സ്നേഹ കരങ്ങളുടെ കൈത്താങ്ങൽ അനുഭവിക്കാതെ, സാന്ത്വന സ്വരങ്ങൾ കേൾക്കാതെ ഒരു കൂനിയായ സ്ത്രീ നീണ്ട 18 വർഷം ജീവിച്ചു.
അവൾ നിവർന്നു നിന്ന ഒരു കാലമുണ്ടായിരുന്നു.എന്നാൽ ഇന്നവൾ കൂനി ആണ്. പ്രഭാതവും സൂര്യാസ്തമയവും മഴവില്ലും പാട്ടുപാടുന്നു കിളികളെയും പുഞ്ചിരിച്ചു നിൽക്കുന്ന പൂക്കളെയും കാണുവാൻ കഴിയാത്ത സഹന ദാസിയായി തീർന്നിരിക്കുകയാണവൾ.
തലമുറകളുടെ ശാപമാണെന്നും അവളുടെ പാപത്തിനുള്ള ദൈവത്തിന്റെ ശിക്ഷയാണെന്നും പലരും പറയുന്നത് അവൾ കേട്ടിട്ടുണ്ട്. പക്ഷേ അവളെ കണ്ട ക്രിസ്തുവിന്റെ സമീപനം വ്യത്യസ്തമായിരുന്നു. അവളുടെ രോഗമെന്തായാലും അതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെങ്കിലും അവൾക്ക് സ്നേഹവും മാന്യതയും വിടുതലും നൽകണമെന്ന് ക്രിസ്തു തീരുമാനിച്ചു
കരുണയും ആർദ്രതയും പ്രകടിപ്പിക്കുമ്പോൾ ബ്രെയിനിലെ 'പ്ലഷർ സെന്റർ ' ആക്ടിവേറ്റ് ചെയ്യപ്പെടുന്നു എന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് സൈക്കോളജിക്കൽ സയൻസിന്റെ ഗവേഷണത്തിൽ കണ്ടെത്തി. കരുണയും ആർദ്രതയും പ്രകടിപ്പിക്കുമ്പോൾ അത് സ്വീകരിക്കുന്നവർക്ക് മാത്രമല്ല കൊടുക്കുന്നവരുടെ മെന്റൽ സെറ്റും കൂടി മാറുകയാണ്, സന്തോഷവും ആത്മഹർഷവും വർദ്ധിക്കും .
ജീവിത സഹനങ്ങളിലായവരോട് കരുണയും ആർദ്രതയും അനുകമ്പയും സ്നേഹവും പ്രകടിപ്പിക്കുന്നത് പുണ്യ പ്രവർത്തിയാണ്. പക്ഷേ അതിനെ എതിർക്കുന്നവരും തടസ്സം നിൽക്കുന്നവരും സമൂഹത്തിലുണ്ട്. ഉള്ളവും ഉള്ളതും മറ്റുള്ളവരുമായി പങ്കുവെക്കേണ്ടി വരുമ്പോൾ ഒഴിവുകഴിവുകൾ പറഞ്ഞ് പിൻമാറുന്ന അനേകരുണ്ട്.
അത്തരത്തിൽ ഒരാളെ ഈ സംഭവത്തിന്റെ ക്യാൻവാസിൽ നമുക്ക് കാണാം. അയാൾ നിസ്സാരൻ ആയിരുന്നില്ല, സിനഗോഗ് റൂളർ ആയിരുന്നു - സാക്ഷാൽ പള്ളി പ്രമാണി.
പള്ളിപ്രമാണി യേശുവിനെ ശബ്ബത്തിൽ പ്രസംഗിക്കുവാൻ വിളിച്ചു. ദൈവീക കൽപനകൾക്ക് അനുബന്ധമായി കൂട്ടിച്ചേർത്ത അനാചാരങ്ങളെ ചോദ്യം ചെയ്യുന്നവനാണ് യേശു എന്ന ഈ പ്രമാണിക്ക് അറിയാമായിരുന്നു. പക്ഷേ ജനങ്ങൾ ക്രിസ്തുവിന്റെ വാക്കുകൾ കേൾക്കുവാൻ ആഗ്രഹിച്ചിരുന്നത് കൊണ്ട് ഇദ്ദേഹം യേശുവിനെ ക്ഷണിക്കുവാൻ നിർബന്ധിതനായി.
ദാരുണ വേദനയും യാതനയും അനുഭവിക്കുന്ന കൂനിയായ സ്ത്രീയോട് യേശു കരുണ കാണിച്ചത് ഈ പള്ളി പ്രമാണിയെ പ്രകോപിപ്പിച്ചു.
സൗഖ്യം ആകാൻ ആറു ദിവസം ഉണ്ടല്ലോ ദൈവകല്പന ലംഘിച്ച് ശബത്തിൽ തന്നെ സൗഖ്യം നൽകണമെന്നും സ്വീകരിക്കണമെന്നും എന്താണിത്ര നിർബന്ധം എന്ന് അദ്ദേഹം ചോദിച്ചു.
തിരുവചനത്തിലെ ലോ പോയിന്റ് നിരത്തി ക്രിസ്തുവിനെ വിമർശിച്ചപ്പോൾ പാവം കൂനിയുടെ സഹനങ്ങളെ പറ്റി അയാൾ ചിന്തിച്ചില്ല. കാലങ്ങളായി അവളുടെ വഴിപാടിന്റെ ഓഹരി കൈപ്പറ്റിയ പള്ളി പ്രമാണി തെല്ലും കരുണയില്ലാതെ ക്രിസ്തു നൽകിയ അത്ഭുത സൗഖ്യത്തെ തമസ്കരിച്ചു കളഞ്ഞു.
നിഷ്ഠാനുഷ്ഠാനങ്ങളിൽ ക്രേസിയായ പള്ളി പ്രമാണിയുടെ മനസ്സ് നിയമ സിദ്ധാന്തങ്ങളുടെ ഗ്രാനൈറ്റ് കൊണ്ട് പണി പെട്ടതായിരുന്നു. സ്നേഹമായ ദൈവത്തെ നിയമത്തിന്റെയും ഭരണഘടനയുടെയും കണ്ണാടിയിലൂടെ മാത്രം നോക്കി കാണുന്ന ഹൃസ്വദൃഷ്ടിക്കാരനായിരുന്നു ഈ പള്ളി പ്രമാണി.
'ലീഗൽ മിയോപിയ 'ആയിരുന്നു അയാളുടെ പ്രശ്നം.
സാബത്ത് നിയമങ്ങളുടെ വരികൾക്കിടയിൽ വായിച്ച് ക്രിസ്തു കൂനിയായ മകളെ സാന്ത്വനിപ്പിക്കാൻ ഒരു ക്ലോസ് കണ്ടെത്തി :
'ഡോട്ടർ ഓഫ് എബ്രഹാം'
അബ്രഹാമിന്റെ മകൾ.
ജൂയിഷ് ലിറ്ററേച്ചറിൽ ഒരിടത്തും കാണാത്ത ഒരു പദമായിരുന്നു അത്.
സ്ത്രീയുടെ നിത്യരക്ഷ അവളുടെ ഭർത്താവിലൂടെ വരുന്നു എന്ന ചിന്താഗതി ക്രിസ്തു തിരുത്തി എഴുതി. അവൾ പുരുഷനെപ്പോലെ തന്നെ വാഗ്ദ ത്തത്തിന്റെ തുല്യാവകാശിയാണ്, അവളുടെ മേൽ സമൂഹം കെട്ടിവെച്ച ലജ്ജയുടെയും അശുദ്ധി യുടെയും അപമാനത്തിന്റെയും ഭാരങ്ങൾ ചുമക്കേണ്ടവളല്ല, ദൈവത്തിന്റെ അഭിമാനവും അവകാശവുമുള്ള മകളാണ് അവളെന്ന് ക്രിസ്തു വെളിപ്പെടുത്തി.
യേശു അവളുടെ മേൽ കൈവെച്ചു. അത് അംഗീ കാരത്തിന്റെയും ആർദ്രതയുടെയും സ്നേഹസ്പർശം ആയിരുന്നു. 'സ്ത്രീയേ നിന്റെ രോഗ ബന്ധനം അഴിഞ്ഞിരിക്കുന്നു 'എന്ന് പറഞ്ഞു. അപ്പോൾ അവൾ രോഗത്തിൽനിന്ന് മാത്രമല്ല അവളുടെ ശാരീരിക ബലഹീനതയെപ്പറ്റി സമൂഹം പറഞ്ഞ ദൂഷണങ്ങളിൽ നിന്നും അവൾ സ്വതന്ത്രയായി.
അവൾ തലയുയർത്തി വിടർന്ന കണ്ണുകളോടെ വിമോചകനായ യേശുവേ നോക്കി, ദൈവത്തെ മഹത്വപ്പെടുത്തി. 18 സംവൽസരം കുനിഞ്ഞുനിന്ന് ദൈവത്തെ മഹത്വപ്പെടുത്തിയിരുന്ന അവൾ നിവർന്നുനിന്ന് ദൈവത്തെ മഹത്വപ്പെടുത്തി.
ശാരീരിക വൈകല്യത്തിന്റെ ചുമടുതാങ്ങി തളരുന്ന വർക്ക് നമ്മൾ കൊടുക്കുന്ന കൈത്താങ്ങലും സാന്ത്വന വാക്കുകളും നിത്യതയിലെ സ്വർഗ്ഗീയ നിക്ഷേപം ആയി മാറും.
കരുണയുള്ളവർ ഭാഗ്യവാന്മാർ ആണ്, അവർക്ക് കരുണ ലഭിക്കും.
അപമാനഭാരവും അപകർഷതാബോധവും കൊണ്ട് ശരീര മനസ്സുകൾ കുനിഞ്ഞു പോയവർ നിരാശപ്പെടേണ്ടതില്ല. നിങ്ങളെ ഒരിക്കൽ തലയുയർത്തി നിൽക്കുവാൻ കർത്താവ് സഹായിക്കും.
ലേവ്യപുസ്തകം 26:13 നിങ്ങൾ മിസ്രയീമ്യർക്കു അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.
വഹിക്കുവാൻ ഭാരമുള്ള ന്യായപ്രമാണങ്ങളുടെയും മാനുഷിക കൽപ്പനകളുടെയും ചുമടുകൾ മനുഷ്യരെ കൊണ്ട് ചുമപ്പിക്കുകയും വിരൽ കൊണ്ടുപോലും തൊടാതിരിക്കുകയും ചെയ്യുന്നവർക്ക് കർത്താവു നൽകുന്ന മുന്നറിയിപ്പ് 'അയ്യോ കഷ്ടം 'എന്നാണ്. കരുണയില്ലാത്തവരുടെമേൽ വരുവാൻ പോകുന്ന കഷ്ടങ്ങൾ എന്തൊക്കെയാണെന്ന് നീതിയുള്ള ന്യായാധിപനു മാത്രമേ അറിയൂ
യാക്കോബ് 2:13 കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.
അഗതികളുടെയും അനാഥരുടെയും ദരിദ്രരുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പരിശ്രമിക്കുന്ന ജീവകാരുണ്യ പ്രവർത്തകരെയും പ്രവർത്തനങ്ങളെയും തടയുന്നവരും പരിഹസിക്കുന്നവരും അതിനുള്ള സംഭാവനകൾ ദുർവിനിയോഗം ചെയ്യുന്നവരും ദൈവമുമ്പാകെ സമാധാനം പറയേണ്ടിവരും. ഞാൻ നിന്നോട് കരുണ കാണിച്ചതുപോലെ നിന്റെ സഹോദരങ്ങളോടും കരുണ കാണിക്കേണ്ടതായിരുന്നില്ലേ എന്ന് ദൈവം ചോദിക്കും.
ദൈവമേ, അഭിമാനത്തോടെ തല ഉയർത്തി നടക്കുവാൻ കഴിയാത്ത പരിമിതികളും പര്യാപ്തത കളും ഉണ്ടായിരുന്ന കഴിഞ്ഞകാലങ്ങളിൽ നീ കൈപിടിച്ചുയർത്തി അപകർഷതാബോധത്തിന്റെ കൂന് നിവർത്തി ആത്മാഭിമാനത്തോടെ നിർത്തിയത് നന്ദിയോടെ ഓർക്കുന്നു. ജീവിത ഭാരങ്ങളാൽ തളർന്നവരും കുനിഞ്ഞു പോയവരുമായ എളിയവർക്ക് കൈത്താങ്ങലും പ്രോത്സാഹനവും കൊടുക്കുവാനുള്ള ഹൃദയവിശാലതയും ആർദ്രതയും ഞങ്ങൾക്ക് തരേണമേ.
ഫാ. ഡോ. ഏ. പി. ജോർജ്