മഹത്വത്തിന്റെ ശത്രുക്കൾ

യേശു വളർന്ന സ്വന്തം നാട്ടിൽ ഒരിക്കൽ ശബ്ബത്തിൽ സിനഗോഗിൽ പഠിപ്പിച്ചു. അവന്റെ വാക്കുകേട്ട് പലരും അത്ഭുതപ്പെട്ട് പറഞ്ഞു:' ഇവന്  ഇതെല്ലാം എവിടെ നിന്ന് കിട്ടി,  ഇവന് കിട്ടിയ ജ്ഞാനം എന്ത്,  എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾ വഴി സംഭവിക്കുന്നത്... യേശുവിന്റെ മഹത്വം കണ്ട് പലരും അമ്പരന്നെങ്കിലും സ്വന്തം നാട്ടുകാരൻ ജനപ്രിയനായകനായി മാറിയത് അംഗീകരിക്കാൻ ചിലരുടെ  ഈഗോയും അസൂയയും സമ്മതിച്ചില്ല. ക്രിസ്തുവിന്റെ കുടുംബപശ്ചാത്തലത്തിലെ പരിമിതികളെ പറ്റി പറഞ്‌  അവന്റെ മഹത്വം നിസാരവൽക്കരിച്ചു : ഇവൻ മറിയത്തിൻറെ മകനും യാക്കോബ്,  യോസെ,  യൂദാ, ശിമയോൻ  എന്നിവരുടെ സഹോദരനുമായ മണിമരപ്പണിക്കാരൻ അല്ലേ,  ഇവന്റെ സഹോദരിമാരും നമ്മുടെ കൂടെ ഇല്ലേ, എന്നു പറഞ്ഞ് അവർ അവനിൽ ഇടറി. മത്തായി പതിമൂന്നാം അദ്ധ്യായത്തിൽ 'ഇവൻ തച്ചന്റെ  മകനല്ലേ' എന്നും പരിഹാസമായി പറയുന്നുണ്ട്.
             യേശുവിനെ നിർവീര്യമാക്കാൻ പറഞ്ഞ കാര്യങ്ങൾ ഭാഗ്യവശാൽ അദ്ദേഹത്തിന്റെ  വ്യക്തിമാഹാത്മ്യത്തിന്റെ സാക്ഷ്യപത്രമായി തീർന്നു. തച്ചന്റെ  മകനായിരുന്ന യേശു പരസ്യ ശുശ്രൂഷയ്ക്കു മുമ്പ് പിതാവിന്റെ ജോലി ചെയ്ത് ജീവിച്ചുവെന്ന സാക്ഷ്യമാണ് ഈ അസൂയക്കാരെക്കൊണ്ട് പറയിപ്പിച്ചത്. അത് ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനും അനാഡംബരവും ലളിതവുമായ ജീവിതത്തിന്നും ശൂന്യവൽക്കരണത്തിനുമുള്ള അമൂല്യ സാക്ഷ്യമായി. ദൈവപുത്രനായ ക്രിസ്തു സാധാരണക്കാരനെപോലെ ജോലി ചെയ്ത്  അധ്വാനത്തിത്തിന്റെ മഹത്വം തെളിയിച്ചു. പുൽക്കൂട് മുതൽ ക്രൂശിക്കപ്പെടുന്നതുവരെ ഒറ്റതയ്യൽ അങ്കിയുമായി  നിർധനനും നിന്ദിതനും  സാധാരണക്കാരനുമായി ദൈവപുത്രൻ ജീവിച്ചു.            

                    ദൈവം ഒരാളെ മഹത്വത്തിലേക്ക് ഉയർത്തുമ്പോൾ അയാളുടെ കഴിഞ്ഞകാല ജീവിതപശ്ചാത്തലത്തിലെ പരിമിതികൾ പറഞ്ഞു  പരിഹസിക്കുന്നത് സങ്കുചിത മനസ്കരുടെയും അസൂയാലുക്കളുടെയുമൊക്കെ ക്രൂരതയും ഹൃദയശൂന്യതയുമാണ്. ദൈവം കൈപിടിച്ചുയർത്തിയവരുടെ മഹത്വം ചുരുക്കം ചിലരുടെ പരിഹാസവാക്കുകൾ കൊണ്ട് മങ്ങിപോവില്ല. 'എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ നന്മകളും നിങ്ങൾക്ക് എതിരെ വ്യാജമായി പറയുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ,  സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും' (മത്തായി 5).
പ്രതിഫലവും ജോബ് സ്റ്റാറ്റസും കുറഞ്ഞ ജോലിക്കും മാന്യതയുണ്ട്. അവരുടെ സേവനവും സമൂഹത്തിന്റെ വളർച്ചയ്ക്കും ശ്രേയസ്സിനും അത്യാവശ്യ ഘടകങ്ങളാണ്. കാലിനോട് നീ ചെളിയിൽ നടക്കുന്നവനാണ്,  നിന്നെക്കൊണ്ട് എനിക്കൊരാവശ്യവുമില്ല എന്ന് കണ്ണിന് പറയാൻ പറ്റില്ല. വൈദഗ്ധ്യം കുറഞ്ഞ ജോലികൾ ചെയ്യുന്നവർക്ക് ഭൂമിയിലെ പ്രതിഫലം കുറവാണെങ്കിലും, മുമ്പന്മാർക്കും പിമ്പൻ മാർക്കും തുല്യപരിഗണനയും  ശ്രേഷ്ഠതയും നൽകുന്നവനാണ് ദൈവം.  മാത്രവുമല്ല, അല്പത്തിൽ വിശ്വസ്തരായവരെ ഡിവൈൻ എംപ്ലോയർ അധികത്തിന്റെ  അധികാരികളാക്കും.
ബൈബിൾ കഥാപാത്രങ്ങളും അതിലെ  എഴുത്തുകാരുമൊക്കെ അധ്വാനിച്ച് ജീവിച്ചവരായിരുന്നു. ആട്ടിടയർ,  മൂക്കുവർ, സൈനികർ,  കൂടാരപണിക്കാർ,  കൃഷിക്കാർ,  ശിൽപ്പികൾ, പാചകക്കാർ, സൂതികർമ്മികൾ...  അങ്ങനെയങ്ങനെ പലവിധ ജോലികൾ ചെയ്ത് ജീവിച്ചവർ ദൈവനിയോഗം നിറവേറ്റാൻ  സാമൂഹ്യജീവിതത്തിൽ നിന്ന് ഒളിച്ചോടി,  അമാനുഷരായി ജീവിച്ചില്ല.  അധ്വാനവും കുടുംബജീവിതവും നിയോഗങ്ങളും അനുഗ്രഹകരമായി സമന്വയിപ്പിച്ച്, സാധാരണക്കാരിൽ സാധാരണക്കാരായി  ജീവിച്ചവരായിരുന്നു അവരൊക്കെ.
എന്നാൽ ദേവാലയ വഴിപാടുകൾ ചൂഷണം ചെയ്ത് അധാർമ്മികവും അലസവുമായി ജീവിച്ച, ഏലിപുരോഹിതൻറെ മക്കളെ പോലുള്ളവർ, ആത്മീയത്തിലെ അഥർ ഡ്യൂട്ടിക്കാരായി, പണിയെടുക്കാതെ ഇത്തിക്കണ്ണികളായി അന്നും ഇന്നും ജീവിക്കുന്നുണ്ട്.

  സുഹൃത്തേ,  അസൂയാലുക്കളും  കിരാതമനസ്കരും അപകീർത്തി പറഞ്ഞു പരത്തി,  മീഡിയയിൽ ആക്ഷേപ കമന്റ് ഇട്ടതുകൊണ്ട് ദൈവം നൽകിയ നിങ്ങളുടെ മഹത്വം മങ്ങിപോവില്ല. അതൊന്നും കേട്ട് നിർവീര്യരാകരുത്. നിയോഗ നിർവ്വഹണത്തിൽ നിന്ന് പിന്തിരിയരുത്. നെഹമ്യാവിനെപ്പോലെ ദൈവം ഏൽപ്പിച്ച ചുമതലകളുമായി മുന്നോട്ടു പോകണം. വിമർശനങ്ങളും പരിഹാസവും കൊണ്ട് മുറിവേറ്റ ഹൃദയം ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിച്ച് കൂടുതൽ ശക്തരാകണം. 'നിങ്ങളിൽ സൽപ്രവർത്തി ആരംഭിച്ച വൻ യേശുക്രിസ്തുവിന്റെ  ദിനം ആകുമ്പോഴേക്കും അത് പൂർത്തിയാക്കും.' (ഫിലിപ്പിയർ  1)
           ഭൂതഗ്രെസ്ഥൻ, ചുങ്കക്കാരുടെയും പാപികളുടെയും കൂട്ടുകാരൻ, ശബത് ലംഘിക്കുന്നവൻ, ദേവാലയം നശിപ്പിക്കുമെന്ന് പറഞ്ഞവൻ,  വരുവാനുള്ള മശിഹായും  ദൈവപുത്രനുമാണ് താനെന്നു ദൈവദൂഷണം പറയുന്നവൻ... അങ്ങനെ അനേകം ദുരാരോപണങ്ങളും വിമർശനങ്ങളും കൊണ്ട് ക്രിസ്തുവിനെ അധൈര്യപ്പെടുത്താനും  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശാസ്ത്രി പരീശ പുരോഹിതർ കഠിനശ്രമം നടത്തി. ക്രിസ്തു അവരോടൊന്നും ഏറ്റുമുട്ടാൻ പോയില്ല. സത്യം തിരിച്ചറിഞ്ഞ് ജനം ഹോശാന വിളിച്ച് ആർത്തു,  ഈ മനുഷ്യനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ലെന്ന് പീലാത്തോസ് പറഞ്ഞു, അവിടുന്നു  രാജാവാണെന്ന് ക്രൂശിലെ കള്ളൻ പറഞ്ഞു,  ഇവൻ സത്യമായിട്ടും ദൈവപുത്രനാണെന്ന് പറഞു ഗോഗുൽത്തായിൽ ക്രൂശീകരണത്തിന്റെ ഡ്യൂട്ടിയിലായിരുന്ന ശതാധിപൻ  ലീഗൽ വിറ്റ്നസായി ...
ക്രിസ്തു മിണ്ടാതിരുന്നപ്പോൾ കല്ലുകളാർത്തു സത്യം വെളിപ്പെടുത്തി.
ക്ഷമയോടെ കാത്തിരുന്നാൽ, തെറ്റിദ്ധരിക്കപ്പെട്ട സമൂഹമനസ്സാക്ഷികോടതി ഒരിക്കൽ നിങ്ങളുടെ നിരപരാധിത്വം തിരിച്ചറിഞ്ഞു മാപ്പ്ചോദിച്ച്  നിങ്ങളെ അഭിനന്ദിക്കും,  വെറുതെ വിടും.
ദുരാരോപണങ്ങൾ കൊണ്ട് മുറിവേൽപ്പിക്കുന്നവരോട് ഏറ്റുമുട്ടുന്നതും നിരപരാധിത്വം വെളിപ്പെടുത്താൻ തെളിവുകൾ നിരത്തുന്നതും  വാദപ്രതിവാദത്തിലേർപ്പെടുന്നതുമൊക്കെ പാഴ്പണിയാണ്. നിങ്ങളുടെ പ്രതിയോഗി കേൾക്കാൻ ചെവി ഇല്ലാത്ത, സത്യത്തെ വളച്ചൊടിക്കുന്ന കുടിലമനസ്കരും കരുണയില്ലാത്തവരുമാണ്. നമ്മുടെ നിരപരാധിത്വവും സത്യസന്ധതയും കാലം തെളിയിക്കും. അതുവരെ മൗനമായി ശത്രുക്കളുടെ മനം മാറ്റത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്നാണ്  കർത്താവ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്.
ദൈവം അനുകൂലമെങ്കിൽ ആർക്കാണ്  പ്രതികൂലമാകാൻ കഴിയുക?
സുഹൃത്തേ,  ഹൃദയം തകർക്കുന്ന ശത്രുക്കളുടെ ഭീഷണിയിലാണോ  നിങ്ങളിപ്പോൾ? എങ്കിൽ ദാവീദിന്റെ ഹൃദയവിലാപം നിങ്ങൾ പ്രാർത്ഥനയാക്കു:
'കര്‍ത്താവേ, അങ്ങ്‌ അകന്നിരിക്കരുതേ! എനിക്കു തുണയായവനേ,എന്‍െറ സഹായത്തിനു വേഗം വരണമേ!
കാളക്കൂറ്റന്‍മാര്‍ എന്നെ വളഞ്ഞിരിക്കുന്നു; ബാഷാന്‍കാളക്കൂറ്റന്‍മാര്‍ എന്നെചുറ്റിയിരിക്കുന്നു.
ആര്‍ത്തിയോടെ അലറിയടുക്കുന്ന സിംഹംപോലെ അവ എന്‍െറ നേരെ വായ്‌ പിളര്‍ന്നിരിക്കുന്നു.
നായ്‌ക്കള്‍ എന്‍െറ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്‍െറ കൈകാലുകള്‍ കുത്തിത്തുളച്ചു;
അവര്‍ എന്‍െറ വസ്‌ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്‍െറ അങ്കിക്കായി അവര്‍ നറുക്കിടുന്നു.
എന്തെന്നാല്‍, പീഡിതന്‍െറ കഷ്‌ടതകള്‍ അവിടുന്ന്‌ അവഗണിക്കുകയോ പുച്‌ഛിക്കുകയോ ചെയ്‌തില്ല; തന്‍െറ മുഖം അവനില്‍നിന്നു മറച്ചുമില്ല; അവന്‍ വിളിച്ചപേക്‌ഷിച്ചപ്പോള്‍അവിടുന്നു കേട്ടു.' കര്‍ത്താവേ, അങ്ങ്‌ അകന്നിരിക്കരുതേ! എനിക്കു തുണയായവനേ,എന്‍െറ സഹായത്തിനു വേഗം വരണമേ!
സങ്കീര്‍ത്തനങ്ങള്‍ 22 : 12-24

-ഫാ. ഡോ. ഏ. പി. ജോർജ്