മനുഷ്യ ബുദ്ധിയിലൂടെ ദൈവം നമുക്ക് നൽകിയ വലിയ ഒരു അനുഗ്രഹമാണ് ടെക്നോളജി. ജീവിത സൗകര്യങ്ങളിലും ആശയവിനിമയത്തിലും അതുണ്ടാക്കിയിട്ടുള്ള സാധ്യതകൾ അനവധിയാണ്. ടെക്നോളജിയുടെ വിവേചന പൂർണ്ണമായ വിനിയോഗം ജീവിതത്തെ ക്വാളിറ്റി ഉള്ളതാക്കുവാൻ സഹായിക്കും. എന്നാൽ ടെക്നോളജി നമ്മുടെ യജമാനനും നമ്മൾ അതിന്റെ അടിമയും ആകുന്നത് അപകടമാണ്.
ഫോൺ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, ഗെയിംസ്, ഫോർണോഗ്രാഫി, endless browsing എന്നിവയോടുള്ള ആസക്തിക്കാണ് 'ഡിജിറ്റൽ അഡിക്ഷൻ 'എന്ന് പറയുന്നത്. ജീവിതത്തിന്റെ പല മേഖലകളിലും ഗുരുതരമായ പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഡിജിറ്റൽ അഡിക്ഷന്റെ ദോഷഫലങ്ങൾ അനവധിയാണ്.
1. ആത്മീയ ജീവിതത്തിൽ ഡിജിറ്റൽ അഡിക്ഷൻ ഉണ്ടാക്കുന്ന പ്രതിസന്ധികൾ അധികം ശ്രദ്ധിക്കപ്പെടാറില്ല. മനസ്സ് ദൈവത്തിൽ നിന്നും അകലുന്നതിന് ആസക്തികൾ കാരണമായേക്കാം. പ്രാർത്ഥന, ബൈബിൾ വായന, തിരുവചന പഠനം, ആരാധന, ദൈവത്തോട് ചേർന്നുള്ള ഉപവാസം, ധ്യാനം... എന്നിവയ്ക്കുള്ള സമയം ഓൺലൈൻ അപഹരിക്കും. ദൈവത്തെയും ടെക്നോളജിയെയും ഒരുപോലെ സ്നേഹിക്കുവാൻ ആർക്കും കഴിയില്ല. മനസ്സിൽ ഭൗതിക ആസക്തി വിഗ്രഹമാകുമ്പോൾ, ദൈവം ലീസ്റ്റ് പ്രയോറിറ്റിയാകും.
'ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. 'യക്കോബ് 4:4
രാവിലെ ഡിജിറ്റൽ ലോകത്തേക്ക് ചുവട് വയ്ക്കുന്നതിനു മുൻപ് പ്രാർത്ഥനയും തിരുവചന ധ്യാനവും ശീലമാക്കുന്നത് ഡിജിറ്റൽ അഡിക്ഷനിൽ നിന്നും മനസ്സിനെ അടർത്തി മാറ്റി ക്രിസ്തുവിൽ ഉറപ്പിക്കാൻ സഹായിക്കും.
2. ഡിജിറ്റൽ അഡിക്ഷൻ ശാരീരിക മേഖലകളിൽ ഉണ്ടാക്കുന്ന ഗുരുതര പ്രതിസന്ധികളെ പറ്റിയുള്ള ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഉറക്കക്കുറവ്, കാഴ്ച സംബന്ധമായ പ്രതിസന്ധികൾ, ഒബീസിറ്റി, മെറ്റബോളിക് പ്രശ്നങ്ങൾ, അലസ ജീവിതശൈലി മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ദൈവത്തിന്റെ വിസ്മയ സൃഷ്ടിയായ നമ്മുടെ ശരീരത്തെ ആരോഗ്യ പരിപാലനവും ജീവിത വിശുദ്ധിയും കൊണ്ട് കാത്തുസൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വമാണ് ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്നത്.
'ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ.' 1 കൊരി. 6:19-20
ലഹരിയും അസൻമാർഗ്ഗിക ജീവിതവും ഒക്കെ പരിശുദ്ധാത്മാവ് വസിക്കുന്ന ശരീരമാകുന്ന വിശുദ്ധ ദേവാലയത്തോടുള്ള നിന്ദയും അനാദരവും ആണ്. 'ഡിവൈസ് യൂസിന്റെ ' സമയത്തിന് നിയന്ത്രണം ഏർപ്പെടുകയും വ്യായാമവും ശാബത് വിശ്രമവും നമ്മുടെ ജീവിത ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുമ്പോൾ ഡിജിറ്റൽ ആസക്തിയിൽ നിന്ന് ശരീരത്തെ സ്വതന്ത്രമാക്കുവാൻ കഴിയും.
3. മാനസിക മേഖലകളിൽ ഡിജിറ്റൽ അഡിക്ഷൻ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കുറച്ചൊന്നുമല്ല. മൂഡ് ഡിസോർഡർ, ആകാംക്ഷ, സാമൂഹ്യബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം, തളർച്ച, ഷോർട് ടൈം മെമ്മറി തകരാറുകൾ തുടങ്ങിയവയൊക്കെ ഡിജിറ്റൽ അഡിക്ഷൻ ഉണ്ടാക്കുന്ന മാനസിക പ്രതിസന്ധികളാണ്.
ഡിജിറ്റൽ യുഗത്തിന്റെ പ്രതിസന്ധികളെ മുൻകൂട്ടി ആത്മാവിൽ അറിഞ്ഞായിരിക്കാം, ഭാഗ്യവാനായ പൗലോസ് അപ്പോസ്തലൻ റോമാലേഖനത്തിൽ ഇക്കാര്യത്തെപ്പറ്റി മുന്നറിയിപ്പ് നൽകിയത് :
'ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.'
റോമർ 12:2
ഓൺലൈൻ ടോക്സിക് മാലിന്യങ്ങൾ കൊണ്ട് മനസ്സ് വിഷലിപ്തമാക്കുന്നതിന് പകരം തിരുവചന പഠനം, ആരാധന, കുടുംബ പ്രാർത്ഥന, ദൈവീക കൂട്ടായ്മ തുടങ്ങിയവയിലേക്ക് ശ്രദ്ധ തിരിപ്പിക്കുന്നത് മനസ്സിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ സഹായകമാണ്.
ആദരണീയ സഭാ പിതാവായ മോർ അപ്രേം പാടിയത് പോലെ, നമ്മുടെ ആത്മ ശരീര മനസ്സുകളെ ദൈവത്തിന് തിരുമുൽക്കാഴ്ചയായി വിശുദ്ധിയോടെ സമർപ്പിക്കുമ്പോൾ, ആസക്തികളുടെ പിടിയിൽ നിന്നും മനസ്സിനെ സ്വതന്ത്രമാക്കുവാൻ കഴിയും.
ദേവാലയ ശുദ്ധീകരണം നടത്തിയ നമ്മുടെ കർത്താവിനോട് അപേക്ഷിച്ചാൽ, മീഡിയ അൺലോഡ് ചെയ്ത ചപ്പ് ചവറു മാലിന്യങ്ങളെ കർത്താവ് ഹൃദയ അൾത്താരയിൽ നിന്ന് നീക്കം ചെയ്യും.
4. ദാമ്പത്യ സൗഹൃദത്തിൽ സൈബർ അഡിക്ഷൻ ഉണ്ടാക്കുന്ന ഇടർച്ചയും തകർച്ചയും ഭീതിപ്രദമാണ്. ഡിജിറ്റൽ ലോകത്തിലെ അപകട കെണികൾ ആയ പോർണോഗ്രാഫിയിലേക്കും വിവാഹേതര ബന്ധങ്ങളിലേക്കും വിശ്വാസവഞ്ചനയിലേക്കും ചുവടുവെക്കുന്നത്, ദൈവമുൻപാകെ എടുത്ത ഉടമ്പടി ബന്ധത്തിന്റെ ലംഘനമാണ് .
വൈകാരിക അകലങ്ങൾക്കും ബന്ധങ്ങളുടെ തകർച്ചക്കും ആദ്യസ്നേഹം തണുത്ത് പോകാനും ഡിജിറ്റൽ അഡിക്ഷൻ കാരണമാകാറുണ്ട്.
ഇത്തരം പ്രതിസന്ധികളെ നേരിടുന്ന ദമ്പതികൾക്കുള്ള പൗലോസ് അപ്പസ്തോലന്റെ ഉപദേശം വളരെ ശ്രദ്ധേയമാണ് :
'ഭാര്യമാരേ, കർത്താവിന് എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.
അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.' എഫെ. 5:22
ഡിജിറ്റൽ അഡിക്ഷൻ മൂലമുള്ള ദാമ്പത്യ സൗഹൃദത്തിലെ പ്രതിസന്ധികൾ ഒഴിവാക്കുവാൻ ദമ്പതികൾക്കുള്ള ക്രിസ്ത്യൻ കൗൺസിലേഴ്സിന്റെ 3 നിർദ്ദേശങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്:
- ദിവ്യ സ്നേഹത്തിൽ സൗഹൃദ പങ്കാളികളാകുവാൻ
ദൈവമുൻപാകെ സൗഹൃദ യാത്രയുടെ തുടക്കത്തിൽ
എടുത്ത പ്രതിജ്ഞയിലേക്ക് രണ്ടുപേരും മടങ്ങുക.
- 'ഡിവൈസ് ഫ്രീ ടൈം ' വർധിപ്പിക്കുക. പ്രത്യേകിച്ച്,
ഭക്ഷണമേശയിലും ബെഡ് ടൈമിലും ഡിവൈസ്
ഒഴിവാക്കുക.
- ഒരുമിച്ച് പ്രാർത്ഥിക്കുക, ക്രിസ്തു എന്ന അടിസ്ഥാനത്തിൽ
വിശ്വസ്തത പുതുക്കിപ്പണിയുവാൻ ദൈവത്തിൽ
ആശ്രയിച്ച് നിരന്തരം പരിശ്രമിക്കുക.
5. കുടുംബ ബന്ധത്തിലും ഡിജിറ്റൽ അഡിക്ഷൻ ഉണ്ടാക്കുന്ന പ്രതിസന്ധികൾ അനവധിയാണ്:
കുടുംബാംഗങ്ങൾക്കിടയിൽ അകലം ഉണ്ടാക്കുന്നു, വൈകാരിക പങ്കിടലിനുള്ള അവസരം കുറയുന്നു, മീഡിയയിലെ കൺസ്യൂമർ സംസ്കാരം സനാതന കുടുംബ മൂല്യങ്ങളെ തെറ്റായി തിരുത്തി എഴുതുന്നു.
ഡിജിറ്റൽ അഡിക്ഷൻ കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതങ്ങളും വൈകല്യങ്ങളും പിന്നീട് തിരുത്തുവാൻ കഴിയാത്തതാണ്:
സോഷ്യലൈസേഷനിലൂടെ സാമൂഹ്യ ഇടപെടലിനുള്ള താൽപര്യം കുട്ടികളിൽ കുറയുന്നു. പഠനത്തിൽ ശ്രദ്ധയും ഏകാഗ്രതയും കുറയുന്നു. സെക്സ്, കൗമാര ബന്ധങ്ങൾ, ലഹരി തുടങ്ങിയവയെപ്പറ്റി തെറ്റായ കാഴ്ചപ്പാടുകൾ ഡിജിറ്റൽ മീഡിയ കുട്ടികൾക്ക് നൽകുന്നു.
ഡിജിറ്റൽ അഡിക്ഷന്റെ വഴിയെ നടക്കുന്ന മാതാപിതാക്കളെ പിന്തുടരുന്ന തലമുറകളുടെ പ്രയാണം അപകട ട്രാക്കിലാകുന്നു.
മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ മനസ്സിൽ ആദ്യാക്ഷരവും ശുദ്ധാക്ഷരവുമായി ദൈവിക പ്രമാണങ്ങൾ എഴുതണമെന്ന് യുഗയുഗങ്ങൾക്കു മുമ്പ് ദൈവം കൽപ്പന നൽകി :
'ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.'
ആവർത്തനം 6: 6-7
ഭവനത്തിൽ കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും കുടുംബ പ്രാർത്ഥനയ്ക്കും ബൈബിൾ വായനക്കും ആരാധനയ്ക്കും പ്രാധാന്യം കൊടുക്കുവാനും മാതാപിതാക്കൾ സമയം കണ്ടെത്തുമ്പോൾ, നമുക്ക് കൈമോശം വന്ന പഴയകാല കുടുംബ കൂട്ടായ്മയും ഊഷ്മളതയും പുനഃസ്ഥാപിക്കുവാൻ സാധിക്കും.
ഡിവൈസ്നേക്കാൾ ദൈവസമർപ്പണത്തിനും തിരുവചനത്തിനും പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കൾ കുട്ടികൾക്ക് നല്ല തെരഞ്ഞെടുപ്പിന്റെ ഉത്തമ മാതൃകകൾ ആകണമെന്നാണ് യോശുവയുടെ സാക്ഷ്യം:
' ഞാനും എന്റെ കുടുംബവും കര്‍ത്താവിനെ സേവിക്കും.
അപ്പോള്‍ ജനം മറുപടി പറഞ്ഞു:
ഞങ്ങള്‍ കര്‍ത്താവിനെ വിട്ട് അന്യദേവന്‍മാരെ സേവിക്കാന്‍ ഇടയാകാതിരിക്കട്ടെ!'
യോശുവ 24 : 15-16