വൻ വീഴ്ചയിൽ നിന്ന് ദൈവം കൈപിടിച്ച് എഴുന്നേൽപ്പിച്ചവരുടെ അനേകം സാക്ഷ്യങ്ങളിൽ ഒരെണ്ണം കേൾക്കു:
അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയായി തഴച്ച് വളർന്നു കൊണ്ടിരുന്ന ജീവിതമായിരുന്നു എന്റെത്. പണം, പ്രശസ്തി, അധികാരം,ആരാധകർ, ശക്തമായ സുഹൃത്ബന്ധം, മത രാഷ്ട്രീയ മേഖലകളിൽ വലിയ പിടിപാട് അങ്ങനെ വേണ്ടതെല്ലാം വേണ്ടതിലധികം ഉണ്ടായിരുന്ന ജീവിതത്തിലെ വസന്തകാലം.
നിർഭാഗ്യകരമെന്ന് പറയട്ടെ, അവിചാരിതമായി ഒരു വൻ കെണിയിൽ വീണു. ശക്തമായ ഒരു പ്രലോഭനത്തിന് മുൻപിൽ ഒരു നിമിഷം മനസ്സ് ഇടറിവീണു പോയി. സാമ്പത്തിക അടിത്തറയും വൻ ചുറ്റുമതിലും ഉള്ള എന്റെ ജീവിതത്തെ അതൊന്നും ബാധിക്കില്ലെന്നും തീ ആളിപ്പടർന്നാലും തല്ലിക്കെടുത്താൻ ഞാൻ ശക്തനാണെന്നും വിചാരിച്ചു. നിരന്തരം എന്റെ ഫേവർ സ്വീകരിച്ചിരുന്ന അധികാരികൾ വഴിവിട്ട് സഹായിക്കുമെന്ന ഉറപ്പുമുണ്ടായിരുന്നു. പക്ഷേ കാര്യങ്ങൾ കൈവിട്ടു പോയി.
ഞാൻ ഉയർത്തിയ പ്രതിരോധനിരകൾ ഓരോന്നോരോന്നായി തകർന്നുവീണു. രക്ഷപ്പെടാനും ഓടി ഒളിക്കാനും ഇടമില്ലാതെ നിയമത്തിന്റെ മുൻപിൽ കീഴടങ്ങേണ്ടി വന്നു. സോഷ്യൽ നെറ്റ് വർക്കും മത-രാഷ്ട്രീയത്തിലെ എന്റെ ബനഫിഷറീസും എന്നെ ഒരുകേടും കൂടാതെ രക്ഷപ്പെടുത്തുമെന്ന പ്രദീക്ഷകളൊക്കെ വെറും വ്യാമോഹങ്ങളായി. എല്ലാവരും കൈവിട്ടു, അകന്നുപോയി. ഫോൺ വിളിച്ചാൽ എടുക്കാനും തിരിച്ച് വിളിക്കാനും പലരും തയ്യാറായില്ല. നാട്ടുകാരും അയൽക്കാരും അപരിചിതരെപ്പോലെ പെരുമാറാൻ തുടങ്ങി.
ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും കൽമതിൽക്കെട്ടിനുള്ളിലായി എന്റെ ജീവിതം. വലിയ കാൽക്കുലേഷനും പ്ലാനിങ്ങും കൊണ്ട് ജീവിതത്തിന്റെ മുൻനിരയിൽ എത്തിയ സെൽഫ് മെയ്ഡ് സെലിബ്രിറ്റി ആയിരുന്നു ഞാൻ. പുതിയ തന്ത്രങ്ങളും സ്വാധീനത്തിന്റെ വഴികളും പലതും പയറ്റി നോക്കി. എല്ലാം പരാജയമായിരുന്നു. നിയമ കുരുക്കുകൾ ഓരോന്നോരോന്നായി എന്റെ കഴുത്തിൽ വന്നു വീണുകൊണ്ടിരുന്നു. പെരുമഴയിൽ തകർന്നു പോയ മണൽ വീട് പോലെ സാമ്പത്തിക അടിത്തറയും സൽപ്പേരും പ്രശസ്തിയും ഒക്കെ തകർന്നടിഞ്ഞു! ശബ്ദമുഖരിതവും സജീവമായിരുന്ന വീട് ശ്മശാന ശോകമൂകമായി. ഞാൻ ഏകനായി. എനിക്ക് ഞാൻപോലും അന്യനായതുപോലെ തോന്നി.
ഒരു വൈകുന്നേരം ഒരു അപരിചിതൻ വീട്ടിൽ വന്നു. സുവിശേഷ പ്രവർത്തകനായ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. കുറേനേരം എന്നോടൊപ്പം ഇരുന്നു. കാര്യങ്ങൾ ഒന്നും തിരക്കിയില്ല, കാരണങ്ങൾ ചോദിച്ചില്ല, സഹതാപ പ്രകടനങ്ങൾ നടത്തിയതുമില്ല. ഇറങ്ങി പോയപ്പോൾ ഒരു കവർ എനിക്ക് തന്നു . പിന്നെ വരാമെന്ന് പറഞ്ഞ് പോയി.
കവർ തുറന്നപ്പോൾ ഒരു ബൈബിൾ വാക്യം എഴുതിയ പേപ്പർ അതിനകത്ത് ഉണ്ടായിരുന്നു:
'ദയവായി മർക്കോസ് 5 :36 വായിക്കുക.'
ആദ്യമായിട്ടാണ് ബൈബിൾ കൈയ്യിലെടുക്കുന്നത്. മർക്കോസ് എവിടെയാണെന്ന് കണ്ടുപിടിക്കാൻ വളരെ പാടുപെട്ടു. ഉൽപ്പത്തിക്കും വെളിപാടിനും ഇടയ്ക്കുള്ള ആൾക്കൂട്ടത്തിനിടയിൽ നിന്ന് വളരെ പ്രയാസപ്പെട്ടാണ് മാർക്കോസിനെ കണ്ടെത്തിയത്. മറ്റുള്ളവർ വായിക്കുന്നതും, ബൈബിളിൽനിന്ന് പറയുന്നതും ഒക്കെ കേട്ടിട്ടേയുള്ളൂ. മാതാപിതാക്കൾ ബൈബിൾ വായിക്കുന്നത് കണ്ടിട്ടില്ല. അവർ അതിന് പ്രേരിപ്പിച്ചിട്ടുമില്ല. ഞാനുൾപ്പെടുന്ന വിശ്വാസിസമൂഹം ബൈബിൾ സംസ്കാരവും തിരുവചന ജീവിതശൈലിയും ഉള്ളവരായിരുന്നില്ല.
പള്ളി പ്രമാണിയായ യായിറോസിനോട് കർത്താവ് പറഞ്ഞ വാക്കുകളായിരുന്നു മർക്കോസ് 5 :36. മകൾ മരിച്ചു പോയി. ഇനി ഒന്നും ചെയ്യാനില്ല, ഗുരുവിനെ ശല്യപ്പെടുത്തേണ്ട എന്ന പള്ളിപ്രമാണിയുടെ പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് മറുപടിയായി ക്രിസ്തു യായിറോസിനോട് പറഞ്ഞു:
'ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക'
ഭയമായിരുന്നല്ലോ അപ്പോൾ എന്റെ പ്രധാന പ്രശ്നം. പ്രതിസന്ധികളുടെ കരകാണാക്കടലിൽ മുങ്ങിത്താഴ്ന്ന എന്നോട് തിരുവചനം പങ്കുവയ്ക്കാൻ ക്രിസ്തു ആ മനുഷ്യനെ പറഞ്ഞയച്ചതാണെന്നു ഞാൻ ഉറച്ചു വിശ്വസിച്ചു.
'ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക' എല്ലാ വാതിലുകളും അടഞ്ഞ എന്റെ മുമ്പിൽ തുറന്ന ഒരു പുതിയ വാതിൽ ആയിരുന്നു കർത്താവിന്റെ തിരുവചനം. ബൈബിൾ വായന തുടർന്നു. കരുണയുള്ള കർത്താവിനെ അടുത്തു പരിചയപ്പെട്ടു.
കല്ലെറിയുവാൻ കാത്തുനിന്നവർക്ക് മുമ്പിലെ നിസ്സഹായയായ സ്ത്രീ, എന്നെ സുഖമാക്കാൻ അങ്ങേയ്ക്ക് മനസ്സുണ്ടാകണം എന്ന് പറഞ്ഞ് വന്ന കുഷ്ഠരോഗി, ഒന്നിന് നാലുവിധം പിടിച്ചുവാങ്ങിയ സക്കായി, രാജ്യത്വം പ്രാപിക്കുമ്പോൾ എന്നെ ഓർക്കണമെന്ന് പറഞ്ഞ ക്രൂശിലെ കള്ളൻ, ഞാനവനെ അറിയില്ലെന്ന് പറഞ്ഞ പത്രോസ്, കാണാതെ വിശ്വസിക്കുന്ന പ്രശ്നമില്ലെന്ന് പറഞ്ഞ തോമസ്...
അവരുടെയൊക്കെ പിറകിൽ ഞാനും നിന്നു. എന്റെ ഊഴം വന്നപ്പോൾ ഞാൻ വിങ്ങുന്ന ഹൃദയത്തോടെ നിസ്സഹായനായി പറഞ്ഞു: കർത്താവേ, പാപിയാണ്, എല്ലാം നഷ്ടപ്പെട്ടവനാണ്, എല്ലാ വഴികളും ഇപ്പോൾ അടഞ്ഞിരിക്കുകയാണ്. ആരുമില്ല, എല്ലാവരാലും തള്ളപ്പെട്ട് ഒറ്റപ്പെട്ടവനായി. അനുഗ്രഹങ്ങളിൽ അഹങ്കരിച്ചു വീണുപോയ ധൂർത്തപുത്രനേക്കാൾ അധമനാണ് ഞാൻ. എന്നെ തള്ളിക്കളയരുത്, എല്ലാം ക്ഷമിക്കണം. ഒരവസരം കൂടി തരണം...
'ആരു പറഞ്ഞു നിനക്ക് ആരുമില്ലെന്ന്? നിനക്ക് ഞാനുണ്ട്. ഞാൻ നിന്നെ അനാഥനായി വിടില്ല. ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്താൽ മതി.' അത് അശരീരി ഒന്നുമല്ലായിരുന്നു. മനസ്സ് മനസ്സിനോട് മന്ത്രിച്ച സാന്ത്വന സ്വരമായിരുന്നു. അതുണ്ടാക്കിയ ആത്മ നിർവൃതിയും ആത്മഹർഷങ്ങളും പറഞ്ഞറിയിക്കാൻ വയ്യായിരുന്നു.
എനിക്കൊരു പുതു ശക്തി കിട്ടി. ക്രിസ്തുവിനെ കണ്ടെത്തിയപ്പോൾ ഭൗതിക നഷ്ടങ്ങളും മാനസിക ക്ഷതങ്ങളും നിസ്സാരമായി തോന്നി. ഉള്ളം ഉള്ളതുപോലെ അറിയുന്ന കർത്താവ് കൂടെ ഉണ്ടെന്ന വിശ്വാസം എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ ധൈര്യം നൽകി. എല്ലാ മനോഭാരങ്ങളും കുരിശിൻ ചുവട്ടിൽ ഇറക്കിവെച്ചു. ആന്തരിയ കോളിളക്കവും പിരിമുറുക്കവും ശാന്തമായി. നിയമ കുരുക്കുകളും കേസ്സും പ്രതിസന്ധികളും ഏറെനാൾ തുടർന്നു. ഒന്നിന് നാലുവീതം മടക്കി കൊടുക്കേണ്ടിവന്നു. അതൊക്കെ സഹനങ്ങളുടെ ദിനങ്ങളായിരുന്നു. പക്ഷേ തളർന്നില്ല, തല ഉയർത്തി എല്ലാം നേരിടാനുള്ള അമിത ശക്തി തമ്പുരാൻ തന്നുകൊണ്ടിരുന്നു. ആശ്വാസപ്രദനും കൗൺസിലറുമായ റൂഹ, നടക്കേണ്ട വഴികൾ അപ്പപ്പോൾ പറഞ്ഞു തന്നു കൊണ്ടിരുന്നു.
നിയമപ്രകാരമുള്ള പ്രായശ്ചിത്തങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ ജീവിതനിലവാരം അപ്പർ ക്ലാസ്സിൽ നിന്ന് ബിലോ പോവർട്ടി ലൈനിലായി. അതിലൊന്നും വിഷമം തോന്നിയില്ല. ദൈവം ഇല്ലാതെ അധികത്തിൽ ജീവിച്ച നാളുകളെക്കാൾ സംതൃപ്തിയും സമ്പന്നതയും സായൂജ്യവും ആണ് ദൈവത്തോടു കൂടിയുള്ള അൽപത്തോടെയുള്ള ഇപ്പോഴത്തെ ജീവിതം. മത രാഷ്ട്രീയ മേഖലകളിൽ ഉണ്ടായിരുന്ന പോപ്പുലാരിറ്റിയും ആഡംബര സ്ഥാനമാനങ്ങളും ഒക്കെ പോയി. കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തിൽ നഷ്ടപ്പെടുത്തിയ ജീവിതത്തിലെ വിലപ്പെട്ട സമയങ്ങളെ ഓർത്ത് ഇപ്പോൾ വിഷമം തോന്നാറുണ്ട്.
കഥയറിയാതെ, സത്യമറിയാതെ, ആത്മാവിനെ നഷ്ടപ്പെടുത്തി ലോകം പിടിച്ചടക്കാൻ ഓടുന്നവരെ കാണുമ്പോൾ വളരെ സഹതാപം തോന്നാറുണ്ട്. അവർക്ക് സുബോധം കൊടുക്കണമേയെന്നു പ്രാർത്ഥിക്കാറുണ്ട്. തിരുവചനം എഴുതിയ കുറെ കവറുകളും ആയിട്ടാണ് ഇപ്പോഴത്തെ എന്റെ യാത്ര. അമൂല്യമായ തിരുവചനത്തിലൂടെ ക്രിസ്തുവിനെ നേടുവാൻ എന്നെ സഹായിച്ച സുഹൃത്തിന്റെ സുവിശേഷ നിയോഗം തുടരുകയാണ് ഞാനിപ്പോൾ. എല്ലാവർക്കും കൊടുക്കുന്ന സന്ദേശം ഒന്നുതന്നെയാണ്: Don't be afraid, just believe. ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക.
ജീവിതത്തിലെ വൻവീഴ്ചയുടെ തകർച്ചയിൽ തകർന്നു പോയവരാണോ നിങ്ങൾ? നാശനഷ്ടങ്ങളുടെ കണക്കുകൂട്ടി അഭിമാനക്ഷതങ്ങളുടെ മുറിവിലേക്ക് നോക്കി നിരാശപ്പെടുന്നതു മതിയാക്കു. വിശ്വാസ ജീവിതത്തിൽ നിന്നുള്ള പിൻമാറ്റത്തിന് ഒരിക്കലും ശ്രമിക്കരുത്. വീണ്ടെടുത്ത്, യഥാസ്ഥാനപ്പെടുത്തുവാൻ കഴിയുന്ന ഒരു രക്ഷകൻ നിങ്ങൾക്കുണ്ട്. എന്റെ സഹായം എവിടെ നിന്ന് വരും എന്ന് ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിൽ നിന്ന് സഹായം തീർച്ചയായും വരും. എങ്ങനെ വരും, എപ്പോൾ വരും എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല. പ്രാർത്ഥനയോടെ കാത്തിരിക്കണം.
ദൈവത്തിന്റെ ചട്ടങ്ങൾ പഠിക്കാൻ എന്നെ കഷ്ടത്തിൽ ആക്കിയത് നന്നായി എന്ന ദാവീദിന്റെ പോസിറ്റിവ് മനോഭാവം എപ്പോഴും മനസ്സിൽ സൂക്ഷിക്കണം. എത്ര വലിയ വീഴ്ചയിലും ദൈവത്തിൽ ആശ്രയിച്ചാൽ ദൈവത്തിന്റെ മഹത്വം കാണുവാൻ സാധിക്കും. ഭയപ്പെടേണ്ട, വിശ്വസിച്ചാൽ മാത്രം മതി.
-ഫാ. ഡോ. ഏ. പി. ജോർജ്