ഡിയർ വർക്ക് ഹോളിക്

  

 

അത്യുൽസാഹിയായ ഒരു വ്യവസായി ഒരിക്കൽ കടൽത്തീരത്ത് കൂടെ നടക്കുമ്പോൾ അലസനായിരിക്കുന്ന ഒരു മുക്കുവനെ കണ്ട് തികഞ്ഞ അസ്വസ്ഥതയോടെ ചോദിച്ചു:

 

' നീയെന്താ മീൻ പിടിക്കാൻ പോകാതെ ഇരിക്കുന്നത്'?

 

 'ഞാൻ ഇന്നത്തേക്കുള്ളത് പിടിച്ചു.'

 

' ആവശ്യത്തിലധികം പിടിച്ചു കൂടെ?'

 

' എന്തിന്?'

 

 'കൂടുതൽ സമ്പാദിക്കാം. നല്ല ബോട്ട് വാങ്ങാം. പുറം കടലിൽ പോയി കൂടുതൽ മീൻ പിടിക്കാം. നൈലോൺ വല വാങ്ങാം. പിന്നെയും കൂടുതൽ പിടിക്കാം. കൂടുതൽ പണം ഉണ്ടാക്കാം.'

 

 'എന്നിട്ട് എന്ത് ചെയ്യാനാണ്?'

 

' അതു കൊള്ളാം, പണമുണ്ടായാൽ കൂടുതൽ ബോട്ടുകൾ വാങ്ങിക്കാം. ജോലിക്കാരെ വച്ച് വളരെ ലാഭകരമായി വൻതോതിൽ മീൻ പിടുത്തം നടത്താം. വലിയ ധനവാനാകാം.'

 

' എന്നിട്ട്?'

 

 'വെറുതെയിരുന്ന് നിനക്ക് ജീവിതം ആസ്വദിക്കാം'

 

 'അതാണല്ലോ ഞാനിപ്പോൾ ചെയ്യുന്നത്'

 

 വളരെയധികം വാരിക്കൂട്ടിയത് കൊണ്ട് ആനക്കാര്യം ഒന്നും നേടാൻ പോകുന്നില്ലെന്നാണ് 'ഫിലിപ്പ് പർഹമി'ന്റെ ഈ കഥ വ്യക്തമാക്കുന്നത്. മനുഷ്യരി ൽ കാണുന്ന രണ്ടുതരം ബലഹീനതകളാണ് 'ആൽക്കഹോളിസവും' ' വർക്ക് ഹോളിസവും'. ഒരാളുടെ ബലഹീനത മദ്യവും മറ്റേത് നിക്ഷേപം വർദ്ധിക്കുക എന്ന ഏക ലക്ഷ്യത്തിൽ അധിഷ്ഠിതമായ അധ്വാനവും.  

 

' സമ്പത്തിന്റെ ആധിക്യത്തിൽ അല്ല ജീവനിരിക്കുന്നത്' എന്നാണ് തിരുവചനം പറയുന്നത്. സമ്പത്ത് ചിലർക്ക് അഡിക്ഷൻ ആണ്. മുഴുവൻ ശ്രദ്ധയും സമ്പത്തിലാകുമ്പോൾ കുടുംബം, ആരാധന, വിശ്രമം തുടങ്ങിയവയിൽ ശ്രദ്ധിക്കുവാൻ സമയം ലഭിക്കാതെ വരും.

 

 വർക്ക് ഹോളിക്കിന്റെ ജീവിത വീക്ഷണത്തിൽ ക്രൈസ്തവ മൂല്യങ്ങൾക്ക് വലിയ സ്ഥാനം ഉണ്ടായിരിക്കില്ല. ഉപരിപ്ലവമായ മത വീക്ഷണമാണ് ഇവരുടെത്. ഇവർ എന്തിനെയും വിലമതിക്കുന്നത് നാണയത്തുട്ടിന്റെ പേരിലായിരിക്കും.

' സമ്പത്തിന്റെ ആധിക്യത്തിൽ അല്ല ജീവനിരിക്കുന്നത് ' എന്ന തിരിച്ചറിവ് വ്യക്തിപരമായ പല പ്രശ്നങ്ങൾക്കും പരിഹാരമാണ്. വ്യക്തിത്വത്തിന്റെ പുനപ്രതിഷ്ഠക്കും പുനസംവിധാനത്തിനും അത് സഹായകമാകും.

 

 മത്സരിച്ചു പഠിക്കണം, സമ്പത്ത് നേടണം, സുഖസൗകര്യങ്ങൾ വാരിക്കൂട്ടണം, ലോകം കീഴടക്കണം... തുടങ്ങിയ ഭൗതിക അഭിലാഷങ്ങൾ മാത്രം അടിച്ചേൽപ്പിച്ചു വളർത്തപ്പെടുന്ന കുട്ടികൾക്ക്, ദൈവീക മൂല്യങ്ങളോട് വലിയ മതിപ്പുണ്ടാവില്ല. ഭൗതിക നേട്ടങ്ങൾക്കപ്പുറം ചില മൂല്യങ്ങളും ജീവിതലക്ഷ്യങ്ങളും ഉണ്ടെന്ന് ചെറുപ്പത്തിലെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. അല്ലെങ്കിൽ ഈ കുട്ടികൾ വളർന്നു വരുമ്പോൾ ചില വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കും : മാതാപിതാക്കളെ ശുശ്രൂഷിച്ചാൽ എന്ത് പ്രതിഫലം കിട്ടും? 

വിവാഹം ചെയ്താൽ എത്ര സ്ത്രീധനം കിട്ടും?  

സൗഹൃദം നിലനിർത്തുന്നത് കൊണ്ടുള്ള ലാഭം എന്താണ്? വഴിപാട് കഴിച്ചാൽ എന്ത് റിട്ടേൺ കിട്ടും...?

 

 ഡിയർ പേരൻസ്, ബാലപാഠം തെറ്റി പഠിപ്പിച്ചാൽ, ജീവിതപാഠം മുഴുവൻ തെറ്റിച്ചു വായിക്കും.

 

വാരിക്കൂട്ടുന്ന സൗഭാഗ്യങ്ങളുടെ മൂല്യം കുറച്ചുകാലത്തേക്ക് മാത്രമുള്ളതാണ്. സെൻട്രൽ ആഫ്രിക്കൻ രാജ്യങ്ങളിൽ ഡോളറിന്റെ മൂല്യം വളരെ അധികമാണ്. ഒരൊറ്റ അമേരിക്കൻ ഡോളർ കൊണ്ട് ആ രാജ്യത്തെ 17 ലക്ഷം കറൻസി വാങ്ങുവാൻ പറ്റുമത്രേ. അവിടെ ആയിരം ഡോളറുമായി ചെന്നാൽ, കപ്പൽ നിറയെ കറൻസിയുമായി തിരിച്ചു പോരാം. പക്ഷേ നിങ്ങളുടെ സാമ്പത്തിക പ്രതാപം ആ രാജ്യത്ത് മാത്രമായിരിക്കും. അമേരിക്കയിൽ വരുമ്പോൾ നിങ്ങൾ വെറും 1000 ഡോളർ മാത്രം സമ്പാദ്യമുള്ള സാധാരണക്കാരൻ ആയിരിക്കും. ഭൂമിയിലെ സൗഭാഗ്യങ്ങൾക്ക് സ്വർഗ്ഗത്തിൽ വലിയ മൂല്യമില്ലെന്ന് ചിന്തിക്കുവാൻ മറന്നു പോകുന്നവരാണ് വർക്ക് ഹോളിക്കുകൾ. വിവരവും വിദ്യാഭ്യാസവുമുള്ള ഇവരെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

 

   സൗഭാഗ്യം വർദ്ധിപ്പിക്കാനുള്ള കുറുക്കുവഴികൾ ജനങ്ങളെ പഠിപ്പിക്കുന്നത് പത്ര ദൃശ്യ മാധ്യമങ്ങളാണ്. ഇതിൽ ആകൃഷ്ടരാകുന്നവർക്ക്, സ്വർഗ്ഗീയ നിക്ഷേപങ്ങളായ ദൈവവേല, സത്യസന്ധത, വിശ്വാസം, ദൈവ സ്നേഹം, ധാർമിക വിശുദ്ധി, സാധു സംരക്ഷണം തുടങ്ങിയവയെപ്പറ്റിയുള്ള സുവിശേഷം കേൾക്കുവാൻ താല്പര്യമുണ്ടാകാറില്ല. കളപ്പുരകൾ നിറഞ്ഞപ്പോൾ, വീണ്ടും കളപ്പുരകൾ പണിയുന്നതിനെ പറ്റിയായിരുന്നു ധനവാന്റെ ചിന്ത. കളപ്പുരകൾ നിറച്ച ദൈവത്തെ പറ്റി ചിന്തിക്കാനും നന്ദി പറയുവാനും അവൻ മറന്നു. 

 

 ഭൂമിയിലെ സമ്പാദ്യം സ്വർഗ്ഗത്തിലെ കറൻസി ആയി വിനിമയം ചെയ്യാൻ കഴിയാത്തതാണെന്ന സത്യം വർക്ക് ഹോളിക്സിനെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇടയന്മാർക്കും സുവിശേഷകർക്കും ഉണ്ട്. ആത്മാവും ശരീരവും ജീവിത സന്തോഷവും കുടുംബവും പണയം വെച്ച് സൗഭാഗ്യങ്ങൾക്ക് പിറകെ ഓടുന്നവരോട്, 

 പർഹമിന്റെ കഥയിലെ മുക്കുവന്റെ ചോദ്യം ശ്രദ്ധേയമാണ് :

 

 -താൻ ചത്ത് മീൻ പിടിച്ചിട്ട് എന്ത് ഫലം?

 -ജീവിതം ഒന്നല്ലേ ജീവിക്കുവാൻ പറ്റൂ, അതിന് എന്തോരും വേണം?

 -ലഗേജ് ഇല്ലാത്ത മടക്ക യാത്രയിൽ വാരിക്കൂട്ടിയതൊക്കെ എന്ത് ചെയ്യും?

                -ഫാ. ഡോ. ഏ. പി. ജോർജ്