സാഹചര്യ തെളിവുകളുടെ അഭാവത്തിൽ ഒരു പ്രതിയെ കോടതി നിരുപാധികം വിട്ടയച്ചു. വിധി പറഞ്ഞശേഷം ജഡ്ജി പ്രതിയോട് തന്റെ ചേംബറിൽ വന്ന കാണുവാൻ ആവശ്യപ്പെട്ടു.
ജഡ്ജ് പറഞ്ഞു: നീ കുറ്റം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിന്റെ തെറ്റിന് അർഹമായ ശിക്ഷ വിധിക്കാനുള്ള തെളിവുകളുടെ കണ്ണികൾ ഞാൻ ചേർത്തു കെട്ടിയപ്പോൾ ഒരു കണ്ണി മിസ്സായി. അന്വേഷണ ഉദ്യോഗസ്ഥർക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് അതിന് കാരണം. ആ പഴുതിലൂടെ ആണ് നീ ഇപ്പോൾ രക്ഷപ്പെട്ടിരിക്കുന്നത്. നിന്റെ ക്രൂരത മൂലം തകർന്നു പോയ കുടുംബത്തെയും പൊലിഞ്ഞ ജീവന്റെയും ദുരന്ത യാഥാർത്ഥ്യത്തിന്റെ പൊള്ളുന്ന തീക്കനലിൽ ചവിട്ടി നിന്നാണ് ഞാൻ ഈ വിധിയെഴുതിയത്.
ഈ കോടതി വെറുതെ വിട്ടെങ്കിലും നീ വിമോചിതനായിട്ടില്ല. അത് പറയുവാനാണ് കാണണമെന്ന് ഞാൻ നിന്നോട്പറഞ്ഞത്. നിന്റെ കേസ് പ്രത്യേക താൽപര്യ ഹർജിയായി മറ്റൊരു കോടതി ഏറ്റെടുത്തുകഴിഞ്ഞു.
'ഏതു കോടതിയാണ് അത്?' - പ്രതി ചോദിച്ചു
സ്വർഗ്ഗീയ കോടതിയാണത്. ആ കോടതിയിൽ തെളിവുകളുടെ അഭാവത്തിന്റെ പ്രശ്നമുണ്ടാവില്ല. ഇരുളിലും ഒളിവിലും രഹസ്യ ത്തിലും നടന്നതെല്ലാം കൃത്യമായി റെക്കോർഡ് ചെയ്യുന്ന സർവെയ്‌ലൻസ് ക്യാമറയിൽ എല്ലാ തെളിവുകളും ഉണ്ട് . ഒന്നും നിഷേധിക്കുവാൻ നിനക്കാവില്ല.
മാനസാന്തരപ്പെട്ട് ദൈവത്തോട് പാപക്ഷമ യാചിക്കുന്നില്ലെങ്കിൽ സ്വർഗ്ഗീയ കോടതിയുടെ ശിക്ഷാവിധിയിൽ നിന്ന് നിനക്ക് രക്ഷപ്പെടാനാവില്ല.
ജഡ്ജി റോമാലേഖനത്തിൽ നിന്ന് ദൈവത്തിന്റെ പാപക്ഷമ യെപ്പറ്റി വായിച്ചുകേൾപ്പിച്ചു :
ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്‌ഷാവിധിയില്ല.
എന്തെന്നാല്‍, യേശുക്രിസ്‌തുവിലുള്ള ജീവാത്‌മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.
ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് ദൈവം ചെയ്‌തു. അവിടുന്നു തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്‌ഷ വിധിച്ചു.
റോമാ 8 : 1-3
ന്യായാധിപന്റെ മുന്നറിയിപ്പ് ആ കുറ്റവാളിയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കി.
'ഈ മനുഷ്യനിൽ ഞാൻ യാതൊരു കുറ്റവും കാണുന്നില്ല, ഇവനെ കൊണ്ടുപോയി ക്രൂശിക്കുക' എന്ന തലതിരിഞ്ഞ വിധി പീലാത്തോസ് എഴുതി. മത രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ സമ്മർദ്ദത്തിലാണ് അദ്ദേഹത്തിന് അങ്ങനെ ചെയ്യേണ്ടി വന്നത്. ഈ വിധിയുടെ തനിയാവർത്തനം ചരിത്രത്തിന്റെ ഏടുകളിലും ദൈനംദിന ജീവിതത്തിലും നമുക്ക് കാണുവാൻ കഴിയും.
ഭൂമിയിലെ കോടതി നിരുപാധികം വിടുന്നതു കൊണ്ട് മാത്രം ആരും കുറ്റവിമുക്തരാകുന്നില്ല.
മനുഷ്യ കോടതി ശിക്ഷിക്കുന്നത് കൊണ്ട് നിരപരാധികൾ കുറ്റക്കാരും ആവുന്നില്ല. കോടതികളുടെ മേൽക്കോടതിയായ സ്വർഗ്ഗീയ സുപ്രീംകോടതിയാണ് എല്ലാ കേസുകളിലും അപ്പീൽ ഇല്ലാത്ത അന്ത്യന്യായവിധി എഴുതുന്നത്. വളരെ ലയബിലിറ്റി ഉള്ള ശിക്ഷ ആയിരിക്കും അത്.
റോമൻ കോടതി മരണ ശിക്ഷക്കു വിധിച്ച രണ്ട് ക്രിമിനലുകൾ കർത്താവിന്റെ ഇരുവശത്തും ക്രൂശിക്കപ്പെട്ടിരുന്നു. രണ്ടുപേരുടെയും ചാർജ് ഷീറ്റുകൾ അതീവ ഗൗരവം ഉള്ളതും അപൂർവ്വങ്ങളിൽ അപൂർവ്വമായതു കൊണ്ടായിരിക്കാം മരണ ശിക്ഷാവിധി എഴുതപ്പെട്ടത്. അതിൽ ഒരു കള്ളൻ മരണത്തിന്റെ തൊട്ടുമുമ്പ് മരണത്തിന്റെ ആഴക്കയങ്ങളിലേക്ക് മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുമ്പോൾ യേശുവിനോട് അപേക്ഷിച്ചു: ' യേശുവേ, രാജ്യത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തു കൊള്ളേണമേ '. ലുക്കോസ് 23:42
Jesus remember me when you enter your kingdom.
സമയം വൈകി പോയി, ഇത്രയും കാലം മാനസാന്തരപ്പെടാത്തത് എന്തുകൊണ്ടാണ്, നിന്റെ അപേക്ഷ പരിഗണിക്കാൻ ഇനി സാധിക്കില്ല എന്നൊന്നും കർത്താവും പറഞ്ഞില്ല.
പിന്നെ പറഞ്ഞത് എന്താണ്?
"സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും.'
ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ പാപക്ഷമ നമ്മുടെ അവകാശമാണ്. ദൈവത്തിന് ക്ഷമിക്കുവാൻ കഴിയാത്ത ഒരു അപരാധവും ഇല്ലെന്നു യശയ്യാ പ്രവചനത്തിൽ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.
ഏശയ്യാ 1 : 18
'ക്രിസ്തുവിന്റെ നാമത്തിൽ എന്നോട് ക്ഷമിക്കണമേ' എന്നപേക്ഷിക്കുവാനുള്ള വിനയമു ണ്ടെങ്കിൽ ദൈവത്തിന് പാപക്ഷമ ഉടനെ നമ്മിലേക്ക് ഒഴുകും . ദൈവസന്നിധിയിൽ നമ്മൾ നീതീകരിക്കപ്പട്ടവരാകും. മനുഷ്യർക്ക് ക്ഷമിക്കാൻ കഴിഞ്ഞില്ലെങ്കിലും നമുക്ക് നമ്മോട് ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിലും ദൈവത്തിന് മറക്കാനും ക്ഷമിക്കാനും മാപ്പ് തരാനും കഴിയും. ധൂർത്ത പുത്രന് മാപ്പ് കൊടുത്ത അപ്പന്റെ മനോഭാവമാണ് പാപക്ഷമ യാചിക്കുന്ന മക്കളോട് ദൈവത്തിനുള്ളത്. അതുകൊണ്ട് കുറ്റബോധവും പരാജയബോധം മൂലം ദൈവത്തിൽ നിന്ന് ഒരിക്കലും അകന്നു പോകരുത്. പാപ പരിഹാരക്രിയകൾക്കായി ആരുടെയും പിറകെയും പോകരുത്. നമ്മുടെ എല്ലാ പാപങ്ങളും പരിഹരിക്കാൻ ആവശ്യമായ വീണ്ടെടുപ്പ് വില നമുക്കുവേണ്ടി ക്രൂശിൽ കർത്താവ് കൊടുത്തുകഴിഞ്ഞു . സകലവും നിവൃത്തിയായി.
ഇനിയൊരു യാഗവും പരിഹാരക്രിയകളും ആവശ്യമില്ല. പശ്ചാത്താപ ഹൃദയത്തോടെയുള്ള അപേക്ഷ മാത്രം മതി.
മാനസാന്തര പെടാനും മനം തിരിയാനും പുതിയ സൃഷ്ടി ആകാനും തയ്യാറുള്ള മനസ്സോടെ കർത്താവിന്റെ മുൻപിൽ നമ്മെ സമർപ്പിക്കുമ്പോൾ കള്ളന്റെ പ്രാർത്ഥന കേട്ട കരുണയുള്ള കർത്താവ് നമ്മെയും കരുണയുടെ കരങ്ങളിൽ ചേർത്തുനിർത്തും.
2021ലെ ഈ ദുഃഖവെള്ളിയാഴ്ച കാരുണ്യവാനും മനുഷ്യസ്നേഹിയും ആയ കർത്താവിന്റെ മുമ്പിൽ പാപക്ഷമക്കായി നമുക്ക് കടന്നു ചെല്ലാം.
നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും.
1 യോഹന്നാന്‍ 1 : 9
അവിടുത്തെ കൃപയുടെ സമൃദ്‌ധിക്കൊത്ത് നമുക്കു ക്രിസ്‌തുവില്‍ പാപമോചനവും അവന്റെ രക്‌തംവഴി രക്‌ഷയും കൈവന്നിരിക്കുന്നു.
ഈ കൃപയാകട്ടെ അവിടുന്നു തന്റെ ജ്‌ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്‌ധമായി ചൊരിഞ്ഞിരിക്കുന്നു.
എഫേസോസ് 1 : 7-8