മരച്ചുവട്ടിലെ മനുഷ്യൻ

 

'കപടം ഇല്ലാത്ത സാക്ഷാൽ ഇസ്രായേല്ല്യൻ' എന്ന അത്യുത്കൃഷ്ട ടൈറ്റിൽ ക്രിസ്തുവിൽ നിന്ന് ലഭിച്ച
നഥാനിയേലിനെ യോഹന്നാൻ ഒന്നാം അധ്യായത്തിൽ പരിചയപ്പെടുത്തുന്നുണ്ട്.

മനോഭാവത്തിൽ മുൻവിധിയുടെ പ്രതിസന്ധിയുള്ള ആളായിരുന്നു നഥാനിയേൽ. റോമൻ ആർമിയുടെ താവളമായിരുന്ന നസ്രേത്തിനെ യഹൂദൻമാർ കഠിനമായി വെറുത്തിരുന്നു. അവിടെ നിന്ന് ഒരിക്കലും നന്മ ഉണ്ടാവില്ലെന്ന മുൻവിധിക്കാരനായിരുന്നു നഥാനിയേൽ.

ജീവിതപങ്കാളിയോടും ചില വ്യക്തികളോടും മത-രാഷ്ട്രീയ സംഘടനകളോടും ചില ദേശക്കാ രോടും മുൻവിധിയും എതിരഭിപ്രായവും പലർക്കും ഉണ്ടാകാറുണ്ട്. ചിലതൊക്കെ നേരിട്ടുള്ള ദുരനുഭവങ്ങളിൽ നിന്നായിരിക്കാം, അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞു കേട്ടതോ മീഡിയ തെറ്റിദ്ധരിപ്പിച്ചത് ഒക്കെ ആകാം.

എപ്പോഴും നമ്മുടെ നിഗമനങ്ങളെയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും കണ്ണടച്ച് വിശ്വസിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ചിലർക്ക് ചില വീഴ്ചകൾ വന്നു പോയതുകൊണ്ട് അവർ എന്നും അധമരാണെന്നും അവരുടെ മക്കളും തലമുറകളും ശപിക്കപ്പെട്ടവരും വിശ്വസിക്കാൻ കൊള്ളാത്തവരും ആണെന്ന മുൻവിധി ശരിയല്ല. തെറ്റുകളും വീഴ്ചകളും മനുഷ്യസഹജമാണ്. അബദ്ധങ്ങളിൽ നിന്ന് വലിയ പാഠങ്ങൾ പഠിച്ച് ജീവിതത്തിൽ വിജയം നേടിയവർ അനവധിയാണ്. മക്കൾക്കും ജീവിത പങ്കാളികൾക്കും ചില വീഴ്ചകളും സംഭവിച്ചിട്ടുണ്ടാകാം. അതുകൊണ്ട് അവർ ഒരിക്കലും ശരിയാവില്ല, വിശ്വസ്തരല്ല എന്ന മുൻവിധി നല്ലതല്ല.

എനിക്കും നിങ്ങൾക്കുംജീവിതത്തിൽ എത്രയോ പതനങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും മുൻവിധികളില്ലാതെ നമ്മെ ദൈവം സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്. മുൻവിധികളുടെ തടവിൽ നിന്നും സ്വതന്ത്രമാകുന്നില്ലെങ്കിൽ ബന്ധങ്ങൾ സൗഹൃദ പൂർണ്ണമായി നിലനിർത്താൻ കഴിയില്ല. ജീവിതത്തിൽ ഒരിക്കലും സമാധാനം കിട്ടുകയുമില്ല.

മോശെയും പ്രവാചകന്മാരും സൂചിപ്പിച്ച നസ്രേത്തിലെ യേശുവിനെ കണ്ടെത്തിയെന്ന് ഫിലിപ്പ് പറഞ്ഞപ്പോൾ അത് സാധ്യമാണോ എന്ന് നാഥാനിയൽ ആദ്യം സംശയിച്ചു. ഫിലിപ്പോസ് പറഞ്ഞു : 'വന്ന് കാണുക, സത്യം മനസ്സിലാക്കുക, മുൻവിധി ഒഴിവാക്കുക '. നാഥാനിയൽ തന്റെ മുൻവിധികളെ അതിജീവിച്ച് ക്രിസ്തുവിനെ നേരിട്ട് കാണുവാൻ തീരുമാനിച്ചു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. ക്രിസ്തുവിന്റെ ശിഷ്യനാകുവാനുള്ള മഹാഭാഗ്യം ലഭിച്ചു.

നേരിട്ട് കണ്ട് ബോധ്യപ്പെടാതെ ആളുകൾ പറയുന്നത് കേട്ടു നമ്മൾ ആരെയും വിധിക്കരുത്. നീതിമാൻറെയും നിരപരാധികളുടെയും രക്തം നമ്മുടെ തലയിൽ വീഴാൻ കാരണമായേക്കും.

ദൈവം അനുഗ്രഹിച്ച് തരുന്ന നന്മകളും അനുഗ്രഹങ്ങളും നഷ്ടമാകാൻ നമ്മുടെ നിഷേധ മനോഭാവവും മുൻവിധിയും കടുംപിടുത്തവുമൊക്കെ
കാരണമായേക്കാം, സൂക്ഷിക്കണം. നിയോഗങ്ങൾ നിറവേറ്റുന്നതിനും ആത്മാക്കളെ നേടുന്നതിനും മുൻവിധി തടസ്സമാണെന്ന സത്യം മറക്കരുത്.

കർത്താവ് നമ്മുടെ ജീവിതത്തിലേക്ക് പറഞ്ഞുവിട്ട വരെയും ദൈവവേലയ്ക്കായി ഭരമേൽപ്പിച്ച ജനങ്ങളെയും മുൻവിധി കൂടാതെ സ്വീകരിക്കണം. ഏൽപ്പിച്ച അല്പത്തിൽ മുൻവിധി കൂടാതെ
വിശ്വസ്തരായി പ്രവർത്തിക്കുന്നവർക്ക് അധിക ത്തിന്റെ കാര്യവിചാരകത്വം ദൈവം നൽകും.

നഥാനിയേലിന്റെ മുൻവിധിയും വിമുഖതയും കണ്ടിട്ടും ഫിലിപ്പ് പിന്മാറിയില്ല. 'വന്ന് കാണുക' എന്ന് പറഞ്ഞ് നിർബന്ധിച്ച്‌ യേശുവിന്റെ അടുക്കൽ നഥാനിയേലിനെ എത്തിച്ചു.

ഫിലിപ്പോസിന്റെvഈ മനോഭാവം എല്ലാ ദൈവ മക്കൾക്കും ഉണ്ടാകേണ്ടതാണ്. കേൾക്കാൻ ചെവി ഇല്ലാത്ത ലോകത്തോട് ക്രിസ്തുവിനെപ്പറ്റി പറയണം. പ്രതികരണം പരിഹാസമായിരിക്കാം, വിമർശനമാകാം. എതിർപ്പും ബന്ധങ്ങളുടെ നഷ്ടവുമൊക്കെ ഉണ്ടാകാം. പക്ഷേ പറയണം, പറഞ്ഞുകൊണ്ടിരിക്കണം.
മോശയുംയും പ്രവാചകന്മാരും പ്രവചിച്ച ക്രിസ്തുവിനെപ്പറ്റി, ലോകത്തിന്റെ പാപം ചുമന്ന് കാൽവറിയിൽ പാപപരിഹാര ബലിയായി തീർന്ന രക്ഷകനെ പറ്റി, മരണത്തെ ജയിച്ച്‌ ഉയർത്തെഴുന്നേറ്റ നമ്മുടെ വീണ്ടെടുപ്പുകാരനെപ്പറ്റി, സ്വർഗ്ഗത്തിൽ മധ്യസ്ഥനായി തേജസ്സോടെ വാഴുന്നവനും വീണ്ടും വരുവാനിരിക്കുന്നവനും നിത്യ കൂടാരത്തിൽ നമ്മെ കൂട്ടിച്ചേർക്കുന്നവനുമായ ക്രിസ്തുവിനെപ്പറ്റി നമ്മൾ ലോകത്തോട് ഉറക്കെ പറയണം. യോനയുടെ മുൻവിധിയില്ലാതെ നിർഭയരായി പറയണം. പൗലോസ് നട്ടതും അപ്പല്ലോസ് നനച്ചതും വളരുമാറാക്കിയ ദൈവത്തിൽ പ്രത്യാശവെച്ച് വിതയും നനയും തുടരണം.

ജീവിതപങ്കാളിയോടും മക്കളോടും ക്രിസ്തുവിനെപ്പറ്റി പറയണം. സഹപ്രവർത്തകരോടും പരീശ ക്രിസ്ത്യാനികളോടും ക്രിസ്തുവിനെയും അവന്റെ സ്നേഹ നിയമങ്ങളെയും പറ്റി പറയണം. ഇഷ്ടമുള്ളിടത്ത് വീശുന്ന പരിശുദ്ധാത്മാവായ കാറ്റ് ആരിലാണ്, എപ്പോഴാണ് കടന്ന് ചെന്ന്‌ മാറ്റങ്ങൾ
ഉണ്ടാക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ.

ഒരാളുടെയെങ്കിലും ജീവിതത്തിൽ ക്രിസ്തു കടന്നുചെല്ലാനും പുതിയ സൃഷ്ടി ആകാനും ഒരത്മാ വിനെയെങ്കിലും നേടാനും കഴിഞ്ഞാൽ നമ്മുടെ ജീവിതം സഫലമായി. ലോകം മുഴുവൻ നേടുന്നതിനേക്കാൾ വലിയ നേട്ടമാണ് ഒരു ആത്മാവിനെ നേടുന്നത്. കാരണം സർവ്വ ലോകത്തേക്കാൾ വിലയാണ് ഒരു ആത്മാവിന് ദൈവം കൊടുത്തിരിക്കുന്നത്.

നഥാനിയേലിന്റെ മുൻവിധിയുടെ മൂടുപടം വകഞ്ഞുമാറ്റി അവന്റെ ഉള്ളത്തിലെ നിഷ്കളങ്കതയും ആത്മാർഥതയും ഉറക്കെ ക്രിസ്തു പറഞ്ഞപ്പോൾ അമ്പരന്ന നഥാനിയേൽ ചോദിച്ചു: 'അങ്ങ് എങ്ങനെയാണ് എന്നെ അറിയുന്നത്, എവിടെ വെച്ചാണ് കണ്ടത്?'
'ആൾക്കൂട്ടത്തെ ശ്രദ്ധിക്കാതെ അത്തി വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന്, ഇസ്രായേലിന്റെ രക്ഷകനെ വിശുദ്ധ ലിഖിതങ്ങളിൽ ശ്രദ്ധയോടെ തിരയുന്ന നിന്നെ ഞാൻ കണ്ടു' എന്ന് കർത്താവു പറഞ്ഞു.

എന്നെയും നിങ്ങളെയും എവിടെവെച്ച് ഏത് അവസ്ഥയിൽ ദൈവം കാണുന്നു എന്നതിലാണ് നമ്മുടെ ഭാഗ്യം. ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെ യും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണങ്ങളി ൽ രാപ്പകൽ ധ്യാനിക്കുന്ന ജീവിതശൈലിയിൽ ദൈവമുമ്പാകെ കാണപ്പെടുന്നവർ അനുഗ്രഹീതരാണ്. ദൈവത്തെ മാനിക്കുന്ന വരെ ദൈവവും മാനിക്കും. അവരുടെ പേരും പ്രതിഫലവും ഓഹരിയും സ്മരണയുടെ പുസ്തകത്തിൽ ദൈവം എഴുതും.

ജീവിത സംഘർഷം, പീഡനം, അപമാനം, മരണ ഭീഷണി, മഹാരോഗം, തീവ്രവേദന തുടങ്ങിയ സഹനങ്ങളിൽ ആയിരിക്കുന്ന പ്രിയ സുഹൃത്തുക്കളെ, നിങ്ങൾ എല്ലാവരാലും വെറുക്കപ്പെട്ടവരും ഒറ്റപ്പെട്ടവരും ആയിരിക്കാം. ആരും നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടാവില്ല. പക്ഷേ ദൈവം നിങ്ങളെ കാണുന്നുണ്ട്. ഹൃദയമുരുകിയൊഴുകുന്ന നിങ്ങളുടെ കണ്ണുനീരിൽ ദൈവത്തിന്റെ മനസ്സ് കലങ്ങുന്നുണ്ട്. പ്രാർത്ഥനയ്ക്ക് പെട്ടെന്ന് മറുപടി കിട്ടാത്തതുകൊണ്ട് പ്രത്യാശ കൈവെടിയരുത്. അരുതാത്ത വഴികളിലേക്ക് തിരിയരുത്. ക്ഷമ കൈവിടരുത്. നീതി നടത്താനും വിമോചിപ്പിക്കാനും നിന്റെ വീണ്ടെടുപ്പുകാരൻ തീർച്ചയായും കടന്നു വരും. ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്താൽ മതി. ഈ കറുത്ത രാത്രി മാഞ്ഞുപോകും, പ്രഭാത സൂര്യനായി ക്രിസ്തു നിങ്ങളുടെ ഹൃദയത്തിൽ ഉദിക്കും.
എളിയവനും ദരിദ്രനും ആയി ജീവിച്ച ക്രിസ്തു, മുറിവും അപമാനവും ഏറ്റ ക്രിസ്തു,
കരയുന്ന അവരോടൊപ്പം കരഞ്ഞ ക്രിസ്തു, നിങ്ങളെ ഒരിക്കലും കൈവിടില്ല.

'നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.'- സങ്കീർത്തനങ്ങൾ 34:17 -19

-ഫാ. ഡോ. എ. പി. ജോർജ്ജ്