വിശ്വാസിയുടെ ക്രിസ്തുവിനോടുള്ള ബന്ധം ഒരു മതവിശ്വാസമോ ആചാരാനുഷ്ഠാനമോ മാത്രമല്ല, അത് ജീവനുള്ള ഒരു വിവാഹ ബന്ധമാണ്:
'വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ എന്നു യഹോവയുടെ അരുളപ്പാട്; ഞാനല്ലോ നിങ്ങളുടെ ഭർത്താവ്...'
യിരെമ്യാവ് 3:14
സൃഷ്ടിക്കു മുമ്പേ തന്റെ സ്നേഹത്തിൽ നമ്മെ തിരഞ്ഞെടുത്ത ക്രിസ്തു, കാൽവരിയിലെ തന്റെ രക്തത്താൽ നമ്മെ സ്വന്തമാക്കി. വരൻ വധുവിനെ നേടാൻ വില കൊടുക്കുന്നതുപോലെ, സഭയെ സ്വന്തമാക്കാൻ യേശുകർത്താവ് തന്റെ ജീവനാണ് വിലയായി നൽകിയത്. അതുകൊണ്ടാണ് അപ്പൊസ്തലൻ പറയുന്നത്: "ക്രിസ്തു സഭയെ സ്നേഹിക്കുകയും അവൾക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുക്കുകയും ചെയ്തു" (എഫെസ്യർ 5:25). ഈ ബന്ധം മനുഷ്യ സ്നേഹത്തിന്റെ അളവുകോൽ കൊണ്ട് അളക്കുവാൻ കഴിയില്ല. അത് ഉടമ്പടിയിൽ അധിഷ്ഠിതമായ ദൈവസ്നേഹത്തിലുള്ള ആത്മബന്ധമാണ്.
ഈ ബന്ധത്തിന്റെ ഏറ്റവും വലിയ ആശ്വാസം, അത് വേർപിരിയാത്ത ബന്ധം ആണെന്നതാണ്. ലോകത്തിലെ എല്ലാ ബന്ധങ്ങൾക്കും സമയവും സാഹചര്യവും മരണവും അതിരിടുന്നു. എന്നാൽ ക്രിസ്തുവുമായുള്ള ആത്മ ബന്ധത്തെ മരണത്തിനുപോലും തകർക്കാൻ കഴിയില്ല. "മരണത്തിനോ ജീവനോ... സൃഷ്ടിക്കപ്പെട്ട മറ്റൊന്നിനോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്തുവാൻ കഴിയുകയില്ല" (റോമർ 8:38–39). വിശ്വാസി ചിലപ്പോൾ വീണേക്കാം, ക്ഷീണിക്കാം, രോഗ പ്രതിസന്ധികളിൽ ആകാം. എന്നാൽ ക്രിസ്തു തന്റെ വധുവിനെ ഉപേക്ഷിക്കില്ല. അവൻ നഷ്ടപ്പെട്ട ആടിനെ തേടുന്ന ഇടയനാണ്, വഴിതെറ്റിയ മകനെ കാത്തിരിക്കുന്ന പിതാവാണ്, തന്റെ വധുവിനെ ഒരിക്കലും കൈവിടാത്ത പ്രാണ പ്രിയനാണ്.
ഈ ബന്ധം ഭാവിയുടെ വാഗ്ദാനം മാത്രമല്ല, ആനുകാലിക ജീവിതത്തിലെ അനുഭവവുമാണ്. കർത്താവ് തന്റെ ജനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നു (ഫിലിപ്പിയർ 4:19), അവരുടെ ഭാരങ്ങൾ ചുമക്കുന്നു (1 പത്രോസ് 5:7), അവരുടെ പേരിൽ പിതാവിന്റെ സന്നിധിയിൽ മദ്ധ്യസ്ഥത തുടർന്നുകൊണ്ടിരിക്കുന്നു (എബ്രായർ 7:25).
അതിനാൽ ഒരു വിശ്വാസിയും യഥാർത്ഥത്തിൽ ഒരിക്കലും ഒറ്റയ്ക്കല്ല. ജീവിതത്തിലെ ദുരന്ത താഴ്വരകളിലും, പരീക്ഷണങ്ങളുടെ തീച്ചൂളയിലും, മരണനിഴൽ താഴ് വരയിൽ പോലും ഇമ്മാനുവേൽ കൂടെയുണ്ടായിരിക്കും.
"കർത്താവിനോടു ചേരുന്നവൻ അവനോടുകൂടെ ഏകാത്മാവാകുന്നു" (1 കൊരിന്ത്യർ 6:17).
ഈ വിവാഹബന്ധത്തിന്റെ മഹത്വം ഇനിയും പൂർണമായി വെളിപ്പെട്ടിട്ടില്ല. ഇന്ന് സഭ മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന വധുവാണ്; നാളെ അവൾ മഹത്വത്തിൽ അണിഞ്ഞൊരുങ്ങി കുഞ്ഞാടിന്റെ വിവാഹവിരുന്നിൽ പ്രവേശിക്കും.
"കുഞ്ഞാടിന്റെ വിവാഹം വന്നിരിക്കുന്നു; അവന്റെ വധു ഒരുങ്ങിയിരിക്കുന്നു" (വെളിപ്പാട് 19:7–9).
അതിനുശേഷം ഈ സ്നേഹബന്ധത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന കണ്ണീരോ വേർപാടോ ഉണ്ടാവില്ല. വിശ്വാസത്തിന്റെ സ്ഥാനത്ത് കാഴ്ചയും, പ്രത്യാശയുടെ സ്ഥാനത്ത് നിത്യാനന്ദവും വരും. അപ്പോൾ സഭ തന്റെ പ്രിയനായ കർത്താവിനെ മുഖാമുഖമായി കണ്ടുകൊണ്ട് എന്നേക്കും അവനോടുകൂടെ വസിക്കും.
പ്രിയ സഹോദരങ്ങളെ, ഇന്ന് ലോകം നിങ്ങളെ മറന്നാലും, സാഹചര്യങ്ങൾ നിങ്ങളെ തകർത്താലും, നിങ്ങളുടെ ഹൃദയം ക്ഷീണിച്ചാലും, ഒരു സത്യം മറക്കരുത്—നിങ്ങൾ ക്രിസ്തുവിന്റെ സ്വന്തമാണ്. അവന്റെ കൈകളിൽ നിങ്ങളുടെ പേര് എഴുതി വെച്ചിരിക്കുന്നു (യെശയ്യാവ് 49:16). നിങ്ങളെ അവന്റെ സ്നേഹത്തിൽനിന്ന് വേർപെടുത്താൻ ആർക്കും ഒരു ശക്തിക്കും ദുരന്തങ്ങൾക്കും കഴിയുകയില്ല. ആ ബന്ധം കൃപയിൽ ആരംഭിച്ചതാണ്; അത് മഹത്വത്തിൽ നിത്യമായി ആഘോഷിക്കപ്പെടും.
☆
-ഫാ. ഡോ. ഏ. പി. ജോർജ്