ഉല്പത്തി 29:31-32
'ലേയാ യാക്കോബിന് അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവൾ അവന്നു രൂബേൻ എന്നു പേരിട്ടു.'
ആരും സ്നേഹിക്കാത്തവരെയും, എല്ലാവരാലും തള്ളപ്പെട്ടവരെയും ദൈവം സ്നേഹിക്കും, അവരുടെ പക്ഷം ചേരും. അവരുടെ ഏകാന്തതയും കണ്ണുനീരും ദു:ഖവും കാണുന്ന ദൈവം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കും.
യിസ്രായേലിലെ വലിയതും ശ്രേഷ്ഠവുമായ രണ്ടു ഗോത്രങ്ങളുടെ അമ്മയായിത്തീരുവാൻ ലേയക്ക് ഭാഗ്യം ലഭിച്ചു. ലേവിയും യെഹൂദയും - കര്‍ത്താവായ യേശുക്രിസ്തു മനുഷ്യാവതാരം ചെയ്തതും യെഹൂദ ഗോത്രത്തിലാണ്.
കുടുംബ- ദാമ്പത്യ- ഔദ്യോഗിക മേഖലകളിൽ ഒറ്റപ്പെടുത്തപെടുമ്പോൾ എതിർക്കാനും വിദ്വേഷപ്രകടനങ്ങൾക്കും പോകരുത്. അത് കൂടുതൽ മുറിവുകൾ ഉണ്ടാക്കുകയേയുള്ളു. ഹൃദയനൊമ്പരങ്ങൾ കർത്താവിൽ സമർപ്പിച്ചു പ്രാർത്ഥിക്കണം. ഹാഗറിന്റെയും ലേയയുടെയും കണ്ണുനീർ കണ്ട് കാര്യം നടത്തികൊടുത്തവൻ നിനക്കും നീതി നടത്തിതരും. നമ്മുടെ കർത്താവിന് കഴിയാത്ത കാര്യമുണ്ടോ?
'ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്.'
1 പത്രോസ് 5 : 6
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ