കർത്താവെ ഞാൻ രോഗിയാണ്

             

“ഞാൻ രോഗിയാണ്; എന്റെ വൈദ്യൻ ക്രിസ്തുവാണ്.”  സാമുവൽ റതർഫോർഡിന്റെ ഈ വാക്കുകൾ ഒരു വലിയ ആത്മീയ സത്യം വെളിപ്പെടുത്തുന്നു.

നമ്മിൽ പലരും ബഹ്യമായി സുഖമായിരിക്കുന്നവർ ആയിരിക്കാം. എന്നാൽ ഹൃദയത്തിന്റെ ആഴങ്ങളിൽ ആരും അറിയാത്ത ചില മുറിവുകൾ ഉണ്ടാകാം—വെളിപ്പെടുത്താത്ത  വേദനകൾ, ക്ഷമിക്കാനാകാത്ത അപരാധങ്ങൾ, നഷ്ടങ്ങളുടെ നിശ്ശബ്ദ ദുഃഖം, പരാജയങ്ങളുടെ കുറ്റബോധം, ബന്ധങ്ങളിലെ ക്ഷതങ്ങൾ, സ്വന്തം ബലഹീനതകൾ മൂലമുള്ള നിരാശ...

ചിലപ്പോൾ നമ്മൾ നമ്മോടുതന്നെ ചോദിക്കും:
“എന്തുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ഇതേ അപകട കെണികളിൽ വീഴുന്നത്? എന്തുകൊണ്ടാണ് എന്റെ ഹൃദയം ഇനിയും സുഖപ്പെടാത്തത്?”

അപ്പോൾ, കർത്താവ് നമ്മെ കുറ്റപ്പെടുത്താതെ, സാന്ത്വന സ്വരത്തിൽ നമ്മോട് പറയും :
“ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നത്”
— മർക്കോസ് 2:17
യേശു നമ്മുടെ മുറിവുകൾ കണ്ട് പിന്മാറില്ല. അവൻ നമ്മുടെ തകർച്ചയെ കുറ്റപ്പെടുത്തില്ല. നമുക്ക് പറയാൻ കഴിയാത്ത വേദന പോലും അവൻ അറിയുന്നു. നാം മറ്റുള്ളവരിൽ നിന്ന് മറച്ചുവെച്ച കണ്ണുനീർ പോലും അവൻ കാണുന്നു.
അവൻ നമ്മെ സ്നേഹിക്കുന്നു. തിരുത്തുന്നതിനു മുമ്പ് അവൻ നമ്മെ ചേർത്തുപിടിക്കുന്നു. അവന്റെ സൗഖ്യദായക കരങ്ങൾ നമ്മുടെ മുറിവുകളെ  തലോടുന്നു, സൗഖ്യമാക്കുന്നു.

റതർഫോർഡ് തന്റെ ബലഹീനത വളരെ സത്യസന്ധമായി സമ്മതിക്കുകയാണ്: “അവൻ കെട്ടിപ്പൊക്കുന്നു; ഞാൻ തകർക്കുന്നു. അവൻ കെട്ടുന്നു; ഞാൻ അഴിക്കുന്നു.”

നമ്മുടെ ജീവിതത്തിലും അതൊക്കെയാണ് സംഭവിക്കുന്നത് ?
ദൈവം നമ്മിൽ സമാധാനം പണിയുമ്പോൾ നാം അപകട സാധ്യതകളെപറ്റി ചിന്തിക്കുന്നു. അവൻ ക്ഷമിക്കാൻ പഠിപ്പിക്കുമ്പോൾ നാം പഴയ മുറിവുകൾ വീണ്ടും ഓർക്കുന്നു. അവൻ പ്രത്യാശ നൽകുമ്പോൾ നാം നിരാശയിലേക്ക് മടങ്ങുന്നു. അവൻ നമ്മെ ഉയർത്തുമ്പോൾ നാം സ്വന്തം പരാജയങ്ങളെ നോക്കി വീണ്ടും താഴേക്ക് വീഴുന്നു...
എന്നിട്ടും അവൻ നമ്മെ കൈവിടുന്നില്ല.

നമ്മുടെ കൈകൾ തളർന്നാലും അവന്റെ കൈകൾ ക്ഷീണിക്കുന്നില്ല. നമ്മുടെ വിശ്വാസം ചെറുതായാലും അവന്റെ വിശ്വസ്തത വലുതാണ്. വാക്കുകളില്ലാത്ത   നമ്മുടെ കണ്ണുനീർ പ്രാർത്ഥന  അവൻ  കേൾക്കുന്നു.
“ഹൃദയം തകർന്നവർക്കു യഹോവ സമീപസ്ഥൻ; ഹൃദയം നുറുങ്ങിയവരെ അവൻ രക്ഷിക്കുന്നു."
— സങ്കീർത്തനം 34:18

അതുകൊണ്ട്, ഇന്ന്  ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ശരിയാക്കാൻ നിങ്ങൾ സ്വയം ശ്രമിക്കേണ്ടതില്ല. സ്വർഗ്ഗിയ വൈദ്യന്റെ  അടുക്കൽ അരികചെന്ന്:
“കർത്താവേ, എനിക്ക് എല്ലാം മനസ്സിലാകുന്നില്ല. ഞാൻ ശക്തനല്ല. സൗഖ്യമാകാത്ത എന്റെ നിത്യ മുറിവുകൾ എപ്പോഴും വേദനിക്കുന്നു. ചില കാര്യങ്ങൾ  വിട്ടുകൊടുക്കാൻ എനിക്ക് കഴിയുന്നില്ല. ഞാൻ എന്നെത്തന്നെ നിന്റെ കൈകളിൽ ഏൽപ്പിക്കുന്നു. എന്നെ സൗഖ്യമാക്കണമേ” എന്ന് പറഞ്ഞാൽ മതി. അത്രമാത്രം മതി.
കർത്താവ് നമ്മിൽ ആരംഭിച്ച പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിക്കില്ല. “നിങ്ങളിൽ നല്ല പ്രവൃത്തി ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാൾവരെ അതിനെ തികയ്ക്കും.”
— ഫിലിപ്പിയർ 1:6

നിന്റെ ജീവിതം ഇപ്പോഴും പൂർത്തിയായിട്ടില്ല.
അതുകൊണ്ട് ഇപ്പോഴത്തെ വേദനയെ നോക്കി അവസാന വിധി പറയരുത്. ഇത് നിന്റെ ജീവിതത്തിന്റെ അവസാന അധ്യായമല്ല. വൈദ്യൻ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഒരുപക്ഷേ ഇന്ന്  തകർന്ന ഒരു ഹൃദയവുമായിട്ടായിരിക്കാം നീ അവന്റെ അടുക്കൽ വന്നിരിക്കുന്നത്. തകർന്ന ഹൃദയം ക്രിസ്തുവിന്റെ കരങ്ങളിൽ സമർപ്പിക്കുമ്പോൾ,   സൗഖ്യത്തിന്റെ പുതിയ കഥ അവിടെനിന്ന് ആരംഭിക്കും.

അവൻ നമ്മുടെ ആത്മാവിന്റെ ഏറ്റവും വിശ്വസ്തനായ വൈദ്യനും ഏറ്റവും സ്നേഹമുള്ള പരിപാലകനുമാണ്.
അതുകൊണ്ട് ഭയപ്പെടേണ്ട. വേദനയിൽ ഒറ്റപ്പെട്ടുപോകരുത്. നിന്റെ ബലഹീനതയെക്കുറിച്ച് ലജ്ജിക്കേണ്ടതില്ല.
സധൈര്യം കർത്താവിന്റെ അടുക്കൽ ചെല്ലുക.
അവൻ നിന്നെ തള്ളിക്കളയില്ല. അവൻ നിന്നെ സ്നേഹത്തോടെ തൊടും, മുറിവുകൾ സൗഖ്യമാക്കും, തകർന്നതിനെ പണിയും, ഒടുവിൽ നിന്നെ തന്റെ സ്വരൂപത്തോട് അനുരൂപനാക്കും.

ഓർമ്മിക്കാം:
നിന്റെ മുറിവുകൾ നിന്റെ തകർച്ചയല്ല.  അവ വൈദ്യനായ ക്രിസ്തുവിന്റെ കരങ്ങളിൽ ഏൽപ്പിച്ചാൽ, അത് നിന്റെ സാക്ഷ്യത്തിന്റെ തുടക്കമാകും.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )