കീഴെ ശാശ്വത ഭുജങ്ങൾ ...

 

ആവർത്തനപുസ്തകം 33:27 ലെ  ശാശ്വത ഭുജങ്ങളെപറ്റിയുള്ള പഴയനിയമ വാഗ്ദത്തം ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഇന്ന് ജീവനുള്ള അനുഭവമായി മാറുന്നത്  പരിശുദ്ധാത്മാവിലൂടെയാണ്. അദൃശ്യനായ ദൈവത്തിന്റെ കരുതലും സ്‌നേഹ സ്പർശനവുമാണ് പരിശുദ്ധാത്മാവ്. നമ്മുടെ വീഴ്ചകളിലും, പോരാട്ടങ്ങളിലും, സങ്കടങ്ങളിലും നമ്മെ താങ്ങിനിർത്തുന്ന ദൈവത്തിന്റെ ആ "ശാശ്വത ഭുജങ്ങൾ" പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും ആലിംഗനവും തന്നെയാണ്. പരിശുദ്ധാത്മാവിന്റെ ആഴമേറിയ പ്രവർത്തനങ്ങളിലൂടെ ഈ വാഗ്ദത്തം നാം എങ്ങനെ അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് നോക്കാം:

1. ഒറ്റപ്പെടലുകളിലും വഞ്ചനകളിലും ആശ്വാസമായി:
ഏറ്റവും അടുത്തവരിൽ നിന്നുള്ള വഞ്ചനയും തിരസ്ക്കരണവും നമ്മെ മാനസികമായി തകർക്കുമ്പോൾ, പരിശുദ്ധാത്മാവ് നമ്മുടെ ഏറ്റവും അടുത്ത 'ആശ്വാസപ്രദനായി' (Comforter) കൂടെയുണ്ട്. പ്രാർത്ഥിക്കാൻ പോലും വാക്കുകൾ കിട്ടാതെ, ഹൃദയം നുറുങ്ങി നാം കരയുമ്പോൾ, ഉച്ചരിക്കാനാവാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത് ഈ ആത്മാവാണ് (റോമർ 8:26). മനുഷ്യരുടെ കരങ്ങൾ നമ്മെ വിട്ടുപോകുമ്പോഴും, പരിശുദ്ധാത്മാവാകുന്ന ശാശ്വത ഭുജങ്ങൾ നമ്മെ ശക്തീകരിക്കുകയും മുറിവുകൾ ഉണക്കുകയും ചെയ്യുന്നു.

2. വീഴ്ചകളിൽ താങ്ങുന്ന കരുണയായി:
പാപവീഴ്ച സംഭവിക്കുമ്പോൾ, ശത്രുവായ സാത്താൻ നമ്മെ കുറ്റപ്പെടുത്തുകയും നിരാശയുടെ ആഴങ്ങളിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ പരിശുദ്ധാത്മാവിന്റെ ഭുജങ്ങൾ അവിടെയും സജീവമാണ്. ആത്മാവ് നമ്മെ ദൈവ സ്നേഹത്തെപറ്റി ബോധ്യംവരുത്തുകയും, മാനസാന്തരത്തിലേക്ക് നയിക്കുകയും, പൂർണ്ണമായി തകർന്നുപോകാൻ അനുവദിക്കാതെ  താങ്ങുകയും ചെയ്യുന്നു. ദൈവസ്നേഹത്തിൽ നിന്ന് നാം അകന്നുപോയി എന്ന് കരുതുമ്പോഴും, വീണ്ടും നമ്മെ ചേർത്തുപിടിക്കുന്ന കരുണയുടെ കരങ്ങളാണത്.

3. ദൈവിക നിയോഗങ്ങളിലും പോരാട്ടങ്ങളിലും ശക്തിയായി:
ദൈവരാജ്യത്തിന്റെ വേലയ്ക്കായി നാം ഇറങ്ങിത്തിരിക്കുമ്പോൾ അന്ധകാര ശക്തികളിൽ നിന്നുള്ള കടുത്ത എതിർപ്പുകൾ സ്വാഭാവികമാണ്. എന്നാൽ കുടുംബം, ദാമ്പത്യം, പേരെന്റിംഗ്, ഇടയത്വ നിയോഗങ്ങളിൽ നാം തനിച്ചല്ല. പരിശുദ്ധാത്മാവ് നമ്മിൽ വസിച്ച് വിസ്മയ ശക്തി നൽകുന്നു. പോരാട്ടങ്ങളിൽ ക്രിസ്തുവിന്റെ ആത്മാവ് നമുക്ക് ചുറ്റും ഒരു വലിയ കോട്ടയായി നിലകൊള്ളുന്നു. ക്ഷീണിതർക്ക് ഓരോ പ്രഭാതത്തിലും പുതിയ അഭിഷേകവും കൃപയും നൽകി പരിശുദ്ധാത്മാവ്  ശാക്തീകരിക്കുന്നു.

4. ഒടുവിൽ, മരണമാകുന്ന യോർദ്ദാന് മുന്നിൽ പ്രത്യാശയായി:
ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും  ഈ ശാശ്വത ഭുജങ്ങൾ നമ്മെ വിട്ടുപിരിയുകയില്ല. കാരണം, പരിശുദ്ധാത്മാവ് നമ്മുടെ നിത്യജീവൻ്റെ അച്ചാരമാണ്. ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ആത്മാവ് മരണത്തിലും നമ്മെ വഴിനടത്തും. മരണമാകുന്ന നദി കടക്കുമ്പോഴും നമ്മുക്ക് സുരക്ഷിത പാതയൊരുക്കുന്നത്  ഈ ആത്മാവാണ്. നാം വീഴുന്നത് ശവക്കുഴിയിലേക്കല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ നിത്യമായ  ശാശ്വത ഭുജങ്ങളിലേക്കാണ്.

ഈ ലോകത്തിലെ ഏത് വലിയ പരീക്ഷണത്തേക്കാളും, അന്ധകാര ശക്തിയെക്കാളും വലിയവനാണ് നിങ്ങളിൽ വസിക്കുന്ന പരിശുദ്ധാത്മാവ്. അതിനാൽ,  ഭാരങ്ങളും ക്ഷീണവും നിരാശകളും  തളർത്തുമ്പോൾ പരിശുദ്ധാത്മാവാം ദൈവം അമിത ബലം നൽകി അതിജീവനത്തിന് സഹായിക്കും. പ്രതിസന്ധികളിൽ ആ ശാശ്വത ഭുജങ്ങൾ നിങ്ങളെ താങ്ങുന്നത് നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. ഇതുവരെ നിർത്തിയതും നടത്തിയതും ഇനി തടത്തുന്നതും ദൈവത്തിന്റെ ഈ വിസ്മയ ശക്തിയാണ്. അതെ, ക്രിസ്തു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് നിങ്ങളിൽ സദാ  പരിവർത്തിച്ചുകൊണ്ടിരിക്കുന്നു. 
ഭയപ്പെടേണ്ട, കീഴെ ശാശ്വത ഭുജങ്ങൾ ഉണ്ട്!
☆
-ഫാ. ഏ. പി. ജോർജ്
(കടപ്പാട് )