ഇടറിവീഴുവൻ ഇടവരുത്തില്ല...

'എന്റെ സഹോദരരേ, വിവിധ പരീക്‌ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍.'
യാക്കോബ്‌ 1 : 2

  ജീവിത സഹനങ്ങളിലും പരീക്ഷണങ്ങളിലും എങ്ങനെയാണ് നമുക്ക്  സന്തോഷിക്കുവാൻ കഴിയുക?

രോഗിയായിരിക്കുമ്പോൾ, ശത്രുക്കളിൽ നിന്നും പീഡനം ഏൽക്കുമ്പോൾ, കുടുംബ ബന്ധങ്ങളിൽ ഇടർച്ചയുണ്ടാകുമ്പോൾ,  സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോൾ...  എങ്ങനെയാണ് സന്തോഷിക്കുവാൻ സാധിക്കുന്നത്?
ഇത്തരം ജീവിത പ്രതിസന്ധികളിൽ ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വാസ്തവമായും നമ്മൾ വിശ്വസിക്കുന്നുണ്ടെങ്കിൽ മാത്രമേ നമുക്ക് സന്തോഷിക്കുവാൻ കഴിയുകയുള്ളൂ. തിരുവചനത്തെ നമ്മുടെ ജീവിതത്തിന് അനുകൂലമായി വളച്ചൊടിക്കുമ്പോഴല്ല,  തിരുവചനത്തിന് അനുകൂലമായി നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റുമ്പോഴാണ് പ്രതികൂലതകളിൽ സന്തോഷിക്കുവാൻ കഴിയുന്നത്.

നമ്മെ ശക്തരാക്കുവാൻ വേണ്ടിയാണ് ദൈവം ചില പ്രതികൂലതകളെ നമ്മുടെ ജീവിതത്തിൽ അനുവദിക്കുന്നത്. യാക്കോബ് ഈ മർമ്മം തുടർന്ന് പറയുന്നുണ്ട്:

'എന്റെ സഹോദരരേ, വിവിധ പരീക്‌ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍.
എന്തെന്നാല്‍, വിശ്വാസം പരീക്‌ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക്‌ അതില്‍ സ്‌ഥിരത ലഭിക്കുമെന്ന്‌ അറിയാമല്ലോ.
ഈ സ്‌ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും.'
യാക്കോബ്‌ 1 : 2-4

പരീക്ഷണങ്ങൾ ദൈവത്തിന്റെ നിയന്ത്രണത്തിലാണ്.
നമ്മളറിയാത്ത അനേകം പരീക്ഷണ സാഹചര്യങ്ങളിൽ  നിന്ന് ദൈവം നമ്മെ ഒഴിവാക്കുകയും രക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ചില പരീക്ഷണങ്ങൾ നമ്മുടെ വിശ്വാസത്തിന്റെ പരിശോധനയാണ്. നമ്മെ ശക്തരും പ്രാപ്തരും  ആക്കുവാനുള്ള ദൈവത്തിന്റെ പദ്ധതിയും കൂടിയാണ് മറ്റുചില പരീക്ഷണങ്ങൾ.
ക്രിസ്തീയ പക്വത നേടുവാനും പരീക്ഷണങ്ങൾ സഹായകമാണ് .
ഏതുതരം പരീക്ഷണങ്ങൾ വേണമെന്ന് തെരഞ്ഞെടുക്കുവാൻ  നമുക്ക് സാധിക്കില്ല. പക്ഷേ പരീക്ഷണങ്ങളെ  എങ്ങനെ  നേരിടണം,  അതിജീവിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ചിലർ പരീക്ഷണങ്ങളെ ഭയന്ന് ജീവിതത്തിൽ നിന്നും ഒളിച്ചോടാറുണ്ട്. ' ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‌കിയത്‌; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്‌. (2 തിമോത്തേയോസ്‌ 1 : 7) അതുകൊണ്ട് ജീവിത പ്രതിസന്ധികളിൽ ഭീരുകളായി നമ്മൾ പിന്തിരിഞ്ഞ് ഓടേണ്ട കാര്യമില്ല.
മറ്റുചിലർ ഭയാശങ്കകളോടെ ദൈനംദിനം കത്തിയെരിഞ്ഞു ജീവിക്കും. എന്നാൽ,  ദൈവത്തിന്റെ വിസ്മയ വാഗ്ദാനങ്ങളിൽ ഉറപ്പും പ്രത്യാശയുമുള്ളവർ ദൈവകൃപയിൽ ആശ്രയിച്ച് പ്രശാന്ത മനസ്സോടെ മുന്നോട്ടു പോകും.

ശത്രുവിനെ ഭയന്ന് കാട്ടിലൂടെ നടന്നപ്പോൾ നിർഭയനായി തനിക്ക് ഉറങ്ങാൻ കഴിഞ്ഞതിനെപ്പറ്റി ദാവീദ് പറയുന്ന സാക്ഷ്യം ഇങ്ങനെയാണ് :
'ഞാന്‍ ശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങു എനിക്കു സുരക്‌ഷിതത്വം നല്‍കും.
സങ്കീര്‍ത്തനങ്ങള്‍ 4 : 8

എല്ലാ ജീവിത പരീക്ഷണങ്ങളും ദുരന്തങ്ങളും ശാപമാണ്, ദൈവകോപമാണ്, എന്റെ കഴിവുകേടാണ്... തുടങ്ങിയ നിഷേധാത്മ കാഴ്ചപ്പാടിൽ കാണാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ ഗോസിപ്പും പരാതികളും പരിഭവങ്ങളും കേട്ട് നമ്മൾ അസ്വസ്ഥരാകേണ്ടതില്ല.

പാപം അധിവസിക്കുന്ന ലോകത്ത് ജീവിക്കുന്ന എല്ലാവരുടെ ജീവിതത്തിലും  കഷ്ടതകളും ദുരന്തങ്ങളും ഉണ്ടാകും. ദുരന്ത സഹനത്തിന്റെ തിരമാലകൾ നീന്തിക്കടന്നാണ് എല്ലാവരും  മറുകരയിൽ എത്തുന്നത്.
പരീക്ഷണ സഹനങ്ങളെ ദൈവാശ്രയത്തോടെ അതിജീവിച്ച്,  വിജയിക്കുമ്പോൾ നമ്മൾ കൂടുതൽ ശക്തരാകും.
അതുകൊണ്ട്, ദൈവം അനുവദിച്ചു വരുന്ന സഹന പരീക്ഷണങ്ങളിൽ പോസിറ്റീവ് മെന്റൽ സെറ്റ് നിലനിർത്തുമെങ്കിൽ, തളരാതെ  മുന്നേറുവാൻ കഴിയും. നമ്മൾ ദുർബലരാകുമ്പോൾ അമിത ബലം തരുവാൻ കർത്താവ് നമുക്കുള്ളതുകൊണ്ട് നമ്മൾ വ്യാകുലപ്പെടേണ്ടതില്ലെന്നാണ് ഭാഗ്യവാനായ പൗലോസ് പറയുന്നത്: 
2 കോരിന്ത്യർ 12 : 10
'അതുകൊണ്ട്‌, ബലഹീനതകളിലും ആക്‌ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്‌തുവിനെപ്രതി സന്തുഷ്‌ടനാണ്‌. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്‌തനായിരിക്കുന്നത്‌.'

ജീവിത സഹനങ്ങളിൽ ദുഃഖിക്കണമോ പ്രസാദാത്മകമായ മനോഭാവം സ്വീകരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ജീവിത സംഘർഷങ്ങളിൽ മാർത്തയാകണമോ,  മറിയയാകണമോ എന്നതും നമ്മുടെ തിരഞ്ഞെടുപ്പാണ്. ചിരിച്ചാലും കരഞ്ഞാലും സുഖദുഃഖങ്ങൾ ജീവിതത്തിൽ കടന്നുവന്നു പോയ്ക്കൊണ്ടിരിക്കും. അത് ജീവിതാവസാനം വരെ തുടരുന്ന അവസ്ഥാന്തരങ്ങളാണ്. അതൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല.

'പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ' എന്ന് നമുക്ക് പ്രാർത്ഥിക്കാം. അത് നമ്മുടെ അവകാശമാണ്. പ്രാർത്ഥിച്ചാലും ചില ദുരന്തസഹനങ്ങൾ ദൈവം അനുവദിച്ച് ജീവിതത്തിൽ കടന്നു വന്നേക്കാം,  ചിലത് വിട്ടുമാറാതെ നിലനിന്നേക്കാം. പൗലോസിന്റെ ജഡത്തിലെ മുള്ളുപോലെ, മുറിവും വേദനയും നൽകിക്കൊണ്ടിരുന്നേക്കാം.  അപ്പോൾ മടുത്തു പോകാതെ,  വിശ്വാസത്തിൽ ഇടറി പോകാതെ,  ' എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ' എന്ന് പ്രാർത്ഥിക്കുവാനുള്ള വിവേകവും വിനയവും തിരിച്ചറിവും നമുക്കുണ്ടാകണം.

കഴിഞ്ഞകാലങ്ങളിൽ അനേകം പരീക്ഷണങ്ങളെ നമ്മൾ നേരിട്ടു. ഇന്നത്തെ ജീവിതത്തിലും സഹനങ്ങളുണ്ട്. നാളെകളിലും ദൈവം അനുവദിച്ചു വരുന്ന  സഹന പരീക്ഷണങ്ങളുണ്ടായേക്കാം. അതൊന്നും നമ്മെ തകർക്കുവാനല്ല,  ശക്തരാക്കുവാൻ വേണ്ടി സർവ്വശക്തൻ നമ്മുടെ ആത്മ ശരീര മനസ്സുകൾക്ക് നൽകുന്ന ശാക്തീകരണ വ്യായാമ മുറകളാണ്. നമ്മുടെ കർത്താവിന്റെ  താങ്ങും കരങ്ങൾ എന്നും എപ്പോഴും നമുക്കൊപ്പം ഉണ്ടാകും.  ഒടുവിലത്തെ മടക്കയാത്രയിൽ, ഏകരായി,  മരണനിഴൾ താഴ് വരയിൽ നമ്മൾ എത്തുമ്പോൾ, ശരണമായി പ്രാണപ്രിയൻ അവിടെയും നമ്മോടൊപ്പം ഉണ്ടാകും.

യോഹന്നാന്‍ 14 : 18
'ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും.'

യോഹന്നാന്‍ 16 : 33
'നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ്‌ ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്‌. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.'
ഈ സൗഖ്യദായക തിരുവചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

-ഫാ. ഡോ. ഏ. പി. ജോർജ്