'ദൈവത്തിനും മോശയ്‌ക്കുമെതിരായി അവര്‍ സംസാരിച്ചു. ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങള്‍ മടുത്തു.'
സംഖ്യ 21 : 5
ഈജിപ്തിൽ നിന്ന് മരുഭൂമിയിലൂടെ വാഗ്ദത്ത ദേശത്തേക്കുള്ള ഇസ്രായേൽ മക്കളുടെ പ്രയാണം ക്രിസ്ത്യാനിയുടെ ആത്മീയ യാത്രയെ സൂചിപ്പിക്കുന്നതാണ്.
ഇസ്രായേൽ മക്കളുടെ ഈജിപ്തിലെ അടിമത്വം വിശ്വാസിയുടെ പാപത്തിന്റെ അടിമത്വവും ഈജിപ്തിൽ നിന്നുള്ള രക്ഷപ്പെടൽ ദൈവം നൽകുന്ന നിത്യരക്ഷയുടെ പ്രതീകവുമാണ്.
നമ്മുടെ ജീവിതത്തിലുമുണ്ട് മരുഭൂ യാത്രകൾ. അതിലെ സഹനങ്ങൾ നിത്യതയ്ക്ക് വേണ്ടിയുള്ള ശുദ്ധീകരണത്തിനും ഒരുക്കത്തിനും വേണ്ടിയുള്ളതാണ് .
നമ്മുടെ ശുദ്ധീകരണത്തിനായി ജീവിതയാത്രയിൽ കടന്നുവരുന്ന ചില പരീക്ഷണങ്ങളെപ്പറ്റി നമുക്ക് ചിന്തിക്കാം:
1.ആരും തെരഞ്ഞെടുക്കാൻ സാധ്യതയില്ലാത്ത ഒറ്റപ്പെടലിന്റെ ദുസ്സഹവഴിയിലൂടെ ആയിരിക്കും ദൈവം നമ്മെ നടത്തുന്നത്.സ്വയം ത്യജിച്ച്, കഷ്ടതകളുടെ കുരിശെടുത്തുള്ള യാത്രയാണിത്.വിശ്വാസം പരീക്ഷിക്കപ്പെടുന്ന ഈ ഘട്ടത്തിൽ ദൈവാശ്രയമല്ലാതെ മറ്റ് പോംവഴികളില്ല.
2. രണ്ടാമത്, വിശ്വാസിയുടെ ആത്മീയ യാത്ര സഹനമരുഭൂമിയിലൂടെ ആയതുകൊണ്ട് ജീവിതം അസ്വസ്ഥവും അശാന്തി നിറഞ്ഞതുമായിരിക്കും.സ്വസ്ഥതയും സുസ്ഥിരതയും ഉണ്ടാവില്ല. ദുരന്താനുഭവങ്ങളുടെ വാളുകളുണ്ടാക്കുന്ന ഹൃദയ മുറിവുകൾ നിസ്സഹായതയും സംഘർഷങ്ങളുമുണ്ടാക്കും. ജീവിതത്തിൽ നിങ്ങൾക്ക് കഷ്ടതകൾ ഉണ്ടെന്ന് ശുദ്ധീകരണത്തിന്റെ വഴിയിലൂടെ നടത്തുന്ന കർത്താവ് പറഞ്ഞിട്ടുണ്ട്. ആ കഷ്ടതകളുടെ വഴികളിലൂടെ നമുക്ക് നടന്നേപറ്റു. അതൊക്കെ മാറ്റി തരാമെന്ന് പറയുന്നവരുടെ പിറകെ നമ്മൾ പോകരുത്. വിശുദ്ധീകരണം കൂടാതെ ആർക്കും ദൈവത്തെ കാണുവാൻ കഴിയില്ല.
3.എല്ലാ കാര്യങ്ങൾക്കും ദൈവത്തെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന സമയമാണ് ശുദ്ധീകരണത്തിന്റെ സഹനയാത്ര. പണവും പദവിയും ആൾസ്വാധിനവുമൊക്കെ നിഷ്പ്രയോജനമാകുന്ന ദുരന്തങ്ങളിൽ ദൈവാശ്രയത്തിന്റെ മഹത്വം നാം തിരിച്ചറിയും.
'ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.'
യോഹന്നാന്‍ 15 : 5
4. നാലാമത്, ബാലശിക്ഷണത്തിലൂടെ തിരുത്തി തിരിച്ചറിവ് നൽകി സ്നേഹകരങ്ങൾക്കുള്ളിൽ ചേർത്തുനിർത്തുന്ന സമയമാണ് സാഹനത്തിന്റെ മരുഭൂയാത്ര.
ഇസ്രായേൽ മക്കളുടെ സഹന യാത്രയിൽ അവരുടെ ഹൃദയത്തിലെ അധമ ചിന്തകളും വികാരങ്ങളും പാപപ്രവണതകളും പുറത്തുവന്നു. അതൊക്കെ ബാല ശിക്ഷണത്തിലൂടെ തിരുത്തുവാനുള്ള ദൈവത്തിന് അവസരമായി.
കംഫർട്ട് സോണിൽ കഴിയുമ്പോൾ നമ്മളൊക്കെ ലക്ഷണമൊത്ത വിശ്വാസികളും തീഷ്ണതയുള്ള ആരാധകരുമാണ്. കുടുംബ-ദാമ്പത്യത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുമ്പോഴുമൊക്കെ നമ്മിലെ ജഡിക മനുഷ്യന്റെ നിഷ്ട്ടുരമായ വാക്കുകളും പ്രവർത്തികളും പുറത്തുവരും. അപ്പോൾ ദൈവം നമ്മെ സ്നേഹപൂർവ്വം തിരുത്തും.കർത്താവിന്റെ തിരു രക്തത്താൽ ശുദ്ധീകരണം നൽകും. ജീവിത സഹനങ്ങളിൽ ദൈവത്തിന് സ്തോത്രം പറഞ്ഞുകൊണ്ട് ദാവീദ് പറഞ്ഞു:
'ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.'
സങ്കീര്‍ത്തനങ്ങള്‍ 119 : 71
അതെ, സഹനപൂർണ്ണമായ മരുഭൂയാത്രയ്ക്ക് ശേഷമാണ് നമ്മൾ വാഗ്ദത്ത ദേശത്ത് എത്തുന്നത്. അതിനുവേണ്ടി ദൈവം നമ്മെ നടത്തുന്ന സഹനത്തിന്റെ വഴികളെപ്പറ്റിയാണ് നം ചിന്തിച്ചത് :
- ആരും സ്വയം തിരഞ്ഞെടുക്കാൻ സാധ്യതയില്ലാത്ത
കഷ്ടതകളുടെ വഴിയിലൂടെ ദൈവം നമ്മെ നടത്തും.
- ഈ യാത്രയിൽ അസ്വസ്ഥതയും അസ്ഥിരതയും അശാന്തിയും
നമുക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കും.
- ദൈവത്തോട് ചേർന്നുള്ള യാത്ര മാത്രമാണ് സുരക്ഷിതമെന്ന്
നാം തിരിച്ചറിയും
- ഹൃദയത്തിലെ പാപരോഗങ്ങൾ സൗഖ്യമാക്കുന്ന യാത്രയാണ്
സഹനത്തിന്റെ മരുഭൂ യാത്ര.
- കഷ്ടതകളുടെ തീച്ചൂളയിലൂടെയുള്ള സഹന യാത്ര നമുക്ക്
വിശുദ്ധികരണം നേടിത്തരും.
സാഹനങ്ങളുടെ പിന്നിലെ ഈ ആത്മിയ മർമ്മം നാം തിരിച്ചറിയുന്നില്ലെങ്കിൽ വിശ്വാസത്തിൽ ഇടറിപ്പോകാനും ദോഷകരമായി ദൈവത്തോടും മനുഷ്യരോടും പ്രതികരിക്കാനും ഇടയുണ്ട്.
എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.
ഹെബ്രായര്‍ 12 : 14
സഹോദരരേ, ശരീരത്തിനോ രക്‌തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു.
1 കോറിന്തോസ് 15 : 50
ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന.
റോമാ 12 : 1
ജീവിത സഹനങ്ങളിലൂടെ നിത്യതയ്ക്ക് വേണ്ടി ദൈവം നമ്മെ ഒരുക്കുകയാണെന്ന വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ പ്രത്യാശയോടെ ദൈവം നടത്തുന്ന വഴികളിലൂടെ നമുക്ക് നടക്കുവാൻ കഴിയുകയുള്ളൂ. ദൈവത്തെ അനുഗമിക്കുവാനും ദൈവത്തിന്റെ സ്നേഹ ശാസനകളെ അനുകൂലമായ കാഴ്ചപ്പാടിൽ കാണുവാനും അതിനോട് സഹകരിക്കുവാനും നമ്മൾ തയ്യാറാകുമ്പോൾ നിത്യതക്കുവേണ്ടി ദൈവം നമ്മെ വിശുദ്ധീകരിച്ചു ഒരുക്കികൊണ്ടിരിക്കും.
ഇസ്രായേൽ മക്കളുടെ മരുഭൂ യാത്രയുടെ പശ്ചാത്തലത്തിൽ നമ്മുടെ ഇപ്പോഴത്തെ
ജീവിത പ്രതിസന്ധികളെ കാണേണ്ടതുണ്ട്. എല്ലാപ്രതിസന്ധികളും രോഗങ്ങളും കാഷ്ടപ്പാടുകളും ഉടനടി മാറ്റണമെന്ന പ്രാർത്ഥയും നിർബന്ധങ്ങളും അഭിലക്ഷണിയമല്ല. അതിനുവേണ്ടി ആൾദൈവങ്ങളുടെ പിറകെ അലയുന്നതും ക്രിസ്തിയ മാർഗത്തിൽ നിന്ന് വ്യതിചലിച്ച് ആഭിചാരക്രിയ നടത്തുന്നതുമൊക്കെ ദൈവം നിരോധിച്ച വഴികളാണ്.
ദൈവത്തിന്റെ ശ്രേഷ്ഠ പദ്ധതിയിലാണ് ഇപ്പോഴത്തെ എന്റെയും നിങ്ങളുടെയും ജീവിതം. അത് ദുരന്തങ്ങളുടെ മരുഭൂമിയിൽ ആണെങ്കിൽ അതിന്റെ പിന്നിൽ ദൈവത്തിന് ഒരുദ്ദേശമുണ്ട്. പരാതി പറയാതെ അവന്റെ ശക്തമായ കരങ്ങൾക്ക് കീഴിൽ താഴ്ന്നിരിക്കണം. പരിഭവവും പരാതിയും നിഷേധചിന്തകളും നമ്മുടെ ശുദ്ധീകരണത്തിന് തടസ്സമാകും. ബന്ധങ്ങളിൽ ഇടർച്ചയുണ്ടാക്കും. നിയോഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നേക്കാം.
'എന്റെ സഹോദരരേ, വിവിധ പരീക്‌ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍.
എന്തെന്നാല്‍, വിശ്വാസം പരീക്‌ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്‌ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ.
Frg.ഈ സ്‌ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും.'
യാക്കോബ് 1 : 2-4
ദൈവമെ, അവിടുന്ന് ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്ന വാഗ്ദത്ത നാട്ടിലേക്ക് വിശുദ്ധീകരണം പ്രാപിച്ച് ഒരുങ്ങുവാൻ ഞങ്ങളെ നടത്തുന്ന പ്രതികൂലതയുടെ പാതയിലൂടെ അനുസരണത്തോടെ നടക്കുവാൻ ഞങ്ങൾക്ക് ക്ഷമയും ആത്മസംയമനവും നൽകേണമേ.
അവിടുന്നറിയാതെ ഞങ്ങളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ലെന്നും സംഭവിക്കുന്നതെല്ലാം നന്മക്കയിട്ടാണെന്നും വിശ്വസിക്കുവാനുള്ള അത്മീയ ഉൾക്കാഴ്ച്ചയും വൈകാരിക പക്വതയും സമർപ്പണവും ഞങ്ങൾക്ക് നൽകേണമേ. പ്രതിസന്ധികളിൽ ജഡരക്തങ്ങളോട് യുദ്ധം ചെയ്യുന്നതിനുപകരം നിഷേധശക്തികളോട് എതിർത്തു നിൽക്കുവാനുള്ള അത്ഭുത ശക്തിയും ആത്മബലവും തന്ന് അജയ്യരാക്കേണമേ.
-ഫാ. ഡോ. ഏ. പി. ജോർജ്