വിമോചകനായ രക്ഷകൻ

യെശയ്യാ പ്രവചനത്തിൽ നിന്നുള്ള കർത്താവിന്റെ  ഉദ്ധരണികളാണ് (യെശയ്യാവു 61: 1) ലൂക്കാ 4 : 18-19:

'ദരിദ്രരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു”

 ബാബിലോണിയൻ അടിമത്തത്തിൽ നിന്ന് യഹൂദരുടെ യഥാസ്ഥാനപ്പെടുത്തലിനെപ്പറ്റിയുള്ള  പ്രവചനമാണിത്. പക്ഷേ,  യേശുവിന്റെ പരസ്യ ശുശ്രൂഷയിലാണ് ഇതിന്റെ പ്രസക്തി കൂടുതൽ വ്യക്തമാകുന്നത്.

  ക്രിസ്തുവിന്റെ മഹനിയ ശുശ്രൂഷയുടെ പ്രധാന നേട്ടങ്ങളെപ്പറ്റി സംക്ഷിപ്തമായി വിവരിക്കുന്നതാണ് ഈ വേദഭാഗം:

1. "ദരിദ്രരോട് സുവിശേഷം അറിയിക്കാൻ ദൈവത്തിന്റെ ആത്മാവ് യേശുവിനെ  അഭിഷേകം ചെയ്തു. സുവിശേഷത്തിലെ സുവിശേഷമാണ് ഈ പ്രസ്താവന. ക്രിസ്തുവിലൂടെ നിത്യ രക്ഷ ലോകത്തിന് ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയാണിത്. 
 ദരിദ്രർക്ക് സുവിശേഷം ലഭിച്ചിരിക്കുന്നു എന്നാണ് ഈ വേദഭാഗത്തു പറയുന്നത്.  
ആരാണ് ഈ ദരിദ്രർ?
ഗിരി പ്രഭാഷണത്തിലെ  "ആത്മാവിൽ ദരിദ്രർ  ആയവരെയാണ്  ഇവിടെ ദരിദ്രരായി പരാമർശിച്ചിരിക്കുന്നത്.  (മത്തായി 5: 3). കർത്താവിന്റെ സന്ദേശം സ്വീകരിക്കാൻ സന്മനസ്സുള്ളവരും  ക്രിസ്തുവിനെ പിന്തുടരുകയും ചെയ്യുന്ന, താഴ്മയുള്ളവരാണ് ആത്മാവിൽ ദരിദ്രരായവർ.

ബന്ധിതർക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ യേശുവിനെ അഭിഷേകം ചെയ്തു എന്നാണ് രണ്ടാമത്തെ പ്രഖ്യാപനം. ബാബിലോൻ പ്രവാസത്തിൽ ആയിരുന്ന ഇസ്രായേൽ  മക്കളെ ദൈവം വിമോചിപ്പിച്ചതുപോലെ പാപത്തിന്റെയും സാത്തന്റെയും ബന്ധനത്തിലായിരിക്കുന്നവരെ ക്രിസ്തു വിമോചിപ്പിക്കുമെന്ന പ്രവചന നിവൃത്തിയെയാണ് കർത്താവ് ഇവിടെ സൂചിപ്പിക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസം പാപത്തിന്റെ
നിത്യ തടവിൽ ആയിരിക്കുന്നവർക്ക് സ്വാതന്ത്ര്യം നൽകുന്നു.

 അന്ധരുടെ കാഴ്ച ലഭിക്കുന്നതിനു യേശുവിനെ അഭിഷേകം ചെയ്തു എന്നതാണ് മൂന്നാമത്തെ പ്രഖ്യാപനം . യേശുവിന്റെ രോഗശാന്തി ശുശ്രൂഷയിൽ ഇത് അക്ഷരാർത്ഥത്തിൽ സംഭവിച്ചു.  പക്ഷേ ഇത് പ്രധാനമായും സാത്താനും പാപവും  അന്ധരാക്കിയവരുടെ ആത്മിയ കണ്ണ് തിരുവചനം തുറക്കുന്നതിനെപറ്റിയും സൂചിപ്പിക്കുന്നു.
 2 കൊരിന്ത്യർ 4: 4-6:
'ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി...6 ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്ന് അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.'

സുവിശേഷം ഹൃദയപൂർവം സ്വീകരിച്ച്,  ജീവിതശൈലി ആക്കുമ്പോൾ, ആത്മിയ അന്ധത നീങ്ങും.  ആത്മീയ ദർശനം സാധ്യമാവും.  തിരുവചന മർമ്മങ്ങൾ വെളിപ്പെടും.

അടിച്ചമർത്തപ്പെട്ടവരെ സ്വാതന്ത്രമാക്കുവാൻ ആത്മാവ് യേശുവിനെ അഭിഷേകം ചെയ്തു എന്നതാണ് നാലാമത്തെ വെളിപ്പെടുത്തൽ.
  ബാബിലോണിലെ അടിച്ചമർത്തപ്പെട്ടവരെ ദൈവം സ്വതന്ത്രമാക്കിയതുപോലെ,  സാത്താൻ അടിമയാക്കി, അവന്റെ  അധീനത്തിൽ ആയിരുന്നവരെ ക്രിസ്തു പാപപരിഹാര ബലിയിലൂടെ  സ്വതന്ത്രമാക്കി.  പരസ്യ ശുശ്രുഷയുടെ കാലങ്ങളിൽ കർത്താവ് നടത്തിയ 'ഡെലിവറൻസ് മിനിസ്ട്രി ' തന്നിൽ വിശ്വസിക്കുന്നവരിൽ ഇന്നും തുടർന്നു കൊണ്ടിരിക്കുകയാണ്.  

 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാൻ എന്നെ അയച്ചിരിക്കുന്നു എന്നാണ് വേദഭാഗത്തിലെ അവസാന പ്രഖ്യാപനം. 
കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കാൻ ആത്മാവ് യേശുവിനെ അഭിഷേകം ചെയ്തു . "കർത്താവിന്റെ പ്രസാദ വർഷം" അക്ഷരാർത്ഥത്തിൽ വർഷമല്ല, യെശയ്യാവിന്റെ കാലത്ത് ബാബിലോണിലെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടവരുടെ സ്വീകാര്യതയെയും അനുഗ്രഹത്തെയും ഇത് സൂചിപ്പിക്കുന്നു. അതുപോലെ അനുതപിക്കുകയും ക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായി അംഗീകരിക്കുകയും ചെയ്യുന്നവരിൽ ഉണ്ടാകുന്ന ദൈവപ്രസാദത്തെ ഈ പദം സൂചിപ്പിക്കുന്നു.

 ക്രിസ്തുവിന്റെ പാപ പരിഹാരബലിയിൽ വിശ്വസിക്കുകയും സുവിശേഷം അനുസരിച്ചു ജീവിത ശൈലി ക്രമികരിക്കുകയും  ചെയ്യുന്നവർ  സുവിശേഷത്തിലെ എല്ലാ അനുഗ്രഹങ്ങൾക്കും അവകാശികൾ ആകും.

'എന്റെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ്‌ എന്നെ സ്‌നേഹിക്കുന്നത്‌. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും...എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.'
യോഹന്നാന്‍ 14 : 21-23.

ദരിദ്രരോട് സുവിശേഷം അറിയിക്കുവാനും ബന്ധിതർക്ക് വിടുതലും അന്ധർക്ക് കാഴ്ചയും  പീഡിതർക്ക് വിമോചനവും നൽകുവാനും ദൈവത്തിന്റെ കരുണാ വർഷം പ്രസംഗിക്കുവാനും ക്രിസ്തുയേശുവിനെ ഭൂമിയിലേക്ക് അയച്ചുതനായി സ്തോത്രം!
പാപ ബന്ധനത്തിലും അന്ധതയിലും കഴിയുന്നവർക്ക് വിടുതലും ദിവ്യ ദർശനവും നൽകേണമേ.
 ദശാബോധവും ഉൾക്കാഴ്ചയും നൽകുന്ന തിരുവചനത്താൽ ഞങ്ങളുടെ ആന്തരിക കണ്ണുകളെ പ്രകാശിപ്പിക്കണമേ.  ആത്മശരീര മനസ്സുകളെ ശുദ്ധീകരിക്കേണമേ.
 പരീക്ഷണത്തിന്റെ മരുഭൂമിയിലും പീഡനങ്ങളിലും ആസക്തികളുടെ ബന്ധനത്തിലും ആയിരിക്കുന്നവരെ അവിടുത്തെ ശാശ്വത ഭുജങ്ങളാൽ വിമോചിപ്പിക്കണമെ.  കർതൃ സ്നേഹത്തിൽ യഥാസ്ഥാനപ്പെടുത്തേണമേ.