ഭാവിയെക്കുറിച്ചുള്ള ആകാംക്ഷ മൂലം നമ്മൾ പലപ്പോഴും ഭയപ്പെടാറുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നത്? ഈ പ്രശ്നം എങ്ങനെ പരിഹരിക്കും? വഴിമുട്ടിയ ജീവിതത്തിൽ ഇനി എങ്ങനെ മുന്നോട്ടു പോകും? തുടങ്ങിയ ചിന്തകൾ മനസ്സിൽ അനിയന്ത്രിതമായ അസ്വസ്ഥതയും ഉത്കണ്ഠയും ഉണ്ടാക്കാറില്ലേ?
എന്നാൽ മീഖാ നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു വലിയ സത്യമുണ്ട്.
അതെന്താണ്?
“അവരുടെ മുമ്പിൽ വഴി തുറക്കുന്നവൻ കയറിവരും.” — മീഖാ 2:13
ജീവിത യാത്രയിൽ നമ്മൾ ഒറ്റയ്ക്കല്ല. ഇന്ന് നമ്മൾ നടക്കുന്നതും ഭാവിയിൽ നടക്കുവാനിരിക്കുന്നതുമായ വഴികളിലൂടെ കർത്താവ് നമ്മുക്കു മുമ്പേ നടന്നിട്ടുണ്ട്. നമുക്ക് നേരിടേണ്ടിവരുന്ന വേദനകളും പരീക്ഷകളും നിരാശകളും അവിടുന്ന് അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് ആ വഴിയിലൂടെ നടന്നവനാണ്.
അതുകൊണ്ട്, ഇന്ന് നമ്മുടെ മനസ്സിലെ ഭയത്തോട് പറയണം: എന്റെ ഭയത്തേക്കാൾ മുമ്പേ എന്റെ കർത്താവ് അവിടെ എത്തിയിട്ടുണ്ട്. എന്റെ പരാജയവും കണ്ണുനീരും അവിടുന്ന് കാണുന്നുണ്ട്. ഞാൻ വീഴുമ്പോൾ എന്നെ കൈപിടിച്ച് ഉയർത്താനും, വഴി അടയുമ്പോൾ പുതിയ വഴി തുറക്കാനും അവിടുന്ന് ശക്തനാണ്.
പാപത്തെ ഭയപ്പെടുന്നുണ്ടോ? ക്രിസ്തു ക്രൂശിൽ അതിന്റെ ശക്തിയെ തകർത്തു കഴിഞ്ഞതാണ്.
മരണത്തെ ഭയപ്പെടുന്നുണ്ടോ? ക്രിസ്തു മരണത്തെ ജയിച്ചു കഴിഞ്ഞു.
നാളെയെക്കുറിച്ച് ഭയപ്പെടുന്നുണ്ടോ? നിന്റെ നിന്റെ ഭാവിയുടെ സമ്പൂർണ്ണ കെയർ പ്ലാൻ കർത്താവിന്റെ ദിവ്യ ജ്ഞനത്തിലുണ്ട്.
പിന്നെ എന്തിനാ ഭയപ്പെടുന്നെ?
അതുകൊണ്ട് ഇന്നത്തെ നമ്മുടെ ജീവിത പ്രതിസന്ധികളുടെ അടിയൊഴുക്കുകളും അപകടസാധ്യതകളും പൂർണമായി നമ്മൾ മനസ്സിലാക്കണമെന്നില്ല, എല്ലാം നമ്മുടെ
നിയന്ത്രണത്തിൽ ആകണമെന്നില്ല. മുന്നിൽ പോകുന്നവനെ വിശ്വസിച്ചും ആശ്രയിച്ചും അനുസരിച്ചും പിറകെ പോയാൽ മതി.
“ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെ ഉണ്ട്. ഭ്രമിക്കേണ്ട, ഞാൻ നിന്റെ ദൈവം ആകുന്നു.” — യെശയ്യാവ് 41:10
ആസ്വസ്ഥമായ മനസ്സിനോട് നമുക്ക് പറയാം:
“കർത്താവേ, സുരക്ഷിത പാത ഏതാണെന്ന് എനിക്കറിയില്ലെങ്കിലും അവിടുന്ന് അറിയുന്നുണ്ടല്ലോ. ഞാൻ എന്റെ ഭയങ്ങളെ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു. ചെങ്കടലിലും യോർദാനിലും വഴിയൊരുക്കുവാൻ കഴിയുന്ന എന്റെ കർത്താവിൽ ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. അതുകൊണ്ട് ഞാൻ നിർഭയനായി അവിടുത്തെ കരങ്ങളിൽ പിടിച്ച് വചനത്തിന്റെ വഴികളിലൂടെ ഞാൻ മുന്നോട്ട് നടക്കും.”
വഴിയും സത്യവും ആയ വഴികാട്ടിയായ കർത്താവാണ് നമ്മുടെ സുരക്ഷ. അവിടുത്തെ പരിശുദ്ധാത്മാവായ ഡിവൈൻ നാവിഗേഷൻ സിസ്റ്റമാണ് അനുദിനം നമ്മെ വഴി നടത്തുന്നത്.
'എന്റെ ആത്‌മാവേ, നീ എന്തിനു വിഷാദിക്കുന്നു?
നീ എന്തിനു നെടുവീര്‍പ്പിടുന്നു?
ദൈവത്തില്‍ പ്രത്യാശവയ്‌ക്കുക.
എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്‌ത്തും.' സങ്കീര്‍ത്തനങ്ങള്‍ 42 : 5
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )