ദൈവത്തിന്റെ സ്വന്തം മാതാപിതാക്കൾ

 മാതാപിതാക്കളെ ദൈവം ഭരമേല്പിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ അനന്തമാണ്, അനവധിയാണ്.

പിതാവാം ദൈവത്തിന്റെ സൽഗുണങ്ങളെ മക്കൾക്ക് റിഫ്ലെക്റ്റ് ചെയ്യുവാനുള്ളതാണ് പേരന്റിങ്ങിന്റെ ഒന്നാമത്തെ നിയോഗം. ഇത്  വളരെ വെല്ലുവിളി നിറഞ്ഞ ചുമതലയാണ്.

മാതാപിതാക്കൾ കുട്ടികളുടെ കാണപ്പെട്ട ദൈവമാണെന്ന് പറയാറുണ്ട്. മാതാപിതാക്കൾക്ക് ദൈവമാകാനും ദൈവത്തെപോലെ ആകുവാനും ഒരിക്കലും കഴിയില്ല.  ദൈവത്തിനുവേണ്ടി മക്കളുടെ സ്നേഹപരിപാലനം  മാതാപിതാക്കൾ നിസ്വാർത്ഥമായി നിർവഹിക്കുന്നതു കൊണ്ട്, സമൂഹം നൽകുന്ന  ആദരവായിരിക്കാം ഈ വിശേഷണം. മാതാപിതാക്കൾ   കുഞ്ഞുങ്ങളുടെ രക്ഷാധികാരിയും ദാദാക്കളും മധ്യസ്ഥരും അധ്യാപകരും മാതൃകയുമാണ്.

കുടുംബത്തിൽ കുട്ടികൾക്ക് ലഭിക്കുന്ന അനുകൂലവും പ്രതികൂലവുമായ ജീവിതാനുഭവങ്ങൾ അവരുടെ  ദൈവ സങ്കൽപവും ദൈവബന്ധവും രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തും. കുട്ടികളിൽ അനുകൂല ദൈവസങ്കല്പം രൂപപ്പെടുത്തുവാനുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്വം  വളരെ പ്രധാനപ്പെട്ടതാണ്.

കുട്ടികളുടെ ആവശ്യങ്ങൾ  കണ്ടറിഞ്ഞ് നിറവേറ്റണമെന്നാണ് പേരന്റിങ്ങിന്റെ രണ്ടാമത്തെ ഉത്തരവാദിത്വം . ചോദിക്കുന്നതിലും ചിന്തിക്കുന്നതിലും അധികമായി നൽകുന്ന ദൈവത്തെയാണ് കരുതുന്ന മാതാപിതാക്കളുടെ പ്രവർത്തിയിലൂടെ  മക്കൾ മനസ്സിലാക്കുന്നത്. 
എന്നാൽ അമിത വാത്സല്യം കൊണ്ട് കുട്ടികൾ ആവശ്യപ്പെടുന്ന ആർഭാടങ്ങളും അനാവശ്യങ്ങളും  നൽകുന്നത്  ദൈവത്തെ 'മിസ് റെപ്രസന്റ്' ചെയ്യലാണ്.

കുട്ടികളുടെ ജീവിത പ്രതിസന്ധികളിലും വീഴ്ചകളിലും പരാജയങ്ങളിലും ദുഃഖങ്ങളിലും സന്തോഷത്തിലും എന്നും എപ്പോഴും കൂടെയുണ്ടായിരിക്കുമെന്ന ഉറപ്പ് മാതാപിതാക്കൾ കുട്ടികൾക്ക് കൊടുക്കണം. ഈ കെയറിങ് മിനിസ്ട്രിയിലൂടെ ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹം   കുട്ടികൾ മനസ്സിലാക്കും. ഇതാണ് മാതാപിതാക്കളുടെ മൂന്നാമത്തെ നിയോഗം.

എന്നാൽ കുട്ടികളുടെ തെറ്റായ തെരഞ്ഞെടുപ്പുകളിലും വഴിതെറ്റിയ യാത്രയിലും മാതാപിതാക്കൾ ശക്തമായി തിരുത്തുകയും നേർവഴി കാണിക്കുകയും ചെയ്യണം. അത്   ദൈവത്തിന്റെ ബാലശിക്ഷയെപ്പറ്റി കുട്ടികൾക്ക് മുന്നറിയിപ്പ് കൊടുക്കലാണ്.
തെറ്റായ വഴികൾ തിരഞ്ഞെടുത്താൽ അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടി വരുമെന്ന് ചെറുപ്പത്തിൽ പറഞ്ഞു പഠിപ്പിക്കാത്ത മാതാപിതാക്കൾ,  തിരുത്തുന്ന ദൈവ സ്നേഹത്തെ വേണ്ടവിധം പരിചയപ്പെടുത്തുന്നില്ല.

കുട്ടികളോടുള്ള അമിത സ്നേഹം മൂലം അവരുടെ തെറ്റുകൾക്ക് നേരെ കണ്ണടയ്ക്കുന്നതും ന്യായീകരിക്കുന്നതും  പേരെന്റിംഗ് നിയോഗത്തിലെ വീഴ്ചകളാണ്.  മക്കളെ പിണക്കേണ്ടെന്നു കരുതി പറയേണ്ടതും തടയേണ്ടതും അപ്പപ്പോൾ ചെയ്യാതിരുന്നാൽ പിന്നീട് ദുഃഖിക്കേണ്ടിവരും.

മക്കളുടെ കാണപ്പെടുന്ന ദൈവങ്ങളാകുവാനുള്ള പരമോന്നത നിയോഗമാണ് പേരന്റിംഗ്. തിരുവചനത്തിലൂടെ ക്രിസ്തുവിനെ അറിയുകയും ക്രിസ്തുവിൽ ജീവിക്കുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് മാത്രമേ ഈ ദൈവവിളി അനുഗ്രഹമായി നിർവഹിക്കുവാൻ കഴിയുകയുള്ളൂ.

മാതാപിതാക്കളെ ബഹുമാനിക്കണം എന്നാണ് തിരുവചനത്തിലെ ദൈവത്തിന്റെ കൽപ്പന. മക്കളുടെ ബഹുമാനം സ്വീകരിക്കാനുള്ള യോഗ്യതയും സമഗ്രതയും മാതാപിതാക്കൾക്ക് ഉണ്ടായിരിക്കേണ്ടതും ആവശ്യമാണ്.
അതുകൊണ്ടാണ് പൗലോസ് അപ്പോസ്തലൻ മാതാപിതാക്കൾക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശം നൽകിയിരിക്കുന്നത്:
'പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്‌. അവരെ കര്‍ത്താവിന്റെ ശിക്‌ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍.'
എഫേസോസ്‌ 6 : 4

പോസിറ്റീവ് പേരന്റിങ്ങിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ബുക്കുകളും വെബ്സൈറ്റുകളും സെമിനാറുകളും അനവധിയാണ്.
അതൊക്കെ പേരന്റിങ്ങിന്റെ അടിസ്ഥാന മൂല്യങ്ങളെ പറ്റി നല്ല കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുവാൻ  സഹായകമാണ്.

എന്നാൽ അവയൊന്നും ബൈബിളിന് തുല്യമാവില്ല.
അമ്മയുടെ ഉദരത്തിൽ രൂപപ്പെടുന്നതിന് മുമ്പ്  കുട്ടിയുടെ ജീവിത തിരക്കഥ എഴുതി പൂർത്തിയാക്കുന്ന സൃഷ്ടാവാം  ദൈവത്തിന്റെ തിരുവചനത്തേക്കാൾ മെച്ചവും പ്രയോജനകരവുമായ  മറ്റൊരു പേരന്റിങ് മാനുവൽ ഇതുവരെ ഉണ്ടായിട്ടില്ല,  ഇനി ഉണ്ടാവുകയുമില്ല.

കുട്ടികളിലെ സ്വഭാവ വൈകല്യങ്ങൾക്കു പിന്നിൽ ജനിറ്റിക് സ്വാധീനം, മനോ ശാരീരിക പ്രത്യേകതകൾ തുടങ്ങിയവയൊക്കെ പ്രധാന കാരണങ്ങളാണ്. അതുപോലെതന്നെ, നല്ല വിത്ത് മുള്ളുകൾക്കിടയിൽ വീണ് ഞെരുക്കപ്പെടുകയും ഫലം കായ്ക്കാതിരിക്കുകയും ചെയ്യുന്നതിന്റെ പിന്നിൽ കുടുംബത്തിന്റെ സ്വാധീനവും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ചെറുതല്ല.

'യഹോവ വീടു പണിയാതിരുന്നാൽ
പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു;
യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു...മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നെ.'  Ps. 127

-ഫാ. ഡോ. ഏ. പി. ജോർജ്