ഉടമസ്ഥൻ ദൈവം

'നിങ്ങള്‍ ഭൂമി എന്നേക്കുമായി വില്‍ക്കരുത്‌. എന്തെന്നാല്‍, ഭൂമി എന്റേതാണ്‌. നിങ്ങള്‍ പരദേശികളും കുടികിടപ്പുകാരുമാണ്‌.'
ലേവ്യര്‍ 25 : 23

നിങ്ങൾ അവകാശമാക്കുന്ന കാനാൻ ദേശത്തിന്റെ ഉടമസ്ഥാവകാശം എനിക്കായിരിക്കുമെന്ന് ദൈവം ഇസ്രായേൽ മക്കളോട് കല്പിച്ചു. അത്യാഗ്രഹം, മെറ്റിരിയലിസം എന്നിവയിൽ നിന്നും ജനം ഒഴിഞ്ഞിരിക്കണമെന്ന് ഓർമപ്പെടുത്തുവനാണ് ദൈവം ഈ കല്പ്പന പുറപ്പെടുവിച്ചത്.

ഈ ഭൂമിയുടെയും അതിലെ സകല അനുഗ്രഹങ്ങളുടെയും കാര്യവിചാരകർ മാത്രമാണ് നമ്മൾ. ഉടമസ്ഥൻ ദൈവമാണ്.
രാഷ്ട്രത്തിന്റെയും സഭയുടെയും ദേവാലയത്തിന്റെയും ഉടമസ്ഥനും പരമാധികാരിയും ദൈവമാണ് :

മത്തായി 16 : 18
'ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.'

മത്തായി 21 : 13
'അവന്‍ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു.'

നമ്മളെല്ലാം ദൈവത്തിനുവേണ്ടി ഈ ദേശം കാത്തുസൂക്ഷിക്കുന്ന കുടികിടപ്പുകാർ മാത്രമാണ്. ഉടമസ്ഥാവകാശങ്ങൾക്കുവേണ്ടിയുള്ള യുദ്ധങ്ങളും  വ്യക്തികൾ തമ്മിലുള്ള പോരാട്ടങ്ങളും കൊണ്ട് ചരിത്രത്തിന്റെ താളുകൾ പങ്കിലമായിരിക്കുന്നു. വളരെ ചുരുക്കം ചിലർ മാത്രമേ എല്ലാം ദൈവത്തിന്റെ വകയാണ് എന്ന് അറിഞ്ഞ് സംതൃപ്തിയോടും സമാധാനത്തോടും കൂടെ ജീവിക്കുന്നുള്ളു.

സ ദൃ. 15:16
'ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പ ധനം ഉള്ളതു നന്നു.'

ഭൂമിയിലെ താൽക്കാലിക ജീവനക്കാർ മാത്രമാണെന്ന തിരിച്ചറിവില്ലാത്തവരുടെ ജീവിതം മുഴുവൻ കാറ്റിനെപിടിക്കുവാനുള്ള ഓട്ടമായിരിക്കും- സ്ഥാനമാനങ്ങളും ഭൗതിക സമ്പത്തും  വെട്ടിപിടിക്കാനും തട്ടിയെടുക്കാനുമായുള്ള തേരോട്ടം. ഒടുവിൽ എല്ലാം ഇവിടെ ഉപേക്ഷിച്ച്, ലഗ്ഗെജില്ലാത്ത മടക്ക യാത്രയും.
അതേ, ഉടമസ്ഥൻ ദൈവമാണ്.

കുറഞ്ഞ ആവശ്യങ്ങളും മാക്സിമം പൊരുത്തപ്പെടലുമാണ് സന്തോഷകരമായ ജീവിതത്തിന്റെ രണ്ട് സുപ്രധാന ഘടകങ്ങൾ.

-ഫാ. ഡോ. ഏ. പി. ജോർജ്