വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന സഭ

പത്രോസിനെ കാരാഗ്രഹത്തിൽ അടച്ചശേഷം നാല് പട്ടാളക്കാർ വീതമുള്ള നാലു  സംഘങ്ങളെ ഹേറോദേസ്  കാവലിന് നിയോഗിച്ചു.
സഭ അവനുവേണ്ടി ദൈവത്തോട് തീഷ്ണമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു (പ്രവർത്തികൾ 12)
                പത്രോസിനെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിക്കുന്നത് യെരുശലേമിലെ  ന്യൂനപക്ഷമായ ദൈവമക്കൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. എങ്കിലും അവർക്ക് പല കാര്യങ്ങളും  പരീക്ഷിച്ചു നോക്കാമായിരുന്നു:
               ആളുകളെ സംഘടിപ്പിച്ച്  പ്രതിഷേധ പ്രകടനം നടത്താമായിരുന്നു. വളരെ ട്രെയിൻഡായ  റോമാപട്ടാളക്കാരുടെ സുരക്ഷാ കോട്ടയ്ക്കുള്ളിൽ നിന്ന് പത്രോസിനെ മോചിപ്പിക്കാൻ പ്രതിഷേധ പ്രകടനക്കാർക്ക് കഴിയുമായിരുന്നില്ല.
               യെരുശലേമിലെ പ്രധാനികളായ ക്രിസ്ത്യാനികളും അക്രൈസ്തവരും വഴി പത്രോസിനെ വിമോചിപ്പിക്കാനുള്ള  അപേക്ഷ ഹേറോദേസിനു  കൊടുക്കുന്നതിനെ പറ്റി സഭയ്ക്ക് ആലോചിക്കാമായിരുന്നു. പൗരപ്രധാനികൾ വഴിക്കുള്ള റെക്കമെന്റെഷൻ ചിലപ്പോൾ ഫലം കണ്ടെനെ. പക്ഷേ സഭ അതിന് ശ്രമിച്ചില്ല.
              ദൈവമക്കളിൽ നിന്ന് പിരിവെടുത്ത് ഹേറോദേസിനു കൈക്കൂലി കൊടുത്തിരുന്നെങ്കിൽ അദ്ദേഹം ഒരുപക്ഷേ പത്രോസിനെ നിരുപാധികം വിട്ടയച്ചേനെ. ആ വഴിക്കും സഭ പോയില്ല.
പിന്നെന്താണ് സഭാ ചെയ്തത്? 
സഭ അവനുവേണ്ടി ദൈവത്തോട് തീഷ്ണമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
സുരക്ഷിത കാരാഗ്രഹത്തിൽ മരണം ഉറപ്പായ സാഹചര്യത്തിൽ പത്രോസിനു വേണ്ടി പ്രാർത്ഥിച്ചിട്ട് എന്താണ് പ്രയോജനമെന്ന  യുക്തിചിന്തയൊന്നും അവരുടെ പ്രാർത്ഥനയ്ക്ക് തടസ്സമായില്ല.
             നിയമ പോരാട്ടങ്ങളിലൂടെയും വളഞ്ഞ വഴികളിലൂടെയും കാര്യം സാധിക്കാൻ നോക്കാതെ കൈയുംകെട്ടി ഇരുന്ന് പ്രാർത്ഥിക്കുന്നവരെ ഇന്നാണെങ്കിൽ 'ഫനാറ്റിക്  ക്രിസ്ത്യാനികൾ' എന്ന് വിളിച്ച് പരിഹസിക്കുമായിരുന്നു.
          മർക്കോസ് എന്ന അപരനാമമുള്ള യോഹന്നാന്റെ അമ്മയായ  മറിയത്തിന്റെ  വീട്ടിൽ സഭ ഒന്നായി വാതിലടച്ച്, ഒരുമനപ്പെട്ട് പ്രാർത്ഥിച്ചു. 
                  പരസ്യ വിചാരണയ്ക്ക് പുറത്ത് കൊണ്ടുവരുവാൻ ഉദ്ദേശിച്ചിരുന്നതിന്റെ  തലേരാത്രിയിൽ  ഇരുമ്പ് ചങ്ങലകളാൽ ബന്ധിതനായി രണ്ട് പടയാളികളുടെ മധ്യേ നിർഭയനായി പത്രോസ് ഉറങ്ങുമ്പോൾ പട്ടാളക്കാർ കാരാഗൃഹ വാതിൽക്കൽ കാവൽ നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കർത്താവിന്റെ ദൂതൻ പ്രത്യക്ഷനായി. മുറി ആകെ പ്രകാശം നിറഞ്ഞു. അവൻ പത്രോസിനെ പാർശ്വത്തിൽ തട്ടി ഉണർത്തി കൊണ്ട് പറഞ്ഞു: 'വേഗം എഴുന്നേല്ക്ക'. അപ്പോൾ അവന്റെ  കൈകളിൽ നിന്ന് ചങ്ങലകൾ താഴെവീണു.
അപ്പോഴും സഭ അവനുവേണ്ടി ദൈവത്തോട് തീഷ്ണമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
                അസംഘടിതരും നിർധനരും  ന്യൂനപക്ഷവുമായ  ആദ്യ നൂറ്റാണ്ടിലെ സഭയ്‌ക്കു  പ്രാർത്ഥന മാത്രമായിരുന്നു ഏക ആശ്രയം. അവർ ഒന്നിച്ചു നിന്ന് ഒരുമനപ്പെട്ടു  പ്രാർത്ഥിച്ചു.  പ്രാർത്ഥനയുടെ മറുപടി എന്തായിരിക്കുമെന്നോർത്ത് വ്യാകുലപ്പെടാതെ, കർത്താവ് തന്നിട്ട് പോയ ഉറപ്പിൽ പ്രത്യാശയോടും വിശ്വാസത്തോടും കൂടെ പ്രാർത്ഥിച്ചു. മുദ്രവെച്ച കല്ലറ തുറന്ന് ഉയർത്തെഴുന്നേറ്റ കർത്താവ് പത്രോസിന്റെ  കയ്യിലെ ചങ്ങല പൊട്ടിച്ച് കാരാഗ്രഹ വാതിൽതുറന്ന് അവനെ സ്വതന്ത്രനാക്കി.
               അപ്പോഴും സഭ അവനുവേണ്ടി തീഷ്ണമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
കാലപ്രവാഹത്തിൽ ക്രിസ്ത്യാനികൾ സംഘടിതരും  ശക്തരും സാമ്പത്തിക കരുത്തുള്ളവരും  ഉന്നതങ്ങളിൽ പിടിപാടുള്ളവരുമായപ്പോൾ പ്രശ്നപരിഹാരത്തിനുള്ള  പല ഓപ്ഷനുകളിൽ അവസാനത്തെ പ്രതിരോധ പ്രകടനതന്ത്രമായി  പ്രാർത്ഥന.
         മനസ്സിന്റെ കോവിലിൽ പകരം ദൈവങ്ങളും ആരാധനാ മൂർത്തികളും പലതായപ്പോൾ  സത്യ ഏകദൈവത്തിൽ മനസ്സുറപ്പിച്ച് ആത്മാവിലും സത്യത്തിലമുള്ള ആരാധനയും പ്രാർത്ഥനയും വഴി തെറ്റിപ്പോയി. മടുത്തു പോകാതെ ദീർഘക്ഷമയോടെ  പ്രാർത്ഥിച്ചു  പ്രാർത്ഥിച്ച്  ദൈവത്തിൽനിന്ന് പരിഹാരം കാണുന്നതിനേക്കാൾ എളുപ്പമാണ്  പണം കൊണ്ടും ജനശക്തി കൊണ്ടും കാര്യങ്ങൾ നേടിയെടുക്കുന്നത് എന്ന ചിന്ത പ്രബലമായി.
          പ്രാർത്ഥനയിൽ മാത്രം  ആശ്രയച്ചിരുന്ന ആദ്യ നൂറ്റാണ്ടിലെ സഭയുടെ ആത്മീയ ശൈലിയിലേക്കുള്ള  ഒരു മടക്കയാത്ര സഭകളുടെ അടിയന്തര ആവശ്യമാണ്. അതിന് കർത്താവ് പറഞ്ഞതുപോലെ നമുക്കുള്ള പല ഭൗതിക അസ്ഥിത്വങ്ങളും വിൽക്കേണ്ടിവരും,  ഉപേക്ഷിക്കേണ്ടിവരും.
               സാത്താനോട് യുദ്ധം ചെയ്യാനും പ്രതികൂലകളുടെ ചെങ്കടൽ വിഭജിച്ച് മുന്നേറുവാനും പ്രതിസന്ധികളുടെ മലകളെ നീക്കാനുമൊക്ക  സഹായകമായ  പ്രാർത്ഥനയിലേക്ക് വിശ്വാസികളുടെ ഹൃദയം തിരിക്കുവാൻ അവർക്ക്  ആത്മാഭിഷേകം നൽകി, അവരെ വാഗ്ദത്വങ്ങളിൽ ഉറപ്പും പ്രത്യാശയും ഉള്ളവരാക്കി തീർക്കണമെന്ന്  പ്രാർത്ഥിക്കാൻ പഠിപ്പിച്ച യേശു തമ്പുരാന്റെ മഹനീയ നാമത്തിൽ അപേക്ഷിക്കുന്നു.