ദൈവ ശക്തിയിൽ ആശ്രയിച്ച് ഭാവിയെപ്പറ്റി ഉന്നത സ്വപ്നങ്ങൾ കാണുന്നവരിലും, ദൈവം ഏൽപ്പിച്ച നിയോഗങ്ങളുടെ നീലാകാശത്ത് പ്രത്യാശയുടെ ചിറകുവിരിച്ച് പറക്കുന്നവരിലും ആണ് ദൈവം പ്രസാദിക്കുന്നത്.
ദൈവ നിയോഗങ്ങൾക്കുമുമ്പിലെ വെല്ലുവിളികൾ നേരിടേണ്ടി വരുബോൾ സ്വന്തം പരിമിതികളും അപകടസാധ്യതകളും ഒക്കെ വിലയിരുത്തി, പലരും ഭയന്ന് പിന്മാറാറുണ്ട്. എന്നാൽ ദൈവം അനുകൂലമെങ്കിൽ ആർക്കാണ് പ്രതികൂലമാകാൻ കഴിയുക എന്ന ആത്മവിശ്വാസത്തോടെ മനസ്സുറപ്പിച്ച്, സധൈര്യം മുന്നോട്ട് ചുവടുവെക്കുന്ന വിശ്വാസധീരരും നമുക്കിടയിലുണ്ട്.
പൗലോസ് അപ്പോസ്തോലൻ അത്തരത്തിൽ ഒരാളായിരുന്നു. പൊക്കത്തിൽ കുറവും കാഴ്ചശക്തിയുടെ പ്രതിസന്ധികളും ജഡത്തിൽ മുള്ളുമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു.
പക്ഷേ പൗലോസ് നിസ്സംശയം ലോകത്തോട് പറഞ്ഞു:
'എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.'- ഫിലിപ്പിയർ 4:13.
യഹൂദ മതനേതൃത്വവും റോമാക്കാരും പുറജാതിക്കാർക്കിടയിലെ മന്ത്രവാദിനികളുമൊക്കെ പൗലോസിന്റെ ശത്രുക്കളും രക്തദാഹികളുമായി ചുറ്റുമുണ്ടായിരുന്നു. അതിനെയൊക്കെ അദ്ദേഹം നിർഭയനായി നേരിട്ടത് 'ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?' എന്ന ആത്മീയ യുക്തിയുടെ ബലത്തിലാണ്- റോമർ 8:31
ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് പൗലോസ് ഉറച്ച് വിശ്വസിച്ചപ്പോൾ പ്രതികൂലതകളൊക്കെ അദ്ദേഹത്തിന്റെ ക്രിസ്തീയ മുന്നേറ്റങ്ങൾക്ക് മുമ്പിൽ നിന്ന് വഴിമാറി.
പ്രിയ സുഹൃത്തുക്കളെ, കുട്ടികളെ, യുവാക്കളെ, മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി സ്വന്തം പരിമിതികളെ ഓർത്ത് നിരാശപ്പെട്ട് അപകർഷതാ ബോധത്തോടെ പിന്മാറുന്ന ബലഹീനത നിങ്ങൾക്കുണ്ടോ?
ഒന്നോരണ്ടോ തോൽവിയുടെ പേരിലും ക്രിസ്തീയ മനസ്സാക്ഷിയില്ലാത്തവരുടെ വിമർശനത്തിന്റെ പേരിലും നിഷ്ക്രിയരായി കർട്ടനു പിന്നിൽ ഒളിക്കുന്നവരാണോ നിങ്ങൾ?
എങ്കിൽ നിങ്ങളുടെ ജീവിതസമീപനത്തിൽ ഒരു മാറ്റം തീർച്ചയായും ആവശ്യമാണ്.
ദൈവം നമുക്കു അനുകൂലം ആർക്കാണ് പ്രതികൂലമാകാൻ കഴിയുന്നത് ?
നമ്മുടെ അടിസ്ഥാനവും ആത്മവിശ്വാസവും സ്വന്തം കഴിവിലും സമ്പാദ്യത്തിലും മാത്രമായിരിക്കരുത്. ആശ്രയം എപ്പോഴും ദൈവത്തിൽ മാത്രമായിരിക്കണം. സർവ്വശക്തന്റെ ശക്തിയുള്ള കരങ്ങൾ കൂടെയുള്ളപ്പോൾ ഒരിക്കലും പരാജയപ്പെടില്ലെന്ന് ഉറച്ച് വിശ്വസിക്കണം.
നിങ്ങളുടെ പദ്ധതികളെ തകർക്കാനും നല്ല തീരുമാനങ്ങളെ പരാജയപ്പെടുത്താനും കഴിഞ്ഞകാലത്തെ പരാജയങ്ങൾക്ക് കഴിയില്ലെന്ന സത്യം ഓർമ്മിക്കണം. കഴിഞ്ഞത് കഴിഞ്ഞു പോയി, അതിലെ ദുരന്താനുഭവങ്ങളുടെ മുറിവുകളും വേദനകളും ഇന്നും ചുമന്നുകൊണ്ട് നടക്കേണ്ട കാര്യമില്ല. മനസ്സിനേറ്റ മുറിവുകളുടെ അടയാളങ്ങളെ നിത്യ സ്മാരകങ്ങളായി സൂക്ഷിക്കരുത്, വിഗ്രഹങ്ങളായി ആരാധിക്കരുത്. ഇനി വരുവാനുള്ള പുതിയ ദിവസങ്ങളിലെ പുത്തൻ അനുഭവങ്ങളെ സ്വാഗതം ചെയ്യൂ സുഹൃത്തേ.
ദൈവം നമുക്കു അനുകൂലം ആർക്കാണ് പ്രതികൂലമാകാൻ കഴിയുന്നത് ?
ദൈവശക്തിയും പ്രൊവിഡൻസും പരിശുദ്ധാത്മ ചൈതന്യവും കാവൽ മാലാഖമാരുടെ സാന്നിധ്യവും നമ്മളോടൊപ്പമുള്ളപ്പോൾ ആർക്കും നമ്മെ തോൽപ്പിക്കാൻ കഴിയില്ല. പാപസ്വഭാവങ്ങളും അപകർഷതാബോധങ്ങളും മൂലം സ്വയം തോൽക്കാതിരുന്നാൽ മതി.
'ലോകത്തിൽ നിങ്ങൾക്കു കഷ്ടതകൾ ഉണ്ട്, ഭയപ്പെടേണ്ട ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു, ലോകാവസാനത്തോളം ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' എന്ന നമ്മുടെ കർത്താവിന്റെ വാക്കുകളിൽ ഹൃദയം ഉറപ്പിക്കണം, സംശയിക്കാതെ വിശ്വസിക്കണം. ഭീരുവായ മനസ്സ് പറയുന്ന നിഷേധ ചിന്തകളെ മൈൻഡ് ചെയ്യാതിരിക്കാൻ പഠിക്കണം. ആകുല ചിന്തകളും യുക്തിരഹിതമായ അപകടസാധ്യതകളും പറഞ്ഞ് നമ്മെ ഭയപ്പെടുത്തുന്ന മനസ്സിനെ ശാസിച്ചു ശാന്തമാക്കാൻ കർത്താവിനോട് പറയണം.
നിഷേധ ശക്തികൾക്ക് നേരെ ആത്മീയ പ്രതിരോധങ്ങളും ഭാവിയെപ്പറ്റിയുള്ള നൂതന സ്വപ്നങ്ങളും വിപുല പദ്ധതികളുമായി, നിർഭയരായി നമുക്ക് ചുവടുവയ്ക്കാം.
അബ്രഹാം, ഗിദയോൻ, ദാവീദ് തുടങ്ങിയവരെ പോലുള്ള അമേസിങ് ഡ്രീമേഴ്സിനെ ആണ് ദൈവം അന്വേഷിക്കുന്നത്. അപേക്ഷിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന് വിശ്വസിക്കുന്നവർക്കു പ്രായവും മനോ ശാരീരിക പരിമിതികളൊന്നും പ്രശ്നമാവില്ല. വിശ്വസിക്കുന്നവർ ദൈവത്തിന്റെ മഹത്വം കാണും. അവരെക്കൊണ്ട് വലിയവനായ ദൈവം വലിയ കാര്യങ്ങൾ ചെയ്യിക്കും.
ദൈവം നമുക്കു അനുകൂലം ആർക്കാണ് പ്രതികൂലമാകാൻ കഴിയുന്നത് ?
മനസ്സിന്റെ വലിയ ക്യാൻവാസിൽ മെഗാഡ്രീംസ് കാണുവാൻ നിങ്ങൾ തയ്യാറാകുമെങ്കിൽ നിങ്ങൾ ഇതുവരെ കണ്ട ദൈവത്തേക്കാൾ വലിയവ ദൈവത്തെ കാണുവാൻ നിങ്ങൾക്ക് കഴിയും.
കിട്ടിയ ഒരു താലന്തു കൊണ്ട് വ്യാപാരം ചെയ്തു റിസ്ക്ക് എടുക്കാൻ തയ്യാറില്ലാതെ മണ്ണിൽ കുഴിച്ചിട്ട് നിഷ്ക്രിയനായിരുന്ന ക്രിസ്തുവിന്റെ ഉപമയിലെ മടിയനെ കൊണ്ട് ലോകത്തിനും ദൈവത്തിനും ഒരു പ്രയോജനവുമില്ല. ദൈവം നൽകിയ താലന്തുകളും അവസരങ്ങളും നിയോഗങ്ങളും പരിപോഷിപ്പിക്കുമ്പോഴാണ് നമ്മുടെ ജീവിതം അർത്ഥപൂർണമാകുന്നത്, നമ്മൾ നല്ല കാര്യവിചാരകരാകുന്നത്. അപ്പോഴാണ് ഉന്നത നിയോഗങ്ങൾക്ക് ദൈവം അപ്പോയിന്റ്മെന്റ് ഓർഡർ തരുന്നത്.
എനിക്കും നിങ്ങൾക്കും ദൈവം തന്നിരിക്കുന്നത് ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ക്രിസ്തുവിന്റെ ബലവത്തായ ആത്മാവിനെയാണ്. ദാനമായി ലഭിച്ചിരിക്കുന്ന പരിശുദ്ധാത്മാവിനെ നിർവീര്യമാക്കരുത്. അതിന്റെ അത്ഭുത ശക്തി തിരിച്ചറിയാതെ പോകരുത്. ജയിക്കാനായി ജനിച്ചവരാണ് നമ്മൾ. ദൈവം നല്ലതെന്ന് സർട്ടിഫൈ ചെയ്ത അമൂല്യ സൃഷ്ടികളാണ് നമ്മൾ. ചിലപ്പോൾ ജീവിതത്തിൽ ചില പരാജയങ്ങൾ വന്നേക്കാം. പിടിച്ച് എഴുന്നേൽപ്പിക്കാൻ സർവശക്തന്റെ കരങ്ങൾ നമ്മോടുകൂടെ ഉണ്ടാകും. നീതിമാൻ വീണാലും നിലംപരിശാകില്ല. ദൈവം അവരെ എഴുന്നേല്പിക്കും.
ദൈവം നമുക്കു അനുകൂലം ആർക്കാണ് പ്രതികൂലമാകാൻ കഴിയുന്നത് ?
മനസ്സിന്റെ പ്രവാസ ഇരുട്ടറയിൽ നിന്ന് അജയ്യരായി നമുക്ക് ഉയർത്തെഴുന്നേൽക്കാം. കർത്താവിന്റെ ശക്തിയിൽ ആശ്രയിച്ച്, പ്രതികൂലതയുടെ ഓളങ്ങൾ മുറിച്ച്, ദൈവം ഏൽപ്പിച്ച നിയോഗങ്ങളുമായി നമുക്ക് മുന്നേറാം. പിൻപറ്റുന്ന ലഹരി, കുറ്റബോധം, വിദ്വേഷം, പ്രതികാരദാഹം തുടങ്ങിയ പാപഭാരങ്ങൾ ക്രിസ്തുവിന്റെ കുരിശിൻ ചുവട്ടിൽ ഇറക്കിവെച്ച് നമുക്ക് നിത്യതയെ ലക്ഷ്യമാക്കി മുന്നോട്ടുപോകാം.
'യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.
അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും.
യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക
സങ്കീർത്തനങ്ങൾ 27.
ഈ വചനങ്ങളാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
-ഫാ. ഡോ. ഏ. പി. ജോർജ്