വഴി ഒരുക്കേണ്ട മാതാപിതാക്കൾ -3

കുട്ടികളിലെ സ്വഭാവ ബലഹീനതകൾ പലപ്പോഴും  മാതാപിതാക്കളെ നിരാശപ്പെടുത്തിയേക്കാം.  “ബാലനെ അവൻ നടക്കേണ്ട വഴിയിൽ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതിൽനിന്ന് മാറുകയില്ല.” എന്നാണ് സദൃശവാക്യങ്ങളിലെ ഉപദേശം. 22:6

കുട്ടിയുടെ ജീവിതത്തിൽ നാം വിതയ്ക്കുന്ന  നല്ല വിത്തുകൾ ഒരിക്കലും പാഴായിപ്പോകില്ല. ചിലപ്പോൾ വളർച്ച വളരെ മന്ദഗതിയിലായിരിക്കും. ഇന്ന് പഠിപ്പിച്ച ആത്മിയ പാഠത്തിന്റെ ഫലം നാളെ കാണണമെന്നില്ല. ചിലപ്പോൾ രണ്ട് ചുവട് മുന്നോട്ടും ഒരു ചുവട് പിന്നോട്ടും വയ്ക്കുന്നതുപോലെ തോന്നാം. എന്നാൽ പേരെന്റിംഗ് നിയോഗങ്ങൾക്കായി മാതാപിതാക്കളെ വിളിച്ചവൻ വിശ്വസ്തനാണ്. വിളവ് കാണാത്തപ്പോഴും പ്രത്യാശ കൈവെടിയരുത്.

കഷ്ടതകളുടെ കുരിശെടുത്ത് നടക്കുന്നവരോടൊപ്പം ചേർന്നു നടക്കുന്നവനാണ് നമ്മുടെ കർത്താവ്. മക്കൾക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ രഹസ്യത്തിലുള്ള കണ്ണുനീരും പ്രാർത്ഥനകളും,   മക്കൾക്ക് ആവർത്തിച്ച് നൽകുന്ന ഉപദേശങ്ങളും  അവരെ ക്ഷമയോടെ തിരുത്തുന്ന  അവസരങ്ങളുമൊക്കെ ദൈവമുൻപാകെയുള്ള  വിലപ്പെട്ട സമർപ്പണങ്ങളാണ്. ദൈവത്തിന്റെ മക്കളെ ദൈവത്തിനു വേണ്ടി വളർത്തുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന മാതാപിതാക്കളുടെ ഭാരങ്ങളും പ്രയാസങ്ങളും കഷ്ടപ്പാടുകളും പ്രതിസന്ധികളും പരിഹരിക്കുവാൻ സ്വർഗ്ഗസ്ഥ പിതാവ് എപ്പോഴും കൂടെയുണ്ടാകും.

മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ ഹൃദയവയലിൽ വിതക്കുന്ന ദൈവവചനം അത്ഭുത ശക്തിയുള്ളതാണ്. അത് വളർന്നു ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കും. മാതാപിതാക്കൾ വിതയ്ക്കുകയും നനക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ ദൈവം അത് വളരുമാറാക്കും.  പൗലോസ് തിമൊഥെയോസിനോട് പറഞ്ഞു: “ശൈശവം മുതൽ വിശുദ്ധ തിരുവെഴുത്തുകളെ നീ അറിഞ്ഞിരിക്കുന്നു; അവ ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ രക്ഷയ്ക്കായി നിന്നെ ജ്ഞാനിയാക്കുവാൻ ശക്തമാണ്.” (2 തിമൊഥെയോസ് 3:15)

കുട്ടികളുടെ പരിപാലനം കഷ്ടപ്പാടും ഭാരവും ശാപവും ആയി കാണരുത്.  പേരെന്റിങ് നിയോഗം  അനുഗ്രഹവും അവകാശവുമാണ്. “മക്കൾ യഹോവയുടെ അവകാശവും ഗർഭഫലം അവന്റെ പ്രതിഫലവും ആകുന്നു.” (സങ്കീർത്തനം 127:3)

അതുകൊണ്ട് പ്രിയ മാതാപിതാക്കളെ,  പേരെന്റിങ്ങ് നിയോഗങ്ങളിൽ വിശ്വസ്തരായി തുടരണം. കൂടുതൽ സമയം മക്കളോടൊപ്പം ഉണ്ടാവുക, സ്കൂൾ -കോളേജ് സിലബസ്സിൽ ഇല്ലാത്ത ക്രിസ്തിയ മൂല്ല്യങ്ങൾ അവരെ പഠിപ്പിക്കുക. ക്ഷമയോടെ തിരുത്തുക. പ്രാർത്ഥിക്കുക. വീണ്ടും വീണ്ടും ക്ഷമിക്കുക. ഫലം കാണാത്തപ്പോഴും പ്രാർത്ഥനയോടെ അവരെ ചേർത്ത് നിർത്തുക... 
മക്കൾ ദൈവത്തിന്റെ സ്വന്തമാണ്, മാതാപിതാക്കളുടെ പ്രൈവറ്റ് പ്രോപ്പർട്ടി അല്ല. അമിതമായ ആകാംക്ഷയും പൊസസീവ് ഫീലിംഗ്സും ആവശ്യമില്ല. തന്റെ കരങ്ങളിൽ സൃഷ്ടിച്ചു രൂപപ്പെടുത്തിയ മക്കളെ കുറിച്ചുള്ള പരമാധികാരവും ഉത്തരവാദിത്വവും ദൈവത്തിന്റെതാണ്. മാതാപിതാക്കൾ സമർപ്പിതരും സത്യസന്ധരും വിശ്വസ്തരും ആയി ഏൽപ്പിച്ച നിയോഗം നിർവഹിച്ചാൽ മതി. 'നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന്‌' ഉറച്ചു വിശ്വസിക്കണം.
(ഫിലിപ്പി 1 : 6)

പൂർണ്ണരായ മാതാപിതാക്കൾ ആകുവാൻ ആർക്കും കഴിയില്ല. വിശ്വസ്തരായ മാതാപിതാക്കളായാൽ മതി. നമ്മുടെ അപൂർണ്ണമായ വിശ്വസ്തതയെപ്പോലും   കുട്ടിയുടെ ജീവിതത്തിൽ ദീർഘകാല അനുഗ്രഹമായി   പ്രയോജനപ്പെടുത്തുവാൻ ദൈവത്തിന് കഴിയും.

ഇന്ന് മാതാപിതാക്കൾ വിതയ്ക്കുന്ന ഒരു  വിശ്വാസവിത്ത്, നാളെ ഒരു  ക്രിസ്ത്യാനി വൃക്ഷമായി വളരും. അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ ആണ്‌ നമ്മൾ.  ഒരിക്കൽ  നിറകണ്ണുകളോടെ ദൈവ മുമ്പാകെ നമ്മെ സമർപ്പിച്ച  മാതാപിതാക്കളുടെ പ്രാർത്ഥനകളുടെ വിസ്മയ  അനുഗ്രഹങ്ങളാണ് ഇന്ന് നമ്മുടെ ജീവിതത്തിൽ നാം കൊയ്യുന്നത്. ഇന്ന് നമ്മൾ നമ്മുടെ മക്കൾക്ക് വേണ്ടി കണ്ണുനീരോടെ വിതയ്ക്കുന്നത് നാളെ അവർ ആർപ്പോടെ കൊയ്യും.
അതിനാൽ, പ്രിയ മാതാപിതാക്കളെ,  പ്രത്യാശയോടെ വിതയ്ക്കുക, പേരന്റിങ് നിയോഗത്തിൽ ജാഗ്രതയുള്ളവരായിരിക്കുക,  ഇടവിടാതെ പ്രാർത്ഥിക്കുക... കർത്താവിന് അവരെക്കൊണ്ട് ആവശ്യമുണ്ട്.

-ഫാ. ഡോ. ഏ. പി. ജോർജ്