ദൈവത്തിന്റെ തുലാസ്

ദൈവം മനുഷ്യനെ വിലയിരുത്തുന്ന തുലാസും മനുഷ്യൻ മനുഷ്യനെ വിലയിരുത്തുന്ന തുലാസും വ്യത്യസ്തമാണ്. മനുഷ്യൻ അളവിൽ ശ്രദ്ധിക്കുന്നു, ദൈവം ഹൃദയത്തെ നോക്കുന്നു.  കാഴ്ചയിൽ തിളങ്ങുന്ന ദാനങ്ങളെ മനുഷ്യൻ പ്രശംസിക്കുന്നു,  ദൈവം സ്നേഹത്തോടും വിശ്വാസത്തോടും കൂടെ സമർപ്പിക്കുന്ന ദാനത്തെ അംഗീകരിക്കുന്നു. ദൈവ രാജ്യത്തിൽ ദാനത്തിന്റെ മഹത്വം അതിന്റെ വലിപ്പത്തിലല്ല, ആത്മസമർപ്പണത്തിലാണ്.

"സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഈ ദരിദ്രവിധവ മറ്റെല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു. അവർ എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്ന് ഇട്ടു; എന്നാൽ ഇവൾ തന്റെ ദാരിദ്ര്യത്തിൽനിന്ന് തനിക്കുള്ള ഉപജീവനം മുഴുവൻ ഇട്ടിരിക്കുന്നു."
– ലൂക്കാ 21:3–4

ആ ദരിദ്രവിധവയുടെ രണ്ട് ചെമ്പുകാശുകൾ സാമ്പത്തികമായി നിസ്സാരമായിരുന്നുവെങ്കിലും ആത്മീയമായി അതുല്യമായിരുന്നു. അവൾ ദൈവത്തിന് പണം മാത്രമല്ല സമർപ്പിച്ചത്, തന്റെ ജീവിതവും ഭാവിയും സുരക്ഷയും പ്രത്യാശയും ദൈവ കരങ്ങളിൽ ഏൽപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് യേശു അവളുടെ ദാനത്തെ മറ്റെല്ലാവരുടെയും ദാനത്തേക്കാൾ വലിയതായി പ്രഖ്യാപിച്ചത്.  നമ്മുടെ ഹൃദയം ദൈവത്തിന് പൂർണമായി സമർപ്പിക്കുന്നതാണ് ഏറ്റവും വലിയ വഴിപാട്.

ഇന്ന് നമ്മുടെ ദാനങ്ങളും സേവനങ്ങളും പലപ്പോഴും ശേഷിക്കുന്ന സമയത്തിലും ശേഷിക്കുന്ന സമ്പത്തിലും ശേഷിക്കുന്ന ഊർജത്തിലും നിന്നാണ്. എന്നാൽ ദൈവം നമ്മോടു ചോദിക്കുന്നത്: "നിന്റെ ഏറ്റവും വിലപ്പെട്ടത് എനിക്ക് തരുമോ?" എന്നാണ്.
ജീവിത തിരക്കിനിടയിലും  പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്തുന്നത്, ക്ഷീണിച്ചിരിക്കുമ്പോഴും മറ്റൊരാളെ ആശ്വസിപ്പിക്കുന്നത്, ആരും കാണാത്തിടത്ത് വിശ്വസ്തതയോടെ സേവിക്കുന്നത്, സ്വന്തം സൗകര്യങ്ങൾ ത്യജിച്ച് മറ്റൊരാളുടെ നന്മയ്ക്കായി ജീവിക്കുന്നതത്...ഇതൊക്കെയാണ് ദൈവസന്നിധിയിലെ അമൂല്യ ദാനങ്ങൾ.

നാം ദൈവത്തിനുവേണ്ടി വിട്ടുകൊടുക്കുന്നതൊന്നും ഒരിക്കലും നഷ്ടമാകുന്നില്ല എന്ന വിശ്വാസത്തിന്റെ ഒരു വലിയ രഹസ്യമാണ് ഈ വിധവ നമ്മെ പഠിപ്പിക്കുന്നത്. ദൈവ കരങ്ങളിൽ സമർപ്പിക്കപ്പെടുന്ന ഓരോ ത്യാഗവും നിത്യഫലം കായ്ക്കുന്നു. ലോകത്തിന്റെ കണക്കുപുസ്തകത്തിൽ അത് ചെറിയതായി തോന്നിയേക്കാം; എന്നാൽ സ്വർഗ്ഗത്തിന്റെ രേഖകളിൽ അത് വിലമതിക്കാനാവാത്ത സമർപ്പണമാണ്.

ദൈവം നമ്മുടെ കൈയിലെ അളവിനെക്കാൾ നമ്മുടെ ഹൃദയത്തിലെ സമർപ്പണത്തെയാണ് ശ്രദ്ധിക്കുന്നത്. അതാണ് ഈ സംഭവത്തിലെ വലിയ ആത്മിയ മർമ്മം.

"യഹോവ മനുഷ്യൻ കാണുന്നതുപോലെ കാണുന്നില്ല; മനുഷ്യൻ ബാഹ്യരൂപം നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു." (1 ശമൂവേൽ 16:7)

"ഓരോരുത്തൻ മനസ്സിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ; സങ്കടത്തോടെയോ നിർബന്ധത്താലോ അരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു." (2 കൊരിന്ത്യർ 9:7)

"നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ള വിശുദ്ധവും ദൈവത്തിന് പ്രസാദകരവുമായ യാഗമായി സമർപ്പിപ്പിൻ; അതത്രേ നിങ്ങളുടെ ആത്മീയ ആരാധന." (റോമർ 12:1)

-ഫാ. ഡോ. ഏ. പി. ജോർജ്