കൃപാസനം

"നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപമില്ലാത്തവനല്ല; പാപം ഒഴികെ സകലത്തിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനത്രേ." — എബ്രായർ 4:15

"സിംഹാസനം" എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്നത് അധികാരവും മഹത്വവും അകലം പാലിക്കുന്ന രാജകീയതയുമാണ്. ഭൂമിയിലെ സിംഹാസനങ്ങൾ സാധാരണക്കാരെ അകറ്റിനിർത്തുന്നതാണ്.  അവിടേക്ക് കടന്നുചെല്ലാൻ എല്ലാവർക്കും അനുവാദമില്ല. എന്നാൽ ദൈവത്തിന്റെ സിംഹാസനം അതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. തിരുവെഴുത്ത് അതിനെ "കൃപാസനം" എന്നു വിളിക്കുന്നു. അവിടെ അധികാരത്തേക്കാൾ കരുണയും ന്യായവിധിയേക്കാൾ സ്നേഹവും ആണ് പിതാവ് പങ്കുവെക്കുന്നത്.

ഈ കൃപാസനത്തിൽ ഇരിക്കുന്നവൻ  നമ്മുടെ സഹന വഴികളിലൂടെ നടന്നവനാണ്. വിശപ്പ് അറിഞ്ഞു, ദാഹം അനുഭവിച്ചു, കരഞ്ഞു, സുഹൃത്തുക്കളാൽ തിരസ്കരിക്കപ്പെട്ടു, പരീക്ഷകളെ നേരിട്ടു. "പാപം ഒഴികെ സകലത്തിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു" (എബ്രായർ 4:15). അതുകൊണ്ട് നമ്മുടെ വേദനകൾ അവനോട് വിശദീകരിക്കേണ്ടതില്ല; അവൻ അവയെ അനുഭവിച്ചറിഞ്ഞവനാണ്.
ഈ വിസ്മയ സത്യം തിരിച്ചറിഞ്ഞ ദാവീദ് പറഞ്ഞു: "ഹൃദയം തകർന്നവർക്കു യഹോവ സമീപസ്ഥനാകുന്നു; മനസ്സു നുറുങ്ങിയവരെ അവൻ രക്ഷിക്കുന്നു" (സങ്കീർത്തനം 34:18).

കൃപാസനം ശക്തന്മാരുടെ വേദിയല്ല, തകർന്ന ഹൃദയങ്ങളുടെ അഭയകേന്ദ്രമാണ്. ലോകം നമ്മെ കുറ്റപ്പെടുത്തുമ്പോഴും പരിഹസിക്കുമ്പോഴും  ദൈവം നമ്മെ തന്റെ സന്നിധിയിലേക്ക് വിളിക്കുന്നു. "ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും."
(യെശയ്യാവ് 42:3; മത്തായി 12:20).

അതുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ  സ്വർഗ്ഗസ്ഥ പിതാവിന്റെ മുൻപിൽ ഒരു മുഖംമൂടിയും ആവശ്യമില്ല. നമ്മുടെ ക്ഷീണം, ആശയക്കുഴപ്പം, പരാജയം, ഭയം—എല്ലാം അതേപടി കർത്താവിന്റെ മുമ്പിൽ പങ്കു വയ്ക്കാം. "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ✽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ" (1 പത്രോസ് 5:7)എന്നാണ് പത്രോസ് അപ്പോസ്തോലന്റെ സാന്ത്വന സന്ദേശം.
കൃപാസനത്തിൽ നമ്മെ കാത്തിരിക്കുന്നത് കുറ്റവിചാരണ നടത്തുന്ന ജഡ്ജി അല്ല, നമ്മെ മനസ്സിലാക്കുന്ന ഒരു രക്ഷകനാണ്. അവിടെയാണ് മുറിവുകൾ സൗഖ്യമാകുന്നത്, പ്രത്യാശ പുതുക്കപ്പെടുന്നത്, ജീവിതം വീണ്ടും ശക്തിപ്രാപിക്കുന്നത്.

-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )