'അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും.' മത്തായി 5 : 43-45
സഭാ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് കുരിശുയുദ്ധങ്ങൾ. മധ്യകാലഘട്ടത്തിൽ സഭ അനുവദിച്ച മതയുദ്ധങ്ങളുടെ ഒരു പരമ്പരയായിരുന്നു അവ. പലപ്പോഴും പുണ്യഭൂമി വീണ്ടെടുക്കുന്നതിനുള്ള വിശുദ്ധ ദൗത്യങ്ങളായി കരുതിയ യുദ്ധങ്ങൾ!
ഉപദ്രവിക്കുന്നവർക്ക് മറ്റേ കവിൾ കാണിക്കുവാൻ പഠിപ്പിച്ച രക്ഷകനുമായി ഇതെങ്ങിനെയാണ് പൊരുത്തപ്പെടുക?
ചരിത്രം തിരുത്തി എഴുത്തുവാൻ നമുക്കാവില്ല. തിരുവചനമാകുന്ന ലെൻസിലൂടെ ചരിത്രത്തെ വായിക്കുമ്പോൾ, ക്രിസ്തീയ മനസ്സാക്ഷിക്ക് ഇത് നീതീകരിക്കാനും ന്യായീകരിക്കാനും കഴിയില്ല.
യേശു ഒരിക്കലും വാളെടുത്തില്ല. സ്പർദ്ധയെ ബലപ്രയോഗത്തിലൂടെയല്ല, ക്രൂശിലെ സ്നേഹത്തിലൂടെ യാണ് കീഴടക്കിയത്. ശത്രുവിനെ വീണ്ടെടുക്കുവാൻ തന്റെ ജീവൻ സമർപ്പിച്ചു. കുരിശുയുദ്ധങ്ങളെ പ്രോത്സാഹിപ്പിച്ചപ്പോൾ
കുരിശുയുദ്ധങ്ങളെ പ്രോത്സാഹിപ്പിച്ചപ്പോൾ ക്രൂശിലെ സ്നേഹത്തിൽ നിന്ന് കർതൃസമൂഹം അകന്നുപോയി. ക്രിസ്തിയ മനസ്സാക്ഷി കളങ്കപ്പെട്ടു. ആ കളങ്കം തലമുറകളിലേക്ക് ശത്രുതയും പ്രതികാരവുമായി വ്യാപിച്ചു.
ആദ്യകാല ക്രിസ്തീയ സമൂഹം പീഡനങ്ങളിലൂടെയാണ് വളർന്നത്. അന്നവർ വാളെടുത്തില്ല. ഒരു പട്ടണത്തിൽ നിന്ന് ഓടിച്ചപ്പോൾ മറ്റൊന്നിലേക്ക് ഓടിപ്പോയി.
'വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും(മത്തായി 26 : 52) ' എന്നാണ് കർത്താവിന്റെ ഉപദേശം. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ വിശ്വാസത്തിന്റെ ബാനറിൽ അക്രമത്തെ സ്ഥാപനവൽക്കരിച്ചു. പ്രതികാരത്തിന്റെ ദൈവശാസ്ത്രം രൂപപ്പെട്ടു.
അത് ക്രിസ്തുവിന്റെ ഇഷ്ടമായിരുന്നോ?
അല്ല, ക്രിസ്തുവിന്റെ നാമം ധരിക്കുന്ന മനുഷ്യന്റെ അധമ മനസ്സ് ആയിരുന്നു അതിനു പിന്നിൽ.
എവിടെയാണ് സഭക്ക് തെറ്റ് സംഭവിച്ചത്?
സുവിശേഷത്തേക്കാൾ സാമ്രാജ്യ ശക്തികൾക്കും ക്രിസ്തിയ സാക്ഷ്യത്തേക്കാൾ പ്രാദേശിക വികാരങ്ങൾക്കും പ്രാധാന്യം കൊടുത്തു. രാഷ്ട്രീയ ശക്തികളുടെ കെട്ടുപാടുകളിൽ സഭ കുടുങ്ങിയപ്പോൾ, പീഡിത സമൂഹത്തിനു പകരം പ്രത്യാക്രമണ ശക്തിയുള്ള പ്രസ്ഥാനമായി മാറി.
'എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്. വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.'
മത്തായി 5 : 39
കർത്താവിന്റെ ഈ കൽപ്പനയാണ് ലഘിക്കപ്പെട്ടത്. അനേകം നിരപരാധികൾ ജീവിതത്തിൽനിന്നും തുടച്ചുമാറ്റപ്പെട്ടു. ഈ ചരിത്രത്തെക്കുറിച്ച് നാം അനുതപിക്കണം.
ഇത് ഇന്നും സംഭവിക്കുന്നുണ്ടോ?
വിനയത്തിനും സെർവന്റ് നേതൃത്വത്തിനും പകരം നിയന്ത്രണത്തിലൂടെയും ഭീഷണിയിലൂടെയും സഭ പ്രതികരിക്കുമ്പോൾ, മധ്യകാലഘട്ടത്തിലെ കുരിശു യുദ്ധത്തിന്റെ നിഷേധ വികാരങ്ങൾ വീണ്ടും സജീവമാവുകയാണ്.
വിശ്വാസം, പരസ്പര സ്നേഹത്തിന്റെ ചാലക ശക്തിയാക്കുന്നതിനു പകരം, പടവെട്ടുവാനുള്ള ആയുധമാക്കുമ്പോഴെല്ലാം കുരിശുയുദ്ധത്തിന്റെ പാപങ്ങൾ ആവർത്തിക്കപ്പെടുകയാണ്.
പൗലോസ് സഭയെ ഓർമ്മപ്പെടുത്തി:
'ഞങ്ങൾ ലോകത്തിൽ ജീവിച്ചിട്ടും, ലോകം ചെയ്യുന്നതുപോലെ ഞങ്ങൾ യുദ്ധം ചെയ്യുന്നില്ല.'
- 2 കൊരിന്ത്യർ 10: 3
സഭ ജഡരക്തങ്ങളോടല്ല, സാത്താന്യ ശക്തികളോടാണ് പോരാടേണ്ടത്.
എങ്ങിനെ?
കാൽമുട്ടുകളിൽ നിന്ന്, പ്രാർത്ഥനയോടെ, തിരുവചനത്തിന്റെ വാളെടുത്ത് പോരാടണം.
ദൈവത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ചുമതല മനുഷ്യനില്ല. അതിനുവേണ്ടി അക്രമങ്ങൾ നടത്തേണ്ട കാര്യവുമില്ല. ക്രിസ്തുവിന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ല (യോഹന്നാൻ 18:36). സഹോദരങ്ങളുടെ രക്തം ചിന്തുവാൻ അല്ല, സുവിശേഷത്തിനു വേണ്ടി സ്വയം രക്തസാക്ഷികൾ ആകുവാനാണ് ക്രിസ്തു ശിഷ്യന്മാരുടെ നിയോഗം.
വാൾ ഉറയിലിടുവാൻ കൽപ്പിച്ച ക്രിസ്തു നമുക്ക് നൽകിയ ആയുധങ്ങൾ സ്നേഹം, കരുണ, ക്ഷമ, തിരുവചനം എന്നിവയാണ്.
വിവിധ സഭകളുടെ ചരിത്രത്തിലെ വീഴ്ചകളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്?
ചരിത്രം മാറ്റുവാനും തിരുത്തി എഴുതുവാനും നമുക്ക് കഴിയില്ല. ചരിത്രത്തിലെ വീഴ്ചകളെ പറ്റി നമ്മൾ അനുതപിക്കുകയും അതിൽനിന്ന് പാഠങ്ങൾ പഠിക്കുകയും ചെയ്യണം.
മറ്റുള്ളവരെ മുറിവേൽപ്പിച്ചതിന് പൊതുസമൂഹത്തോട് ക്രിസ്തുവിന്റെ നാമത്തിൽ മാപ്പ് ചോദിക്കണം.
ശക്തനാക്കുന്നവൻ മുഖാന്തരം ശക്തരാകേണ്ടവരാണ് നമ്മൾ. അന്ധകാര ശക്തികളുമായുള്ള കൂട്ടുകെട്ടിൽ നിന്ന് ക്രിസ്തീയ സമൂഹം അകന്നു നിൽക്കണം.
മാനുഷിക നിയമങ്ങളിൽ നിന്നും ന്യായീകരണങ്ങളിൽ നിന്നും പിന്മാറി ക്രിസ്തുവിന്റെ പ്രബോധനത്തിൽ മനസ്സുറപ്പിക്കണം.
യോദ്ധാക്കളെയല്ല, ക്രിസ്തുവിന്റെ സഹനശീലരായ ശിഷ്യന്മാരെയാണ് പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് വേണ്ടി സഭ പരിശീലിപ്പിക്കേണ്ടത്.
Proclaim the cross, not crusade.
കുരിശും കുരിശുയുദ്ധവും തമ്മിൽ പൊരുത്തപ്പെടില്ല. കുരിശ് സ്വയം നൽകുന്ന സ്നേഹമാണ്; കുരിശുയുദ്ധം സ്വയ രക്ഷക്കുള്ള പ്രതിരോധമാണ്.
തിരുവചനപ്രകാരം ഏതാണ് വേണ്ടതെന്ന് സഭയും വിശ്വാസികളും തീരുമാനിക്കണം, തിരഞ്ഞെടുക്കണം.
"സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, അവർ അവരെ ദൈവപുത്രന്മാർ എന്നു വിളിക്കപ്പെടും."- മത്തായി 5: 9
സമാധാന പ്രഭുവായ യേശു കർത്താവേ,
താഴ്മക്കു പകരം അധികാരവും, കരുണയ്ക്കു പകരം യുദ്ധവും, അനുകമ്പക്കു പകരം പ്രതിരോധവും സ്വീകരിച്ചുപോയ നിമിഷങ്ങളെ ഓർത്ത് ഞങ്ങൾ അനുതപിക്കുന്നു.
സംഘടിത മത- രാഷ്ട്രീയ ശക്തികൾ ആയിട്ടല്ല, അങ്ങയുടെ ക്രൂശിലെ സ്നേഹത്തെ ലോകത്തിനു വെളിപ്പെടുത്തുന്ന സുവിശേഷ ദീപങ്ങളായി ഞങ്ങളെ രൂപാന്തരപ്പെടുത്തേണമേ.
ഞങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാനും ഞങ്ങളെ ഉപദ്രവിക്കുന്നവക്ക് വേണ്ടി പ്രാർത്ഥിക്കുവാനും, ഭിന്നതയുടെ ലോകത്ത് സമാധാനത്തിന്റെ വക്താക്കളാകുവാനും ഞങ്ങളെ സഹായിക്കേണമേ.