വാക്കുകൾ സൂക്ഷിച്ചു വേണം

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'നാമെല്ലാവരും പലവിധത്തില്‍തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണ്‌. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും.' യാക്കോബ്‌ 3 : 2

സംസാരം പ്രസാദാത്മകമാക്കാൻ ശ്രദ്ധിക്കേണ്ട അടിസ്ഥാന നിയമങ്ങളാണ് യാക്കോബ് ഈ അധ്യായത്തിൽ വിവരിക്കുന്നത്.  ഉചിതമായി സംസാരിക്കുന്നത് മാത്രമല്ല,  അസാന്ദര്‍ഭികമായി ഔചിത്യപൂര്‍വ്വമല്ലാതെ  സംസാരിക്കാതിരിക്കാനും ആത്മനിയന്ത്രണം പാലിക്കേണ്ടതാവശ്യമാണ്‌.

പരദൂഷണം, അപമാനപ്പെടുത്തൽ, സ്വയപ്രശംസ , ഉപായം, വ്യാജവാർത്ത, അതിശയോക്തി, മുഖസ്തുതി, നുണ, ക്രൂരവിമർശനം തുടങ്ങിയവയൊക്കെ നിയന്ത്രമില്ലാത്ത നാവിൽനിന്നും വിരിയുന്ന വിഷക്കനികളാണ്. വ്യക്തിബന്ധങ്ങളിൽ അതുണ്ടാക്കുന്ന ദുരന്ത പ്രത്യാഘാതങ്ങൾ അനവധിയാണ്.

ഇക്കാര്യത്തിൽ എന്റെ അഭിപ്രായവും മീഡിയ പോസ്റ്റും ആവശ്യമുണ്ടോ, കേൾക്കുന്നവർക്കു പ്രയോജനവും താല്പര്യവും ഉള്ളതാണോ, വിഷമമുണ്ടാക്കുമോ എന്നൊക്കയുള്ള സംസാരത്തിലെ 'സെൽഫ് സെൻസറിങ്' വളരെ അത്യാവശ്യമാണ്.  ബഹുമാനവും മാന്യതയും ക്രിസ്തിയ സാക്ഷ്യവും നഷ്ടപ്പെടാതിരിക്കുന്നതിന് സഹായകമാണ്! കുട്ടികൾക്ക് അനുകരണീയ മാതൃകയുമായിരിക്കും.

'ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.
നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.'
മത്തായി 12 : 36-37

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.

(Tyndale )