ഹംബിൾ മേരി

ദൈവം ഉയർത്തുമ്പോൾ സ്വയം ഉയർത്തുന്നവരും
അഹങ്കരിക്കുന്നവരും  അനവധിയാണ്. ബൈബിൾ കഥാപാത്രങ്ങളിൽ നെബൂഖദ്നേസർ, ശൗൽ, സാംസൺ, ശലോമോൻ,  യൂദാസ് സ്കറിയോത്ത, ശാസ്ത്രി പുരോഹിതർ എന്നിവരൊക്കെ   ഇതിന് ഉദാഹരണങ്ങളാണ്. ദൈവം നൽകിയ അനുഗ്രഹങ്ങളിൽ അഹങ്കരിച്ചവരെ  ഏൽപ്പിച്ച യോഗങ്ങളിൽ നിന്നും വിടർത്തി നിസ്സഹായതയുടെ വഴിയിലൂടെ നടത്തിയ ദൈവത്തിന്റെ നീതി നിർവഹണത്തിന്റെ  ബൈബിൾ സാക്ഷ്യം അനവധിയാണ്.

വിനയാന്വിതരായിരുന്ന പലരും ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങളും പദവിയും സമ്പത്തും പ്രശസ്തിയും  അധികാര സ്ഥാനങ്ങളും ലഭിച്ചു കഴിയുമ്പോൾ  അഹങ്കാരികളും കനിവില്ലാത്ത  വരുമായി തീരാറുണ്ട്. യഹോവ ഭക്തിയിലൂടെ ലഭിക്കുന്ന ജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെ യും അഭാവമാണ് ഇവരുടെ പ്രശ്നം.

എന്നാൽ അർഹതയില്ലാത്ത അനുഗ്രഹങ്ങളും ഉന്നത പദവിയും സമൃദ്ധിയും ഒക്കെ നൽകി ദൈവം വലുതാക്കുമ്പോൾ സ്വയം ചെറുതാകുന്ന അപൂർവ്വം ചിലരുമുണ്ട്. ഉയർച്ചയിലും താഴ്ചയിലും ദൈവഭക്തിയുടെയും സമർപ്പണത്തിന്റെയും  സന്തുലിതാവസ്ഥ കൈവിടാത്ത  ദൈവ ഭക്തരാണ് ഇവർ.
ചെങ്കോലും കിരീടവും ദൈവം നൽകിയപ്പോൾ ദാവീദ് പറഞ്ഞത്: ' 1 ദിനവൃത്താന്തം 17:16  യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?

യഹോവ സമ്പന്നമായി തന്നപ്പോഴും  തന്നതെല്ലാം തിരിച്ചെടുത്തപ്പോഴും പകരം യാതനകൾ ത ന്നപ്പോഴും യഹോവയുടെ നാമം വാഴ്ത്തിയ വലിയ ഭക്തനായിരുന്നു ഇയ്യോബ്.
ഞാൻ കുറയുകയും  അവൻ വളരുകയും വേണമെന്നു  പറഞ്ഞ സ്നാപക യോഹന്നാനും
'ബലം എന്നേക്കും ദൈവത്തിനുള്ളത്' എന്ന് പറഞ്ഞ പത്രോസും  'ഞാൻ പാപികളിൽ പ്രധാനി,  എല്ലാം എനിക്ക് ലഭിച്ചതാണ്, ദാനമാണ്; നിന്നതല്ല ദൈവം നിർത്തിയതാണ്' എന്നു  സാക്ഷ്യം പറഞ്ഞ  പൗലോസും ഒക്കെ അനവധി അനുഗ്രഹങ്ങൾക്ക് മുമ്പിൽ വിനയപൂർവ്വം തലകുനിച്ചവരാണ്.

ഇവരെക്കാൾ ഒക്കെ വിനയത്തിന്റെ  വിസ്മയ സാക്ഷിയായി തീർന്നവളാണ് മേരി മാതാവ്. മറ്റുള്ളവർക്ക് ഭൗതിക അനുഗ്രഹങ്ങളും ആത്മീയ നന്മകളും കൊടുത്തപ്പോൾ വചനം ജഡമാകാൻ   തന്റെ ശരീരം സമർപ്പിക്കാനുള്ള ഉന്നത നിയോഗവും അനന്തകൃപയുമാണ് മേരി മാതാവിന് ദൈവം നൽകിയത്.  ഇതുവരെ ആർക്കും ലഭിക്കാത്തതും ഇനി ആർക്കും ലഭിക്കുവാൻ സാധ്യത ഇല്ലാത്തതുമായ അത്യുൽകൃഷ്ട പദവി ലഭിച്ചവളാണ് മേരി മാതാവ്.

സ്വർഗ്ഗീയ ദൂതൻ 'കൃപ നിറഞ്ഞവളെ പരിശുദ്ധാത്മാവ് നിന്റെ മേൽ വരും,  സർവ്വശക്തന്റെ  ശക്തി നിന്റെ മേൽ നിഴലിടും, നിന്നിൽ നിന്ന് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ ആയിരിക്കും' എന്ന് പറഞ്ഞപ്പോഴും; സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ,  കർത്താവിന്റെ മാതാവാണ്, ഭാഗ്യവതിയാണ് എന്ന് പരിശുദ്ധാത്മാവ് നിറഞ്ഞ എലിസബത്ത് അഭിനന്ദിച്ചപ്പോഴും  മേരി മാതാവിന്റെ  പ്രതികരണം വിനയവും  എളിമയും  താഴ്മയും  നിറഞ്ഞതായിരുന്നു: ' ഞാൻ കർത്താവിന്റെ ദാസി, അവിടുത്തെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ' എന്നായിരുന്നു.
സ്വന്തം പുത്രൻ ദൈവ മഹത്വത്തിന്റെ  ഉജ്ജ്വലതാരമായി പ്രകാശിച്ചപ്പോഴും  ക്രൂശിൽ ബലിയാടായി സമർപ്പിക്കപ്പെട്ടപ്പോഴും മരണത്തെ  ജയിച്ചു  ഉയർത്തെഴുന്നേറ്റപ്പോഴും  എല്ലാം ഉള്ളത്തിൽ സംഗ്രഹിച്ച് വിനയാന്വിതയായി അവൾ ജീവിച്ചു. ആൾക്കൂട്ടത്തിനു മുമ്പിൽ കയറിനിന്ന് ബന്ധവും സ്വന്തവും പറഞ്ഞ്  അവകാശവാദം ഉന്നയിക്കാനും ആളാകാനും അവൾ  ശ്രമിച്ചില്ല.

അപേക്ഷകളുമായി തന്റെ അടുത്തെത്തുന്ന  മക്കളോട് മേരി മാതാവിനു  പറയാനുള്ളത് എന്തായിരിക്കും?
അത്ഭുതം പ്രവർത്തിക്കുന്നത് ദൈവമാണ്. അതിനുള്ള സമയം നിശ്ചയിക്കുന്നതും വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും ഒക്കെ ദൈവത്തിന്റെ അധികാരത്തിൽപെട്ട കാര്യമാണ്. 'കർത്താവിന്റെ ദാസി അവിടുത്തെ ഇഷ്ടം പോലെ എനിക്കു ഭവിക്കട്ടെ' എന്നു പറഞ്ഞ് ആരംഭിച്ച് അ  വസാനിപ്പിച്ച ജീവിതമായിരുന്നു എന്റെത്.  എന്റെ ജീവിതത്തിലെ ഭൗതിക പരിമിതികളും ഇല്ലായ്മകളും അവസാനംവരെ തുടർന്നിരുന്നു, പരിഹരിക്കപ്പെട്ടിരുന്നില്ല. അതൊന്നും ദൈവത്തിന്റെ ദാസിയായുള്ള സമർപ്പിത ജീവിതത്തിന് ഒരു തടസ്സമായി എനിക്ക് തോന്നിയിട്ടില്ല. ദൈവത്തോടു കൂടിയുള്ള അല്പമാ  ണ് ദൈവം ഇല്ലാതെയുള്ള അധികത്തേക്കാൾ നല്ലത്  എന്നാണ് എന്റെ അഭിപ്രായം.

സമ്പത്തിന്റെ  ആധിക്യത്തിലല്ല ഭാഗ്യവും ജീവിതത്തിന്റെ സംതൃപ്തിയും ഒക്കെ ഇരിക്കുന്നത്. ദൈവത്തിന്റെ വചനം ജീവിതത്തിൽ അനുവർത്തിക്കുന്നവരാണ് ഭാഗ്യവാന്മാർ.
എല്ലാ ഭൗതിക അനുഗ്രഹങ്ങളും നേടിയെടുക്കാനുള്ള ഉപാധിയായി വിശ്വാസത്തെയും ദൈവഭക്തിയെയും കാണരുത്. മക്കൾക്ക് ആവശ്യമുള്ളതെന്തൊക്കെഎന്ന്  ചോദിക്കുന്നതിനു മുമ്പേ സ്വർഗ്ഗസ്ഥ പിതാവിനറിയാം. എല്ലാം യഥാസമയം ഒരു കുറവു മില്ലാതെ നടത്തിതരും. അവനെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമുറതലമുറയോളം ഉണ്ടായിരിക്കും. വിശന്നിരിക്കുന്നവരെ കർത്താവു  നന്മകളാൽ നിറെക്കും. നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതി പരമ്പരകൾക്കും എന്നേക്കും കരുണചെയ്യും.

ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ഉറച്ചു വിശ്വസിക്കണം. വികാര പക്വതയില്ലാത്ത കൊച്ചുകുട്ടികളെപ്പോലെ നിർബന്ധം പിടിക്കരുത്, ഒച്ച വയ്ക്കരുത്.  പ്രാർത്ഥനയുടെ മറുപടിക്ക് ദൈവത്തിന്റെ സമയംവരെ ക്ഷമയോടെ കാത്തിരിക്കാൻ പഠിക്കണം.

ആദ്യം അവന്റെ രാജ്യവും നീതിയും അന്വേഷിക്കുമ്പോൾ ബാക്കിയെല്ലാം യഥാസമയം ദൈവം നടത്തി തരും.
വിശ്വാസത്തിന്റെയും  പ്രത്യാശയുടേയും  വീഞ്ഞി  ല്ലാത്ത ശൂന്യമായ ഹൃദയമാണ്  ജീവിത പ്രതിസന്ധികൾക്കു പിന്നിലെ പ്രധാന  കാരണം. ഹൃദയ മൺപാത്രത്തിൽ പശ്ചാത്താപത്തിന്റെ  കണ്ണുനീർ കൊണ്ട് വക്കോളം നിറയ്ക്കുമ്പോൾ, കർത്താവ് പറയുന്നത് അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുമ്പോൾ,  സർവ്വശക്തൻ വാഴ്ത്തി അനുഗ്രഹിച്ച്  പുതു ശക്തിയും പുതു ജീവനും സമൃദ്ധിയായി വർധിപ്പിച്ച് തരും.
മരണത്തിന്റെ  അവസാനനിമിഷം യോഹന്നാന്റെ കയ്യിൽ എന്റെ ചുമതല ഏൽപ്പിച്ച കർത്താവ് നിങ്ങളെ ഒരിക്കലും അനാഥരായി വിടില്ല. നേരായി നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുക യില്ല.
  കുടുംബം, മാതാപിതാക്കൾ, ദാമ്പത്യം, ഇടയത്വം   തുടങ്ങിയ ദൈവവിളികളിൽ  വെല്ലുവിളികൾ ഉണ്ട്. ഹൃദയത്തിലൂടെ സഹനങ്ങളുടെ വാളുകൾ കടക്കുന്ന അനുഭവങ്ങളുണ്ടാകും. മാറ്റുവാൻ കഴിയാത്ത ദുരിത കാസകൾ കർത്താവ് കൈയിൽ തരുമ്പോൾ സന്തോഷത്തോടെ കൈനീട്ടി സ്വീകരിക്കണം.  ഞാൻ കർത്താവിന്റെ ദാസൻ- ദാസി, എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം പോലെ ഭവിക്കേണമെയെന്ന  പ്രാർത്ഥനയോടെ പിന്മാറാതെ, ഇടറി പോകാതെ കഷ്ടതകളുടെ  കുരിശുമായി മുന്നോട്ടുപോകണം. താങ്ങും കരങ്ങൾ പിറകിലുണ്ടാകും.

ദൈവമേ, അവിടുന്ന് ഏൽപ്പിച്ച നിയോഗങ്ങൾ പൂർത്തിയാക്കാൻ പരിശുദ്ധാത്മ വരദാനങ്ങളും  മേരി മാതാവിന്റെ വിനയവും  സമർപ്പണവും ഞങ്ങൾക്ക് തരേണമേ.

-ഫാ. ഡോ. ഏ. പി. ജോർജ്