കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍,നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
1 ദിന. 16:11
ഒന്ന് ദിനവൃത്താന്തത്തിലെ ഈ കൃതജ്ഞതാ സങ്കിർത്തനം ദാവീദ് എഴുതി ഈണം നൽകി ആസാഫ് ആലപിച്ചതാണ്. യഹോവയുടെ പെട്ടകം യെരുശലേമിൽ കൊണ്ടുവന്നപ്പോഴാണ് ഈ മനോഹര ഗാനം പാടിയത്. 'കർത്താവിനെ അന്വേഷിക്കുക' എന്നതാണ് ഈ സ്തുതിഗീതത്തിലെ പ്രധാന പ്രമേയം.
'കർത്താവിനെ അന്വേഷിക്കുക 'എന്നാൽ എന്താണ് അർത്ഥം?
ലോകം, സ്വയം, ഭൗതിക വസ്തുക്കൾ തുടങ്ങിയവയുടെ ആസക്തിയിൽ ആയിപ്പോയ മനസ്സിനെ കർത്താവിലേക്ക് തിരിക്കുന്ന ആത്മീയ പരിശ്രമമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കരുണാമയനായ കർത്താവിന്റെ സാന്നിധ്യത്തിലേക്കും സാമിപ്യത്തിലേക്കുമുള്ള ചുവടുവെയ്പ്പാണ് ഇത്.
ഇത് എങ്ങനെയാണ് സാധ്യമാവുക?
പ്രാർത്ഥനയും ബൈബിൾ വായനയും ആണ് പ്രധാന സമീപനരീതികൾ. ആരാധന, കൂട്ടായ്മ, തിരുവചന കേൾവി, ദൈവ കേന്ദ്രീകൃതമായ ധ്യാനം തുടങ്ങിയവയൊക്കെ കർത്താവിന്റെ അടുക്കലേക്കുള്ള ചെല്ലുവാനുള്ള സുരക്ഷിത പാതകളാണ്.
കർത്താവിനെ അന്വേഷിക്കുന്നത് ശീലമായവർക്ക് അവനൊരുക്കുന്ന വിശ്രമസ്ഥാനത്ത് അവനോടൊപ്പം ഇരിക്കുവാനുള്ള താല്പര്യം വർദ്ധിച്ചുവരും. 'എത്ര മധുരമവൻ, നാമമെനിക്കു പാർത്താൽ, ഓർത്തു വരുന്തോറുമെൻ, ആർത്തി മാഞ്ഞു പോകുന്നു ' എന്ന പഴയ പാട്ട് ഓർക്കുന്നില്ലേ? ദൈവവുമായുള്ള ആത്മബന്ധം വർദ്ധിക്കുമ്പോൾ ലോകത്തോടുള്ള ആർത്തിയും ആസക്തിയും കുറയുമെന്നാണ് പാട്ടുകാരൻ പറയുന്നത്.
നീർത്തോടുകളിലേക്ക് കുതിക്കുന്ന മാനിനോടാണ് ദൈവ സാമീപ്യത്തിനായിട്ടുള്ള ദാവീദിന്റെ ആത്മ ദാഹത്തെ ഉപമിച്ചിരിക്കുന്നത്.
കർത്താവിനെ അന്വേഷിക്കുന്നവർ ദൈവത്തിന്റെ ദാനമായ ഒരു പ്രത്യേക അനുഗ്രഹത്തെ ലക്ഷ്യം വയ്ക്കണമെന്നാണ് ദാവീദ് പറയുന്ന രണ്ടാമത്തെ കാര്യം :
'കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍,
അതെ, അവിടുത്തെ ശക്തിയിൽ ആശ്രയിച്ചുകൊണ്ടുള്ള അന്വഷണമാണ് ലക്ഷ്യത്തിലെത്തുന്നത് . പലപ്പോഴും കർത്താവിനെ അന്വേഷിക്കുമ്പോഴും കർത്താവിനോട് അപേക്ഷിക്കുമ്പോഴും ഭൗതിക ആവശ്യങ്ങളും ലക്ഷ്യങ്ങളും മോഹങ്ങളും ഒക്കെയാണ് വിശ്വാസികളുടെ മനസ്സിൽ ഉണ്ടാകാറുള്ളത്. എന്നാൽ അതിനേക്കാളൊക്കെ പ്രധാനപ്പെട്ടതും ജീവിത പ്രതികൂലതകളിൽ ശക്തമായ മുന്നേറ്റത്തിന് സഹായവുമായത് കർത്താവിന്റെ ശക്തിയാണ്. അതിനു വേണ്ടി അപേക്ഷിക്കുകയും ആശ്രയിക്കുകയും ചെയ്യണമെന്നാണ് ദാവീദ് ഉപദേശിക്കുന്നത്.
സ്വന്തം ആസ്തിയും കഴിവും അധികാരവും കൊണ്ട് എന്തും നേടിയെടുക്കാമെന്ന മനുഷ്യന്റെ വ്യാമോഹങ്ങൾ പലപ്പോഴും പരാജയപ്പെടാറുണ്ട്. എല്ലാ പരിശ്രമങ്ങളും വിഫലമായി ഒടുവിൽ കർത്താവിന്റെ ശക്തിയിൽ ആശ്രയിക്കുമ്പോൾ പരാജയം വിജയം ആകും. തകർന്ന ബന്ധങ്ങൾ പുതുക്കിപ്പണിയപ്പെടും. നഷ്ടപ്പെട്ടവരെ നേടുവാനും വഴിതെറ്റിയ മക്കളെ നേർവഴിയിലേക്ക് തിരികെ കൊണ്ടുവരുവാനും കഴിയും. സാത്താൻ ചിതറിച്ചുകളഞ്ഞ ആട്ടിൻകൂട്ടത്തെ ഇടയനായ ക്രിസ്തുവിനോടൊപ്പം കൂട്ടിച്ചേർക്കാൻ കർത്താവിന്റെ ശക്തിയിൽ ആശ്രയിച്ചുള്ള ഇടയന്റെ പരിശ്രമം കൊണ്ട് സാധിക്കും.
മാത്രവുമല്ല, കർത്താവിന്റെ ശക്തിയില്ലാതെ ആർക്കും ഒന്നും ചെയ്യുവാൻ കഴിയില്ലെന്ന തിരിച്ചറിവ് പുതിയ ഉൾക്കാഴ്ചക്കും അന്വേഷണത്തിനും ദൈവാശ്രയത്തിനും ഒക്കെ വഴിതെളിക്കും:
'ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന് ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.
എന്നില്‍ വസിക്കാത്തവന്‍മുറി ച്ചശാഖപോലെ പുറത്തെ റിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു.
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.
നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു.
യോഹന്നാന് 15 : 5-8
കർത്താവിനെ നിരന്തരം അന്വേഷിക്കണമെന്നാണ് ഈ സ്തുതി ഗീതത്തിൽ ദാവീദ് നൽകുന്ന മൂന്നാമത്തെ ഉപദേശം :
'കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍,നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.'
1 ദിന. 16:11
കർത്താവിനെ നിരന്തരം അന്വേഷിക്കുന്നതിനു കുടുംബം, ദാമ്പത്യം സാമൂഹ്യസേവനം തുടങ്ങിയ ചുമതലകളിൽ നിന്ന് പിന്മാറി വിരക്ത ജീവിതം നയിക്കണമെന്നൊന്നുമില്ല.
അതിരാവിലെ തനിയെ വിജനപ്രദേശത്ത് പോയി പ്രാർത്ഥിക്കുമായിരുന്ന ക്രിസ്തു പകൽ മുഴുവനും ആത്മാക്കളെ നേടുവാനും വഴിതെറ്റിയവർക്ക് ദിശാബോധം കൊടുക്കുവാനുമായി സാധാരണക്കാരിൽ സാധാരണക്കാരനായി ജനങ്ങളോടൊപ്പം ജനങ്ങൾക്കിടയിൽ അവരുടെ സുഖദുഃഖങ്ങളിൽ പങ്കു കൊണ്ട് ജീവിച്ചു. ഒറ്റ തയ്യൽ അങ്കി അണിഞ്ഞ കർത്താവിന്റെ സാന്നിധ്യം വിരുന്നുവീട്ടിലും വിലാപവീട്ടിലും വിശക്കുന്നവർക്കിടയിലും ശ്രദ്ധേയമായിരുന്നു.
വിളവ് അധികവും വേലക്കാർ ചുരുക്കവും ആയിരിക്കുന്ന ദൈവരാജ്യ വയലിൽ പണികൾ ഏറെ ഉള്ളപ്പോൾ കംഫർട്ട് സോണിൽ അലസജീവിതം നയിക്കുന്നത് ലഭിച്ച താലന്തുകളോടും ദൈവനിയോഗങ്ങളോടുമുള്ള പ്രതിബദ്ധത ഇല്ലായ്മയാണ്.
നിരന്തരം കർത്താവിനെ അന്വേഷിക്കേണ്ടതിന്റെ മാർഗ്ഗരേഖ ക്രിസ്തു നിർദേശിച്ചിട്ടുണ്ട്. അതാണ് ക്രിസ്ത്യാനികൾ പിന്തുടരേണ്ടത്. ഇത് സാധാരണ ജീവിതശൈലിയിൽ സാധ്യമാക്കാവുന്ന കാര്യമാണ് :
'എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്കും.'
മത്തായി 6 : 6
ദിവസവും കർത്താവിനെ അന്വേഷിക്കുകയും അവന്റെ സ്വസ്ഥതയിൽ ഇരുന്ന് ശക്തി പുതുക്കുനകയും ചെയ്യുന്നവർ വലിയ ആത്മീയ നേട്ടങ്ങൾ കൊയ്യുന്നവരാണ്.
ശക്തി പുതുക്കാനും, സ്പിരിച്വൽ ഇമ്മ്യൂണിറ്റി വർധിപ്പിക്കാനും , സാത്താന്യ ശക്തികളെ പ്രതി രോധിക്കാനും ആറ്റരികത്തെ ഇല വാടാത്ത വൃക്ഷം പോലെ തളിരിട്ട് താഴ്ക്കുവാനുമൊക്കെ പ്രിയനോടൊപ്പം ചിലവഴിക്കുന്ന സമയം സഹായകമാകും.
'... ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം.
ഹെബ്രായര്‍ 11 : 6
എന്താണ് തന്നെ അന്വേഷിക്കുന്നവർക്ക് ദൈവം നൽകുന്ന തക്കതായ പ്രതിഫലം?
അനുഗ്രഹത്തിന്റെ അനന്തകൃപാ പെരും നദി ആത്മ ശരീര മനസ്സുകളിലേക്കും ജീവിതപങ്കാളിയിലേക്കും കുടുംബത്തിലേക്കും തലമുറകളിലേക്കു ഇടയത്വ ശുശ്രൂഷയിലേക്കും ദൈവം വിസ്മയകരമായി ഒഴുക്കിത്തരും. അതാണ് ദൈവത്തെ അന്വേഷിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം.
ദിവസത്തിന്റെ ആദ്യവും അവസാനവും രഹസ്യത്തിലുള്ള പിതാവിന്റെ അടുക്കൽ രഹസ്യമായി ചെന്ന്, കൃപാസനത്തിലെ സ്വസ്ഥതയിലിരുന്നു ആത്മഹർഷം നേടുന്ന ഉൽകൃഷ്ട ശീലം വളർത്തിയെടുക്കാൻ സഹായിക്കേണമെ എന്ന് യേശുകർത്താവിന്റെ നിസ്തുല നാമത്തിൽ അപേക്ഷിക്കുന്നു