സർവാധികാരി ദൈവമാണേ

ആരൊക്കെയാണ് നിത്യ രക്ഷയുടെ അർഹരെന്നു തീരുമാനിക്കുന്നത്  ദൈവമാണ്. ദൈവത്തിന്റെ ദാനമായ നിത്യരക്ഷയെപ്പറ്റി എഫെസ്യ ലേഖനത്തിൽ പൗലോസ് അപ്പോസ്തോലൻ പരിചയപ്പെടുത്തുന്നുണ്ട്:

വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്‌.
അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല.
എഫേസോസ്‌ 2 : 8-9

ഓരോരുത്തരുടെയും നിത്യ രക്ഷക്കുള്ള മാനദണ്ഡം തീരുമാനിക്കുന്നത് ദൈവമാണ്.   അവിവേകികൾക്കും  അറിവില്ലാത്തവർക്കുമാണ്   ദൈവം മുൻഗണന കൊടുക്കുന്നത് എന്നത്  തികച്ചും ആശ്ചര്യകരമാണ്.

എങ്കിലും വിജ്‌ഞാനികളെ ലജ്‌ജിപ്പിക്കാന്‍ ലോക ദൃഷ്‌ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്‌തമായവയെ ലജ്‌ജിപ്പിക്കാന്‍ ലോകദൃഷ്‌ടിയില്‍ അശക്‌തമായവയെയും.
നിലവിലുള്ളവയെ നശിപ്പിക്കുവാന്‍വേണ്ടി ലോകദൃഷ്‌ട്യാ നിസ്‌സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്‌മയെത്തന്നെയും ദൈവം തെരഞ്ഞെടുത്തു.
1 കോറിന്തോസ്‌ 1 : 27-28

നിസ്സാരരും  അപ്രസക്തരും  ഔദ്യോഗിക അംഗീകാരം ഇല്ലാത്തവരും ദുർബലരേയുമൊക്കെയാണ്  വലിയ കാര്യങ്ങൾ ചെയ്യാൻ ദൈവം തിരഞ്ഞെടുക്കുന്നത്.  ദാനമായ നിത്യ  രക്ഷയ്ക്ക് കൂടുതൽ പരിഗണന കൊടുക്കുന്നതും അവർക്കാണ്.

ബാഹ്യ ശ്രേഷ്ഠതകൾ നോക്കി മനുഷ്യരെ പ്രശംസിക്കുകയും ടെസ്റ്റും ഇന്റർവ്യൂ നടത്തി ബുദ്ധിശാലികളെ  തെരഞ്ഞെടുക്കുകയും ചെയ്യുന്ന മനുഷ്യന്റെ സമീപനത്തിന്  വിപരീതമാണ് ദൈവത്തിന്റെ സെലക്ഷൻ മെത്തേഡ്.  ഇത് വിചിത്രവും മനസ്സിലാക്കാൻ പ്രയാസമുള്ളതും ആണ്.

ദൈവത്തിന്റെ ഈ അസാധാരണമായ തിരഞ്ഞെടുപ്പിനു പിന്നിലെ
കാരണങ്ങൾ പലതാണെന്ന് തിരുവചനം പറയുന്നു:

വിവേകശാലികളെന്ന് അഹങ്കരിക്കുന്നവരെ ലജ്ജിപ്പിക്കുവാൻ വേണ്ടിയാണ് ദൈവം  ചെറിയവരെ തിരഞ്ഞെടുക്കുന്നത്. ലോകത്തിന്റെ അറിവും അക്കാദമിക് ഡിഗ്രിയും ഒക്കെ അപൂർണ്ണമായ  അറിവുകൾ ആണെന്നും അതിന്റെ പേരിൽ ആരും ജീനിയസ്സുകളായി അഹങ്കരിക്കാതിരിക്കുന്നതിനും വേണ്ടിയാണ് നിസ്സാരരെ  ദൈവം കൈപിടിച്ച് ഉയർത്തുന്നത്.

   നിത്യരക്ഷ  സൽപ്രവൃത്തികൾ കൊണ്ട് നേടാമെന്ന തെറ്റിദ്ധാരണ  തിരുത്തുന്നതിന് വേണ്ടിയാണ് 'പാപിയായ എന്നോട് കരുണ തോന്നണമേ ' എന്ന്  ഹൃദയം പൂർവ്വം  അപേക്ഷിച്ച ചുങ്കക്കാരന് മാത്രം നീതീകരണം  നൽകിയത്.
അതേ, ഹൃദയ വിചാരത്തിൽ  അഹങ്കരിക്കുന്നവരെ അവൻ ചിതറിക്കുന്നു എന്ന മേരിമാതാവിന്റെ വാക്കുകൾ എത്ര അർത്ഥപൂര്ണമാണ്  - ലുക്കോസ് 1:51.

ലോകം ചവിട്ടിമെതിക്കുന്ന ദുർബലരുടെ പക്ഷത്താണ് എപ്പോഴുംദൈവം.   മോശ, ഗിദയോൻ,   മേരി മാതാവ്,  ശിഷ്യന്മാർ തുടങ്ങിയവരെ  തെരഞ്ഞെടുത്തപ്പോൾ അവരുടെ എളിമയും  ഇല്ലായ്മയും പോരായ്മയും ആത്മാവിലെ ദരിദ്രാവസ്ഥയും ഒക്കെയാണ് ഡിസയറബിൾ ക്വാളിറ്റി ആയി ദൈവം കണ്ടത്.

ഇന്ന് സമ്പത്തിലും അധികാരത്തിലും ശക്തരായി വിരാജിക്കുന്നവരെല്ലാം  ഒരിക്കൽ ദൈവം തിരഞ്ഞെടുത്തപ്പോൾ അനേകം പരിമിതികൾ ഉള്ളവരായിരുന്നു. രാജസ്ഥാനമേൽക്കുന്ന തിനുമുമ്പ് നിസ്സഹായനായി പ്രാർത്ഥിച്ച 12 വയസ്സുള്ള ശലോമോനെപ്പോലെ  വിനീതരായിരുന്നു. അപകർഷതാബോധവും ആത്മവിശ്വാസക്കുറവും ഒക്കെ അവരുടെ അന്നത്തെ പ്രശ്നങ്ങളായിരുന്നു. അവരുടെ എളിമയും സമർപ്പണവും കണ്ട് ദൈവം  ശക്തരാക്കി  രാജ്യവും ശക്തിയും അധികാരവും ലഭിച്ചവരാണ്. ജീവിതത്തിൽ എത്ര വലിയവരായാലും  ഈ സത്യം മറക്കരുത്.

എന്താണ് കർത്താവേ ധാരാളം ജ്ഞാനികളും  കായിക ശേഷിയുള്ളവരും തറവാട്ടു പാരമ്പര്യമുള്ളവരും ദൈവശാസ്ത്രത്തിൽ അത്യുന്നത ബിരുദവും ബിരുദാനന്തരബിരുദവും ഉള്ള ശാസ്ത്രിമാരും പരീശന്മാരും ജനപ്രിയ നായകരായുള്ളപ്പോൾ  ഏഴകളെയും അജ്ഞരേയും അവിടുന്ന് തെരഞ്ഞെടുക്കുന്നത്?

ഉയർച്ചയും വളർച്ചയുമൊക്കെ  ദൈവത്തിന്റെ ദാനമാണെന്നും അതിന് മനുഷ്യന്റെ കഴിവുകൾ ഒന്നും ആവശ്യമില്ലെന്നും തെളിയിക്കുവാൻ.

ദൈവം നൽകിയ അധികാരത്തിൽ അഹങ്കരിക്കുന്നവർ നിസ്സാരരാണെന്ന് ബോധ്യപ്പെടുത്തുവാൻ വേണ്ടിയാണ്  വലിയവരെ സിംഹാസനത്തിൽ നിന്ന് മറിച്ചിടുന്നത്.

ആരുടെയും വ്യക്തിപ്രഭാവമോ  ഭരണ സാമർത്ഥ്യമോ കൊണ്ടല്ല ദിവ്യനിയോഗങ്ങൾക്ക് തെരഞ്ഞെടുത്തതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാൻ വേണ്ടിയാണ് തനിക്ക് ബോധിച്ച വിനീതരെ അധികാരികൾ ആക്കുന്നത്.

പശ്ചാത്താപവും സമർപ്പണവും വിനയവും ഉള്ളവർക്ക് ദൈവം നൽകുന്ന ദാനമാണ് പാപക്ഷമയും വീണ്ടെടുപ്പും നിത്യ രക്ഷയുമെന്ന്   വെളിപ്പെടുത്തുവാൻ വേണ്ടിയാണ്  പ്രാർത്ഥിക്കാൻ വന്ന ചുങ്കക്കാരന്  നീതികരണം നൽകിയത്.

സർവ്വ ലോകത്തിന്റെയും ഗാലക്സിയുടെയും നിർമ്മാതാവും നിയന്ത്രിതവും ആണ് ദൈവം. ഓരോരുത്തരുടെയും  ഡെസ്റ്റിനേഷൻ  തീരുമാനിക്കുന്നത് ദൈവമാണ്. സകല പ്രപഞ്ചവും ചരാചരങ്ങളും ഭ്രമണം ചെയ്യുന്നത് ദൈവത്തിനു ചുറ്റുമാണ്. എല്ലാത്തിന്റെയും ഉടമസ്ഥനും സർവ്വാധികാരിയും ദൈവമാണെന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് എളിയവരെ ഉയർത്തുകയും സ്വയം ഉയർത്തുന്നവരെ താഴ്ത്തുകയും ചെയ്യുന്നത്.

ഒരിക്കലും രക്ഷപ്പെടില്ല എന്നും രക്ഷപ്പെടാൻ യാതൊരു യോഗ്യതയും ഇല്ലെന്നും ലോകം വിധിയെഴുതിയ ക്രൂശിലെ കള്ളനെയും പാപിനിയെയും  നിത്യരക്ഷയിലേക്കും പാപക്ഷമയിലേക്കും വീണ്ടെടുത്ത്  കൈപിടിച്ചു നടത്തി രക്ഷകൻ തന്റെ സർവ്വാധികാരം വെളിപ്പെടുത്തി.

ലക്ഷണമൊത്ത വിവേകികളും ജ്ഞാനികളും ശാസ്ത്രി പരീശന്മാരും മഹിതാചാര്യന്മാരും ഹേറൊദേസും  ഉണ്ടായിരുന്നിട്ടും സകല ജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ആട്ടിടയന്മാരുടെ അറിയിച്ച ദൈവമേ,  പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നും ഇറക്കി താഴ്മ  ഉള്ളവരെ ഉയർത്തുന്ന ദൈവമേ, വിശന്നിരിക്കുന്നവരെ നന്മകളാൽ നിറച്ച് സമ്പന്നൻമാരെ വെറുതെ അയച്ചു കളയുന്ന ദൈവമേ,  ഭയപ്പെടുന്നവർക്ക് കരുണ തലമുറതലമുറയോളം കൊടുക്കുന്ന ദൈവമേ, അടിച്ചമർത്തപ്പെട്ടവരോട് പക്ഷം ചേരുന്ന ദൈവമേ, ഞങ്ങളുടെ എളിമയിലും  താഴ്മയിലും  കടാക്ഷിക്കേണമേ. സ്വയത്തിൽ അഹങ്കരിച്ച നാളുകളെ ഓർത്ത് പശ്ചാത്തപിക്കുന്നു,  മാപ്പ് ചോദിക്കുന്നു.
നിന്റെ അധികാരത്തിലും അവകാശത്തിലും  ആയിരിക്കുന്ന പാപക്ഷമയും വീണ്ടെടുപ്പും  നിത്യരക്ഷയും നൽകി ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ.
-ഫാ. ഡോ. ഏ. പി. ജോർജ്