ഫ്രീ ഗിഫ്റ്റ് ഓഫ് ഫോർഗിവ്നെസ്സ്

ലഹരിആസക്തിയും ലൈംഗിക വൈകൃതങ്ങളും മാർക്ക് എന്ന യുവാവിന്റെ ജീവിതം പെരുവഴിയിലാക്കി. ന്യൂയോർക്ക് നഗരത്തിൽ കുടുംബമായി അഭിമാനത്തോടെ ജീവിച്ചിരുന്ന മാർക്കിന്റെ  ജീവിതത്തിൽ കടന്നുവന്ന ഈ രണ്ട് പാപങ്ങൾക്ക് കനത്ത വില കൊടുക്കേണ്ടി വന്നു.

കുടുംബ- ദാമ്പത്യബന്ധവും  ആരോഗ്യവും തകർന്നതുമൊക്കെ വലിയ ആഘാതങ്ങൾ ആയിരുന്നു. ജോലി നഷ്ടപ്പെട്ട് തെരുവിൽ അലഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസ്സാക്ഷി  ക്രൂരമായി കുറ്റപ്പെടുത്തുവാൻ തുടങ്ങി. ലഹരിക്ക് പണമില്ലാതെ മനോനില തെറ്റി ലക്ഷ്യമില്ലാതെ അലഞ്ഞു നടന്നപ്പോൾ ഒരു ദേവാലയം ശ്രദ്ധയിൽപ്പെട്ടു. എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയോടെ പുരോഹിതനെ നേരിൽ കാണുവാൻ തീരുമാനിച്ചു.

തന്റെ ജീവിതത്തിന്റെ ദുരന്തപതനത്തെപ്പറ്റി പുരോഹിതനുമായി സംസാരിച്ചപ്പോൾ വലിയൊരു ആശ്വാസം തോന്നി. പാപത്തെ വെറുക്കുകയും  പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവത്തെ പുരോഹിതൻ പരിചയപ്പെടുത്തി . പാപം വിട്ട് ഒഴിയുകയും പാപക്ഷമ നേടുകയും മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നുള്ള മോചനത്തിനുള്ള ഏകമാർഗ്ഗം എന്ന ഉപദേശം മാർക്കിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി.

തന്റെ ലൈംഗിക, ധാർമിക അധപതനത്തിന് ശേഷം ദാവീദ് എഴുതിയതാണ് മുപ്പത്തിരണ്ടാം സങ്കീർത്തനം എന്ന് വിശ്വസിക്കപ്പെടുന്നു. വ്യഭിചാരവും കൊലപാതകവും മനസ്സിലുണ്ടാക്കിയ ആന്തരീയ  അസ്വസ്ഥതകളെ പറ്റി വികാരഭരിതമായിട്ടാണ് ദാവീദ് വിവരിക്കുന്നത്:

'ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ്‌ എന്‍െറ ശരീരം ക്‌ഷയിച്ചുപോയി.
രാവുംപകലും അങ്ങയുടെ കരംഎന്‍െറ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്‍െറ ശക്‌തി വരണ്ടുപോയി.'
സങ്കീര്‍ത്തനങ്ങള്‍ 32 : 3-4

പാപം മനസ്സിൽ നിലനിന്നപ്പോൾ വൈകാരിക ചിന്താതലങ്ങളിൽ ഉണ്ടാക്കിയ കൊടുങ്കാറ്റും അസ്വസ്ഥതകളും ശാന്തമാക്കാൻ സൈന്യാധിപനും പ്രബലനും രാജാവുമായ ദാവീദിനുപോലും   കഴിഞ്ഞില്ല. ആദ്യമൊക്കെ അന്തരംഗത്തിലെ   അസ്വസ്ഥതകൾ അവഗണിക്കാൻ ശ്രമിച്ചെങ്കിലും കുറ്റബോധത്തിന്റെ  തീവ്ര ഗർജ്ജനത്തിൽ  ഹിസ്  ഹൈനസ് നടുങ്ങിപ്പോയി. 'സ്റ്റേജ്ഫോറി'ലെത്തിയ പാപരോഗം ആത്മശരീര മനസ്സിലുണ്ടാക്കിയ പ്രതിസന്ധികൾ പരിഹരിക്കാൻ രാജകീയ സംവിധാനങ്ങൾക്കും കൊട്ടാര വൈദ്യൻ മാർക്കും കഴിഞ്ഞില്ല.

ഉറങ്ങാത്ത രാത്രികളും  ഉത്സാഹമില്ലാത്ത പകലുകളും  മനസ്സിലെ വികാര മരവിപ്പും ദാവീദിനെ  മിസറബിളാക്കി, തകർത്തുകളഞ്ഞു.

അന്തരംഗത്തിൽ ആളിക്കത്തിയ അഗ്നിപർവ്വതം ഒടുവിൽ കെട്ടടങ്ങിയത് എങ്ങനെയെന്ന് ദാവീദ് വെളിപ്പെടുത്തുന്നുണ്ട്:
'എന്‍െറ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു; എന്‍െറ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്‍െറ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്‍െറ പാപം അവിടുന്നു ക്‌ഷമിച്ചു.'
സങ്കീര്‍ത്തനങ്ങള്‍ 32 : 5

നമുക്കും മറ്റുള്ളവർക്കും ക്ഷതവും തകർച്ചയും ഉണ്ടാക്കിയ പാപത്തിന്റെ  പ്രതിസന്ധികൾക്കുള്ള പരിഹാരം ദൈവ മുമ്പാകെ പശ്ചാത്താപത്തോടെ ചെല്ലുക എന്നത് മാത്രമാണ്.
ഹൃദയ കാഠിന്യവും പ്രതികാരവും ഡൈവോഴ്സും  ലഹരിയും ആത്മഹത്യയും ഒന്നും അതിന് പരിഹാരമാവില്ല. അതൊക്കെ പ്രതിസന്ധികൾ  വർദ്ധിപ്പിക്കുകയേയുള്ളു. 
 പാപത്തിന്റെ കുറ്റബോധവും നഷ്ടബോധവുമാകുന്ന മനോഭാരങ്ങൾ  ആർക്കും അധികാകാലം ചുമക്കാൻ പറ്റില്ല. മനസാന്തരത്തിനു തയ്യാറാകാതെ ഹൃദയകാഠിന്യത്തോടെ   ദിവസങ്ങൾ നീണ്ടു പോകുന്തോറും പാപഭാരത്തിന്റെ  സാന്ദ്രത ഇരട്ടിയും ഇരട്ടിയുടെ ഇരട്ടിയുമായി വർദ്ധിച്ചുകൊണ്ടിരിക്കും.

 സുബോധം വന്നപ്പോൾ അപ്പന്റെ സ്നേഹത്തിലേക്ക് തിരിച്ചുചെന്ന്  ധൂർത്തപുത്രൻ മാപ്പ് ചോദിച്ചു. അപ്പോൾ അവന്റെ എല്ലാ പ്രതിസന്ധികൾക്കും പരിഹാരമായി. കീഴടങ്ങാൻ തയ്യാറില്ലാത്ത ധിക്കാര മനോഭാവത്തോടെ  അവൻ മുന്നോട്ടു പോയിരുന്നെങ്കിൽ അവന്റെ ജീവിതം ദുരന്തപൂർണമായ തീർന്നേനെ.

പാപം മൂലമുള്ള പ്രതിസന്ധികൾക്കുള്ള ശാശ്വതപരിഹാരം കർത്താവിൽ നിന്നുള്ള പാപക്ഷമ മാത്രമാണ്. അതുകൊണ്ടാണ് ദാവീദ് ഹൃദയം തുറന്ന് ഇങ്ങനെ പാടിയത്:
'ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.'- സങ്കീർത്തനങ്ങൾ 32:1-2 

പാപഭാരങ്ങളുണ്ടാക്കുന്ന  ആന്തരീയ  പ്രതിസന്ധികളും ബന്ധങ്ങളിലെ തകർച്ചയും പരിഹരിക്കുവാൻ ക്രിസ്തുവിന്റെ  പാപക്ഷമമാത്രമാണ് പരിഹാരം. അതിന് പകരം തെരഞ്ഞെടുക്കുന്ന മറ്റെല്ലാ മാർഗ്ഗങ്ങളും പരാജയമായിരിക്കും. തിരുവചനം ഗ്രഹിക്കാത്ത  ജഡിക മനുഷ്യർ പറഞ്ഞുതരുന്ന എളുപ്പവഴികളും  കുറുക്കുവഴികളും  പ്രശ്നം വഷളാക്കുകയേയുള്ളൂ.

ശരീരത്തിലെ രോഗാണുക്കളെ നീക്കം ചെയ്യാതെ,  അത് അവയവങ്ങളിൽ ഉണ്ടാക്കിയ വ്യതിയാനങ്ങൾ  ചിട്ടപ്പെടുത്താതെ  രോഗം സുഖമാവില്ല. വ്രണങ്ങൾ ക്ലീൻ ചെയ്ത് മരുന്നു പുരട്ടാതെ ബാൻഡേജ് കൊണ്ട് മറച്ചാൽ ഹീലിംഗ് നടക്കില്ല.
അതുപോലെ, ജീവിതത്തിൽ നിന്നും പാപം നീങ്ങിപ്പോകാതെ, പാപക്ഷമ ലഭിക്കാതെ, ക്രിസ്തുവിന്റെ രക്തത്താൽ കഴുകപ്പെടാതെ ജീവിത  പ്രതിസന്ധികൾ തീരില്ല. ഈ സത്യം തിരിച്ചറിഞ്ഞ ദാവീദ് പറഞ്ഞു:

'ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു.'- സങ്കീർത്തനങ്ങൾ 66:18 

പാപ പ്രതിസന്ധികൾ മൂലം ദുരന്തം അനുഭവിക്കുന്നവരെ കണ്ടുമുട്ടുമ്പോൾ നാം ചൂണ്ടി കാണിക്കേണ്ടത് ക്രിസ്തുവിനെയാണ്,  പറഞ്ഞു കൊടുക്കേണ്ടത് ക്രിസ്തുവിന്റെ പാപക്ഷമയെ പറ്റിയാണ്. കോമൺസെൻസ് ഉപദേശങ്ങളും താൽക്കാലിക പരിഹാരമാർഗ്ഗങ്ങളും പ്രശ്നത്തിന്  ശാശ്വത പരിഹാരമാവില്ല.

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നമ്മുടെ പാപം മൂലം ആയിരിക്കണമെന്നില്ല. എന്നാൽ നമ്മുടെയും പ്രിയപ്പെട്ടവരുടെയും പ്രതിസന്ധികൾക്ക് പിന്നിൽ പാപം ഒരു പ്രധാന കാരണമാണെന്ന് തിരിച്ചറിഞ്ഞാൽ അതിനെ അവഗണിക്കരുത്. പാപപരിഹാര ബലിയായി തീർന്ന ക്രിസ്തു മാത്രമാണ് ഏക പരിഹാര മാർഗ്ഗം. സൗഖ്യദായകന്റെ  അടുത്ത് ചെല്ലാൻ മടിക്കരുത്,  വൈകരുത്.

യേശുക്രിസ്തുവിന്റെ ത്യാഗബലി പാപങ്ങൾക്ക് പരിഹരമാണ്. പാപം തകർത്തുകളഞ്ഞ, ദൈവവും മനുഷ്യരുമായുള്ള ബന്ധങ്ങൾ യഥാസ്ഥാനപ്പെടുത്തി സജീവമാക്കാൻ സഹായകമാകും. നഷ്ടപ്പെട്ട രക്ഷയുടെ സന്തോഷം തിരികെ ലഭിക്കും. സ്ഥിരതയുള്ള ആത്മാവിന്റെ  ചൈതന്യം പുനഃസ്ഥാപിച്ച് തകർന്ന ജീവിതം  വീണ്ടും  പ്രവർത്തനക്ഷമമാകും. 
-ഫാ. ഡോ. ഏ. പി. ജോർജ്