ഡിവൈൻ ചാർജ് ഷീറ്റ്

                    യഹൂദ മതത്തിലെ പ്രധാന ആചാര്യനും ആചാര്യന്മാരും ക്രിസ്തുവിന്റെ ക്രൂശീകരണത്തിന് പിന്നിൽ കരുനീക്കങ്ങൾ നടത്തിയ സംഘടിത ശക്തികളായിരുന്നു.

 അവർക്ക് സംഭവിച്ച വീഴ്ചകളും പരാജയങ്ങളും ആഴത്തിൽ വിലയിരുത്തുന്നതും മുൻകരുതലുകൾ സ്വീകരിക്കുന്നതും നിരപരാധികളുടെ രക്തത്തിൽ പങ്കാളികളാകാതിരിക്കാൻ ഇടയന്മാർക്കും സാധാരണ വിശ്വാസികൾക്കും സഹായകമാകും.

 ക്രിസ്തുവിന്റെ ക്രൂശീകരണത്തിന് നേതൃത്വം കൊടുത്ത പൗരോഹിത്യ സ്ഥാനികൾക്ക് മേൽ ഡിവൈൻ കോടതി നിരത്തുന്ന ചാർജുകൾ എന്തൊക്കെയാണെന്ന് നമുക്ക് അറിയില്ല. 'ഈ മനുഷ്യനിൽ യാതൊരു കുറ്റവും ഞാൻ കാണുന്നില്ല' എന്ന പീലാത്തോസിന്റെ വാക്കുകളെ, 'അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്ന് ഇടംവലമറിയാത്ത ജനങ്ങളെ കൊണ്ട് ഏറ്റു പറയിപ്പിച്ച്, അട്ടിമറിയിലൂടെ കാര്യം നടത്തിയ ആത്മീയ നേതൃത്വത്തിന്റെ അപരാധങ്ങൾ ഒട്ടും നിസ്സാരമല്ല. അന്നും ഇന്നും ഈ ദുരന്തങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

 കർത്താവിന്റെ കഷ്ടാനുഭവത്തിന്റെ വേദഭാഗങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ നേതൃത്വത്തിന്റെ നാല് അപരാധങ്ങൾ വളരെ വ്യക്തമാണ്.

1. Religious hypocracy ആണ് ഒന്നാമത്തേത്.

 വിശുദ്ധിയുടെയും ഭക്തിയുടെയും മേലാടകൾ ചുറ്റിയ ആത്മീയ നേതൃത്വത്തിന്റെ പൈശാചിക മുഖമാണ് അന്ന് വെളിപ്പെട്ടത്. 
 പൗരോഹിത്യ സ്ഥാനികളുടെയും പള്ളിപ്രമാണികളുടെയും ഉള്ളം ഉള്ളതുപോലെ വായിച്ചറിഞ്ഞ കർത്താവ് വളരെ മുൻപേ തന്നെ പറഞ്ഞു:
'കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം!... ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്‌.'
മത്തായി 23 : 27-28

 തിരുവചന സത്യങ്ങളെ അന്നുമിന്നും ദുർവ്യാഖ്യാനം ചെയ്യുന്നതും വളച്ചൊടിക്കുന്നതും സാധാരണക്കാരല്ല, ആത്മിയ നേതൃത്വം ആണ്. 'Hypocrisy in leadership distorts God's truth' എന്ന ഒരു ഭക്തന്റെ സ്റ്റേറ്റ്മെന്റ് ആർക്കും നിഷേധിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

2. ദൈവ ശുശ്രുക്ഷയ്ക്ക് അഭിഷേകം ചെയ്യപ്പെട്ടവരുടെ നാവിൽ ദുരാരോപണങ്ങളും പ്രവർത്തികളിൽ ഉപായങ്ങളും കൗശലങ്ങളും അന്നുണ്ടായത് ഏറ്റവും നിർഭാഗ്യകരമാണ്.

'പുരോഹിതപ്രമുഖന്‍മാരും ന്യായാധിപസംഘം മുഴുവനും യേശുവിനെ വധിക്കുന്നതിന്‌ അവനെതിരേ സാക്‌ഷ്യം അന്വേഷിച്ചു. പക്‌ഷേ, അവര്‍ കണ്ടെത്തിയില്ല.
പലരും അവനെതിരേ കള്ളസാക്‌ഷ്യം പറഞ്ഞെങ്കിലും അവ തമ്മില്‍ പൊരുത്തപ്പെട്ടില്ല.
മര്‍ക്കോസ്‌ 14 : 55-59

 വഴിപാട് കാശുകൊണ്ട് കള്ള സാക്ഷികളെ വാടകയ്ക്ക് എടുത്തതും ഒറ്റുകൂലി നൽകിയതും ഒക്കെ ദൈവമേൽപ്പിച്ച കാര്യവിചാരകത്വത്തിലെ വലിയ വീഴ്ചയും പൗരോഹിത്യത്തോടുള്ള ജനങ്ങളുടെ വിശുദ്ധ സങ്കൽപ്പങ്ങളെ കളങ്കപ്പെടുത്തിയതും ആയിരുന്നു. നിഷ്കളങ്ക വിശ്വാസികൾ കണ്ണുനീരോടെ ദൈവസക്ഷം സമർപ്പിക്കുന്ന വഴിപാട് ആത്മീയ ആർഭാടങ്ങൾക്കും പ്രതികാര പ്രവർത്തനങ്ങൾക്കും ദുർവ്യയം ചെയ്യുന്നതിന്റെ കണക്ക് ദൈവത്തിന്റെ പക്കൽ ഉണ്ട്.

 അന്നത്തെ മഹാപുരോഹിതനും പങ്കുപറ്റിയ പുരോഹിതരും മറ്റ് ബനഫിഷറീസും അവരുടെ തലമുറകളും ദൈവമുൻപാകെ അതിനൊക്കെ കണക്ക് പറയേണ്ടിവരും. യെരുശലേം ദേവാലയത്തെ 'എന്റെ ആലയം' എന്നാണ് കർത്താവ് വിളിച്ചത്. എല്ലാ ദേവാലയങ്ങളും കർത്താവിന്റെ അധികാരത്തിലും ഉടമസ്ഥതയിലും ഉള്ളതാണ്. അവിടത്തെ ക്രയവിക്രയങ്ങൾ സുതാര്യതയും സത്യസന്ധതയും നിറഞ്ഞതായിരിക്കണമെന്ന് നീതിയുള്ള ന്യായാധിപനായ ദൈവത്തിന് നിർബന്ധമുണ്ട്.

3. ക്രിസ്തു തങ്ങളുടെ അധികാരത്തിനും ജനങ്ങൾക്ക് തങ്ങളോടുള്ള ആരാധനയ്ക്കും ഭീഷണിയാകുമെന്ന് ആത്മീയ നേതൃത്വം ഭയപ്പെട്ടു. അത് അവരുടെ മനസ്സിൽ പ്രതികാര അഗ്നിയായി കത്തിപ്പടർന്നു. ഇതാണ് മൂന്നാമത്തെ അപരാധം. 

'അപ്പോള്‍, പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടി പറഞ്ഞു: നാം എന്താണു ചെയ്യേണ്ടത്‌? ഈ മനുഷ്യന്‍ വളരെയധികം അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നല്ലോ.
അവനെ നാം ഇങ്ങനെ വിട്ടാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും...'
യോഹന്നാന്‍ 11 : 47-48

 ആരും സ്വന്ത ശ്രേഷ്ഠത കൊണ്ടും കഴിവുകൊണ്ടും അധികാരത്തിലെത്തുന്നില്ല. ദൈവം ഔദാര്യമായി നൽകിയ അധികാര സ്ഥാനത്തിരിക്കുന്നവർ നേരായി പ്രവർത്തിക്കുമെങ്കിൽ ദൈവത്തിന്റെ കാവലും അനുഗ്രഹവും എന്നും അവരോടൊപ്പം ഉണ്ടായിരിക്കും. 
അധികാരത്തോടുള്ള ആസക്തി വർദ്ധിക്കുമ്പോഴാണ് മത്സര മനോഭാവവും സംശയവും ശത്രുതയും ഒക്കെ പലരെയും വഴിതെറ്റിക്കുന്നത്. ഉദാഹരണം ഒന്ന് ശൗൽ രാജാവ്.

4. സ്വന്തം അധികാരസ്ഥാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ സെക്കുലർ ശക്തികളുമായി കോംപ്രമൈസ് ചെയ്തതാണ് നാലാമത്തെ തെറ്റ്.
 രാജാക്കന്മാരുടെ രാജാവിനെയും അധികാരികളുടെ അധികാരികളെയും ആരാധിക്കുന്നവരും തെരുവെഴുത്തുകളിലൂടെ മഹത്വത്തിന്റെ രാജാവിനെ തിരിച്ചറിഞ്ഞവരും, അത് ജനങ്ങളെ പഠിപ്പിച്ചവരും ആയ മഹാപുരോഹിതനും പിന്നണികളും എന്താണ് പറഞ്ഞത്?

'ഇതാ, നിങ്ങളുടെ രാജാവ്‌! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്‌ക്കൂ. പീലാത്തോസ്‌ അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.'
യോഹന്നാന്‍ 19 : 15

ദൈവശക്തിയിൽ ആശ്രയിക്കുന്നതിന് പകരം ലോക ശക്തികളേയും രഥങ്ങളെയും കുതിരകളെയും ആശ്രയിച്ചപ്പോൾ അവരിലും അവർ പ്രതിധാനം ചെയ്യുന്ന ആത്മീയ സമൂഹത്തിലും ധാർമിക അധഃപതനം സംഭവിച്ചു.

 ഞാൻ ഉൾപ്പെടുന്ന പൗരോഹിത്യ സമൂഹം യഹൂദ പൗരോഹിത്യ സ്ഥാനികളുടെയും പള്ളിപ്രമാണികളുടെയും ധാർമിക വീഴ്ചയിൽ നിന്നും പഠിക്കേണ്ടതും തിരിച്ചറിയേണ്ടതും തിരുത്തേണ്ടതുമായ മിനിമം അഞ്ചു കാര്യങ്ങളുണ്ട്:

1. അഭിഷിക്തർ സമഗ്രതയും മൂല്യ പ്രതിബദ്ധതയും ഉള്ളവർ ആയിരിക്കണം.
 യഹൂദ പൗരോഹിത്യ സ്ഥാനങ്ങളിൽ കർത്താവ് ഡയഗ്നോസ് ചെയ്ത കപട ഭക്തി, വഞ്ചന, അസത്യം തുടങ്ങിയ ആത്മീയ ഗുരുതര രോഗങ്ങൾ ബാധിച്ചിട്ടുണ്ടോ എന്ന് അനുദിനം ആത്മപരിശോധന നടത്തേണ്ടതുണ്ട്.

'സ്വാതന്ത്ര്യം തിന്‍മയുടെ ആവരണമാക്കരുത്‌. മറിച്ച്‌, ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിന്‍' എന്ന പത്രോസ് അപ്പോസ്തോലന്റെ മുന്നറിയിപ്പ് എന്നും എപ്പോഴും ഇടയന്റെ ഹൃദയത്തിൽ മുഴങ്ങണം.
1 പത്രോസ് 2 : 16

2. പോപ്പുലാരിറ്റിക്ക് വേണ്ടി മൂല്യബോധമില്ലാത്ത ചാപല്യ പ്രകടനങ്ങൾ നടത്തരുത്. 
 സത്യത്തിന്റെ വക്താക്കളും സത്യത്തിന്റെ പക്ഷത്ത് അടിയുറച്ച് നിൽക്കേണ്ടവരുമാണ് ദൈവത്തിന്റെ ഇടയന്മാർ. ഈ ഉറച്ചുനിൽപ്പാണ് രക്തസാക്ഷിത്വത്തിലേക്ക് ആദ്യകാല സമർപ്പിതരെ നയിച്ചത്.
'നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.'
യോഹന്നാന്‍ 8 : 32

3. അധികാരത്തിന്റെ അഹങ്കാര പ്രമത്തതയിൽ നിന്നും നിന്നും ആസക്തികളിൽ നിന്നും വിമുക്തരായിരിക്കുവാൻ ഇടയ സമൂഹം ശ്രദ്ധാലുക്കളായിരിക്കണം.

'നിങ്ങളെ ഏല്‍പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്‍.
അതു നിര്‍ബന്‌ധം മൂലമായിരിക്കരുത്‌. ദൈവത്തെപ്രതി സന്‍മനസ്സോടെ ആയിരിക്കണം; ലാഭേച്‌ഛയോടെ ആയിരിക്കരുത്‌, തീക്‌ഷ്‌ണതയോടെ ആയിരിക്കണം; അജഗണത്തിന്റെ മേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്‌, സന്‍മാതൃക നല്‍കിക്കൊണ്ടായിരിക്കണം.
ഇടയന്‍മാരുടെ തലവന്‍ പ്രത്യക്‌ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും.'
1 പത്രോസ് 5 : 2-4
Leadership is a service, not dominance

4. മനുഷ്യരെയല്ല, ദൈവത്തെയാണ് ഇടയ സമൂഹവും ഭയപ്പെടേണ്ടത്.
'മനുഷ്യനെ ഭയപ്പെടുന്നത്‌ ഒരു കെണിയാണ്‌; കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ സുരക്‌ഷിതനത്രെ.'
സുഭാഷിതങ്ങള്‍ 29 : 25

 ജനപ്രിയ നേതാവാകാനും ജനങ്ങളുടെ റേറ്റിങ്ങിനും വേണ്ടിയല്ല, ദൈവ ഹിതത്തിലും ദൈവീക പ്രമാണങ്ങളിലും നീതി നടത്തുവാനുള്ള നിയോഗത്തിൽ ഇടയൻ ഉറച്ചുനിൽക്കണം.

5. പ്രതിസന്ധികളിലും പ്രതികൂലതകളിലും പ്രലോഭനങ്ങളിലും സധൈര്യം ഉറച്ചുനിൽക്കുവാനുള്ള നിയോഗമാണ് ഇടയനെ ഭരമേല്പിച്ചിരിക്കുന്നത്.

'പത്രോസും അപ്പസ്‌തോലന്‍മാരും പറഞ്ഞു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌.'
അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 28-29

 നിന്റെ രാജ്യം വരേണമേ, നിന്റെ തിരുവിഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമെ എന്ന് പ്രാർത്ഥിക്കുന്നവരും വിശ്വാസികൾക്ക് ഈ പ്രാർത്ഥന ചൊല്ലി കൊടുക്കുന്നവരുമായ ആത്മിയ നേതൃത്വത്തിന്റെ പ്രൈം പ്രയോറിറ്റി ദൈവ ഇഷ്ടം നടപ്പാക്കുവാൻ ആയിരിക്കണം. ദൈവ ഇഷ്ടം ഭൂമിയിൽ നടപ്പാക്കുന്നതിന് പ്രധാന തടസ്സക്കാർ ആരാണെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്.

1 Thim. 3
'... അധ്യക്ഷൻ ആരോപണങ്ങൾക്ക് അതീതനും ഏകഭാര്യയുടെ ഭർത്താവും ആത്മസംയമനവും വിവേകവും അച്ചടക്കമുള്ളവനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർഥനും ആയിരിക്കേണം. മദ്യപ്രിയനും തല്ലുകാരനും ആയിരിക്കരുത്; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. നിന്ദയിലും പിശാചിന്റെ കെണിയിലും കുടുങ്ങാതിരിപ്പാൻ പുറമേയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. 

-ഫാ. ഡോ. ഏ. പി. ജോർജ്