'മാന്ത്രികവിദ്യ നടത്തിക്കൊണ്ടിരുന്ന ശിമയോന് എന്നൊരുവന്‍ ആ നഗരത്തിലുണ്ടായിരുന്നു. അവന് വലിപ്പം ഭാവിച്ച് സമരിയാദേശത്തെ വിസ്മയിപ്പിച്ചു.
ചെറിയവര്‍ മുതല്‍ വലിയവര്‍ വരെ എല്ലാവരും അവന് പറയുന്നത് കേട്ടിരുന്നു. അവര്‍ പറഞ്ഞു: മഹാശക്തി എന്നു വിളിക്കപ്പെടുന്ന ദൈവ ശക്തിതന്നെയാണ് ഈ മനുഷ്യന്.
ദീര്‍ഘകാലമായി മാന്ത്രികവിദ്യകള്‍കൊണ്ട് അവരെ വിസ്മയിപ്പിച്ചിരുന്നതിനാലാണ് എല്ലാവരും അവനെ ശ്രദ്ധിച്ചുപോന്നത്.'
അപ്പ. പ്രവര്‍ത്തി. 8 : 9-11
ഇവനും ഫിലിപ്പൊസും തമ്മിൽ വളരെ വ്യത്യാസങ്ങളുണ്ട്. ശിമോൻ തന്നെക്കുറിച്ച് തന്നെ പ്രസംഗിച്ചു, ഫിലിപ്പൊസ് യേശുവിനെ പ്രസംഗിച്ചു (വാക്യം 3,12). ശിമോൻ തന്റെ സ്വന്തം ആശയം പ്രസംഗിച്ചു. ഫിലിപ്പൊസ് ദൈവവചനം പ്രസംഗിച്ചു (വാക്യം 14). ശിമോൻ മഹാനാകാൻ ആഗ്രഹിച്ചു. ഫിലിപ്പൊസ് സ്വന്ത മഹത്വം അന്വേഷിച്ചില്ല, ക്രിസ്തു മഹത്വപ്പെടുവാൻ ആഗ്രഹിച്ചു. ശിമോൻ ചെയ്തത് ആളുകളെ ഭ്രമിപ്പിക്കാനുള്ള ഒരു മന്ത്രവാദിയുടെ പ്രകടനം മാത്രമായിരുന്നു, യഥാർത്ഥമായിരുന്നില്ല. എന്നാൽ ഫിലിപ്പൊസ് ദൈവശക്തിയാൽ യഥാർത്ഥ അത്ഭുതപ്രവൃത്തികൾ ചെയ്ത് ആളുകളെ രോഗത്തിൽ നിന്നും, ദുഃഖത്തിൽ നിന്നും രക്ഷപെടുത്തി (വാക്യം7).
സ്വയം ഉയർത്തുകയും അമാനുഷശക്തി അവകാശപ്പെടുകയും ചെയ്യുന്ന ആൾദൈവങ്ങളായ ശിമോൻമാർ ഇന്നും ധാരാളമുണ്ട്. വൃക്ഷത്തെ ഫലംകൊണ്ട് തിരിച്ചറിയണമെന്ന് കർത്താവ് പറഞ്ഞത് ഓർമയുണ്ടായിരിക്കണം. അബദ്ധം പറ്റാതെ സൂക്ഷിക്കണം:
നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്കുന്നു...
നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.
അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും, (അറിയണം ).
മത്തായി 7 : 17-20
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ