത്തിന്റെ ആസക്തിയിൽ ആയിപ്പോയത് ദൈവത്തിന്റെ നിത്യവേദനയാണ്.
ആരാണ് സഭകളുടെ ഇന്നത്തെ വീഴ്ചകൾക്ക് പിന്നിലെ കാരണക്കാർ?
എല്ലാവരും എപ്പോഴും കുറ്റപ്പെടുത്താറുള്ളത് ആത്മീയ നേതൃത്വത്തെയാണ്.
വാസ്തവത്തിൽ അവർ മാത്രമാണോ  സഭകളുടെ പരാജയത്തിനുള്ള ഉത്തരവാദികൾ? 
ഇതിൽ എനിക്കും നിങ്ങൾക്കും പങ്കില്ലേ?
ആ പങ്കിനെപ്പറ്റി പൗലോസ് അപ്പോസ്തോലൻ പറയുന്നത് എല്ലാവരും ശ്രദ്ധയോടെ കേൾക്കേണ്ടതാണ്:  'നിന്നെ തന്നെ നിർമ്മലനായി   കാത്തുകൊള്ളുക' 1 തിമോത്തിയോസ് 5: 22
എന്റെ സഭയുടെ ധാർമിക അധഃപതനത്തിനു പിന്നിൽ,  സാക്ഷ്യം നഷ്ടപ്പെട്ട, ജീവിതവിശുദ്ധി ഇല്ലാത്ത,  ഞാനും കാരണക്കാരനാണ്. നേതൃത്വത്തെയും മറ്റുള്ളവരെയും കുറ്റം പറയുന്നത് എന്റെ തെറ്റുകളും കുറ്റബോധവും മറച്ചുവെക്കുന്ന 'ഡിഫൻസ് മെക്കാനിസം' ആണ്. ആദ്യം എന്റെ കണ്ണിലെ കോൽ എടുത്ത് മാറ്റണം. ആത്മവിമർശനത്തോടെ ഞാൻ എന്റെ വീഴ്ചകളെ സ്വയം കാണണം. സഭയുടെ ക്രിസ്തീയ സാക്ഷ്യത്തിന് ആദ്യം മാറേണ്ടത് ഞാനാണ്. തട്ടിപ്പും വെട്ടിപ്പും വ്യാജവും ചൂഷണവും ലഹരി വൈകൃതങ്ങളിലുള്ള ആസക്തിയും സ്ഥാനമോഹവും സ്ത്രീപീഡനങ്ങളുമൊക്കെയാകുന്ന മഹാവ്യാധികളുള്ളവർ മറ്റുള്ളവരുടെ കണ്ണിലെ കരടിനെപ്പറ്റി കുറ്റം പറയുന്നത് നിർത്തണം. കുറച്ചുപേർ വിമർശിച്ചത് കൊണ്ടോ,  കുറ്റം പറഞ്ഞതു കൊണ്ടോ, ഇന്റർനാഷണൽ തിയോളജി സെമിനാറുകൾ നടത്തിയതുകൊണ്ടോ സഭകൾ നന്നാവില്ല
പിന്നെ എന്താണ് ചെയ്യേണ്ടത്?
  രാജാവും പ്രഭുക്കളും പ്രജകളും നിനുവയിൽ ഒരുമിച്ച് കരഞ്ഞു അപേക്ഷിച്ചതുപോലെ സ്വന്തം പാപങ്ങളെ ഓർത്ത് വ്യക്തിപരമായും സഭയൊന്നിച്ചും മാനസാന്തരപ്പെടണം.  മറ്റുള്ളവരെ നേരെയാക്കാനുള്ള പ്രസംഗത്തിന് വിരാമമിട്ട്, സ്വന്തം മാനസാന്തരത്തിനായി   പ്രൊഫഷണൽ പ്രീച്ചേഴ്സ് തങ്ങളോട് തന്നെ പ്രസംഗിക്കണം.
മനുഷ്യഹൃദയങ്ങളെ ചേർത്ത് ദൈവം പണിതസഭ ലോകത്തിന്റെ വെളിച്ചമാകാൻ ഓരോ ഹൃദയങ്ങളും പശ്ചാത്താപത്തിന്റെ കണ്ണുനീരു കൊണ്ട് കഴുകപ്പെടണം.
ആലസ്യത്തിന്റെയും ജഡരക്തങ്ങളോടുള്ള  മൽപ്പിടുത്തത്തിന്റെയും കറുത്തരാത്രികൾ മാഞ്ഞുപോകണം. പുത്തൻ പ്രഭാതത്തിന്റെ  ഉദയസൂര്യനായി  ക്രിസ്തു ഓരോ ഹൃദയങ്ങളിലും നിത്യചൈതന്യമായി ഉദിക്കണം.
തന്റെ ജീവൻ കൊടുത്ത് വീണ്ടെടുത്ത മണവാട്ടി സഭയെ പതിവ്രതയായ പാവന സഭയായി കാണുവാനാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ ശുദ്ധീകരിക്കാൻ വേണ്ടി തന്നെ തന്നെ സമർപ്പിക്കുകയും ചെയ്തു. സഭയെ  വിശുദ്ധീകരിക്കുന്നതിന്  ജലം കൊണ്ട് കഴുകി,  വചനത്താൽ വെണ്മ ഉള്ളതാക്കി. ഇത്,  അവളെ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂർണ്ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിന്നും അവൾ കളങ്കരഹിതയും പരിശുദ്ധയും ആയിരിക്കുന്നതിനും വേണ്ടിയാണ്. (എഫെസ്യർ  5: 25)
ആവശ്യമില്ലാത്ത പലതിനും വേണ്ടി സമയം നഷ്ടപ്പെടുത്തുന ലോകസഭകളോടെ ക്രിസ്തു പറയുന്നത് ആവശ്യമുള്ള മൂന്നു  കാര്യങ്ങളിൽ മനസ്സും ചിന്തകളും ഉറപ്പിച്ച് ലക്ഷ്യത്തിലേക്ക് മുന്നേറാനാണ് :
ഏതാണ് ആവശ്യമുള്ള മൂന്ന് കാര്യങ്ങൾ?
വിശുദ്ധരാവുക, വചനത്തിൽവേരുന്നി ഫലം കായ്ക്കുക, മണവാളന്റെ വരവിന് ഒരുങ്ങിയിരിക്കുക. ദൈവജനത്തെ  വഴിതെറ്റിക്കാതെ, ഈ മൂന്ന് കാര്യങ്ങൾക്ക് മുൻഗണന കൊടുത്ത്, ആത്മീയനേതൃത്വം സഭാംഗങ്ങളെ ഒരുക്കിയാൽ, സഭ ലോകത്തിനു വെളിച്ചവും  ക്രിസ്തുവിന്റെ സാക്ഷികളുമാകും.
ദൈവമേ,  വിശുദ്ധീകരണം പ്രാപിച്ച്  ഫലംകായ്ക്കുന്നവരും,  പ്രിയന്റെ  വരവിനുവേണ്ടി ഒരുങ്ങുന്നവരുമാകാൻ ആത്മനവീകരണത്തിന്റെ ആത്മാവിനെപകർന്ന്  മണവാട്ടി സഭയെ ഒരുക്കണമെന്ന് യേശു കർത്താവിന്റെ  വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.

-ഫാ. ഡോ. ഏ. പി. ജോർജ്