നൂറ്റിപതിനെട്ടാം സങ്കീർത്തനത്തിലെ 'യഹോവേ ഞങ്ങളെ രക്ഷിക്കേണമേ, യഹോവെ ഞങ്ങൾക്ക് ശുഭകാലം നൽകേണമേ' എന്ന പ്രാർത്ഥനയുടെ ശബ്ദഘോഷമാണ് ക്രിസ്തുവിന്റെ യെരുശലേമിലെ ജൈത്രയാത്രയിൽ ജനസഹസ്രങ്ങളിൽ നിന്ന് മുഴങ്ങികേട്ടത്.
മത-രാഷ്ട്രീയ നേതൃത്വം അടിച്ചമർത്തി അവകാശങ്ങൾ നിഷേധിച്ച് ചൂഷണം ചെയ്യപ്പെട്ട ഒരു ജനതയുടെ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അഭ്യർത്ഥനയും ആർത്ത വിലാപവുമാണ് അന്ന് ഉയർന്നുകേട്ടത് :
മത്തായി 21:9-20 'മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.'
'ഞങ്ങളെ രക്ഷിക്ക' എന്നായിരുന്നു ഹോശന്ന ഗാനത്തിലൂടെ ആ ജനസമൂഹം വിളിച്ചപേക്ഷിച്ചത്.
ലോകജനതയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ബാധയുടെയും മത -രാഷ്ട്രീയ മേഖലകളിലെ മൂല്യച്യുതിയുടെയും കുടുംബ- ദാമ്പത്യ മൂല്യങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെയും സങ്കീർണ സഹനങ്ങളിൽ നിന്നുകൊണ്ട് രക്ഷകനും വിമോചകനും ആയ യേശുക്രിസ്തുവിനെ നമുക്കും സ്തുതിക്കാം:
ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ.
പാപപൂർണമായ ലോകം നമ്മുടെ ജീവിതത്തിൽ ദുരന്തങ്ങൾ വിതയ്ക്കുമ്പോൾ കർത്താവ് നമുക്ക് തന്നിരിക്കുന്ന നാലു വാഗ്ദത്തങ്ങളിൽ നമ്മൾ മനസ്സുറപ്പിക്കണം :
നൂറ്റി ഇരുപത്തിയൊന്നാം സങ്കീർത്തനത്തിലെ കർത്താവു നൽകുന്ന സുരക്ഷിതത്വമാണ് ഒന്നാമത്തേത്.
സങ്കീർത്തനങ്ങൾ
121:1-2 ആരോഹണഗീതം. ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
രണ്ടാമത്തേത്, യെശയ്യാ പ്രവചനത്തിലെ ദിവ്യ സാന്നിധ്യത്തിന്റെ വാഗ്ദത്തം ആണ്.
യെശയ്യാ
43:1-3 ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.
നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.
മൂന്നാമത്തേത്, വീണ്ടെടുപ്പിന്റെ വാഗ്ദത്വമാണ്.
എഫെസ്യർ 1:7 അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
നിത്യതയുടെ വാഗ്ദത്തം ആണ് നാലാമത്തേത്.
യോഹന്നാൻ 3:16 'തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.'
ലോകത്തിലെ ഒരു മത- രാഷ്ട്രീയ നേതാവിനും സിദ്ധാന്തങ്ങൾക്കും നൽകുവാൻ കഴിയാത്ത അത്ഭുത വാഗ്ദത്തങ്ങൾ ആണ് കർത്താവ് നമുക്ക് തന്നിരിക്കുന്നത്. ഈ വാഗ്ദത്തങ്ങളുടെ അവകാശി കളായ മക്കളാണ് നമ്മൾ.
ഈ വർഷത്തെ ഓശാന പെരുന്നാൾ ഈ സമുന്നത വാഗ്ദത്തങ്ങളുടെ പ്രത്യാശയിലും ധൈര്യത്തിലും നമ്മുടെ മനസ്സിനെ ഉറപ്പിക്കാൻ സഹായകമാകട്ടെ. മീഡിയയിലെ ഭീതിപ്പെടുത്തുന്ന വാർത്തകൾക്ക് പകരം ഹോശന്ന ഗാനങ്ങളാൽ നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാം.
'യേശുവേ, രക്ഷകാ, ഹോശാന്ന. കർത്താവിന്റെ നാമത്തിൽ വന്ന ഉന്നതനെ സ്തോത്രം' എന്ന് ആത്മാവിൽ നിറഞ്ഞ് നമ്മൾ പാടുമ്പോൾ ക്രിസ്തുവിന് ഓശാന പാടിയ ശിശുബാലകരുടെയും ജനസഹസ്രങ്ങളുടെയും ആഹ്ലാദലഹരിയിലേക്കും പ്രത്യാശയിലേക്കും നമ്മുടെ മനസ്സ് പറന്നുയരും. കർത്താവു തരുന്ന സുരക്ഷിതത്വവും അവന്റെ ദിവ്യ സാന്നിധ്യവും വീണ്ടെടുപ്പും അവൻ ഒരുക്കിയിരിക്കുന്ന നിത്യതയുടെ പ്രത്യാശയിലും മനസ്സിനെ ഉറപ്പിക്കുമ്പോൾ അസ്വസ്ഥമായ മനസ്സ് ശാന്തമാകും. കഷ്ടങ്ങളും കണ്ണുനീരും സാരമില്ലെന്ന് ചിന്തിക്കുവാനും പ്രത്യാശിക്കുകയും നമുക്ക് കഴിയും. കാഴ്ചയാലല്ല, വിശ്വാസത്തിൽ നമ്മൾ ഒരുക്കുന്ന ഈ മെന്റൽ സെറ്റ് സൗഖ്യദായകമാണ്.
വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ശക്തി നൽകുന്നതാണ്.
കാൽവരി ബലിയിലൂടെ നമ്മെ വീണ്ടെടുത്ത നിത്യ രക്ഷകനും വീണ്ടെടുപ്പുകാരനുമായ കർത്താവിന് ഹോശാന.
പ്രിയപ്പെട്ട വിറ്റ്നസ് ഗ്രൂപ്പ് സുഹൃത്തുക്കൾക്ക് അനുഗ്രഹീതമായ ഹോശാന പെരുന്നാളിന്റെ പ്രാർത്ഥനയും ശുഭാശംസകളും.
-ഫാ. ഡോ. എ. പി. ജോർജ്ജ്