ആചരണം അനുസരണം ആയിത്തീരൽ...

ആചരണം, അനുസരണം, ആയിത്തീരൽ

വിശ്വാസജീവിതത്തിൽ നാം പലപ്പോഴും ആചരണങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്‌. പ്രാർത്ഥിക്കുന്നു, ബൈബിൾ വായിക്കുന്നു, ആരാധനയിൽ പങ്കെടുക്കുന്നു, ദൈവിക കൽപ്പനകൾ പാലിക്കാൻ ശ്രമിക്കുന്നു. ഇവയെല്ലാം നല്ലതും ആവശ്യവുമാണ്. എന്നാൽ ഇവയ്ക്കിടയിൽ നാം മറന്നുപോകാൻ സാധ്യതയുള്ള ഒരു ആത്മീയ സത്യമുണ്ട്: ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നത് ചില കാര്യങ്ങൾ ചെയ്തുതീർക്കുന്ന ജീവിതം മാത്രമല്ല; അവിടുത്തെ കൃപയാൽ പുതുക്കപ്പെട്ട ഒരു ഹൃദയമാണ്. ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യം നല്ല കാര്യങ്ങൾ പ്രവർത്തിക്കുക മാത്രമല്ല, ക്രിസ്തുവിന്റെ സ്വഭാവത്തിൽ ആയിത്തീരുക കൂടിയാണ്.

ആചരണം പുറത്തുള്ള ജീവിതത്തെ ക്രമീകരിക്കാം; എന്നാൽ ഹൃദയത്തെ രൂപാന്തരപ്പെടുത്തുന്നത് ദൈവകൃപയാണ്. അനുസരണം ആ രൂപാന്തരത്തിന്റെ ഫലമാണ്. അതുകൊണ്ട് ആചരണത്തിൽനിന്ന് അനുസരണത്തിലേക്കും അനുസരണത്തിൽനിന്ന് ആയിത്തീരലിലേക്കുമുള്ള യാത്രയിലാണ് ലക്‌ഷ്യം വയ്‌ക്കേണ്ടത്. അത് സ്വന്തം കഴിവിലല്ല,  ദൈവം നമ്മോടു കാണിക്കുന്ന സ്നേഹത്തിൽ നിന്നാണ് ആരംഭിക്കേണ്ടത്.

യോഹന്നാൻ 14:23-ൽ കർത്താവ് തന്റെ വചനം പ്രമാണിക്കുന്നവരോടുകൂടെ താനും പിതാവും വസിക്കുമെന്ന അത്ഭുതകരമായ വാഗ്ദാനം നൽകുന്നുണ്ട്‌ :
യേശു അവനോട് “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്ന് അവനോടുകൂടെ വാസം ചെയ്യും.”

നമ്മെ സ്നേഹിക്കുകയും തന്റെ സാന്നിധ്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള സ്നേഹപൂർവമായ, വിനയാന്വതമായ പ്രതികരണമാണ് അനുസരണം. നാം അനുസരിക്കുന്നതുകൊണ്ടല്ല ദൈവം  നമ്മെ സ്നേഹിക്കുന്നത്; അവിടുന്ന് നമ്മെ സ്നേഹിക്കുന്നതിനാൽ നാം അനുസരിക്കാൻ പഠിക്കുന്നു.

ഇതാണ് കൃപയുടെ വിപ്ലവകരമായ സത്യം. നിയമത്തെ മാത്രം നോക്കുമ്പോൾ നാം നമ്മുടെ പരാജയങ്ങൾ കാണുന്നു. എന്നാൽ ക്രൂശിൽ വെളിപ്പെട്ട കൃപയെ നോക്കുമ്പോൾ, നമ്മുടെ പരാജയങ്ങളെക്കാൾ വലിയതാണ് ദൈവത്തിന്റെ സ്നേഹമെന്ന് നാം തിരിച്ചറിയുന്നു. കൃപ നമ്മുടെ പാപത്തെ നിസ്സാരമാക്കുന്നില്ല; പാപത്തിന്റെ അടിമത്തത്തിൽനിന്ന് നമ്മെ മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അനുസരിക്കാൻ കഴിയാത്ത ഹൃദയത്തെ പുതുക്കുന്നു. ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്ന വിശുദ്ധിയിലേക്ക് നമ്മെ നയിക്കുന്നതും അവിടുത്തെ കൃപ തന്നെയാണ്.

പലപ്പോഴും നാം വിശുദ്ധജീവിതം നയിക്കാൻ ശ്രമിക്കുന്നത് സ്വന്തം പരിശ്രമവും പ്രവർത്തികളും കൊണ്ടാണ്. കൂടുതൽ പ്രാർത്ഥിക്കണം, വികാരങ്ങളെ നിയന്ത്രിക്കണം, മറ്റുള്ളവരോട് ക്ഷമിക്കണം, ദോഷകരമായ ശീലങ്ങൾ ഉപേക്ഷിക്കണം എന്നിങ്ങനെ അനേകം നല്ല തീരുമാനങ്ങളെടുക്കുന്നു. എന്നാൽ വീണ്ടും വീണ്ടും പരാജയപ്പെടുമ്പോൾ കുറ്റബോധത്തിലേക്കോ നിരാശയിലേക്കോ വീഴുന്നു. ചിലപ്പോൾ നമ്മുടെ ആത്മീയജീവിതം മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വയ നീതീകരണത്തിന്റെ ആത്മീയ നിഗളത്തിനും കാരണമാകാറുണ്ട്. ചിലപ്പോൾ ബാഹ്യ ഭക്തിയുടെ പിന്നിൽ ആന്തരിക മുറിവുകളും സ്വാർത്ഥതയും മറച്ചുവയ്ക്കാറുമുണ്ട്.

എന്നാൽ ദൈവകൃപ ഈ പ്രതിസന്ധികളിൽ പുതിയ ആത്മീയ സമീപനങ്ങൾ നമുക്ക് വെളിപ്പെടുത്തിത്തരുന്നു: സ്വന്തം ബലഹീനതകളെ നിഷേധിക്കാതെ അവ ദൈവസന്നിധിയിൽ തുറന്നുവയ്ക്കുക, സ്വയം ന്യായീകരിക്കാതെ ദൈവത്തിന്റെ പാപക്ഷമ തേടുക, സ്വന്തം ശക്തിയെ ആശ്രയിക്കുന്നതിനുപകരം പരിശുദ്ധാത്മാവിന്റെ സഹായം സ്വീകരിക്കുക, വീഴുമ്പോൾ ദൈവത്തിൽ നിന്ന് ഓടിയകലാതെ അവിടുത്തെ അടുക്കലേക്ക് മടങ്ങിവരുക... എന്നിവയാണ് ദൈവ കൃപ വെളിപ്പെടുത്തി തരുന്ന സമീപനങ്ങൾ.
കൃപയുടെ ജീവിതം ഒരിക്കലും വീഴാത്തവരുടെ ജീവിതമല്ല; വീഴുമ്പോഴും ദൈവത്തിന്റെ സ്നേഹത്തിലേക്ക് മടങ്ങിവന്ന് വീണ്ടും എഴുന്നേൽക്കാൻ പഠിക്കുന്നവരുടെ ജീവിതമാണ്.

ഇവിടെ അനുസരണത്തിന്റെ അർത്ഥവും കൂടുതൽ ആഴമുള്ളതാണ്‌.  ദൈവം നമ്മിൽ പ്രവർത്തിക്കുവാൻ നാം നൽകുന്ന ഹൃദയപൂർവമായ സമ്മതമാണ് അനുസരണം. 'ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്' എന്ന്
ഫിലിപ്പിയർ 2:13 ൽ പറയുന്നതുപോലെ, ആഗ്രഹിക്കുവാനും പ്രവർത്തിക്കാനും നമ്മിൽ പ്രവർത്തിക്കുന്നത് ദൈവമാണ്. നന്മ ചെയ്യാനുള്ള ആഗ്രഹവും അതിനാവശ്യമായ ശക്തിയും ദൈവത്തിൽ നിന്നാണ് വരുന്നത്. അതിനാൽ  ദൈവകൃപയുടെ പ്രവർത്തനവും മനുഷ്യന്റെ വിനയപൂർണ്ണമായ സഹകരണവും ഒത്തുചേരുമ്പോഴാണ് അനുസരണം സാധ്യമാകുന്നത്.

ഒരാളോട് ക്ഷമിക്കുമ്പോൾ നാം വെറുമൊരു കൽപ്പന പാലിക്കുകയല്ല; നമ്മോടു ക്ഷമിച്ച ക്രിസ്തുവിന്  നമ്മിൽ ഇടം നൽകുകയാണ്. ആരും കാണാത്തപ്പോഴും സത്യസന്ധത പാലിക്കുമ്പോൾ നാം ഒരു നിയമം അനുസരിക്കുക മാത്രമല്ല; ദൈവത്തിന്റെ സത്യത്തെ നമ്മുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കുകയാണ്. സ്വന്തം താല്പര്യം മാറ്റിവെച്ച്  മറ്റൊരാളുടെ നന്മ അന്വേഷിക്കുമ്പോൾ നാം ഒരു ത്യാഗം ചെയ്യുക മാത്രമല്ല; ക്രിസ്തുവിന്റെ സ്നേഹം നമ്മിൽ രൂപപ്പെടാൻ അനുവദിക്കുകയാണ്. ഇങ്ങനെ ആവർത്തിച്ചുള്ള ചെറിയ അനുസരണങ്ങളിലൂടെ പരിശുദ്ധാത്മാവ് നമ്മുടെ ചിന്തകളെയും ആഗ്രഹങ്ങളെയും മനോഭാവങ്ങളെയും ക്രമേണ പുതുക്കികൊണ്ടിരിക്കുന്നു.

ഇതാണ് ആയിത്തീരൽ—ക്രിസ്തുവിനെപ്പോലെ ആയിത്തീരുന്ന പ്രക്രിയ. ഇത് ഒരു ദിവസംകൊണ്ട് പൂർത്തിയാകുന്ന മാറ്റമല്ല. ചില മേഖലകളിൽ നാം വേഗത്തിൽ വളരാം; മറ്റു ചില മേഖലകളിൽ ദീർഘകാലം പോരാടേണ്ടിവരും. എന്നാൽ നമ്മുടെ പ്രത്യാശ സ്വന്തം പുരോഗതിയുടെ വേഗത്തിലല്ല, നമ്മെ കൈവിടാതെ രൂപപ്പെടുത്തുന്ന ദൈവത്തിന്റെ വിശ്വസ്തതയിലായിരിക്കണം . “നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാൾവരെ അതിനെ തികയ്ക്കും” എന്ന ഫിലിപ്പിയർ 1:6-ലെ വാഗ്ദാനം ഈ യാത്രയിൽ നമുക്ക് ധൈര്യം നൽകുന്നു.

അതുകൊണ്ട്  ലോകത്തിൽ നിന്ന് ഒളിച്ചോടുന്നതോ പുറമേ കുറ്റമറ്റവരായി കാണപ്പെടുന്നതോ അല്ല  ജീവിത വിശുദ്ധി. ദൈവകൃപയാൽ ലോകത്തിന്റെ സ്വാർത്ഥതയ്ക്കും അഹങ്കാരത്തിനും പ്രതികാരത്തിനും വഴങ്ങാതെ ജീവിക്കാൻ പഠിക്കുന്നതാണ് വിശുദ്ധി. നമ്മുടെ കുടുംബത്തിൽ ക്ഷമയിലൂടെ, ജോലിസ്ഥലത്ത് സത്യസന്ധതയിലൂടെ, ബന്ധങ്ങളിൽ സ്നേഹത്തിലൂടെ, പരീക്ഷണങ്ങളിൽ വിശ്വാസത്തിലൂടെ ക്രിസ്തു നമ്മിൽ വെളിപ്പെടുമ്പോൾ, നമ്മുടെ ജീവിതം ജീവിക്കുന്ന വചനത്തിന്റെ സാക്ഷ്യമായി മാറുന്നു.

ദൈവം നമ്മെ വിളിക്കുന്നത്  ആത്മീയ പ്രകടനത്തിനല്ല, ഒരു ആത്മീയ രൂപാന്തരത്തിലേക്കാണ്. അവിടുന്ന് നമ്മുടെ കൈകളുടെ പ്രവൃത്തികളെ മാത്രമല്ല, ഹൃദയത്തിന്റെ ആഴങ്ങളെയും സ്പർശിക്കാൻ ആഗ്രഹിക്കുന്നു. നാം എന്തു ചെയ്യുന്നു എന്നതിലുപരി, അവിടുത്തെ സാന്നിധ്യത്തിൽ നാം ആരായി മാറുന്നു എന്നതും പ്രധാനമാണ്. കാരണം,  വിശുദ്ധജീവിതത്തിന്റെ സൗന്ദര്യം നമ്മുടെ പരിശ്രമത്തിന്റെ മഹത്വമല്ല; നമ്മിൽ രൂപംകൊള്ളുന്ന ക്രിസ്തുവിന്റെ മഹത്വമാണ്.

ഇന്ന് നമുക്ക് നമ്മുടെ ഹൃദയത്തോട് ചോദിക്കാം: ഞാൻ ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടാണോ അനുസരിക്കുന്നത്, അതോ അവിടുത്തെ അംഗീകാരം നേടാനാണോ?
എന്റെ പരാജയങ്ങൾ എന്നെ ദൈവത്തിൽനിന്ന് അകറ്റുന്നുണ്ടോ, അതോ അവിടുത്തെ കൃപയിൽ കൂടുതൽ ആശ്രയിക്കാൻ പഠിപ്പിക്കുന്നുണ്ടോ?
ഞാൻ വചനം കേൾക്കുക മാത്രമാണോ,  എന്നെ തിരുത്താൻ വചനത്തിന്റെ മുൻപിൽ എന്റെ സ്വയത്തെ സറണ്ടർ ചെയ്യുന്നുണ്ടോ?
എന്റെ ജീവിതത്തിൽ ക്രിസ്തുവിന്റെ സ്വഭാവം ക്രമേണ വളർന്നു വരുന്നുണ്ടോ?
ആത്മാവിന്റെ ഫലങ്ങൾ ആണോ, ജഡത്തിന്റെ ഫലങ്ങൾ ആണോ ഞാനെന്ന ക്രിസ്ത്യാനി വൃക്ഷത്തിൽ വിരിയുന്നത്?

ആചരണം നമ്മെ തിരു വചനത്തിന്റെ മുമ്പിൽ നിർത്തുന്നു,
കൃപ നമ്മുടെ ഹൃദയത്തെ തുറക്കുന്നു,
അനുസരണം ആ കൃപയോട് പ്രതികരിക്കുന്നു, പരിശുദ്ധാത്മാവ് നമ്മെ ക്രിസ്തുവിന്റെ സ്വഭാവത്തിലേക്ക് രൂപാന്തരപ്പെടുത്തുന്നു.
ഇതാണ് വിശ്വാസത്തിന്റെ ആഴം.
ഇതാണ് വിശുദ്ധിയിലേക്കുള്ള യാത്ര...

സ്നേഹനിധിയായ പിതാവേ, അങ്ങയെ പ്രസാദിപ്പിക്കാൻ സ്വന്തം ശക്തിയിൽ മാത്രം ആശ്രയിക്കുന്ന എന്റെ മനോഭാവം അവിടുന്ന് തിരുത്തേണമേ. നിന്റെ കൃപയുടെ ആഴം തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. നിന്റെ വചനം കേൾക്കുന്നതിൽ മാത്രം സംതൃപ്തനാകാതെ, അതനുസരിച്ച് ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ ഹൃദയത്തിലെ സ്വാർത്ഥതയും അഹങ്കാരവും ഭയവും നീക്കി, ക്രിസ്തുവിന്റെ മനോഭാവം എന്നിൽ വളർത്തണമേ. ഞാൻ വീഴുമ്പോൾ നിന്റെ സ്നേഹത്തിലേക്ക് മടങ്ങിവരാനും, ബലഹീനനാകുമ്പോൾ നിന്റെ ശക്തിയിൽ ആശ്രയിക്കാനും, ഓരോ ദിവസവും നിന്റെ കൃപയാൽ പുതുക്കപ്പെടാനും സഹായിക്കണമേ. എന്റെ ജീവിതത്തിലൂടെ ഞാൻ അല്ല, ക്രിസ്തു എന്നിൽ വെളിപ്പെടുവാൻ സഹായിക്കേണമേ. നിന്റെ വചനം എന്നിൽ ജീവിക്കുകയും ഞാൻ നിന്റെ സ്നേഹത്തിൽ വസിക്കുകയും നിന്റെ സ്വഭാവത്തിൽ ആയിത്തീരുകയും ചെയ്യുവാൻ സഹായിക്കേണമേ. ആമേൻ.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )