കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയിലെ അവസാനത്തെ അപേക്ഷ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു വിടുവിക്കേണമേ എന്നാണ്.
ജീവിത പരീക്ഷണത്തിൽ നിന്നും ദുഷ്ടനിൽ നിന്നുമുള്ള വിമോചനത്തിന് കർത്താവിന്റെ കൃപാ പരിപാലനം നാലു വിധത്തിലാണ് പ്രവർത്തിക്കുന്നത്:
1. പൊതുവായ കൃപാ പരിപാലനം
മത്തായി 5:45
സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
ദൈവ ഭക്തർക്കു മാത്രമല്ല അവിശ്വാസികൾക്കും ദൈവ നിഷേധികൾക്കും സമാധാനത്തോടും സന്തോഷത്തോടുകൂടി ജീവിക്കുവാൻ കഴിയുന്നത് ദൈവത്തിന്റെ പൊതുവായ കൃപാ പരിപാലനം കൊണ്ടാണ്. എല്ലാ അനുഗ്രഹങ്ങളും നന്മയും ദൈവത്തിൽ നിന്നാണ് വരുന്നത്. അത് ദൈവത്തെ എതിർക്കുന്നവരിലേക്കും പാപ ജീവിതം നയിക്കുന്നവർലേക്കും കൂടി കരുണാമയൻ ഒഴുക്കുന്നു. കുടുംബം, കുഞ്ഞുങ്ങൾ, പ്രത്യേക അഭിരുചികൾ, പ്രശസ്തി, സമ്പത്ത് തുടങ്ങിയ സൗജന്യ ദാനങ്ങൾ ദൈവത്തിൽ നിന്ന് സ്വീകരിച്ച പലരും ദൈവനിഷേധികളും ദൈവ വിരോധികളുമായി ജീവിക്കുന്നവരാണ് . എങ്കിലും ദൈവത്തിന്റെ കൃപ അവരിലേക്കും ഒഴുകിക്കൊണ്ടിരിക്കുന്നു.
2. രണ്ടാമത്തേത്, പ്രത്യേക കൃപാപരിപാലനമാണ്
ഇത് ജീവിത പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും ദൈവം നൽകുന്ന പ്രത്യേക പരിപാലനമാണ്. വിശ്വാസത്യാഗം സംഭവിക്കാൻ സാധ്യതയുള്ള പ്രലോഭന സാഹചര്യങ്ങളിലും അപ്പോസ്തോലന് ദൈവം നൽകിയ പ്രത്യേക കൃപയെപ്പറ്റി ഫിലിപ്യ ലേഖനത്തിൽ വെളിപ്പെടുത്തുന്നുണ്ട് :
ഫിലിപ്പിയർ 4:12-13
താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.
എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.
ദൈവത്തോട് ചേർന്ന് നടക്കുന്ന ദൈവമക്കൾ പരീക്ഷണങ്ങളും സഹനങ്ങളും നേരിടുമ്പോൾ, ദൈവം നൽകുന്ന പ്രത്യേക കൃപ, അമിത ബലം നൽകി, ഉറപ്പിച്ച് നിർത്തും. വേദന പൂർണമായ ജഡത്തിലെ മുള്ളുകളോടെ വിശ്വാസപാതയിൽ നിയോഗങ്ങളുമായി മുന്നേറുവാൻ ദൈവം പൗലോസിന് പ്രത്യേക കൃപ നൽകി അനുഗ്രഹിച്ചു :
2 കൊരിന്ത്യർ 12:9
അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.
ജീവിത പരീക്ഷണങ്ങളും കഷ്ടതകളും സഹനശക്തിയുടെ സീമ ലംഘിക്കുമ്പോൾ ദൈവം പ്രത്യേക കൃപ നൽകി, അടിസ്ഥാനം ഉറപ്പിച്ച്, ബലപ്പെടുത്തി നിർത്തും
കഷ്ടങ്ങളേറിടിലും
എനിക്കേറ്റമടുത്ത തുണയായ്
ഘോര വൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കുമല്ലോ
ഭാരത്താൽ വലഞ്ഞിടുമ്പോൾ
തീരാ രോഗത്താൽ അലഞ്ഞിടുമ്പോൾ
പിളർന്നീടുമൊരടി പിണറാൽ
തന്നിടുന്നു രോഗസൗഖ്യം
3.വീണു പോകുമ്പോൾ യഥാസ്ഥാനപ്പെടുത്തുന്ന കൃപയാണ് മൂന്നാമത്തേത്
തന്റെ കഷ്ടാനുഭവത്തിന്റെ രാത്രി യേശു പത്രോസിനോട് പറഞ്ഞു :
“ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും " മത്തായി 26:34
പത്രോസ് പരീക്ഷയിൽ അകപ്പെടുമെന്ന് വളരെ മുൻപ് അറിഞ്ഞ കർത്താവ് അവനുവേണ്ടി അവൻ പോലുമറിയാതെ പ്രാർത്ഥിച്ചു :
ലൂക്കോസ് 22:31-32
ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
വീണു പോയാലും പത്രോസിന്റെ വിശ്വാസം നഷ്ടപ്പെട്ടു പോകാതിരിക്കാൻ കർത്താവ് പ്രാർത്ഥിച്ചു. ഈ പ്രാർത്ഥനയാണ് തള്ളിപ്പറഞ്ഞ അപരാധത്തിന്റെ കുറ്റബോധത്തിന്റെ കുത്തിയോഴുക്കിൽ, ക്രിസ്തുവിൽ നിന്ന് അകന്നു പോകാതിരിക്കാനും അരുതാത്ത വഴിയിലേക്ക് തിരിയാതിരിക്കാനും പത്രോസിനെ സഹായിച്ചത്. യഥാസ്ഥാനപ്പെടുത്തുന്ന കൃപയാണ് പത്രോസിനെ മാനസാന്തരത്തിലേക്ക് നയിച്ചത്.
ഉയർത്തെഴുന്നേറ്റ്, സ്വർഗ്ഗ സിംഹാസനത്തിൽ ഇരിക്കുന്ന കർത്താവ് പത്രോസിനു വേണ്ടി പക്ഷവാദം ചെയ്തതുപോലെ ഇപ്പോൾ പിതാവിന്റെ അടുക്കൽ നമുക്കോരോരുത്തർക്കും വേണ്ടി ക്രിസ്തു അപേക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് പാപം നമ്മെ വീഴ്ത്തിയാലും എഴുന്നേൽക്കാനും മനംതിരയുവാനും നമുക്ക് സാധിക്കുന്നത്. നമ്മൾ പരീക്ഷയിലും പ്രലോഭനങ്ങളിലും വീണു പോകുമ്പോഴും നമുക്കുവേണ്ടിയുള്ള കർത്താവിന്റെ പ്രാർത്ഥന തുടരുന്നതുകൊണ്ടാണ് നമ്മൾ നശിച്ചുപോകാതിരിക്കുന്നത്.
പ്രലോഭനങ്ങളിലും പ്രതിസന്ധികളിലും വീണുപോകുമ്പോൾ മീഖാ പ്രവചനത്തിലെ പ്രാർത്ഥന ചൊല്ലി കർത്താവിന്റെ റെസ്റ്റോറിങ് ഗ്രേസിൽ ആശ്രയിച്ച് നമ്മൾ ശക്തരാകണം :
മീഖാ 7:8-9
എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുതു; വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു.
യഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാൻ അവന്റെ ക്രോധം വഹിക്കും; ഞാൻ അവനോടു പാപം ചെയ്തുവല്ലോ; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവന്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും.
യഥാസ്ഥാനപ്പെടുത്തുന്ന ദൈവത്തിന്റെ കൃപയിലുള്ള ആശ്രയ ത്തോടെ ഉള്ള പ്രാർത്ഥനയാണ് ഇത്. പാപത്തിന്റെ ഇരുട്ടിൽ കർത്താവ് നമുക്ക് വെളിച്ചമാണ്. അവൻ നമ്മുടെ ഇടയനാണ്, നമ്മുടെ ആത്മാവിനെ കർത്താവ് യഥാസ്ഥാനപ്പെടുത്തും. ശത്രു നമ്മെ തട്ടി താഴെ ഇട്ടേക്കാം. പക്ഷേ ദൈവകൃപ നമ്മെ പിടിച്ചെഴുന്നേൽപ്പിച്ച്, പാപക്ഷമ നൽകി, യഥാസ്ഥാനപ്പെടുത്തും. യേശുക്രിസ്തു എന്ന മഹാപുരോഹിതൻ നമുക്ക് രക്ഷകനും മധ്യസ്ഥനുമായിട്ടുള്ളതുകൊണ്ട് നമുക്ക് അന്ത്യശാസനം നൽകാൻ പാപത്തിനും സാത്താനും കഴിയില്ല. യഥാസ്ഥാനപ്പെടുത്തുന്ന കൃപ നമ്മെ നാശത്തിൽ നിന്നും വീഴ്ചയിൽ നിന്നും രക്ഷിക്കും.
4. നിത്യ രക്ഷയിലേക്ക് കൈപിടിച്ചു നടത്തുന്ന കൃപാ പരിപാലനമാണ് നാലാമത്തേത്
എഫെസ്യർ 2:8
കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
നഷ്ടപ്പെട്ടു പോയവർക്ക് മാനസാന്തരവും മനംതിരിവും പാപക്ഷമയും നൽകി ദൈവ സ്നേഹബന്ധത്തിൽ ആക്കുന്നത് സേവിങ് ഗ്രേസ് ആണ്.
ക്രിസ്തുവിൽ വിശ്വസിച്ചും ആശ്രയിച്ചും അവന്റെ വചനം അനുസരിച്ചു ജീവിക്കുമ്പോൾ നമ്മൾ ക്രിസ്തുവിലും ക്രിസ്തു നമ്മിലും ആകും. ദൈവകൃപാ പരിപാലനത്തിൽനിന്ന് നമ്മെ അടർത്തി മാറ്റുവാൻ ഒരു ശക്തിക്കും കഴിയില്ല.
സദൃശ്യവാക്യങ്ങൾ 24:16
നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും.
ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ എന്ന കർത്തൃ പ്രാർത്ഥനയിലെ നമ്മുടെ അപേക്ഷ നാലു കൃപാപരിപാലങ്ങളിലൂടെയാണ് ദൈവം നിറവേറ്റുന്നത്:
പൊതുവായ കൃപാ പരിപാലനം
പ്രത്യേക കൃപാ പരിപാലനം
യഥാസ്ഥാനപ്പെടുത്തുന്ന കൃപാ പരിപാലനം
നിത്യ രക്ഷയിലേക്ക് കൈപിടിച്ചു നടത്തുന്ന കൃപാ പരിപാലനം
ദൈവത്തിന്റെ വിസ്മയ കൃപാപരിപാലനത്തിൽ നടത്തപ്പെടുന്ന നമ്മൾ എത്ര ഭാഗ്യശാലികളാണല്ലെ .
അതുകൊണ്ട്, ദൈവതിരുനാമ മഹത്വത്തിനായി പ്രവർത്തിക്കുവാനുള്ള താല്പര്യം നമുക്കുണ്ടാകും.
നിന്റെ രാജ്യം വരേണമേ എന്ന് പ്രത്യാശയോടെ പ്രാർത്ഥിക്കുവാൻ നമുക്ക് കഴിയും
സർവശക്തന്റെ തണലിൻ കീഴിലാണെന്ന സുരക്ഷിതബോധവും ആത്മവിശ്വാസവും നമുക്കുണ്ടാകും.
ലോകത്തിന് നൽകുവാൻ കഴിയാത്ത പുതിയ സമാധാനം ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയിലൂടെ നമ്മളിൽ നിറയ്ക്കും.
ദുഷ്ടനിൽ നിന്നും പരീക്ഷയിൽ നിന്നും വിടുതൽ നൽകുമെന്ന കത്തൃപ്രാർത്ഥനയിലെ ഉറപ്പ് നമുക്ക് സുരക്ഷിതബോധം നൽകും.
ദൈവം സമൃദ്ധിയായി നൽകുന്ന കൃപാ പരിപാലനങ്ങളുടെ
അവകാശികളായ മക്കളാണ് നമ്മൾ. ഇത് എത്ര ഭാഗ്യമാണ്? ഇതിൽപരം ഭാഗ്യമെന്തുണ്ട്?
കർത്താവിൽ മനസ്സുറപ്പിച്ച് കർത്തൃ പ്രാർത്ഥന ചൊല്ലുമ്പോൾ നമ്മൾ ദൈവത്തിന്റെ ദിവ്യ പരിപാലനത്തിലാകും. നമ്മളൊരിക്കലും അനാഥരും അവഗണിക്കപ്പെട്ടവരും ദരിദ്രരും ആണെന്ന് ചിന്തിക്കരുത്.
കർത്താവ് പഠിപ്പിച്ച സുകൃതപൂർണമായ പ്രാർത്ഥന യാന്ത്രികമായിട്ടല്ല, പ്രത്യാശയോടും ആത്മസമർപ്പണത്തോടെയും കൂടെ നമുക്ക് ചൊല്ലാം.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
ശുഭാശംസകളൊടെ,
എ. പി. ജോർജച്ചൻ