ഓരോ അടഞ്ഞ വാതിലും ജീവിതത്തിലെ ഒരോ ദിവ്യ വഴിത്തിരിവുകളാണ്.
“മനുഷ്യന് തന്റെ മാര്‍ഗം ആലോചിച്ചുവയ്ക്കുന്നു; അവന്റെ കാലടികളെ നിയന്ത്രിക്കുന്നത് കര്‍ത്താവാണ്.” (സുഭാഷിതങ്ങള്‍ 16:9)
നമ്മുടെ ജീവിതം വാതിലുകളിലൂടെയുള്ള ഒരു നിരന്തര യാത്രയാണ്. ചില വാതിലുകൾ നമ്മുടെ മുൻപിൽ വിശാലമായി തുറക്കപ്പെടുന്നു; മറ്റു ചിലത് നാം ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അടയ്ക്കപ്പെടുന്നു. നാം ഏറെ കൊതിക്കുകയും, തുറക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്ത പല വാതിലുകളും നമുക്ക് മുൻപിൽ തുറക്കപ്പെടാതിരുന്നിട്ടുണ്ട്. ആ നിമിഷങ്ങളിൽ, അങ്ങേയറ്റത്തെ നിരാശയോടെ "കർത്താവേ, എന്തുകൊണ്ട്?" എന്ന് നാം പലപ്പോഴും ചോദിച്ചിട്ടുണ്ടാകും.
എന്നാൽ ഒരു കാര്യം നാം തിരിച്ചറിയണം: ഓരോ അടഞ്ഞ വാതിലും നമ്മുടെ പ്രാർത്ഥനയ്ക്കുള്ള ദൈവത്തിന്റെ തിരസ്കരണമല്ല; മറിച്ച്, അത് പലപ്പോഴും അവിടുത്തെ ദിവ്യമായ വഴി തിരിച്ചുവിടലാണ്. ദൈവം നമ്മെ നയിക്കുകയും, സംരക്ഷിക്കുകയും, തന്റെ തിരുഹിതത്തിനായി നമ്മെ പ്രത്യേകമായി ഒരുക്കുകയുമാണ് ചെയ്യുന്നത്. കഥയറിയാതെ നാം അക്ഷമരാകാറുണ്ട്, ദൈവത്തോട് പരാതിപ്പെടാറുണ്ട്, എളുപ്പവഴികൾ തേടാറുണ്ട്. എന്നാൽ അവയൊന്നും അഭിലഷണീയ മാർഗ്ഗങ്ങളല്ല. ദൈവം നമുക്കായി മറ്റൊരു വാതിൽ തുറക്കുന്നത് വരെ പ്രാർത്ഥനയോടെയും പരിശ്രമത്തോടെയും കാത്തിരിക്കുന്നതാണ് ഉത്തമം.
അടഞ്ഞ വാതിലുകളെ ദൈവം എങ്ങനെയാണ് ദിവ്യവഴിത്തിരിവുകളായി ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കുന്ന മൂന്ന് പ്രധാന ബൈബിൾ പാഠങ്ങൾ നമുക്ക് പരിശോധിക്കാം.
1. ദൈവം നമ്മെ സംരക്ഷിക്കാൻ ചില വാതിലുകൾ അടയ്ക്കുന്നു
നമ്മുടെ ജീവിതത്തിൽ നാം പോലുമറിയാതെ ദോഷകരമോ അപകടകരമോ ആത്മീയ തകർച്ചയുണ്ടാക്കാവുന്നതുമായ ചില ചുവടുവെപ്പുകൾ നാം നടത്താറുണ്ട്. അത്തരം പ്രതിസന്ധിഘട്ടങ്ങളിൽ, നാം പ്രവേശിക്കാൻ അതിയായി ആഗ്രഹിച്ച വാതിലുകൾ ദൈവം കരുണയോടെ അടയ്ക്കും. മനുഷ്യന്റെ ആദ്യ പാപത്തിന് ശേഷം, ഏദൻ തോട്ടത്തിൽ നിന്ന് അവനെ പുറത്താക്കി ദൈവം ആ വാതിൽ അടച്ചു. ഒറ്റനോട്ടത്തിൽ അതൊരു ശിക്ഷയായി തോന്നാമെങ്കിലും, ഉല്പത്തി 3:22 വ്യക്തമാക്കുന്നത് അതിലെ ദൈവീക കരുണയാണ്. പാപപൂർണമായ അവസ്ഥയിൽ ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിച്ച്, രക്ഷയുടെ യാതൊരു പ്രത്യാശയുമില്ലാതെ ദൈവത്തിൽ നിന്നകന്ന് മനുഷ്യൻ എന്നേക്കും ജീവിക്കാതിരിക്കാൻ വേണ്ടിയാണ് ദൈവം ആ വാതിലടച്ചത്.
ചരിത്രത്തിൽ, നിരവധി മിഷനറിമാർ ചില പ്രത്യേക രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കാൻ പ്രാർത്ഥിച്ചൊരുങ്ങിയിട്ടും അവർക്ക് മുൻപിൽ വാതിലുകൾ അടയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പിന്നീട് അവർ തിരിച്ചുവിടപ്പെട്ട പുതിയ ദേശങ്ങളിൽ വലിയ ആത്മീയ നവീകരണങ്ങൾ നടന്നു. ദൈവം "ഇല്ല" അല്ലെങ്കിൽ "കാത്തിരിക്കുക" എന്ന് പറയുമ്പോൾ, അത് അവിടുത്തെ വെളിപ്പെടുത്താത്ത കരുണയായിരിക്കാം. നമുക്ക് മുൻകൂട്ടി കാണാൻ കഴിയാത്തത് അവിടുന്ന് കാണുന്നു. യെശയ്യാവ് 55:8-ൽ കർത്താവ് അരുളിച്ചെയ്യുന്നു: "എന്തെന്നാൽ എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല, നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല." വാതിലുകൾ അടയുമ്പോൾ ഈ സത്യം നാം എപ്പോഴും ഓർക്കണം.
2. വലിയ നിയോഗങ്ങൾക്കായി ഒരുക്കാൻ ദൈവം വാതിലുകൾ അടയ്ക്കാറുണ്ട്.
ചിലപ്പോൾ ചില വാതിലുകൾ തുറക്കപ്പെടാൻ വൈകും. ദൈവം നമ്മെ ഏൽപ്പിക്കാൻ പോകുന്ന വലിയ നിയോഗങ്ങൾ ഏറ്റെടുക്കാനുള്ള പക്വതയും യോഗ്യതയും നാം നേടിയെടുക്കുന്നതിനു വേണ്ടിയാകാം ആ കാലതാമസം. യോസേഫിന്റെ ജീവിതം ഇതിനൊരു ഉത്തമ ഉദാഹരണമാണ്. അതിമഹത്തായ സ്വപ്നങ്ങൾ അവനുണ്ടായിരുന്നെങ്കിലും, അവൻ ശക്തനും പ്രാപ്തനുമാകുന്നതുവരെ ദൈവം എല്ലാ വാതിലുകളും അടച്ചു. സ്വന്തം സഹോദരന്മാരാൽ വിൽക്കപ്പെട്ട്, അടിമയായി, ഒടുവിൽ ജയിലിനുള്ളിൽ അവൻ അടയ്ക്കപ്പെട്ടു (ഉല്പത്തി 39–40). എന്നാൽ ആ അടഞ്ഞ വാതിലുകൾക്കുള്ളിലെ ഏകാന്തതയിൽ കിടന്നാണ് യോസേഫ് ഈജിപ്തിലെ പ്രധാനമന്ത്രിയാകാനുള്ള ഭരണ നൈപുണ്യവും സഹനശേഷിയും ആർജ്ജിച്ചത്. അവൻ്റെ ഉയർച്ചയ്ക്ക് മുൻപുള്ള തയ്യാറെടുപ്പുകളായിരുന്നു ആ അടഞ്ഞ വാതിലുകൾ.
അമേരിക്കൻ പ്രസിഡൻ്റായിരുന്ന എബ്രഹാം ലിങ്കൻ്റെ ജീവിതത്തിലും തുടർച്ചയായ പരാജയങ്ങളുടെ വാതിലുകളായിരുന്നു. ബിസിനസ്സ് തകർച്ചകൾ, തിരഞ്ഞെടുപ്പ് പരാജയങ്ങൾ, വൈകാരിക തകർച്ചകൾ... എന്നിട്ടും തളരാതെ മുന്നോട്ട് പോയ അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളായി മാറി. അടഞ്ഞ വാതിലുകൾക്ക് മുൻപിൽ ദൈവം നമ്മെ നിർത്തുമ്പോൾ, ദീർഘക്ഷമ, വിനയം, വിശ്വാസം, പക്വത, ക്ഷമിക്കാനുള്ള മനസ്സ് എന്നിവ അവിടുന്ന് നമ്മെ പഠിപ്പിക്കുകയാകാം. യാക്കോബ് 1:3-4 പറയുന്നു: "വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള് നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും."
3. ശരിയായ ദിശയിലേക്ക് വഴിതിരിച്ചുവിടാൻ ദൈവം വാതിലുകൾ അടയ്ക്കാറുണ്ട്.
നമ്മുടെ ലക്ഷ്യങ്ങളിൽ നിന്ന് പൂർണ്ണമായും ദൈവഹിതത്തിലേക്ക് നമ്മെ തിരിച്ചുവിടാനും അവിടുന്ന് വാതിലുകൾ അടയ്ക്കാറുണ്ട്. അപ്പസ്തോലന്മാരുടെ പ്രവൃത്തികൾ 16:6–10 ൽ ഇതിന്റെ മനോഹരമായ ഒരു ചിത്രമുണ്ട്. പൗലോസ് ഏഷ്യയിൽ സുവിശേഷം പ്രസംഗിക്കാൻ ആഗ്രഹിച്ചു, പക്ഷേ പരിശുദ്ധാത്മാവ് ആ വഴി വിലക്കി അവരെ മാസിഡോണിയയിലേക്ക് തിരിച്ചുവിട്ടു. "ഇല്ല, ഈ വഴിക്ക് തിരിയുക" എന്ന ദൈവത്തിന്റെ ആ ഇടപെടൽ, യൂറോപ്പിലേക്ക് സുവിശേഷം എത്തുവാൻ കാരണമായിത്തീർന്നു. ആ ഒറ്റ ദിവ്യവഴിത്തിരിവാണ് ലോക ക്രിസ്തുമതത്തിന്റെ ചരിത്രഗതി തന്നെ മാറ്റിയത്.
പഴയനിയമത്തിൽ, മോവാബിലെ ജീവിതത്തിൽ നവോമിക്കും രൂത്തിനും മുൻപിൽ പ്രത്യാശയുടെ വാതിലുകൾ മരണവും ക്ഷാമവും കൊണ്ട് അടഞ്ഞുപോയി. എന്നാൽ ആ അടഞ്ഞ വാതിലുകൾ രൂത്തിനെ ബെത്ലഹേമിലേക്ക് തിരിച്ചുവിട്ടു. അവിടെ അവൾ ബോവസിനെ കണ്ടുമുട്ടുകയും, ദാവീദിന്റെ പൂർവ്വികയും യേശുക്രിസ്തുവിന്റെ വംശാവലിയിലെ കണ്ണിയുമായി തീരുകയും ചെയ്തു. ദൈവം നമ്മെ വഴിതിരിച്ചുവിടുമ്പോൾ തുടക്കത്തിൽ നാം അസ്വസ്ഥരാകാം. എന്നാൽ അതൊരു കാലതാമസമല്ല, മറിച്ച് കൂടുതൽ ശോഭനമായ ഭാവിയിലേക്കുള്ള കൃത്യമായ വഴിതിരിച്ചുവിടലാണ്.
പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതത്തിലെ ഓരോ അടഞ്ഞ വാതിലുകൾ പ്രതീക്ഷകളുടെ അവസാനമല്ല. വേഷംമാറി വരുന്ന പുതിയ തുടക്കങ്ങളാണവ. നിങ്ങളുടെ ഒരു ജോലി നഷ്ടപ്പെട്ടാലും, ഒരു ബന്ധം തകർന്നാലും, ഒരു പദ്ധതി പരാജയപ്പെട്ടാലും, ഒരു സ്വപ്നം താത്കാലികമായി നിലച്ചുപോയാലും നിരാശപ്പെടരുത്—ദൈവം ഇപ്പോഴും നിങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്. അവിടുത്തെ പൂർണ്ണമായി വിശ്വസിക്കുക.
ദൈവം ഒരു വാതിൽ അടയ്ക്കുമ്പോൾ, അതിലും ശ്രേഷ്ഠമായ മറ്റൊന്ന് അവിടുന്ന് നിങ്ങൾക്കായി തുറക്കും. മനുഷ്യദൃഷ്ടിയിൽ നിസ്സാരമെന്ന് തോന്നുന്ന വാതിലുകളായിരിക്കും ഒരുപക്ഷേ വിശാലതയിലേക്കും മഹത്വത്തിലേക്കുമുള്ള യഥാർത്ഥ പ്രവേശനകവാടങ്ങൾ.
"കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും." സദൃ. 3:5–6
അടഞ്ഞ വാതിലുകൾക്ക് മുൻപിൽ പകച്ചുനിൽക്കാതെ, പുതിയ വഴികൾ തുറക്കുന്ന വാതിലുകളുടെ തമ്പുരാനിൽ നമുക്ക് പ്രത്യാശ വയ്ക്കാം. അവിടുന്ന് നമ്മുടെ കാലടികളെ കൃത്യമായി നിയന്ത്രിക്കുക തന്നെ ചെയ്യും.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )