ക്രിസ്തുവിന്റെ ശിഷ്യത്വ നിയോഗത്തിന് വിപുലമായ അർത്ഥങ്ങളാണ് ഉള്ളത്.
ശിക്ഷ്യന്മാർ യേശുവിനെ കണ്ടെത്തുകയായിരുന്നില്ല, യേശു ശിഷ്യന്മാരെ കണ്ടെത്തുകയായിരുന്നു എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത.
യോഹന്നാൻ 1:43 ' പിറ്റെന്നാൾ യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പോസിനെ കണ്ടു: “എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു.'
ഫിലിപ്പോസ് ക്രിസ്തുവിനെ കാണുകയല്ല, ക്രിസ്തു ഫിലിപ്പോസിനെ കാണുകയും വിളിക്കുകയുമാണ് ചെയ്തത്.
നമ്മുടെ ആത്മീയ ദിനവൃത്താന്തത്തിന്റെ പേജുകൾ പിറകോട്ട് മറിക്കുമ്പോൾ ക്രിസ്തു നമ്മെ കണ്ടെത്തിയതിന്റെ സാക്ഷ്യം നമുക്ക് ഓരോരുത്തർക്കും പറയുവാനുണ്ടാകും. യാന്ത്രിക ആത്മീയ ശൈലിയിൽ സംതൃപ്തരായിരുന്നു നമ്മെ ആത്മ ബന്ധത്തിന്റെ തലങ്ങളിലേക്ക് കൈപിടിച്ചുനടത്തിയത് ക്രിസ്തുവാണ്.
അനേകം ജീവിതാനുഭവങ്ങളിലൂടെയും പ്രതികൂല സാഹചര്യങ്ങളിലൂടെയും ആണ് ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.
ക്രിസ്ത്യാനികളെ ഉപദ്രവിക്കാൻ ദമ സ്ക്കൊസിലേക്ക് യാത്രചെയ്തിരുന്ന ശൗലിനെ ക്രിസ്തു കാണുകയും വിളിക്കുകയും ശിക്ഷത്വ പദവിയിലേക്ക് കൈപിടിച്ച് നടത്തുകയും ചെയ്തു. ഇതിന് ആദ്യം മുൻകൈയെടുത്തത് ശൗൽ പീഡിപ്പിച്ചുകൊണ്ടിരുന്ന ക്രിസ്തുവാണ്.
ദൈവത്തെ അന്വേഷിക്കാൻ തയ്യാറില്ലാത്ത വരിലേക്ക് ദൈവം സ്നേഹപൂർവ്വം അന്വേഷിച്ച് ചെന്നതാണ് ബൈബിളിലെ കേന്ദ്രപ്രമേയം.
വിലക്കപ്പെട്ട കനി തിന്ന കുറ്റബോധത്താൽ ഒളിച്ചിരുന്ന ആദി മാതാപിതാക്കളെ അന്വേഷിച്ചു ചെന്ന ദൈവം വിളിച്ചു : 'ആദം, ആദം, നീ എവിടെയാണ്?' ദൈവത്തെ അന്വേഷിച്ച് ചൊല്ലുവാൻ അവരുടെ കുറ്റബോധവും മിഥ്യാഭിമാനവും ഒരിക്കലും അനുവദിക്കില്ലെന്ന് മനസ്സിലാക്കിയ ദൈവം അവരെ അന്വേഷിച്ച് അവർക്കരികിലേക്ക് ചെന്നു.
നമ്മൾ ദൈവത്തെ തെരഞ്ഞെടുക്കുകയല്ല ദൈവം നമ്മെ തിരഞ്ഞെടുക്കുകയാണ് ചെയ്തത് എന്നാണ് പൗലോസ് എഫെസ്യ ലേഖനത്തിൽ പറയുന്നത്:
എഫെസ്യർ 1:4 'നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.
നമ്മുടെ ആത്മീയ ജീവിതത്തിലെ നേട്ടങ്ങളും വിജയങ്ങളും പറഞ്ഞ് നമ്മൾ ഒരിക്കലും അഹങ്കരിക്കരുത്. ദൈവം നമ്മെ വിളിച്ച് വേർതിരിച്ച്, ഇതുവരെ നടത്തിയ വിധങ്ങൾ നന്ദിയോടെ, വിനയത്തോടെ എന്നും എപ്പോഴും ഓർക്കണം. മഹനീയമായ ശിക്ഷ്യത്വ പദവി സ്വയം നേടിയതല്ല ദൈവം ദാനമായി തന്നതാണ്.
എന്നെ അനുഗമിക്കുക എന്ന് ക്രിസ്തു പറഞ്ഞപ്പോൾ തന്റെ ജോലിയും കുടുംബവും വസ്തുവകകളും പദ്ധതികളും ഉപേക്ഷിച്ച് ഫിലിപ്പോസ് അനുഗമിച്ചു. ശിക്ഷ്യത്വത്തിന്റ രണ്ടാമത്തെ പ്രത്യേകത വിട്ടു പിരിയലും ത്യാഗവുമാണ്.
ക്രിസ്തുവിനെ പിന്തുടരുമ്പോൾ പലതും ഉപേക്ഷിക്കേണ്ടതായി വരും.
ആസക്തിയും വൈകൃതങ്ങളും സ്വഭാവത്തിൽ നിലനിർത്തിക്കൊണ്ട് ക്രിസ്തുവിനെ പിന്തുടരുവാൻ കഴിയില്ല.
അധാർമിക കൂട്ടുകെട്ടും വഴിതെറ്റിയ ജീവിതവും ക്രിസ്തുവിനെ പിൻതുടരുവാൻ തടസ്സമാകും.
ഒന്നിന് നാലുവിധം പിടിച്ചു വാങ്ങുന്നവർക്ക് സാക്ഷ്യമുള്ള ക്രിസ്തുശിക്ഷ്യരാകുവാൻ കഴിയില്ല .
ദ്രവ്യാഗ്രഹവും ചൂഷണ മനോഭാവവും ഉപേക്ഷിക്കാതെ ക്രിസ്തുവിനെ പിൻതുടരുവാൻ കഴിയില്ല.
ഹൃദയത്തിലെ നീതിമാൻറെ രക്തക്കറയും വിദ്വേഷവും വെറുപ്പും പ്രതികാര ദാഹവും ക്രിസ്തു ശിക്ഷ്യത്വത്തിനു തടസ്സമാണ് .
പുറം വെടിപ്പാക്കിയ കിണ്ടിക്കിണ്ണങ്ങളുടെ ബാഹ്യ മോഡിയുണ്ടെങ്കിലും അന്തരംഗത്തിലെ മ്ലേച്ഛത ക്രിസ്തീയ നിയോഗനിർവഹണത്തിനു തടസ്സമാകും.
സ്വയം ത്വജിച്ച് തന്റെ കുരിശെടുത്ത് ക്രിസ്തുവിനെ അനുഗമിക്കാൻ തയ്യാറാകാതെ കംഫർട്ട് സോണിലിരുന്ന് ക്രിസ്തുവിന്റെ ശിഷ്യനാകാൻ കഴിയില്ല.
ക്രിസ്തുവിനെ പിന്തുടരുന്നതിന് ഒരു 'റാഡിക്കൽ കമ്മിറ്റ്മെന്റ് ' ആവശ്യമാണ്. പൂർണ്ണ മനസ്സോടും പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും കൂടിയ സമർപ്പണമാണ് ശിക്ഷ്യത്വത്തിന്റെ അടിസ്ഥാന നിയമം. പലപ്പോഴും ഈ സമ്പൂർണ്ണ സമർപ്പണത്തിൽ നമ്മൾ പരാജയപ്പെട്ടേക്കാം. നിരാശപ്പെടേണ്ട, ദൈവകൃപയിൽ ആശ്രയിച്ച് സമർപ്പിത ശിക്ഷ്യത്വത്തിനായുള്ള പരിശ്രമം തുടരുമ്പോൾ ദൈവം വിജയത്തിലേക്കും വിശുദ്ധി യിലേക്കും കൈപിടിച്ച് നടത്തും.
അറിഞ്ഞ ക്രിസ്തുവിനെപ്പറ്റി അറിയാത്തവരുമായി പങ്കുവെക്കുക എന്നതാണ് ശിക്ഷത്വത്തിന്റെ മൂന്നാമത്തെ നിയോഗം.
ക്രിസ്തു വിളിക്കുകയും ക്രിസ്തുവിനെ അനുഗമിക്കുകയും ചെയ്തുകഴിഞ്ഞപ്പോൾ ഫിലിപ്പോസ് ഭൗതിക സാധ്യതകളും ജീവിത സൗകര്യങ്ങളും അന്വേഷിച്ച് പോയില്ല, പകരം അറിയിപ്പുകാരനായി തീർന്നു. നാഥാനിയേലിനെ കണ്ട് അവനോട് ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു എന്ന് ഫിലിപ്പോസ് പറഞ്ഞു.
ക്രിസ്തു ഫിലിപ്പോസിന്റെ ജീവിതത്തിലെ വിസ്മയ അനുഭവമായപ്പോൾ ആ അനുഭവം മറ്റുള്ളവരുമായി പങ്കു വെയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു.
വലിയ ദൈവശാസ്ത്ര ജ്ഞാനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഫിലിപ്പോസ് ക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന സുവിശേഷകനായിത്തീർന്നു. നാഥാനിയേലിനെ ക്രിസ്തുവിന്റെ അടുക്കൽ എത്തിക്കുന്നതിൽ ഫിലിപ്പോസ് വിജയിച്ചു.
മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കാൻ എനിക്ക് പ്രസംഗ ചാതുരിയില്ല, ബൈബിൾ ജ്ഞാനമില്ല, പരിശുദ്ധാത്മവരദാനങ്ങളില്ല എന്നൊന്നും ഓർത്തു അപകർഷതാബോധത്തോടെ നമ്മൾ പിൻമാറരുത്.
ദൈവം ഭരമേല്പിച്ച വലിയ നിയോഗങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ മോശയോട് എന്റെ ചൈതന്യം നി ന്നോടു കൂടെ പോരും എന്ന് ദൈവം പറഞ്ഞു. ദൈവ രാജ്യത്തിന്റെ സുവിശേഷം മറ്റുള്ളവരുമായി പങ്കു വയ്ക്കുമ്പോൾ ദൈവം നമ്മോട് കൂടെ ഉണ്ടാകും. പറയേണ്ടത് പറയേണ്ട സമയത്ത് നമ്മുടെ നാവിൽ പരിശുദ്ധാത്മാവ് തരും. ക്രിസ്തുവിനെ ലോകത്തിന് പരിചയപ്പെടുത്തുവാനുള്ള ഒരു 'റിയൽ പാഷൻ' നമുക്ക് ഉണ്ടായാൽ മതി, ബാക്കി കർത്താവ് ചെയ്തുകൊള്ളും.
പിന്മാറ്റക്കാരെ സ്നേഹപൂർവ്വം നിർബന്ധിച്ച് ക്രിസ്തുവുമായി ബന്ധപ്പെടുത്തുക എന്നതാണ് ശിക്ഷത്വത്തിന്റെ നാലാമത്തെ ഉത്തരവാദിത്വം.
ഫിലിപ്പോസ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞപ്പോൾ നാഥാനയേലിന്റെ പ്രതികരണം അനുകൂലമായിരുന്നില്ല. നസറേത്തിൽനിന്ന് നന്മ വരുമോ എന്ന സംശയമാണ് നഥാനിയേൽ പ്രകടിപ്പിച്ചത്. പലപ്പോഴും ക്രിസ്തുവിനെ പരിചയപ്പെടുത്തുമ്പോൾ ആളുകളിൽനിന്ന് വിമർശനവും പരിഹാസവും നിർവികാരതയും നിഷേധ മനോഭാവവും ഒക്കെ ആയിരിക്കും പ്രതികരണങ്ങൾ. വാദപ്രതിവാദത്തിനും ഏറ്റുമുട്ടലിലും ബുദ്ധി പ്രകടനങ്ങൾക്കും ഒന്നും പോകാതെ ഫിലിപ്പോസിന്റെ സമീപനം നമ്മൾ സ്വീകരിക്കണം:
ഫിലിപ്പോസ് നാഥാനിയേലിനോട് പറഞ്ഞു: ' വന്നു കാണുക.'
നഷ്ടപ്പെട്ടുപോയവരെയും നിത്യതയുടെ നഷ്ടം തിരിച്ചറിയാത്തവരെയും ക്രിസ്തുവിലേക്ക്q ക്ഷണിക്കുകയും ക്രിസ്തുവിന്റെ അടുത്ത് എത്തിക്കുകയും ക്രിസ്തുവിന്റെ തിരുവചനത്തിന്റെ മുമ്പിൽ നിർത്തുകയും ചെയ്യുകയാണ് നമ്മുടെ കടമ. ബാക്കിയെല്ലാം കർത്താവ് നോക്കികൊള്ളും.
ക്രിസ്തു ശിക്ഷ്യത്വ പദവിയുടെ നാലു പ്രധാന
കാര്യങ്ങൾ ഫിലിപ്പോസിന്റെ ദൈവവിളിയിൽ നിന്ന് നമുക്ക് പഠിക്കുവാൻ കഴിയും. ക്രിസ്തുവിനാൽ ആകർഷിക്കപ്പെട്ടുവാനുള്ള ഭാഗ്യം ലഭിക്കുക, ശിക്ഷ്യത്വത്തിനായി പലതും ഉപേക്ഷിക്കുക, ക്രിസ്തുവിനെപ്പറ്റി ലോകത്തോട് പറയുക, അൽപ വിശ്വാസികളെയും അസ്ഥിരവിശ്വാസികളെയും അവിശ്വാസികളെയും ക്രിസ്തുവിനെ അടുക്കൽ എത്തിക്കുക. ദൈവ വിളിയിൽ വെല്ലുവിളികൾ ഉണ്ട്. പക്ഷേ വിളിച്ചവൻ വിശ്വസ്തനാണെന്ന ഉത്തമബോധ്യത്തോടെ ശിഷ്യത്വത്തിന്റെ നിയോഗങ്ങളുമായി നമ്മൾ മുന്നോട്ടു പോകണം
ശിക്ഷ്യത്വ നിയോഗങ്ങളിലേക്ക് ഞങ്ങളെ വിളിച്ച വിശ്വസ്തനായ ദൈവമേ, ദൈവവിളിയിലെ കാര്യവിചാരകത്വം വിശുദ്ധിയെ തികച്ചു നിറവേറ്റുവാൻ കൃപാവരങ്ങൾ നൽകി ഞങ്ങളെ പ്രാപ്തരാക്കണമെന്ന് യേശു കർത്താവിന്റെ അത്ഭുത നാമത്തിൽ അപേക്ഷിക്കുന്നു.
-ഫാ. ഡോ. ഏ. പി. ജോർജ്