വറീയിങ് മാർത്ത

                        
കർത്താവ് വീട്ടിൽ അതിഥിയായി വന്നപ്പോൾ ശുശ്രൂഷിക്കുവാനും സൽക്കരിക്കുവാനും വേണ്ടിയുള്ള  മാർത്തയുടെ കഠിനാധ്വാനം പ്രത്യേകം അഭിനന്ദനാർഹമാണ്.
പക്ഷേ,  വീട്ടു ജോലികൾ മാർത്തയെ വല്ലാതെ അസ്വസ്ഥയാക്കി.
'മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങി... '
ലൂക്കോസ് 10:40
  ക്രിസ്തു വീട്ടിൽ വന്ന് വചനം പങ്കുവെച്ചപ്പോൾ
ജോലിയുടെ ആധിക്യംമൂലം മാർത്തക്ക് സ്വസ്ഥമായിരുന്നു കേൾക്കുവാൻ കഴിഞ്ഞില്ല. ഒരുപക്ഷേ ജോലിയിലുള്ള  അമിത ശ്രദ്ധ മൂലം ക്രിസ്തുവിനെ ശ്രദ്ധിക്കുവാൻ തന്നെ അവൾ മറന്നു പോയിരിക്കാം.  മാർത്ത ഒരു 'വർക്ക്ഹോളിക്കും' നിർബന്ധ ചിട്ടകളുള്ള 'ഒബ്സസീവ് പേഴ്സണാലിറ്റിയും' ആയിരുന്നോ എന്ന് നമുക്കറിഞ്ഞുകൂടാ.

ദൈവബന്ധവും ജീവിതനിയോഗവും സന്തുലിതമായി നിലനിർത്തുന്നതിൽ നമ്മൾ പലപ്പോഴും പരാജയപ്പെട്ടു പോകാറുണ്ട്.  പലകാര്യങ്ങളെപ്പറ്റിയുള്ള ആകാംക്ഷയും ജീവിതഭാരവും ഒക്കെ പ്രാർത്ഥനക്കും  ആരാധനയ്ക്കുമുള്ള സമയം അപഹരിക്കാറുണ്ട്.

  അമലേക്യരുമായുള്ള യുദ്ധത്തിന്റെ വിജയത്തിനു പിന്നിൽ  യോശുവയുടെ യുദ്ധ നൈപുണ്യത്തോടൊപ്പം  പ്രാർത്ഥനയോടെ  മോശ ഉയർത്തിയ കരങ്ങളും ഉണ്ടായിരുന്നു. ജീവിത വിജയത്തിന് ബുദ്ധിയും സിദ്ധിയും സമ്പത്തും കായിക ബലവും മാത്രം പോരാ,  ദൈവശക്തിയും കൂടി വേണം. അതിന്  ദൈവത്തോട് ചേർന്നിരിക്കുവാൻ സമയം വേർതിരിക്കണം.

ദൈവ സന്നിധിയിൽ കാത്തിരുന്ന് ശക്തിപ്രാപിക്കാൻ ദീർഘ ക്ഷമയും നിരന്തര പരിശീലനവും വിശ്വാസവും വേണം. പല കാര്യങ്ങൾക്കായി ഓടി നടക്കുന്നതുപോലെ അത്ര എളുപ്പമല്ല യേശുവോട് ചേർന്നിരിക്കുന്നത്. ഇതായിരുന്നു മാർത്ത നേരിട്ട പ്രതിസന്ധി.

നമ്മുടെ വിവിധ ലൗകിക നിയോഗങ്ങൾക്കുവേണ്ടി ഓടിനടക്കുന്നതിനിടയ്ക്ക്, ക്രിസ്തുവുമായുള്ള ആത്മബന്ധത്തിനും ശക്തി പുതുക്കുന്നതിനും സമയമില്ലാതെ പോകുന്നത് നിർഭാഗ്യകരമാണ്. കുടുംബത്തിനും ബിസിനസിനും സാമൂഹ്യ പ്രവർത്തനങ്ങൾക്കും വേണ്ടി മാത്രം സ്‌കെഡ്യൂൾ ചെയ്യപ്പെടുന്ന ജീവിതം സാമ്പത്തിക പുരോഗതിയും സ്ഥാനമാനങ്ങളും നേടിത്തന്നേക്കാം. പക്ഷേ, ആവശ്യമുള്ള ഒന്നായ ക്രിസ്തുവിനെ  മറന്നിട്ട് മറ്റെന്തെല്ലാം നേടിയാലും  സായൂജ്യവും ആത്മസാക്ഷാത്കാരവും ലഭിക്കില്ല.  ലഗേജില്ലാത്ത ഒരു അപ്രതീക്ഷിത മടക്കയാത്ര നമ്മുടെയൊക്കെ മുമ്പിലെ നിത്യ യാഥാർത്ഥ്യമാണ്.  നിത്യതയെ ലക്ഷ്യമാക്കിയുള്ള യാത്രയുടെ മുന്നേറ്റത്തിന്, ക്രിസ്തു ഒന്നാമതും  ലോകം  രണ്ടാമതുമാകണം.

ക്രിസ്തുവുമായുള്ള ആത്മബന്ധത്തിനും തിരുവചന കൂട്ടായ്മയ്ക്കും പ്രാധാന്യം കൊടുത്ത ആദ്യകാല ക്രിസ്തീയ സമൂഹത്തിന്റെ അത്മീയ ശൈലിയല്ല ഇന്നത്തേത്. ആരാധനയ്ക്കും സ്തോത്ര സമർപ്പണത്തിനും വേണ്ടി 'മാത്രം' ദേവാലയത്തിലും ആത്മീയ വേദികളിലും  കടന്നുവരുന്നവരുടെ എണ്ണം പരിമിതമായി കൊണ്ടിരിക്കുകയാണ്. കലപ്പെയ്ക്കു കൈവച്ചിട്ട്, ലോത്തിന്റെ ഭാര്യയെപ്പോലെ പിറകോട്ട് നോക്കുന്ന ദൈവവേലക്കാരും അനവധിയാണ്.

അധികം വിശ്വാസികളും ആത്മീയത്തിലെ 'അഥർ ഡ്യൂട്ടി'ക്കാരാണ്.  അവരുടെ ആത്മിയ അജണ്ടകൾ പലതാണ്. ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കും വേദിയൊരുക്കുന്ന തിരക്കിലാണ് കൂടുതൽ പേരും. വരുമാനം വർദ്ധിപ്പിക്കാനും തർക്കങ്ങളിൽ വാദിയും പ്രതിയും ആകാനും അധികാരസ്ഥാനങ്ങൾ കയ്യാളുന്നതിലുമാണ്  പലരുടെയും ശ്രദ്ധ.   അതൊക്കെ ദൈവ വേലയാണെന്ന്  തെറ്റിദ്ധരിച്ചിരിക്കുന്നവരും അനവധിയുണ്ട് .

അപ്പോൾ ഒരു സംശയം, ദേവാലയങ്ങളിലും ആത്മീയ വേദികളിലും ഒരുക്കങ്ങൾ നടത്താൻ സന്മനസ്സുള്ള വോളണ്ടിയേഴ്സിന്റെ സേവനം സഭയ്ക്ക് അത്യാവശ്യമല്ലെ?

കാര്യങ്ങൾ മുടക്കം കൂടാതെ നടന്നു പോകാൻ, നടുകയും നനയ്ക്കുകയും ചെയ്യുന്ന പൗലോസ്- അപ്പല്ലോസുമാരുടെ ത്യാഗപൂർണമായ സേവനം തീർച്ചയായും സഭക്ക് ആവശ്യമാണ്, വലിയ മുതൽക്കൂട്ടുമാണ്.

പക്ഷേ, ആത്മീയത്തിലെ ഞാനുൾപ്പെടുന്ന സന്നദ്ധപ്രവർത്തകർ മാർത്തയെപ്പോലെ ഓടി തളർന്നാൽ മാത്രം പോരാ. സ്വന്തം നിത്യ രക്ഷയെപ്പറ്റിയും  ചിന്തിക്കണം. പ്രാർത്ഥനയ്ക്കും സമർപ്പണത്തിനും മാനസാന്തരത്തിനും  സമയം കണ്ടെത്തണം. ആരാധനക്കും ബൈബിൾ പഠനത്തിനും താൽപ്പര്യം കാണിക്കണം. സമയം നീക്കി വയ്ക്കണം.

ദൈവത്തിന്റെ പേരിൽ ചെയ്ത വീര്യപ്രവർത്തികളെപ്പറ്റി ദൈവത്തോട് പറയുമ്പോൾ,  ' ഞാൻ നിങ്ങളെ അറിയുന്നില്ല'  എന്ന മറുപടി ഉണ്ടായാൽ എന്തെല്ലാം ചെയ്തിട്ടും നേടിയിട്ടും എന്താണ് പ്രയോജനം? ജീവന്റെ പുസ്തകത്തിൽ പേരില്ലാത്ത നീ ആരെന്ന് ഞാൻ അറിയുന്നില്ലെന്ന നീതിയുള്ള ന്യായാധിപന്റെ   പ്രതികരണം  എത്ര ഹൃദയഭേദകമായിരിക്കും?

'കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.'
മത്തായി 7:22 -23

'എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച്‌ അവിടുന്നു പ്രതിഫലം നല്‍കും.
സത്‌കര്‍മത്തില്‍ സ്‌ഥിരതയോടെനിന്ന്‌ മഹത്വവും ബഹുമാനവും അക്‌ഷയത്വവും അന്വേഷിക്കുന്നവര്‍ക്ക്‌ അവിടുന്നു നിത്യജീവന്‍ പ്രദാനംചെയ്യും.
സ്വാര്‍ഥമതികളായി, സത്യത്തെ അനുസരിക്കാതെ, ദുഷ്‌ടതയ്‌ക്കു വഴങ്ങുന്നവര്‍ കോപത്തിനും ക്രോധത്തിനും പാത്രമാകും.' റോമാ 2 : 6-8

സ്ഥാനമാനങ്ങൾ, ടൈറ്റിലുകൾ, അത്ഭുത രോഗശാന്തി കാംപെയ്നിലൂടെ നേടിയ പബ്ലിക് റേറ്റിംഗ്, അനധികൃതമായി വെട്ടിപ്പിടിച്ചതും വാരിക്കൂട്ടിയതുമായ സമ്പത്ത്, പടയോട്ട നേതൃത്വം തുടങ്ങിയവയ്ക്കൊന്നും, എന്റെ സുഹൃത്തേ, നിത്യതയിൽ ഒരു പ്രസക്തിയുമില്ല.
' ജീവന്റെ പുസ്തകത്തിൽ പേരുണ്ടോ' എന്നു മാത്രമാണ് അവിടത്തെ ചോദ്യം :
' ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു...
കർത്താവ് പറഞ്ഞു: ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ'
ലൂക്കോസ് 10:17

'ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവരെയും തീപ്പൊയ്കയിൽ തള്ളിയിടും.' വെളിപ്പാടു 20:15

ദൈവമേ, മാർത്തയെപ്പോലെ നിയോഗങ്ങളിൽ തീഷ്ണതയുള്ളവരും മറിയയെപ്പോലെ കർത്താവിനോടൊപ്പം വേറിട്ടിരുന്ന് തിരുവചനം ജീവിതശൈലി ആക്കുന്നവരുമാകാൻ ഞങ്ങളെ സഹായിക്കണമെ.