അല്‍പകാലത്തേക്കു വിവിധ പരീക്‌ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്‌ദിക്കുവിന്‍. ' 1 പത്രോസ് 1 : 6
എങ്ങനെയാണ് വിവിധ പരീക്ഷകളിൽ ആനന്ദിക്കുവാൻ കഴിയുന്നത്?
ക്രിസ്തുവിലുള്ള ആത്മീയസന്തോഷം ഒരു സത്യവിശ്വാസിയുടെ പ്രധാന സ്വഭാവ വൈശിഷ്ടമാണ്. ഇത് മനുഷ്യന്റെ പ്രയത്നം കൊണ്ട് നേടുന്നതല്ല, ദൈവത്തിന്റെ ദാനമാണ്. ഭൗതിക അനുഗ്രഹങ്ങളും സ്ഥാനമാനങ്ങളും പദവികളും സമൃദ്ധിയായി ലഭിക്കുമ്പോഴും കാര്യങ്ങൾ നന്നായി പോകുമ്പോഴും സ്വാഭാവികമായി നമ്മിലുണ്ടാകുന്ന ഒരു സന്തോഷമല്ല ഈ ആനന്ദം. ഭക്തിയുടെ ബാഹ്യപ്രകടനങ്ങൾ കൊണ്ടുണ്ടാകുന്ന എക്സൈറ്റ്മെന്റിൽ നിന്നും വ്യത്യസ്തമാണ് ഈ ആനന്ദം.
അത് അസാധാരണമായൊരു ആനന്ദമാണ്. അത് അനുഭവിക്കുവാൻ കഴിയുന്നത് നമ്മുടെ ക്രിസ്തു ബന്ധത്തിന്റെ ശക്തമായ തെളിവാണ്.
നാലു കാര്യങ്ങളിൽ നിന്നും സന്തോഷം വരുന്നതായിട്ടാണ് പത്രൊസ് ഇവിടെ പറയുന്നത്:
വീണ്ടും ജനനം
ജീവനുള്ള പ്രത്യാശ
ഭാവിയിലെ സ്വർഗ്ഗീയ അവകാശത്തെ കുറിച്ചുള്ള ഒരറിവ്.
നമ്മെ കാത്തുസൂക്ഷിക്കുന്ന ദൈവശക്തിയെക്കുറിച്ചുള്ള ഒരുറപ്പ്.
ഈ സന്തോഷത്തെപറ്റി തിരുവചനം വെളിപ്പെടുത്തുന്നത് ശ്രദ്ധേയമാണ്?
'ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്. ' യോഹന്നാന്‍ 15 : 11
'ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും.' യോഹന്നാന്‍ 16 : 24
'എന്നാല്‍, ഇപ്പോള്‍ ഇതാ, ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തില്‍വച്ചു ഞാന്‍ സംസാരിക്കുന്നത് എന്റെ സന്തോഷം അതിന്റെ പൂര്‍ണതയില്‍ അവര്‍ക്കുണ്ടാകേണ്ടതിനാണ്.'
യോഹന്നാന്‍ 17 : 13
'അവര്‍ അപ്പസ്‌തോലന്‍മാരെ അകത്തുവിളിച്ചു പ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തില്‍ സംസാരിച്ചു പോകരുതെന്നു കല്‍പിച്ച്, അവരെ വിട്ടയച്ചു.
അപ്പസ്‌തോലന്‍മാർ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി.'
അപ്പ. പ്രവൃ. 5 : 40-41
'നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനെയും അനുകരിക്കുന്നവരായി. കാരണം, വളരെ ക്ലേശങ്ങള്‍ക്കിടയിലും, പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതമായ ആനന്‌ദത്തോടെ നിങ്ങള്‍ വചനം സ്വീകരിച്ചു.'
1 തെസലോനിക്കാ 1 : 6
'ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.'
സങ്കീർത്തനങ്ങൾ 4:7
പരിശുദ്‌ധാത്‌മാവിന്റെ ദാനമായ ഈ ആനന്ദം അനുഭവിക്കുവാൻ തിരകളും കൊടുങ്കാറ്റുകളും ഉള്ള സംസാരസാഗരത്തിന്റെ ആഴങ്ങളിലേക്ക് നീക്കി മനസ്സിന്റെ വല ഇറക്കണം.
ദൈവമേ, അവിടുത്തെ സമാധാനവും സന്തോഷവും സ്നേഹവും ഈ പുതുവർഷത്തിൽ ഞങ്ങളുടെ ഹൃദയങ്ങളിൽ സമൃദ്ധമായി നിറക്കേണമേ!
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ