അഹങ്കാരം അപകടമാണെട്ടോ

 

'തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.'

മത്തായി 23 : 12

തന്നെത്താൻ ഉയർത്തുന്ന നിഗള മനോഭാവത്തെ പറ്റിയുള്ള പരാമർശങ്ങൾ ബൈബിളിൽ അനവധിയുണ്ട്.

നിഗളവും സ്വയപ്രശംസയും ദൈവം വെറുക്കുന്ന പാപ പ്രവണതകളാണ്. മനസ്സിൽ മുള പൊട്ടുന്ന അഹങ്കാരം നിയന്ത്രിച്ചില്ലെങ്കിൽ ക്യാൻസർ രോഗം പോലെ അത്‌ ആത്മാവിലും ശരീരത്തിലും പടർന്നുപിടിച്ച് സാമൂഹ്യ ജീവിതത്തിലും കുടുംബത്തിലും ദാമ്പത്യത്തിലും ഇടയത്വ ശുശ്രൂഷയിലും വലിയ പ്രതിസന്ധികൾ ഉണ്ടാക്കും.

ലൂസിഫർ എന്ന മാലാഖയെ സാത്താൻ ആക്കി മാറ്റിയത് അഹങ്കാരമാണത്രേ. അത്യുന്നതസ്ഥാനത്ത് സുവർണ്ണ ശോഭയോടെ വിളങ്ങിനിന്ന ഒരു കാലം ലൂസിഫറിന് ഉണ്ടായിരുന്നു. ദൈവത്തോട് അഹങ്കാര മനോഭാവം ഉടലെടുത്തപ്പോൾ അവനെ നിത്യനാശത്തിലേക്ക് തള്ളിക്കളഞ്ഞു . എസക്കി.28:11-19

അതെ, അഹങ്കാരവും  അഹന്തയുമായിരുന്നു അവന്റെ വീഴ്ചയ്ക്ക് കാരണം.

വളരെയധികം ദോഷ ഫലം പുറപ്പെടുവിക്കുന്ന നിഷേധ വികാരമാണ് അഹങ്കാരം. ഞാനെന്തൊക്കെയോ ആണെന്ന ധിക്കാര ഭാവമാണ് നിഗളം. ദൈവത്തേക്കാൾ അധികം സ്വയത്തിൽ ആശ്രയിക്കുവാനുള്ള പ്രേരണ ഈ നിഗള മനോഭാവം ഉണ്ടാക്കും.

ദൈവം നൽകിയ സവിശേഷ കഴിവുകൾകൊണ്ട്‌ ദൈവത്തെ ആരാധിക്കുന്നവരും സങ്കീർത്തനങ്ങൾ പാടുന്നവരും തിരുവചന ശുശ്രൂഷ നടത്തുന്നവരും അനവധിയാണ്. സർവ്വവും യേശുനാഥനായി സമർപ്പണം ചെയ്യുന്നു എന്ന മനോഹര ഗാനത്തിന്റെ അർത്ഥം ഉത്തുംഗമാണ്. എന്നാൽ,ദൈവത്തിന്റെ നൽവരങ്ങളും ദാനങ്ങളും സ്വയ മഹത്വത്തിനും ആത്മപ്രശംസക്കും വേണ്ടി ഉപയോഗിക്കുമ്പോൾ അത് പരാജയത്തിലേക്കും നിരാശയിലേക്കുള്ള ചുവടുവെപ്പായി തീരും.

അഹങ്കാരിയും സ്വയം പ്രശംസകനുമായ വ്യക്തിയെ  ഇഷ്ടപ്പെടുവാനും ബഹുമാനിക്കുവാനും ആദരിക്കുവാനും ആർക്കും കഴിയില്ല.  അഹങ്കാരികളായ അധികാരികളോടുള്ള ജനത്തിന്റെ  പ്രതികരണം വെറുപ്പും പരിഹാസവും ആയിരിക്കും. അഹങ്കാരികൾ ഒരിക്കലും സ്വന്തം തെറ്റുകൾ അംഗീകരിക്കില്ല, മാപ്പ് ചോദിക്കില്ല, സ്വയം താഴുവാൻ തയ്യാറാവുകയുമില്ല.

നിഗളികളെ വെറുക്കുന്ന ദൈവം അവരെ അധികാര സ്ഥാനത്ത് വരുവാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണ് ?

ദൈവം ഔന്നത്യത്തിന്റെ പടവുകൾ കൈപിടിച്ച് കയറ്റുന്നതിന് മുൻപ് സമയത്ത് അവർ വിനയാന്വതർ ആയിരുന്നു. ദൈവ മുമ്പാകെ കാര്യസാധ്യത്തിനു വേണ്ടി മുട്ടുകുത്തി കരഞ്ഞവരായിരുന്നു. അധികാര കസേരയിൽ കയറി കഴിഞ്ഞപ്പോഴാണ്‌ ദൈവത്തോടും മനുഷ്യരോടും ബഹുമാനമില്ലാത്തവർ ആയത്. ഉന്നത സ്ഥാനങ്ങൾ ലഭിക്കുമ്പോൾ ചിലർ ക്രേസി മനസ്സുള്ളവരായി തീരാറുണ്ട് . ഉദാഹരണം ഒന്ന്, പഴയ നിയമത്തിലെ നിഗളിച്ചു വീണുപോയ ശൗൽ രാജാവ്.

നിഗളം വളരെ അപകടകരമായ പാപമാണ്. ഈ പാപത്തിൽ നിന്ന് എത്രയും പെട്ടെന്ന് പിന്മാറിയില്ലെങ്കിൽ വീഴ്ചയും തകർച്ചയും ഉറപ്പാണെന്ന് തിരുവചനം മുന്നറിയിപ്പ് നൽകുന്നു.

നമ്മൾ ഇപ്പോൾ നമ്മളായിരിക്കുന്നതിന്റെ ഏക കാരണം ദൈവത്തിന്റെ വലിയ കൃപ കൃപ മാത്രമാണ്. തണ്ടിൽ വസിക്കുന്ന ശാഖയ്ക്ക് മാത്രമാണ് ജീവനും ചൈതന്യവും ഉണ്ടാകുന്നത്. അടർത്തി മാറ്റപ്പെട്ടാൽ അവ ഉണങ്ങി പോകും. നമ്മൾ ക്രിസ്തുവിൽ വിനയത്തോടെ ചേർന്നു വസിക്കുമ്പോഴാണ് ദൈവ ചൈതന്യമുള്ളവരാകുന്നത്. ക്രിസ്തുവിനെ കൂടാതെ നമുക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല. നിഗളികളെ ദൈവം തന്നിൽ നിന്ന് അടർത്തി മാറ്റുമ്പോൾ, തണ്ടിൽനിന്ന് വെട്ടി മാറ്റിയ ശാഖ പോലെ ഉണങ്ങി പോകും, കരിഞ്ഞുപോകും.

തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

ദൈവം നൽകിയ ജ്ഞാനത്തിൽ വളർന്ന് ജ്ഞാനികളിൽ ജ്ഞാനിയായിത്തീർന്ന ശലോമോൻ സൗഭാഗ്യങ്ങളിൽ അഹങ്കരിച്ച്

കാലിടറി വീണപ്പോൾ പഠിച്ച അനുഭവ പാഠങ്ങൾ സദൃശ്യവാക്യങ്ങളിൽ പങ്കുവെക്കുന്നത് നമുക്ക് ശ്രദ്ധിക്കാം:

അഹങ്കാരത്തിന്റെ പിന്നാലെ അപമാനമുണ്ട്‌;വിനയമുള്ളവരോടുകൂടെ ജ്‌ഞാനവും.

സദൃ 11 : 2

അഹങ്കരിക്കുന്നവരോടു കര്‍ത്താവിന്‌ വെറുപ്പാണ്‌;അവര്‍ക്കു ശിക്‌ഷ കിട്ടാതിരിക്കുകയില്ല, തീര്‍ച്ച.

സദൃ 16 : 5

ആത്‌മപ്രശംസ ചെയ്യരുത്‌.മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ.അന്യന്റെ നാവാണ്‌, നിന്റേതല്ല,അതു ചെയ്യേണ്ടത്‌.

സദൃ 27 : 2

അഹങ്കാരി നിലംപതിക്കും;വിനീതഹൃദയന്‍ ബഹുമതി നേടും.

സദൃ 29 : 23

അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്‌;അഹന്ത അധഃപതനത്തിന്റെയും.

സദൃ 16 : 18

പൗലോസ് അപ്പോസ്തോലന്റെ വാക്കുകൾ ഇങ്ങനെയാണ് :

ഒരുവന്‍ താന്‍ ഒന്നുമല്ലാതിരിക്കേ, എന്തോ ആണെന്നു ഭാവിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നു.

ഗലാത്തി. 6 : 3

താഴ്മയുള്ളവരെ ഉയർത്തുന്ന ദൈവമേ, അഹങ്കാരത്തിന്റെ ചുവടുവെപ്പ് മൂലം ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച പതനങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കുവാൻ സഹായിക്കേണമേ.

വ്യക്തി ബന്ധങ്ങളിലും ദാമ്പത്യത്തിലും ഇടയത്വ ശുശ്രൂഷയിലും ഒക്കെ പരാജയങ്ങൾക്ക് കാരണമാകുന്ന നിഗളവും അഹങ്കാരവും ഞങ്ങളിൽ നിന്ന് നീക്കുവാൻ സഹനത്തിന്റെയും വിനയത്തിന്റെയും ആത്മാവിനെ നൽകി അനുഗ്രഹിക്കേണമേ.

അങ്ങയിൽ നിന്ന് ലഭിച്ചതല്ലാതെ ഞങ്ങൾക്ക് ഒന്നും ഇല്ലെന്നും സ്വയം പ്രശംസിക്കുവാനും നിഗളിക്കാനും യോഗ്യതയില്ലെന്നുമുള്ള തിരിച്ചറിവ് ഞങ്ങൾക്ക് നൽകേണമേ.

നിഗളത്തിന്റെ പൊയ്കാലുകളിൽ നടന്നു വീണു പോയവരുടെ ജീവിതത്തിൽനിന്നും  അനുഭവപാഠങ്ങൾ പഠിക്കുവാനുള്ള വിവേകം ഞങ്ങൾക്ക് തരേണമേ.

'ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌ (1 പത്രോസ് 5 : 6) എന്ന പത്രോസ് ശ്ലീഹായുടെ ഉപദേശം ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമാക്കാൻ കൃപ തരേണമേ. ക്രിസ്തുവിന്റെ വിനയവും താഴ്മയും മാതൃകയാക്കി, ഉയർച്ച താഴ്ചകളിൽ സമർപ്പണത്തോടെ ജീവിക്കുവാൻ ഞങ്ങളിൽ ആത്മവരങ്ങൾ നിറക്കണമേയെന്ന് യേശുക്രിസ്തുവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.