നിത്യത ആയിരിക്കണം ലക്ഷ്യം

' ഇവിടെ നമുക്കു നിലനില്‍ക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാം അന്വേഷിക്കുന്നത്‌.'

ഹെബ്രായര്‍ 13 : 14

ഒരു കാര്യത്തിലും പരിപൂർണ്ണത അവകാശപ്പെടാൻ കഴിയാത്ത, പാപം അധിവസിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ആരോഗ്യം, സാമ്പത്തികം, ബന്ധങ്ങൾ, മതരാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും പോരായ്മകൾ എക്കാലത്തും ഉണ്ടാകും.

 'ഒന്നും ശരിയല്ല, ശരിയാവില്ല' എന്ന പരാതിയാണ് എല്ലാവർക്കും പറയുവാനുള്ളത്. നേതൃത്വത്തിന്റെയും വ്യവസ്ഥിതികളുടെയും വീഴ്ചകളെപ്പറ്റി വിമർശിക്കുവാൻ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്ന സൈബർ പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ. പരാതി പറയാനും കേൾക്കാനും തടിച്ചുകൂടുന്ന ജനകോടികളുടെ വൻ തിരക്കാണിവിടെ.

 നിത്യതയിലേക്കുള്ള യാത്രക്കിടയിൽ സമയരഥത്തിലെ താൽക്കാലിക സത്രത്തിൽ എത്തിയിരിക്കുന്നവരാണ് നമ്മളെല്ലാവരും. ലഗേജില്ലാത്ത മടക്കയാത്രയിൽ കയ്യെത്തിപ്പിടിച്ചതും കാൽ ചവിട്ടി നിന്നതുമെല്ലാം ഉപേക്ഷിക്കേണ്ടിവരും.

 ദൈവവുമായുള്ള ബന്ധവും ദൈവത്തിന്റെ പേരിൽ ചെയ്ത സൽപ്രവർത്തികളും മാത്രമാണ് ഈ ജീവിതത്തിൽ ശാശ്വതമായിട്ടുള്ളതും നിത്യതയിലേക്ക് കൊണ്ടുപോകാൻ കഴിയുന്നതുമായ രണ്ടു കാര്യങ്ങൾ.

 അതുകൊണ്ട്, പരാതിയും പരിഭവവും വിമർശനവും നമുക്ക് നിർത്താം. അപ്പോൾ പിരിമുറുക്കം കുറയും, മനസ്സമാധാനം കിട്ടും.

പുഴുവും തുരുമ്പുമെടുക്കാത്തതും കള്ളന്മാർ മോഷ്ടിക്കാത്തതുമായ നിത്യതയിൽ ഡെപ്പോസിറ്റ് ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രികരിക്കാം.

ശുഭാശംസകളോടെ,

ഏ.  പി. ജോർജച്ചൻ.