'പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: 'കർത്താവു നിന്നെ ഭർത്സിക്കട്ടെ ' എന്നു പറഞ്ഞതേയുള്ളൂ. ' യൂദാ 1:9
എന്തിനെ കുറിച്ചായിരുന്നു ഈ വാദം എന്നു നമുക്കറിയില്ല. നമ്മെ സംബന്ധിച്ചിടത്തോളം അത് അറിയേണ്ട ഒരു പ്രധാനപ്പെട്ട കാര്യമല്ല.
' മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ... ' ആവർത്തനം 29:28
സാത്താനോടു സംസാരിക്കുമ്പോൾ പോലും മീഖായേൽ തന്റെ ഭാഷയിൽ എത്രമാത്രം ശ്രദ്ധയുള്ളവനായിരുന്നുവെന്ന് നോക്കുക: 'കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നാണ് പറഞ്ഞത്'. മറ്റുള്ളവരുടെമേലുള്ള കുറ്റാരോപണവും ശിക്ഷാവിധിയും മീഖായേൽ ദൈവകരങ്ങളിൽ ഏൽപ്പിച്ചു.
നമുക്ക് പ്രതിസന്ധിയും ഇടർച്ചയും ഉണ്ടാക്കുന്നവരോട്, വൈകാരികമായി പ്രതികരിക്കുവാൻ പോകാതെ, 'ദൈവം നിന്നെ തിരുത്തട്ടെ ' എന്ന് മനസ്സിൽ പറയുകയും അവരുടെ മനസാന്തരത്തിനുവേണ്ടി നീതി നടത്തുന്ന ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ് ഉത്തമമായ സമീപനം. കുടുംബ ജീവിതത്തിലും ദാമ്പത്യ ബന്ധത്തിലും ആത്മീയ കൂട്ടായ്മയിലും ഈ ക്രിസ്തീയ സമീപനം സ്വീകരിച്ചാൽ ഏറ്റുമുട്ടലുകളും അതിക്രമങ്ങളും വഴക്കുകളും ഒക്കെ ഒഴിവാക്കുവാൻ സാധിക്കും.
'നിന്‌ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്‌ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്‍പിക്കുകയാണു ചെയ്‌തത്.'
1 പത്രോസ് 2 : 23
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ