സ്വയം മാപ്പുകൊടുക്കുക

ജീവിതത്തിലെ പരാജയങ്ങളും തെറ്റുകളും അബദ്ധങ്ങളുമൊക്കെ വലിയ  അപമാനഭാരവും ലജ്ജയും ഉണ്ടാക്കാറുണ്ട്. സമാധാനവും സന്തോഷവും സ്വാതന്ത്ര്യബോധവും  പ്രതിസന്ധിയിലാക്കുന്ന വികാരങ്ങളാണ് ലജ്ജയും അപമാനഭാരങ്ങളും.

മറ്റുള്ളവരുടെ വിമർശനത്തെക്കാൾ  അസഹ്യമാണ് മനസ്സാക്ഷിയുടെ കുറ്റപ്പെടുത്തൽ: 'നീ പരാജയമാണ്, നിന്റെ മാന്യത നഷ്ടപ്പെട്ടു,  നിന്റെ വീഴ്ച ലോകം ഒരിക്കലും മറക്കില്ല... ' തുടങ്ങിയ വൃണപ്പെടുത്തുന്ന മനസ്സാക്ഷിയുടെ ക്രൂരമ്പുകളുണ്ടാക്കുന്ന വേദന അസഹ്യമാണ്.

            ജീവിതത്തിൽ സംഭവിച്ചുപോയ നിർഭാഗ്യകരമായ വീഴ്ചയുടെ പേരിൽ, ഇനി ജീവിക്കുന്നതിലർത്ഥമില്ല,  എല്ലാവാതിലുകളും അടഞ്ഞു,  എല്ലാം നശിച്ചു,  ദൈവം ശിക്ഷിക്കുകയാണ്... എന്നൊക്കെയുള്ള വഴിതെറ്റിയ ചിന്തകളുടെ ചുഴിയിൽ മുങ്ങിത്താഴ്ന്നു  പോകരുത്. തിരുവചനം നൽകുന്ന പ്രത്യാശാദൂതിൽ മനസ്സുറപ്പിച്ച് പിടിച്ചുനിൽക്കണം:

' ആകയാൽ ഇപ്പോൾ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവർക്ക് ശിക്ഷാവിധി ഇല്ല. എന്തെന്നാൽ യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ  നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽ നിന്ന് സ്വതന്ത്രമാക്കി ഇരിക്കുന്നു '(റോമർ 8:1)

ക്രിസ്തുവിനെ സ്വീകരിക്കുകയും ക്രിസ്തുവിനോട് പാപക്ഷമ യാചിക്കുകയും ചെയ്താൽ എന്നെയും നിങ്ങളെയും ദൈവം കുറ്റവിമുക്തരാക്കും. കുറ്റബോധത്തിന്റെയും  അപമാനഭാരത്തിന്റെയും ചുഴിയിൽ മുങ്ങിത്താഴുന്നവർക്ക്  ഒരുപക്ഷെ  ഈ പരമസത്യം ഉൾക്കൊള്ളാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടായേക്കാം.  സംശയിക്കേണ്ട,  ഇത് നീതിയുള്ള ന്യായാധിപനായ ദൈവത്തിന്റെ വാക്കുകളാണ്.

സർവ്വ ലോകത്തിനും പാപപരിഹാര ബലിയായി കാൽവറിയിൽ സ്വയം യാഗമായി സമർപ്പിച്ച യേശുക്രിസ്തുവിന് ക്ഷമിക്കാൻ കഴിയാത്ത ഒരു അപരാധവും ഇല്ല.

ദൈവം പാപക്ഷമ നൽകിയാലും മനസ്സാക്ഷി കുറ്റപ്പെടുത്തൽ  തുടർന്നേക്കാം.  അത് വൈകാരിക മേഖലകളിൽ  പ്രതിസന്ധികളുണ്ടാക്കും. നിയമലംഘനത്തിന് കോടതി കഠിനശിക്ഷയ്ക്ക് വിധിച്ചേക്കാം.  പക്ഷേ നിരാശപ്പെടരുത്,   നിങ്ങളുടെ പശ്ചാത്താപവും മാനസാന്തരവും അംഗീകരിച്ച് ദൈവത്തിന്റെ കോടതി പാപക്ഷമ നൽകും.  ക്രിസ്തുവിലൂടെ ദൈവമുമ്പാകെ നീതികരിക്കപ്പെട്ടിരിക്കുന്നതിൽ  സന്തോഷിക്കണം. ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിരിക്കുന്നത് നിത്യതയിലെ വലിയ അവകാശമാണെന്നോർക്കണം.
ക്രിസ്തുവിൽ നിന്ന് പാപക്ഷമ ലഭിച്ച് ക്രിസ്തുവിനോടൊപ്പം പറുദീസയിൽ കടന്നപ്പോഴും, ക്രൂശിലെ കള്ളൻ കോടതിരേഖകളിൽ കുറ്റവാളി ആയിരുന്നു.

          മനസ്സിലെ കുറ്റബോധവും അപമാനഭാരവും ലഘൂകരിക്കാൻ ചില കാര്യങ്ങൾ  ചെയ്യാവുന്നതാണ്:
>കടക്കാർക്കും  മുറിവേൽപ്പിച്ചവർക്കും ചൂഷണം ചെയ്തവർക്കും
    മാപ്പു കൊടുക്കുമെങ്കിൽ ദൈവത്തിന്റെ പാപക്ഷമയും സൗഖ്യവും
    നമ്മിലേക്ക് ഒഴുകിയെത്തും.
>നമ്മുടെ അപരാധങ്ങൾക്ക് നിരുപാധികം മാപ്പ് തന്ന
     ദൈവത്തേക്കാൾ പ്രാധാന്യം മനസാക്ഷിയുടെ
     വിമർശനങ്ങൾക്ക്‌  കൊടുക്കരുത്.
>ഒന്ന് നാലുവീതം മടക്കി കൊടുക്കുക,  മാപ്പ് ചോദിക്കുക, 
       മുറിവേൽപ്പിച്ചവരുടെ പുനരധിവാസത്തിനു വേണ്ടി
       പ്രായശ്ചിത്തം ചെയ്യുക ...തുടങ്ങിയ സമീപനങ്ങളൾ മനസ്സിലെ
       കുറ്റബോധത്തിന്റെ സാന്ദ്രത കുറയ്ക്കും.
> അപമാനഭാരത്തിന്റെ നൊമ്പരവും സഹനങ്ങളും
         അനുഭവിച്ചവ്യക്തി എന്ന നിലയിൽ വീണുപോയവർക്കു 
         കനിവും സാന്ത്വനവും വൈകാരിക പിന്തുണയും നൽകുന്നതും 
         അവരെ കല്ലെറിയുന്നവർക്കിടയിലൂടെ ധാർമ്മികപിന്തുണ
          നൽകി സൗഖ്യദായകനായ ക്രിസ്തുവിലേക്ക് കൈപിടിച്ചു
          നടത്തുന്നതുമൊക്കെ ഉദാത്തസമീപനങ്ങളാണ്.

        കുറ്റബോധത്തിന്റെ  ലജ്ജഭാരം ചുമക്കുന്ന പ്രിയ സുഹൃത്തുക്കളെ, 
 അത്താണിയായ ക്രിസ്തുവുള്ളപ്പോൾ അപമാനഭാരം ചുമന്ന് നിരാശയിൽ ജീവിക്കേണ്ട കാര്യമില്ല.
ക്ഷമിക്കാൻ കർത്താവുണ്ട്. ഭാരങ്ങൾ ഇറക്കി വെക്കാൻ കാൽവരികുരിശിൽ ചുവടുണ്ട്.
സ്വർഗ്ഗത്തിലെ അപ്പന്റെ പ്രിയപ്പെട്ട മകനും മകളുമായി തുടർന്നും അഭിമാനത്തോടെ ജീവിക്കാൻ  ദൈവം വഴികൾ ഒരുക്കും.

        ദൈവത്തിന്  നിന്നെപ്പറ്റി ഇനിയും ശുഭപ്രതീക്ഷകളും നിന്നെ കൊണ്ട് ചെയ്യിക്കാൻ നിയോഗങ്ങളുമുണ്ട്. സധൈര്യം ക്രിസ്തു സവിധത്തിലേക്ക് കടന്നുചെല്ലു. തകർന്ന പാത്രങ്ങളെ പുതിയ പാത്രങ്ങളാക്കുന്ന സ്വർഗ്ഗീയ കുശവൻ നിന്നെ പ്രയോജനമുള്ള ശ്രേഷ്ഠപാത്രമാക്കും. അവൻ  ഒരുനാളും ഉപേക്ഷിക്കില്ല, തള്ളിക്കളയില്ല, അനാഥരായി വിടില്ല.

പശ്ചാത്താപത്തിലൂടെ ക്രിസ്തുവിൽ നിന്ന് പാപക്ഷമ ലഭിച്ചുകഴിഞ്ഞാൽ പിന്നെ പാപഭാരം ചുമന്ന് അപരാധിയെപ്പോലെ ജീവിക്കരുത്. മനസാക്ഷിയുടെ കുറ്റപ്പെടുത്തൽ അവസാനിപ്പിക്കുവാൻ വഴിയൊന്നേയുള്ളു :
സ്വയം മാപ്പ് കൊടുക്കുക

-ഫാ. ഡോ. ഏ. പി. ജോർജ്