തണുപ്പിക്കുന്നവർ

ഔദാര്യ മനോഭാവത്തിന് സദൃശ്യവാക്യത്തിൽ ഉപയോഗിക്കുന്ന വാക്ക് 'തണുപ്പിക്കുക' എന്നാണ്:

'ഔദാര്യ മാനസൻ പുഷ്‍ടി പ്രാപിക്കും;
തണുപ്പിക്കുന്നവന് തണുപ്പു കിട്ടും.' സദൃ. 11:25
 
എങ്ങനെയാണ് മറ്റുള്ളവരെ തണുപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്നതെന്നും അതിന്റെ അനന്തര ഫലങ്ങൾ എന്തൊക്കെയാണെന്നും തിരുവചനം നൽകുന്ന സൂചനകൾ വളരെ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കേണ്ടതാണ്.

 പ്രധാനമായും മൂന്ന് വിധത്തിൽ മറ്റുള്ളവരെ തണുപ്പിക്കാൻ സാധിക്കും:
1. പ്രോത്സാഹനത്തിന്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ ഹൃദയം തണുപ്പിക്കാൻ കഴിയും.
 'ഞാൻ നിന്നെ വിശ്വസിക്കുന്നു, നിന്റെ കൂടെ ഞാനുണ്ട്' തുടങ്ങിയ വാക്കുകൊണ്ട് തളർന്നുപോയ മനസ്സിനെ ഉണർത്തുവാനും ഉത്സാഹഭരിതമാക്കുവാനും കഴിയും. 

'വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.'
സുഭാഷിതങ്ങള്‍ 12 : 18

2. കാരുണ്യ പ്രവർത്തികളും കരുതലും മനസ്സ് തണുപ്പിക്കുന്നതാണ്.

'നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്‌ക്കുന്നതിലും ഉപേക്‌ഷ വരുത്തരുത്‌. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്‌.'
ഹെബ്രായര്‍ 13 : 16

 എനിക്ക് വിശന്നു, ദാഹിച്ചു, രോഗിയും തടവിലും നഗ്നനുമായിരുന്നു, നിങ്ങളെന്നെ കരുതി, എന്നോട് കരുണ കാണിച്ചു,  എന്റെ ഉള്ളം നിറച്ചു... ഇത് കർത്താവിന്റെ വാക്കുകളാണ്.
 കർത്താവിന്റെ പരസ്യ ശുശ്രൂഷയിൽ വാക്കുകൾക്കു മാത്രമല്ല  കാരുണ്യ പ്രവർത്തികൾക്കും  പ്രാധാന്യം കൊടുത്തു. അനാഥരും അസ്പർശരും അവഗണിക്കപ്പെട്ടവരുമായ ജനസഹസ്രങ്ങൾക്കിടയിലേക്ക് കാരുണ്യവും കരുതലുമുള്ള ഇടയനായി കർത്താവ് കടന്നുചെന്നു. അനേകരുടെ ഉള്ളം തണുപ്പിച്ചു. 

 ദൈവം നൽകിയ  അനുഗ്രഹങ്ങൾ പങ്കുവെച്ചും രോഗികളെ സന്ദർശിച്ചും   അനേകരുടെ ഹൃദയം തണുപ്പിക്കുവാൻ നമുക്ക് കഴിയും.   അതൊക്കെ ക്രിസ്തീയ ജീവിതത്തിന്റെ സാക്ഷ്യവും  ദൈവതിരുനാമത്തിന് മഹത്വവും ആകും.

3. തണുപ്പേകുന്ന മൂന്നാമത്തെ കാര്യം ആത്മീയ പിന്തുണ നൽകലാണ്.
വിശ്വാസ പ്രതിസന്ധികളിൽ ഇടറി പോകാതിരിക്കാനും വീണുപോയവരെ കൈത്താങ്ങൽ കൊടുത്ത് പ്രത്യാശയിൽ ഉറപ്പിച്ചു നിർത്തുവാനും തയ്യാറാകുന്നത് മഹനീയ ദൈവ ശുശ്രൂഷയാണ്. ആത്മാക്കളെ നേടലാണ്.

'അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ തമ്മില്‍ത്തമ്മില്‍ ആശ്വസിപ്പിക്കുകയും പരസ്‌പര ഉന്നമനത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുവിന്‍.'
1 തെസലോനിക്കാ 5 : 11

 ജീവിത സഹനങ്ങളിലും രോഗത്തിലും കഷ്ട നഷ്ടശോധനയിലും ആയിരിക്കുന്നവരെ സന്ദർശിക്കുന്നതും പ്രാർത്ഥിക്കുന്നതും തിരുവചനത്തിലെ വാഗ്ദത്തങ്ങൾ പങ്കുവയ്ക്കുന്നതും ഒക്കെ ഇടറിപ്പോയവർക്ക് തണുപ്പും സാന്ത്വനവും നൽകുന്ന പ്രവർത്തികൾ ആണ്. 
 
മറ്റുള്ളവരുടെ മനസ്സ് തണുപ്പിക്കുന്നതിനു പകരം ഹൃദയം തകർക്കുന്ന പെരുമാറ്റങ്ങൾ പലരിൽ നിന്നും ഉണ്ടാകാറുണ്ട്.
 അത് ക്രൂരമായ സാഡിസമാണ്:

1. നിരാശപ്പെടുത്തുന്ന വാക്കുകൾ ആണ് ഒന്നാമത്തേത്.

'ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിന്‌ കഴിയും;
അതിനെ സ്‌നേഹിക്കുന്നവന്‍ അതിന്റെ കനി ഭക്ഷിക്കണം'
സദൃ. 18 : 21

 ' നി ഗുണം പിടിക്കില്ല,  ശപിക്കപ്പെട്ടവളാണ്,  വീടിനു ഭാരമാണ്...' തുടങ്ങിയ വിഷം പുരട്ടിയ ശാപവാക്കുകൾ മക്കൾക്കും മാതാപിതാക്കൾക്കും ജീവിതപങ്കാളിക്കും മനോദുഃഖവും നിരാശയും ഉണ്ടാക്കും.  
'തുളച്ചുകയറുന്ന വാളുപോലെ,വീണ്ടുവിചാരമില്ലാതെ വാക്കുകള്‍ പ്രയോഗിക്കുന്നവരുണ്ട്‌,
വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.'
സദൃ. 12 : 18

ടോക്സിക് വാക്കുകൾ ഉണ്ടാക്കുന്ന മുറിവുകൾ ജീവിതകാലം മുഴുവൻ നിലനിൽക്കും.
അതിനൊക്കെ നിത്യ ന്യായവിധിയുടെ സമയത്ത്,  ദൈവ മുമ്പാകെ സമാധാനം പറയേണ്ടി വരും.

ii. സ്വാർത്ഥതയും അവഗണനയും മനസ്സ് തകർക്കുന്ന ക്രൂരതകളാണ്.
 സ്വന്തം സുഖസൗകര്യങ്ങൾക്കും സംതൃപ്തിക്കും മാത്രം പ്രാധാന്യം കൊടുക്കുമ്പോൾ മറ്റുള്ളവർ അവഗണിക്കപ്പെടുകയാണ്.

'മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായി കരുതണം.'
ഫിലിപ്പി 2 : 3

ദൈവം ദാനമായി നൽകിയ വ്യക്തിപരമായ കഴിവുകളും അനുഗ്രഹങ്ങളും പങ്കുവെക്കുവാനുള്ളതാണ്. 
ലഭിച്ചതല്ലാതെ എന്താണ്‌ നമുക്കുള്ളത്?
സ്വാർത്ഥതയുടെ ക്രൂരമുഖം ഭീതിപ്രദമാണ്. കൺസ്യൂമറിസ്റ്റിക് കൾച്ചറിൽ സ്വാർത്ഥതയുടെയും കാപട്യത്തിന്റെയും മുഖംമൂടികൾ ഇന്ന് അംഗീകരിക്കപ്പെട്ട ആവരണമായി തീർന്നിട്ടുണ്ട്.

iii. വെറുപ്പും ഗോസിപ്പും മറ്റുള്ളവരുടെ ഹൃദയം തകർക്കുന്ന മാരക മിസൈലുകളാണ്.
 ഗോസിപ്പിന്റെ അപമാനം സഹിക്കുവാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നവരുണ്ട്. 
 Gossip weakens faith and breaks relationships.
പീഡനത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും നയിക്കുന്ന പൈശാചിക വികാരമാണ് വെറുപ്പ്.

 മറ്റുള്ളവരെ തണുപ്പിക്കുന്നവർക്കും തകർക്കുന്നവർക്കും ദൈവത്തിൽ നിന്ന് വ്യത്യസ്തങ്ങളായ പ്രതിഫലങ്ങളുണ്ടെന്ന് തിരുവചനം ആവർത്തിക്കുന്നുണ്ട്.

 മറ്റുള്ളവരെ തണുപ്പിക്കുന്നവരെ ദൈവം തണുപ്പിക്കും.
 ഭൗതികവും ആത്മീയവുമായി ദൈവം അവരെ അനുഗ്രഹിക്കും.
'കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന്‌ അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.'
ലൂക്കാ 6 : 38

 ഉള്ളവും ഉള്ളതും പങ്കുവയ്ക്കുന്നവരുടെ മേൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദൈവ സ്നേഹത്തിന്റെയും അനുഗ്രഹമഴ പെയ്തിറങ്ങും.
ഇവരുടേത്  തണുപ്പിക്കുന്ന ജീവിതമാണ്.

 മറ്റുള്ളവർക്ക് ഇടർച്ചയും ഹൃദയമുറിവും ഉണ്ടാക്കുന്നവർക്ക് അശുഭകരമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്നാണ് തിരുവചനത്തിലെ മുന്നറിയിപ്പ്:

'ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.
നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.'
മത്തായി 12 : 36-37

 മുറിവേൽപ്പിക്കുന്നവർ കുടുംബത്തിലും സമൂഹത്തിലും വിശ്വസ്തരല്ലാതാകും. ഒറ്റപ്പെടും. ദൈവപ്രസാദം നഷ്ടപ്പെടും. 

 ജീവന്റെ ഉറവയായ ഹൃദയത്തിൽ വഞ്ചനയും ചതിയും പരിഹാസവും ആയ വിഷം കലർന്നാൽ വാക്കുകളും പ്രവർത്തികളും വിഷലിപ്തമാകും.  അത് മറ്റുള്ളവരെ മുറിവേൽപ്പിക്കും. അതുകൊണ്ടാണ് ശലോമോൻ ഒരു ശ്രദ്ധേയമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്:

'നിന്റെ ഹൃദയത്തെ ജാഗ്രതയോടെ കാത്തുസൂക്‌ഷിക്കുക;
ജീവന്റെ ഉറവകള്‍ അതില്‍നിന്നാണൊഴുകുന്നത്‌.'
സദൃ.  4 : 23

  കുടുംബത്തിന്റെ മഹത്വം അതിലെ 'ഫൈവ് സ്റ്റാർ സെറ്റിംഗ്സ്' അല്ല, വൈകാരിക സുരക്ഷിതത്വമുള്ള, ഹൃദയം തണുപ്പിക്കുന്ന അനുഭവങ്ങളാണ്.
 മാതാപിതാക്കളുടെ സ്നേഹത്തിന്റെ സ്നിഗ്ദ്ധഭാവവും തണുപ്പും അനുഭവിച്ച് വളരേണ്ടവരാണ് മക്കൾ.  
ഭവനങ്ങളിൽ മുള്ളും മുറിവും അനുഭവിച്ചു വളരുന്ന കുഞ്ഞുങ്ങളുടെ വ്യക്തിത്വവികാസം പ്രതിസന്ധിയിലാകും. അവർ മാതാപിതാക്കളിൽ നിന്ന് അകന്നുപോകും.

 മനുഷ്യൻ ഏകനായിരിക്കുന്നത് നല്ലതല്ലെന്ന  ദൈവത്തിന്റെ വിസ്മയ ചിന്തയിൽ നിന്നും രൂപപ്പെട്ട വിശിഷ്ട പദ്ധതിയാണ് വിവാഹം. ഉള്ളതും ഉള്ളതും പകരേണ്ട ദാമ്പത്യ ബന്ധം മുള്ളുംമുറിവും ഏൽപ്പിക്കുന്ന  കാരാഗ്രഹ പീഡനം ആകുന്നത് നിർഭാഗ്യമാണ്. 

 മറ്റുള്ളവരെ തണുപ്പിക്കുമ്പോൾ ദൈവം നമ്മെ തണുപ്പിക്കും. ആശ്വാസവും അനുഗ്രഹങ്ങളും ആത്മചൈതന്യവും കൊണ്ട് നമ്മെയും തലമുറകളെയും അനുഗ്രഹിക്കും. അത് നിത്യതയിലെ നിക്ഷേപമായി തീരുകയും ചെയ്യും.

-ഫാ. ഡോ. ഏ. പി. ജോർജ്