വല നിറയുന്നുണ്ടോ?

രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒരു മീൻപോലും ലഭിക്കാത്ത മുക്കുവന്മാർ! അവരുടെ അധ്വാനത്തിന് കുറവുണ്ടായിരുന്നില്ല. അനുഭവത്തിനും കുറവുണ്ടായിരുന്നില്ല. കടലിൽ മീനുകൾ ഇല്ലാതിരുന്നതുമല്ല പ്രശ്നം. എന്നാൽ യേശു അവരുടെ വള്ളത്തിൽ പ്രവേശിച്ചപ്പോൾ, പരാജയത്തിന്റെ രാത്രിക്കുശേഷം അനുഗ്രഹത്തിന്റെ പ്രഭാതം ഉദിച്ചു. വല നിറയെ മീനുകൾ ലഭിച്ചു!
'സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: “ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിനു വല ഇറക്കുവിൻ” എന്നു പറഞ്ഞു.' ലുക്കോസ് 5:4

ഈ സംഭവം വലിയ ആത്മീയ സത്യത്തിലേക്ക് നയിക്കുന്നു: അധ്വാനിക്കുന്നതുകൊണ്ടു മാത്രമായില്ല, നമ്മുടെ അധ്വാനത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യവും മാർഗനിർദേശവും ഉണ്ടാകണം. മനുഷ്യരെ പിടിക്കുവാൻ ഹൃദയങ്ങളിലേക്ക് സുവിശേഷത്തിന്റെ വല വീശുന്നവർക്കുള്ള വിലപ്പെട്ട സന്ദേശമാണ് നമ്മുടെ കർത്താവിന്റെ കല്പന:
'ആഴത്തിലേക്കു നീക്കി  വല ഇറക്കുവിൻ'

1. സുവിശേഷ പ്രവർത്തനവും ഇടയത്വ ശുശ്രുഷയും ഒരു ജോലി മാത്രമല്ല; ആത്മാക്കൾക്കളെ നേടുവാനുള്ള ദൗത്യവുമാണ്!
പ്രസംഗങ്ങൾ എത്ര നടത്തി എന്നതല്ല,  എത്ര ഹൃദയങ്ങളിൽ ക്രിസ്തുവിനുവേണ്ടിയുള്ള വിശപ്പും ദാഹവും ഉണർത്താൻ കഴിഞ്ഞു എന്നതാണ് മിനിസ്ട്രിയുടെ പ്രസക്തി. ആരാധനകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം മാത്രമല്ല, ക്രിസ്തുവിനോടു കൂടുതൽ അടുക്കുന്ന ജീവിതങ്ങളാണ് നമ്മുടെ ശുശ്രൂഷയുടെ യഥാർഥ ഫലം. വചനത്തിന്റെ ആഴത്തിലേക്ക് ഇറങ്ങുക; പ്രാർത്ഥനയുടെ ശക്തിയിൽ മുന്നേറുക; സ്നേഹത്തിലൂടെ മനുഷ്യരെ ക്രിസ്തുവിലേക്ക് നയിക്കുക... എന്നതൊക്കെ മനുഷ്യരെ പിടിക്കുന്നതിന്റെ വഴികളാണ്.

1. മാതാപിതാക്കളേ, നിങ്ങളുടെ ആദ്യത്തെ മിഷൻ ഫീൽഡ് നിങ്ങളുടെ വീടാണ്!
മക്കൾക്ക് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകുന്നതിൽ മാത്രം മാതാപിതാക്കളുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. അവരുടെ ഹൃദയങ്ങളിൽ വിശ്വാസത്തിന്റെ വിത്തു വിതയ്ക്കുകയും പ്രാർത്ഥനയുടെ ശീലം വളർത്തുകയും ക്ഷമിക്കാനും പങ്കുവെക്കാനും സ്നേഹിക്കാനും പഠിപ്പിക്കുകയും വേണം. ഉപദേശിക്കുന്നതിനെക്കാൾ ശക്തമാണ് മാതാപിതാക്കളുടെ ജീവിതസാക്ഷ്യം. നിങ്ങളുടെ മക്കൾ നിങ്ങളുടെ വാക്കുകളിൽ മാത്രമല്ല, നിങ്ങളുടെ ജീവിതത്തിൽ യേശുവിനെ കാണുമ്പോഴാണ് വല നിറയുന്നത്.

1. ആരോഗ്യപ്രവർത്തകരേ, രോഗിയുടെ ശരീരം മാത്രമല്ല, ഹൃദയവും പരിചരിക്കുവാൻ വിളിക്കപ്പെട്ടവരാണ് നിങ്ങൾ.
മെഡിക്കൽ, പാരാ മെഡിക്കൽ ടീം മനുഷ്യരുടെ വേദനയുടെ ആഴങ്ങളിലേക്ക് ഇറങ്ങുന്നവരാണ്. മരുന്ന് ശരീരത്തെ സുഖപ്പെടുത്തുമ്പോൾ, കരുണ നിറഞ്ഞ വാക്കുകൾ ഭയപ്പെടുന്ന ഹൃദയത്തിന് ആശ്വാസം നൽകുന്നു. ഓരോ രോഗിയുടെയും ഡയഗ്നോസിന് അപ്പുറം ദൈവത്തിന്റെ പ്രതിച്ഛായ കാണണം. രോഗിയുടെ വിശ്വാസത്തെയും തിരഞ്ഞെടുപ്പുകളെയും മാനിച്ചുകൊണ്ട് സ്നേഹത്തോടെയും മാന്യതയോടെയും സേവിക്കണം. ചിലപ്പോൾ നിങ്ങളുടെ ഒരു പുഞ്ചിരി,  ശ്രദ്ധാപൂർവമായ കേൾവി,  കരുതലുള്ള സ്പർശം—ഇവയിലൂടെ ക്രിസ്തുവിന്റെ സ്നേഹം അവർക്ക് അനുഭവമാകും.

1. അധ്യാപകർ അറിവിനൊപ്പം ജീവിതവും പകർന്നു നൽകേണ്ടവരാണ്.

പാഠപുസ്തകങ്ങളിലെ അറിവുകൊണ്ട് മാത്രം നല്ല മനുഷ്യരെ സൃഷ്ടിക്കാനാവില്ല. നീതി, സത്യസന്ധത, കരുണ, ഉത്തരവാദിത്വം എന്നിവയും കുട്ടികളെ പഠിപ്പിക്കണം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയെയും കഴിവുകൾ തിരിച്ചറിയപ്പെടാത്ത വിദ്യാർഥിയെയും അവഗണിക്കരുത്. ഒരു അധ്യാപകന്റെ പ്രോത്സാഹനം ഒരു കുട്ടിയുടെ ഭാവിയെ മാറ്റിമറിച്ചേക്കാം. ഓരോ വിദ്യാർഥിയിലും വളരാൻ കാത്തിരിക്കുന്ന ഒരു സാധ്യതയുണ്ട്. അതിനെ തിരിച്ചറിയുന്നതും പരിപോഷിപ്പിക്കുന്നതും അധ്യാപകന്റെ വിശുദ്ധമായ ഉത്തരവാദിത്വമാണ്, ആത്മക്കളെ നേടുന്ന വഴികളാണ്.

1. സാമൂഹ്യ പ്രവർത്തകരേ, സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി വലയിറക്കുവാൻ മറക്കരുത് .
ദാരിദ്ര്യം, ഏകാന്തത, അവഗണന, ലഹരിയുടെ അടിമത്തം, കുടുംബത്തകർച്ച, അനീതി—ഇവയുടെ നടുവിൽ പ്രത്യാശയ്ക്കായി കാത്തിരിക്കുന്ന അനേകം ജീവിതങ്ങളുണ്ട്. അകലെയിരുന്ന് പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ മാത്രം സംതൃപ്തരാകരുത്. മനുഷ്യരുടെ യഥാർഥ ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. സഹായം നൽകുമ്പോൾ അവരുടെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. ദാനധർമ്മം മാത്രമല്ല, നീതിയും മാന്യമായ ജീവിതസാഹചര്യങ്ങളും ഉറപ്പാക്കാനുള്ള പരിശ്രമവും ആവശ്യമാണ്. അപ്പോഴാണ് സ്‌നേഹ വലകൾ നിറയുന്നത്.

1. രക്ഷാപ്രവർത്തകരേ, പ്രതിസന്ധിയുടെ നടുവിൽ പ്രത്യാശയുടെ സാക്ഷികളാണ്‌ നിങ്ങൾ!
അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിലും നിങ്ങൾ മറ്റുള്ളവരുടെ രക്ഷയ്ക്കായി ഓടിയെത്തുന്നു.  മനുഷ്യജീവന്റെ മൂല്യം വിളിച്ചറിയിക്കുന്നതാണ് നിങ്ങളുടെ ധൈര്യവും ത്യാഗവും. സഹോദരർക്കുവേണ്ടി ജീവൻ ബലിയർപ്പിക്കുന്ന നിങ്ങളുടെ സ്നേഹത്തേക്കാൾ വലിയതൊന്നും ഈ ലോകത്തിൽ ഇല്ലെന്നാണ് കർത്താവ് പറഞ്ഞത്. സുരക്ഷാനിർദേശങ്ങൾ പാലിച്ചും പരിശീലനത്തോടെയും പ്രവർത്തിക്കുക.  സഹായം ആവശ്യമുള്ളവരെ വിവേചനമില്ലാതെ പരിചരിക്കുക. പ്രതിസന്ധിയുടെ ഇരുട്ടിൽ നിങ്ങളുടെ സാന്നിധ്യം ഒരാൾക്ക് ക്രിസ്തുവിലേക്കുള്ള പുതിയ പ്രത്യാശയായേക്കാം.

1. വല വീശുകയാണോ, വല ഉണക്കുകയാണോ?
എന്നാണ് എല്ലാവരോടും ദൈവം ചോദിക്കുന്നത്.

നമുക്ക് അനുഭവ ജ്ഞാനം ഉണ്ടാകാം, കഴിവുണ്ടാകാം, സംവിധാനങ്ങളുണ്ടാകാം, വർഷങ്ങളുടെ സേവനപാരമ്പര്യമുണ്ടാകാം. എന്നിട്ടും മനുഷ്യർ നമ്മിലൂടെ ക്രിസ്തുവിന്റെ സ്നേഹം അനുഭവിക്കുന്നില്ലെങ്കിൽ, നമ്മുടെ പ്രവർത്തനരീതിയെ ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

യേശു പത്രോസിനോട് കരയ്ക്കരികിൽ വല നന്നാക്കിക്കൊണ്ടിരിക്കാനല്ല പറഞ്ഞത്; “ആഴത്തിലേക്ക് നീക്കി വല ഇറക്കുക” എന്നാണ് ആഹ്വാനം ചെയ്തത്.

ആരാലും ശ്രദ്ധിക്കപ്പെടാത്തവരുടെ അടുത്തേക്ക് പോകുക. പ്രത്യാശ നഷ്ടപ്പെട്ടവരെ കേൾക്കുക. വഴി തെറ്റിപ്പോയവരെ അപമാനിക്കാതെ തിരികെ വരാൻ സഹായിക്കുക. ദുഃഖിക്കുന്നവരോടൊപ്പം കരയുക. വീണുപോയവരെ ഉയർത്തുക. നമ്മുടെ ശുശ്രൂഷയിൽ മനുഷ്യരുടെ ഹൃദയങ്ങളെ സ്പർശിക്കാൻ ക്രിസ്തുവിന് ഇടം നൽകുക.

യേശു അരുളിച്ചെയ്തു: “ഞാനോ ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും” (യോഹന്നാൻ 12:32)
നമ്മുടെ ലക്ഷ്യം ആളുകളെ ഒരു സ്ഥാപനത്തിലേക്ക് ആകർഷിക്കുക മാത്രമല്ല, ക്രിസ്തുവിന്റെ സ്നേഹത്തിലേക്കും സത്യത്തിലേക്കും പുതിയ ജീവിതത്തിലേക്കും നയിക്കുകയാണ്.

ഞാൻ ചെയ്യുന്ന സേവനത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യമുണ്ടോ? എന്റെ അടുത്തേക്ക് വരുന്നവർക്ക് എന്റെ കഴിവുകൾ മാത്രമാണോ അനുഭവപ്പെടുന്നത്, അതോ ക്രിസ്തുവിന്റെ സ്നേഹവും കരുണയും അനുഭവ പ്പെടുന്നുണ്ടോ ? വലയിറക്കുന്നവർ വിമർശനാത്മകമായി ചിന്തിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇതൊക്കെ.

രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഫലമില്ലാതിരുന്ന പത്രോസിനോട് യേശു വീണ്ടും വല ഇറക്കാൻ ആവശ്യപ്പെട്ടു. അതുപോലെ, നിയോഗങ്ങളിൽ നിരാശരായി പിൻവാങ്ങരുത്. പ്രാർത്ഥനയോടെ, വിശ്വാസത്തോടെ, പുതിയ കാഴ്ചപ്പാടോടെ വീണ്ടും വീണ്ടും വലയിറക്കണം. വിളിച്ചവൻ വിശ്വസ്തനാണ്. മിനിസ്ട്രിയിൽ നിരാശയും നിസ്സഹായതയും നിഷേധമനോഭാവങ്ങളും നേരിടുമ്പോൾ ഒന്ന് വിളിച്ചാൽ മതി, കർത്താവു പടകിൽ വരും. വല നിറയ്ക്കുവാൻ സഹായിക്കും.

നമ്മൾ വല വീശുന്നവർ മാത്രമാണ്.  ഫലം നൽകുന്നത് ദൈവമാണ്. നമ്മുടെ അധ്വാനം സ്നേഹത്തിലും വിശ്വാസത്തിലും തുടർന്നുകൊണ്ടിരിക്കണം. ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ, ഒരിക്കലും പ്രത്യാശ കൈവിടാതെ, മനുഷ്യരെ നേടുന്നവരായി നമുക്ക് മുന്നേറാം.

“വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ? അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്റെ പിമ്പട ആയിരിക്കും.” — യെശയ്യാവ് 58:7–8

കർത്താവായ യേശുവേ, മനുഷ്യരെ സ്നേഹത്തോടെ സമീപിക്കാനും അവരുടെ വേദനകൾ തിരിച്ചറിയാനും ഞങ്ങളുടെ ശുശ്രൂഷകളിൽ നിന്റെ സാന്നിധ്യവും മാർഗനിർദേശവും അനുഭവിക്കാനും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ അധ്വാനം നിന്റെ മഹത്വത്തിനും അനേകരുടെ നന്മയ്ക്കും കാരണമാകട്ടെ. ആമേൻ.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )