യാക്കോബ് ലേയയോടും റാഹേലിനോടും പറഞ്ഞു : എന്റെ കഴിവു മുഴുവനും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനുവേണ്ടി ഞാന്‍ പണിയെടുത്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.
എന്നിട്ടും നിങ്ങളുടെ പിതാവ് എന്നെ ചതിക്കുകയും പത്തുതവണ എന്റെ കൂലിയില്‍ മാറ്റം വരുത്തുകയും ചെയ്തു. പക്ഷേ, എന്നെ ദ്രോഹിക്കാന്‍ ദൈവം അവനെ അനുവദിച്ചില്ല.
ഉല്പത്തി 31 : 6-7
ശത്രുഭയത്തിൽ അസ്വസ്തരായി കഴിയുന്നവർക്കുള്ള സാന്ത്വന സന്ദേശമാണ് ഈ വേദഭാഗം.
ദൈവം അനുവദിക്കാതെ, ദൈവമക്കളെ ദ്രോഹിക്കുവാൻ ആർക്കും സാധ്യമല്ല. ശത്രുവിന്റെ മന്ത്രതന്ത്രങ്ങളും നിഗൂഡകരുനീക്കങ്ങളും ഓർത്തു ഭയപ്പെടേണ്ട കാര്യമില്ല. ദൈവം നമുക്ക് അനുകൂലമെങ്കിൽ ആർക്കും, ഒരു ശക്തിക്കും പ്രതികൂലമാകാൻ കഴിയില്ല.
ദൈവമനുവദിച്ച് ജീവിതത്തിൽ വരുന്ന പ്രതികൂലതകൾ നമ്മുടെ നന്മക്കായിരിക്കും, ദൈവനാമ മഹത്വത്തിനുമായിത്തീരും.
നിങ്ങള്‍ എനിക്കു തിന്മചെയ്തു. പക്ഷേ, ദൈവം അതു നന്മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകംപേരുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്.
ഉല്പത്തി 50 : 20
ബാലാം പ്രവചിച്ചു പറഞ്ഞു : ദൈവം ശപിക്കാത്തവനെ ഞാനെങ്ങനെ ശപിക്കും?കര്‍ത്താവു ഭര്‍ത്സിക്കാത്തവനെ ഞാന്‍ എങ്ങനെ ഭര്‍ത്സിക്കും? സംഖ്യ 23 : 8
സാത്താൻ ദൈവത്തോടു പറഞ്ഞു : അങ്ങ് അവനും അവന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്ഷിതത്വം നല്കി. അവന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്റെ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്തു. ഇയ്യോബ് 1 : 10
എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകര്‍ക്ക് ഒരുപദ്രവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 105 : 15
അതിനാല്‍ നമുക്ക് ആത്മധൈര്യത്തോടെ പറയാം: കര്‍ത്താവാണ് എന്റെ സഹായകന്; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? ഹെബ്രായര്‍ 13 : 6
നന്മചെയ്യുന്നതില് നിങ്ങള്‍ തീക്ഷ്ണതയുള്ളവരാണെങ്കില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ആര്‍ക്കു കഴിയും? 1 പത്രോസ് 3 : 13
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
റോമാ 8 : 28
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ