അപ്പന്റടുത്തേക്ക് മടങ്ങാൻ വൈകരുത്

അപ്പന്റെ കയ്യിൽ നിന്നും തന്റെ ഓഹരി നിർബന്ധിച്ച് പിടിച്ചു വാങ്ങിയാണ് ധൂർത്ത പുത്രൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്.  സ്വന്തം വീട്ടിൽ നിന്നും കിട്ടാത്ത എന്തൊക്കെയോ പുറംലോകത്തിൽ നിന്നും കിട്ടുമെന്ന വ്യാമോഹങ്ങളുമായി ആ ചെറുപ്പക്കാരൻ യാത്ര തുടർന്നു.
പ്രലോഭനങ്ങളുടെയും ഭൗതിക സുഖങ്ങളുടെയും സൂപ്പർമാർക്കറ്റിൽ അവൻ പണം ദുർവ്യയം ചെയ്തു. ഒടുവിൽ പേഴ്സ് കാലിയായി. എല്ലാം നഷ്ടപ്പെട്ട്  നിസ്സഹായാവസ്ഥയിലുമായി.

സമ്പന്ന കുടുംബത്തിൽ, ജോലിക്കാരുടെ യജമാനനായി കഴിഞ്ഞിരുന്നവൻ, വിശപ്പടക്കാൻ പന്നികളെ മേയിക്കുന്ന ജോലി സ്വീകരിക്കേണ്ടി വന്നത് അവന്റെ ജീവിത കഥയിലെ വൻ ട്വിസ്‌റ്റും ട്രാജഡിയും ആയിരുന്നു.
മാതാപിതാക്കളുടെ ഉപദേശങ്ങളും മുന്നറിയിപ്പും അവഗണിച്ച് മോഹസ്വപ്നങ്ങളുടെ ഫാസ്റ്റ് ട്രാക്കിലോടുന്ന കൗമാരക്കാർക്കും യുവാക്കൾക്കും ഉള്ള അലർട്ട് മെസ്സേജ് ആണ് ധൂർത്ത പുത്രന്റെ  ഉപമ.
'പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക, സ്വന്തം വിവേകത്തിൽ ഊന്നരുത്, നിന്റെ വഴികളിൽ ഒക്കെയും അവനെത്തന്നെ നിനെച്ചു കൊള്ളുക, അവൻ നിന്റെ പാതകളെ നേരെയാക്കു'മെന്ന തിരുവചനത്തിലെ ഉപദേശം എല്ലാവരും ഹൃദയത്തിൽ എഴുതി, അടിവരയിട്ട് ആവർത്തിച്ച് വായിച്ചു കൊണ്ടിരിക്കേണ്ടതാണ്.

  പണവും കൂട്ടുകാരും നഷ്ടപ്പെട്ട് ദുരിതക്കെണിയിൽ ആയപ്പോൾ അപ്പന്റെ വീടിനെ കുറിച്ച് അവന് ഓർമ്മവന്നു. അവൻ വീട്ടിലേക്കു മടങ്ങി.
പുറം ലോകത്തിൽ അവൻ തേടിപ്പോയതെല്ലാം വാസ്തവത്തിൽ വീട്ടിൽ തന്നെ ഉണ്ടായിരുന്നു: വിലകൂടിയ വസ്ത്രങ്ങൾ,  സ്വാദിഷ്ട ഭക്ഷണം, ആഘോഷം,  അവകാശത്തിന്റെ മുദ്ര മോതിരം...  അവൻ അന്വേഷിച്ചു പോയതെല്ലാം   പറഞ്ഞ നിമിഷം കൊണ്ട് അപ്പൻ അവന്റെ മുൻപിൽ നിരത്തി.

'പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വ സ്‌ത്രം കൊണ്ടുവന്ന്‌ ഇവനെ ധരിപ്പിക്കുവിന്‍. ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍.
കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്‌ഷിച്ച്‌ ആഹ്ലാദിക്കാം.'
ലൂക്കാ 15 : 22-23

  മക്കളുടെ എല്ലാ ആവശ്യങ്ങളും സമർത്ഥമായി നിറവേറ്റാൻ സ്വർഗ്ഗത്തിലെ അപ്പൻ മതിയായവനാണെന്ന്  തിരിച്ചറിയാത്തതുകൊണ്ടാണ് പലരും ആഗ്രഹസാക്ഷാത്കാരത്തിനായി വഴിതെറ്റി സഞ്ചരിക്കുന്നത്.
തലകുറ തലമുറകളിലേക്ക് അനധികൃതമായി വാരിക്കൂട്ടുന്നത്.
ഡെയിലി ബ്രെഡിന്റെ പ്രാർത്ഥന ജീവിതശൈലി ആകാത്തത് കൊണ്ടാണ് പലരും കാറ്റിനെ പിടിക്കുവാൻ ജീവിതകാലം മുഴുവൻ വെറുതെ ഓടിയലയുന്നത്.
അപ്പന്റെ അടുക്കലേക്കുള്ള ധൂർത്ത പുത്രന്റെ മടക്കയാത്ര നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ  ഒരു വലിയ സത്യം നമ്മൾ മനസ്സിലാക്കും: ആവശ്യമില്ലാത്ത പലതിനും വേണ്ടി  അന്വേഷിച്ച് ഓടിയലഞ്ഞതെല്ലാം  വെറുതെയായിരുന്നു, ആവശ്യമുള്ളതെല്ലാം ക്രിസ്തുവിലൂടെ ലഭിക്കും, ആവശ്യമുള്ള ഒന്നെയൊന്ന് ക്രിസ്തു മാത്രമാണെന്നുമുള്ള സത്യം.

ലോകവും മീഡിയയും പറയുന്നതിനേക്കാൾ ദൈവത്തിന്റെ വാക്കുകളാണ്  സത്യമെന്ന് തിരിച്ചറിയുവാൻ, നമുക്കും നമ്മുടെ മക്കൾക്കും പലപ്പോഴും വഴിതെറ്റിയ അലച്ചിലും നിന്ദ്യമായ ജീവിത അനുഭവങ്ങളും പരാജയങ്ങളും ഒക്കെ ആവശ്യമായി വന്നേക്കാം.
തിരിച്ചറിവിനും സ്വഭാവ രൂപീകരണത്തിനും വേണ്ടിയുള്ളതാണ് ജീവിതത്തിലെ മരുഭൂ യാത്ര.
ക്രിസ്തു പരിചയപ്പെടുത്തിയ സ്നേഹനിധിയായ സ്വർഗ്ഗസ്ഥ പിതാവിനെക്കുറിച്ച് ഓർമ്മ വരുമ്പോൾ, തിരുവചനം ഓർമ്മപ്പെടുത്തുമ്പോൾ, അപ്പന്റെ അടുത്തേക്ക് മടങ്ങാൻ ഒരിക്കലും മടിക്കരുത്. പാപത്തിന്റെയും ആസക്തികളുടെയും മിഥ്യാഭിമാനത്തിന്റെയും  തടവിൽ  കിടന്ന് ജീവിതം നശിപ്പിക്കരുത്.

ഒരുപക്ഷേ, ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കാം, എല്ലാവരാലും വെറുക്കപ്പെട്ടവരായിരിക്കാം,  ഹീനവും വേദനാപൂർണ്ണവുമായ  തെരുവിലും കാരാഗ്രഹത്തിലും ഒക്കെ ആയിരിക്കാം. ഇനി മുന്നോട്ട് വഴിയില്ലെന്നും പ്രതീക്ഷയ്ക്ക് വകയില്ലെന്നുമുള്ള നിഷേധ ചിന്തകൾ ആയിരിക്കാം മനസ്സിൽ. അത്തരം ചിന്തകളുടെ വഴിയെ പോകരുത്, അത് അപകടമാണ്

നമ്മുടെ മടങ്ങിവരവ് പ്രതീക്ഷിച്ച് ഇമ്മാനുവേൽ ദൈവം കാത്തിരിക്കുകയാണ്. 'അപ്പാ, നിന്നോടും മനുഷ്യരോടും ചെയ്തു പോയ അപരാധങ്ങൾ പൊറുക്കേണമേ' എന്ന് മാത്രം പറഞ്ഞാൽ മതി.  പാപക്ഷമയുടെയും അനുഗ്രഹങ്ങളുടെയും കൃപാ വർഷങ്ങൾ നമ്മുടെ മേൽ പെയ്തിറങ്ങും. അപ്പന്റെ ഭവനത്തിൽ എന്നും എപ്പോഴും സുഭിക്ഷതയാണ്. അപ്പന്റെ മകനും മകളുമായി അപ്പനോടൊപ്പം കഴിയുന്നത് വലിയ പദവിയും അംഗീകാരവും സുരക്ഷിതത്വവും ആണ്. മടങ്ങാൻ വൈകരുത്.

സ്നേഹനിധിയായ സ്വർഗ്ഗസ്ഥ പിതാവേ , അവിടുന്ന് ഞങ്ങളുടെ ഇടയനായതു  കൊണ്ട്  ഒന്നിനും ഒരിക്കലും കുറവുണ്ടാവില്ല. പച്ചപുൽപ്പുറങ്ങളിലേക്കും സ്വസ്ഥതയുള്ള വെള്ളത്തിന്നരികിലേക്കും അവിടുന്ന് ഞങ്ങളെ ഇതുവരെ കൈപിടിച്ച് നടത്തിയതിനായി സ്തോത്രം.
ജീവിത സഹനത്തിന്റെ തീച്ചൂളയിൽ അവിടുന്ന് ഞങ്ങളുടെ ആത്മാവിനെ തണുപ്പിച്ചത് എത്ര ആശ്വാസമായിരുന്നു. അല്ലെങ്കിൽ കത്തിയെരിഞ്ഞു പോകുമായിരുന്നു.
ഞങ്ങളുടെ ആത്മപാനപാത്രം ദിനംതോറും അവിടത്തെ  ചൈതന്യംകൊണ്ട് നിറഞ്ഞൊഴുകുകയാണ്. അങ്ങയുടെ ദിവ്യകാരുണ്യത്തിന് സ്തോത്രം.
ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും തലമുറയ്ക്കും ആവശ്യമുള്ളതെല്ലാം സ്വർഗ്ഗസ്ഥ പിതാവിന്റെ  പക്കലുണ്ട്. ദൈവത്തോട് കൂടിയുള്ള അല്പമാണ് ദൈവമില്ലാതെയുള്ള അധികത്തേക്കാൾ നല്ലതെന്ന ചിന്തയിൽ ഞങ്ങളുടെ മനസ്സിനെ ഉറപ്പിക്കേണമെ.