പാപക്ഷമയുടെ തമ്പുരാൻ

"നിന്റെ ദൈവമായ യഹോവ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവമാകുന്നു." (യോശുവ 2:11)

ഈ വിശ്വാസപ്രഖ്യാപനത്തിന്റെ ആഴം മനസ്സിലാക്കുമ്പോൾ നമ്മുടെ ഹൃദയം വിസ്മയം കൊണ്ട്  നിറയും . ഈ വാക്കുകൾ ഉച്ചരിച്ചത് ഒരു വിശുദ്ധനോ പ്രവാചകനോ അല്ല,  പാപത്തിന്റെ ഇരുണ്ട താഴ്വരകളിലൂടെ നടന്ന യെരീഹോയിലെ പാപിനിയായ  രാഹാബാണ്. സമൂഹം അവളെ അവളുടെ പാപത്താൽ തിരിച്ചറിഞ്ഞു; എന്നാൽ ദൈവം അവളെ അവളുടെ വിശ്വാസത്താൽ തിരിച്ചറിഞ്ഞു. മനുഷ്യർ അവളുടെ ഭൂതകാലം കണ്ടപ്പോൾ, ദൈവം അവളുടെ ഭാവി കണ്ടു.

രാഹാബ്  യഹോവയുടെ മഹത്വത്തിന്റെ വാർത്ത കേട്ടു. എന്നാൽ കേട്ട സത്യം അവളുടെ ഹൃദയത്തിൽ വിശ്വാസമായി ജ്വലിച്ചു. ആ വിശ്വാസം അവളെ സ്വന്തം ജനതയ്ക്കെതിരെയും സ്വന്തം സുരക്ഷയെ പോലും അപകടത്തിലാക്കിയും ദൈവത്തിന്റെ പക്ഷത്ത് നിൽക്കാൻ ധൈര്യപ്പെടുത്തി. യഥാർത്ഥ വിശ്വാസം വെറും വാക്കുകളുടെ ഏറ്റുപറച്ചിലല്ല; അത് ജീവിതത്തിന്റെ ദിശ മാറ്റുന്ന സമർപ്പണമാണ്.

രാഹാബിന്റെ കഥ ദൈവത്തിന്റെ ക്ഷമയുടെ ആഴം വെളിപ്പെടുത്തുന്നതാണ്. ദൈവം പാപം ക്ഷമിക്കുക മാത്രമല്ല,  പാപിക്ക് തിരിച്ചറിവും ദിശാബോധവും നൽകുന്നു.  രാഹാബ് ഒരു പാപിനിയായി ചരിത്രത്തിൽ മറഞ്ഞുപോയില്ല,  വിശുദ്ധ വനിതയായി,  തിരുവെഴുത്തിൽ  സ്മരിക്കപ്പെട്ട അനശ്വരയായി (എബ്രായർ 11:31). അതുമാത്രമല്ല, അവൾ മിശിഹായുടെ വംശാവലിയിൽ ഉൾപ്പെടുകയും ചെയ്തു (മത്തായി 1:5). ഒരിക്കൽ ലജ്ജയുടെ പേരായിരുന്നത്, ദൈവകൃപയാൽ വീണ്ടെടുപ്പിന്റെ സാക്ഷ്യമായി മാറി. കൃപയ്ക്ക് മാത്രം പ്രവർത്തിക്കുവാൻ കഴിയുന്ന അത്ഭുതമാണ് ഇത്. 

നമ്മുടെ ഭൂതകാലം എത്ര ഇരുണ്ടതായാലും, ക്രിസ്തുവിന്റെ രക്തം അതിലും ശക്തമാണ്. അവിടുന്ന് പാപത്തിന്റെ കരി നിഴലുകൾ  മായ്ക്കുകയും തകർന്ന ജീവിതത്തെ തന്റെ മഹത്വത്തിനുള്ള പാത്രമാക്കുകയും ചെയ്യുന്നു.
"നമ്മുടെ പാപങ്ങൾ ചുവപ്പുനിറമായിരുന്നാലും അവ ഹിമംപോലെ വെളുക്കും" (യെശയ്യാവ് 1:18).
"അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും നീക്കി നമ്മെ ശുദ്ധീകരിക്കുന്നു" (1 യോഹന്നാൻ 1:7).
ക്ഷമ ദൈവത്തിന്റെ  ഹൃദയത്തിന്റെ വിസ്മയ സ്വഭാവമാണ്.

പഴയ മുറിവുകളുടെയും കുറ്റബോധത്തിന്റെയും ഓർമ്മകളുടെയും തടവറയിൽ കഴിയുന്ന അനേകരുണ്ട്.  രാഹാബ് ഇവരോട് പറയുന്ന സാക്ഷ്യം ശ്രദ്ധേയമാണ്:
ദൈവത്തിന്റെ കൃപയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത പാപമില്ല; ക്രിസ്തുവിന്റെ രക്തത്തിന് കഴുകിക്കളയാൻ കഴിയാത്ത മലിനതയില്ല; ദൈവത്തിന് തന്റെ മഹത്വത്തിനായി ഉപയോഗിക്കാൻ കഴിയാത്ത ജീവിതവുമില്ല.

എന്താണ് വിശ്വാസം?
ക്ഷമിക്കുന്ന ദൈവത്തിലും  കുറ്റവാളിയെ മകനാക്കുന്ന പിതാവിലും അപമാനത്തെ മഹത്വമാക്കുന്ന കർത്താവിലും  ഭൂതകാലത്തെ വീണ്ടെടുത്ത് നിത്യപ്രത്യാശ നൽകുന്ന യേശുക്രിസ്തുവിലും സംശയമില്ലാതെ  വിശ്വസിക്കുന്നതും പാപക്ഷമക്കായി പ്രത്യാശയോടെ തിരു സവിധത്തിൽ കടന്നുചെല്ലുന്നതുമാണ് വിശ്വാസം.

അവനിൽ വിശ്വസിക്കുന്നവർ ഒരിക്കലും ലജ്ജിക്കയില്ല; അവന്റെ കൃപ പാപത്തേക്കാൾ വലുതും, അവന്റെ സ്നേഹം നമ്മുടെ എല്ലാ പരാജയങ്ങളേക്കാളും ആഴമുള്ളതുമാണ്.
പാപ പശ്ചാത്തലത്തിൽ നിന്ന് രാഹാബ്   വിശുദ്ധയായി   മാറിയത്  അവളുടെ സ്വന്തം പരിശ്രമം കൊണ്ടല്ല,  രക്ഷകന്റെ കരുണയാൽ ആകർഷിക്കപ്പെട്ടതുകൊണ്ടാണ്.  യെരീഹോയുടെ മതിലുകൾക്കുള്ളിൽ ലജ്ജയുടെയും പാപത്തിന്റെയും തടവുകാരിയായി ജീവിച്ചവളെ, ദൈവം തന്റെ വീണ്ടെടുപ്പിന്റെ പദ്ധതിയിലേക്ക് കൈപിടിച്ചു നടത്തി. അവളുടെ ജനാലയിൽ കെട്ടിയിരുന്ന ചുവപ്പുനൂൽ, ക്രിസ്തുവിന്റെ രക്തത്താൽ ലഭിക്കുന്ന രക്ഷയുടെ മനോഹരമായ ഒരു മുൻനിഴലായി മാറി.
ഒരിക്കൽ പാപത്തിന്റെ വീട് ആയിരുന്നത് രക്ഷയുടെ ഭവനമായി; ഒരിക്കൽ അപമാനത്തിന്റെ പേരായിരുന്നത് വിശ്വാസത്തിന്റെ പേരായി. തുടർന്ന് ദൈവം അവളെ ഇസ്രായേൽ ജനത്തോടു ചേർത്തു. ബോവസിന്റെ മാതാവാകുവാനുള്ള മഹത്തായ അനുഗ്രഹം നൽകി.  ഒടുവിൽ ലോകത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ വംശാവലിയിൽ അവൾക്ക് സ്ഥാനം ലഭിച്ചു (മത്തായി 1:5). ഇതാണ് ദൈവത്തിന്റെ പാപക്ഷമയുടെയും വീണ്ടെടുപ്പിന്റെയും കൃപയുടെയും  അത്ഭുതം. അവിടുന്ന് പാപിയോട് ക്ഷമിക്കുക മാത്രമല്ല, അവനെ/അവളെ തന്റെ രക്ഷാകര പദ്ധതിയുടെ ഭാഗമാക്കുകയും തന്റെ മഹത്വത്തിന്റെ സാക്ഷിയാക്കുകയും ചെയ്യുന്നു.
'നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും.'
1 യോഹന്നാന്‍ 1 : 9
കർത്താവിന്റെ കരുണയുടെ വാതുക്കൽ കാത്തു നിൽക്കേണ്ടതില്ല. അനുവാദമില്ലാതെ ആർക്കും കടന്നുചെല്ലാം. പിതാവ് കാത്തിരിക്കുകയാണ്. ധൈര്യമായി കടന്നു ചെന്നോളൂ.

-fr. dr. a. p. george
(Courtesy)